-
No Comments
ഓണം പിറന്നാലും ഇല്ലെങ്കിലും തണലിലെ ഓര്‍ഗാനിക് ബസാറില്‍ പച്ചക്കറികള്‍ക്ക് ഒരേവില. എന്നുവെച്ചാല്‍ ഓണമൊഴികെയുള്ള സമയത്ത് തണലിലെ ജൈവ പച്ചക്കറികള്‍ക്ക് കീടനാശിനികളും രാസവളങ്ങളും കൊണ്ട് ഊട്ടിയെടുത്ത പച്ചക്കറികളെക്കാള്‍ കൂടിയവില കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നു. ഓണത്തിന്റെ പേരില്‍ ഉപഭോക്താവിനെ ചൂഷണവും ചെയ്യുന്നില്ല. ഉദ്പാദകരെയും ഉപഭോക്താവിനെയും ലാഭേഛ കൂടാതെ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന തണലിന്റെ പ്രവര്‍ത്തനം പ്രശംസനീയം തന്നെ. കോവളത്ത് പ്രവര്‍ത്തിക്കുന്ന സീറോ വേസ്റ്റ് എന്ന തൊഴില്‍ സംരംഭം ചിരട്ട മുതലായ പാഴ് വസ്തുക്കള്‍കൊണ്ട് അതി മനോഹരങ്ങളായ പുട്ടുകുറ്റി, നിറപറ, തവി, സ്പൂണ്‍, കീചെയിന്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ നിര്‍മിക്കുന്നു. അന്‍പതില്‍ത്താഴെ മാത്രം പച്ചക്കറി ഉദ്പാദകര്‍ തണലിലെ ഓര്‍ഗാനിക് ബസാറില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ നഷ്ടകൃഷിയല്ലാതെ വിറ്റ് നിത്യച്ചെലവുകള്‍ക്ക് വക കണ്ടെത്തുന്നു. -
No Comments
ഫാക്ടിനു തിരിച്ചടിയായി സര്‍ക്കാര്‍ നിലപാട്
കൊച്ചി: നഷ്ടത്തില്‍ നിന്നു കരകയറാനുള്ള ഫാക്ടിന്റെ ശ്രമങ്ങ ള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിഷേധാത്മക സമീപനം കനത്ത തിരിച്ചടിയാകുന്നു. കമ്പനിയുടെ പ്രവര്‍ത്തനരീതിയും പ്രത്യേക സാഹചര്യങ്ങളും പരിഗണിക്കാതെ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉയര്‍ന്ന നിരക്കും ഫലത്തില്‍ ഇരട്ടി ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താവായ ഫാക്ട് പ്രതിമാസം 137 ലക്ഷം യൂണിറ്റോളം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗമണ്ഡലിലേക്ക് 14 എംവിഎയും അമ്പലമേട്ടിലേക്ക് 14 എംവിഎയുമാണു പരമാവധി ആവശ്യത്തിനുള്ള കരാര്‍. 25% വൈദ്യുതി കട്ടും യൂണിറ്റൊന്നിന് 50 പൈസ സര്‍ച്ചാര്‍ജും ആയപ്പോള്‍ ഫാക്ടിന്റെ അധിക ഭാരം ഈയിനത്തില്‍ പ്രതിവര്‍ഷം 63 കോടി രൂപയിലെത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിയ തോതില്‍ ലാഭത്തിലെത്തിയ കമ്പനിക്ക് ഇതു താങ്ങാനാവാത്ത സ്ഥിതിയാണ്.മാത്രല്ല, വൈദ്യുതി ഉപയോഗിക്കാന്‍ ക്വോട്ട കണക്കാക്കിയ രീതിയും ഫാക്ടിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉദ്യോഗമണ്ഡ ല്‍, അമ്പലമേട് യൂണിറ്റുകള്‍ക്ക് മൊത്തത്തില്‍ നല്‍കിയിരിക്കുന്ന ക്വോട്ടയനുസരിച്ചു നിയന്ത്രണം ഫലത്തില്‍ 25 ശതമാനത്തിനു പകരം 45% ആയി ഉയര്‍ത്തിയിട്ടുണ്ട്. 2007-2008 ല്‍ യഥാര്‍ഥത്തില്‍ ഉപയോഗിച്ച വൈദ്യുതി കണക്കിലെടുത്താണ് ഇതു നിശ്ചയിച്ചത്. ഈ കാലയളവില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കമ്പനിക്കു പൂര്‍ണമായും പ്രവര്‍ത്തിക്കാനായിട്ടില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ക്വോട്ടയാകട്ടെ ആവശ്യത്തിനു തികയുകയുമില്ല.
മുന്‍ വര്‍ഷങ്ങളില്‍ വൈദ്യുതി കട്ട് ഏര്‍പ്പെടുത്തിയിരുന്നത്, ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിച്ച മാസം അടിസ്ഥാനമാക്കിയായിരുന്നു. ഈ രീതി സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്നം ഒഴിവാക്കാമായിരുന്നുതാനും. ഇക്കാര്യം വൈദ്യുതി ബോര്‍ഡിനെ പലവട്ടം അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള വ്യത്യസ്ത സപ്ളൈ പോയിന്റുകളില്‍ നിന്നു വൈദ്യുതി ഒന്നിച്ചെടുക്കാനും ബോര്‍ഡ് അനുവദിക്കുന്നില്ല. ഫാക്ട് പോലുള്ള സ് ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉപയോഗിക്കാത്ത ക്വോട്ട ഉപയോഗിച്ച് ഒരു പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാനും മറ്റൊന്ന് അടച്ചിടാനുമുള്ള സൌകര്യമാണ് ഇതുവഴി നിഷേധിക്കുന്നത്. ഉദാഹരണത്തിന് ഉദ്യോഗമണ്ഡലിലെയും അമ്പലമേട്ടിലേയും ഫാക്ടംഫോസ് പ്ളാന്റുകള്‍, പൂര്‍ണശേഷിയിലല്ലാതെ പ്രവര്‍ത്തിപ്പിക്കുന്നത് ആദായകരമല്ല. ഒരെണ്ണം നിര്‍ത്തി മൊത്തം ക്വോട്ട ഉപയോഗിച്ചു മറ്റൊന്ന് പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാന്‍ ബോര്‍ഡിന്റെ വ്യവസ്ഥയനുസരിച്ചു സാധ്യമല്ല. മുന്‍ വര്‍ഷങ്ങളില്‍, വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഇതിനെല്ലാം സൌകര്യം അനുവദിച്ചിരുന്നതാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഫാക്ടിനു വല്ലാര്‍പാടം റോഡിനു വേണ്ടി സ്ഥലം വിട്ടുകൊടുത്ത വകയില്‍ ദേശീയ പാത അതോറിറ്റിയില്‍ നിന്ന് 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എന്‍ഒസി കൊടുക്കാത്തതാണ് ഇതിനു തടസ്സം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നിട്ടും നടപടിയായിട്ടില്ല. കൊച്ചി കോര്‍പറേഷന്റെ മാലിന്യം ഫാക്ടിന്റെ സ്ഥലത്തു കൊണ്ടിടാന്‍ അനുമതി നല്‍കി കമ്പനി സാമൂഹിക പ്രതിബദ്ധത കാണിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അര്‍ഹമായ പരിഗണന ലഭിക്കാത്തതു ജീവനക്കാരെ അസ്വസ്ഥരാക്കുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് രാജ്യം ഏറ്റവും പ്രാധാന്യം നല്‍കുന്ന അവസരത്തില്‍, ഫാക്ട് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോടു കടുത്ത വിവേചനം സര്‍ക്കാര്‍ കാണിക്കുന്നതില്‍ അവര്‍ക്ക് പ്രതിഷേധവുമുണ്ട്.
കടപ്പാട് – മനോരമ 9-09-08
വന്‍ സാമ്പത്തികബാധ്യതയും, മണ്ണിന്റെ ജൈവസമ്പുഷ്ടി നശിപ്പിക്കലും ഒരിക്കലും ഭക്ഷ്യ സുരക്ഷയ്ക്ക് അനുകൂലമല്ല. ഫാക്ടിനുവേണ്ടി ചെലവാക്കുന്ന ഭീമമായ തുകകള്‍ മൃഗസംരക്ഷണ, കാര്‍ഷികമേഖലകളില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ ഭക്ഷ്യ സുരക്ഷ സാക്ഷാത്ക്കരിക്കപ്പെട്ടേനെ. ഇവര്‍ ഉപയോഗിക്കുന്ന വൈദ്യുതിപോലും കേരളത്തെ മണിക്കൂറുകളോളം ഇരുട്ടിലാക്കുവാനെ പ്രയോജനപ്പെടുകയുള്ളു.
-
1 Comment
മസനോബു ഫുക്കുവോക്ക അന്തരിച്ചു
മത്‌സുയാമ: പ്രകൃതികൃഷിരീതിയുടെ വക്താവായിരുന്ന ജാപ്പനീസ് കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ മസനോബു ഫുക്കുവോക്ക (95) അന്തരിച്ചു. ഭൂമി ഉഴുതു മറിക്കുകയോ കള പറിക്കുകയോ വളമോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ സ്വഭാവിക കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ഫുക്കുവോക്കയുടേത് സ്വാഭാവിക മരണമായിരുന്നു. ശനിയാഴ്‌ച ജപ്പാനില്‍ ഇയോയിലെ സ്വവസതിയിലാണ് അദ്ദേഹം അന്തരിച്ചത്.
തന്റെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ ‘ദി വണ്‍ സ്‌ട്രോ റവല്യൂഷന്‍’ (ഒറ്റ വൈക്കോല്‍ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഇന്ത്യയുടെ ദേശികോത്തം പുരസ്‌കാരം, മാഗ്‌സസെ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1913 ഫിബ്രവരി രണ്ടിന് ജനിച്ച ഫുക്കുവോക്ക മൈക്രോബയോളജിസ്റ്റായാണ് കാര്‍ഷിക രംഗത്തേക്ക് കടന്നത്. 25-ാം വയസ്സില്‍ ആധുനികമായ ശാസ്‌ത്രീയ കൃഷിരീതിയില്‍ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞന്‍ എന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെ സ്വന്തം കൃഷിയിടത്തില്‍ മടങ്ങിയെത്തി കൃഷി തുടങ്ങി.
ഭൂമിയെ അതേപടി നിലനിര്‍ത്തിക്കൊണ്ട് കൃഷിചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ ലോകപ്രശസ്‌തമായി.
കടപ്പാട്- മാതൃഭൂമി 19-08-08
-
1 Comment
ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.
ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
- കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ് വൃത്തിയാക്കുക.
എനിക്കറിയാവുന്നത് - ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.
- ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.
എനിക്കറിയാവുന്നത് - വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും. എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.
- വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.
എനിക്കറിയാവുന്നത് - സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ് ചെയ്യുന്നത് നല്ലതാണ്.
- ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.
എനിക്കറിയാവുന്നത് - ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.
- റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.
എനിക്കറിയാവുന്നത് - തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.
- വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.
എനിക്കറിയാവുന്നത് – ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.
- ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.
എനിക്കറിയാവുന്നത് – വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.
- ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.
എനിക്കറിയാവുന്നത് – ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.
- ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.
എനിക്കറിയാവുന്നത് – പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.
- ഡെല്‍റ്റാ മെത്രിന്‍ 2.5% (ഡെസിസ്, കെഓത്രിന്) 1 മി. ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
എനിക്കറിയാവുന്നത് – ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.
- സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
എനിക്കറിയാവുന്നത് – ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ
-
1 Comment

The following news items from Deepika.com are forwarded to you from email id: sudhanil@gmail.com
നിശാന്ത് ഘോഷ്
കണ്ണൂര്‍: എലി നശീകരണത്തിനായി തദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയും മറ്റും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റോഡോഫോ എന്ന പേരിലുള്ള വിഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലഭ്യമായ എലി വിഷങ്ങളുടെ കൂട്ടത്തില്‍ റോഡോഫോ ഏറ്റവും സുരക്ഷിതമായതാണെന്നാണ് സംസ്ഥാനത്തെ എലി നശീകരണത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും ബ്രമാഡിലിയോണ്‍ കലര്‍ന്ന ഇത് മാരക വിഷമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്െടന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.വിഷാംശത്തിന്റെ അളവ് പരിശോധിച്ചാല്‍ അത്യുഗ്ര വിഷശേഷിയുള്ള കാര്‍ബോ ഫ്യൂറിഡാന് തുല്യമോ അതിലധികമോ ശക്തിയുള്ളതാണ് ബ്രമാഡിലിയോണ്‍ വിഷമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കേക്ക് രൂപത്തിലുള്ള 50 ഗ്രാം റോഡോഫോയില്‍ കേവലം 0.005 ശതമാനം മാത്രമാണ് വിഷമുളളതെന്നും ബാക്കി 99.995 ശതമാനം കേക്ക് നിര്‍മിക്കാനുള്ള ഗോതമ്പ്മാവ്, തേങ്ങാപ്പിണ്ണാക്ക്, പഞ്ചസാര എന്നിവയാണെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. (ശേഷം പേജ് 3)
എന്നാല്‍ ഇത്തരത്തിലാണെങ്കില്‍ തന്നെ ചുരുങ്ങിയ അളവ് കൊണ്ട് എലികള്‍ ചാകുന്നതിനാല്‍ ഇതിന്റെ വീര്യം ശക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ബ്രമാഡിലിയോണ്‍ ശരീരത്തിനകത്തു ചെന്നാല്‍ രക്തം കട്ടപിടിപ്പിക്കുന്ന വിറ്റാമിന്‍-കെ യെ നിര്‍ജീവമാക്കി ആന്തരിക രക്തസ്രാവമുണ്ടാക്കിയാണ് ജീവികളെ കൊല്ലുന്നത്.
റോഡോഫോ മണ്ണിലും ജലത്തിലും ലയിക്കാത്തതിനാല്‍ ഏറെ സുരക്ഷിതമാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിലോ ജലത്തിലോ ലയിക്കാത്തതുകൊണ്ട് തന്നെ ഈ വിഷത്തരിക്ക് എത്രകാലം കഴിഞ്ഞാലും വീര്യം കുറയില്ല. ജലത്തില്‍ പതിക്കുന്ന വിഷത്തരി മത്സ്യങ്ങളിലൂടെയും മറ്റു ഭക്ഷ്യ ശൃംഖല വഴിയും മനുഷ്യരിലെത്താനുള്ള സാധ്യതയും ഏറെയാണ്. വളരെ ചെറിയ തോതിലാണെങ്കിലും ഘട്ടം ഘട്ടമായി മനുഷ്യരില്‍ ഈ വിഷം എത്തിയാല്‍ മരണം വരെ സംഭവിക്കാം. കൂടാതെ ജനിതക വൈകല്യത്തിനും കാന്‍സറിനും വന്ധ്യയ്ക്കും വഴിവക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയമാണെന്ന് കണ്െടത്തി ഉപേക്ഷിച്ചതാണ് ബ്രമാഡിലിയോണ്‍ വിഷമെന്നും പറയുന്നുണ്ട്. 1998ല്‍ ഫ്രാന്‍സിലെ കൃഷിയിടങ്ങളിലെ എലി ശല്യം ഒഴിവാക്കാന്‍ ഇതുപയോഗിച്ചിരുന്നു. 2001 ആകുമ്പോഴേക്കും വിഷം പ്രയോഗിച്ച പരിസരങ്ങളില്‍ പരുന്ത്, കീരി, മൂങ്ങ, കാട്ടുപൂച്ച തുടങ്ങിയ വന്യ ജീവീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രമാഡിലിയോണ്‍ കഴിച്ച എലികളെ ഭക്ഷിച്ച ജീവികള്‍ ചത്തൊടുങ്ങിതെന്ന് മനസിലായി. കൂടാതെ പ്രകൃതിയിലെ എലി നശീകരണ ജീവികളുടെ അഭാവത്തില്‍ എലികള്‍ പെരുകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ് ഇത്തരം വിഷങ്ങളുടെ ഉപയോഗം നിര്‍ത്തുകയായിരുന്നു. ആഫ്രിക്കയിലാകട്ടെ ബ്രമാഡിലിയോണ്‍ തിന്ന എലികളെ ഭക്ഷിച്ച സിംഹങ്ങള്‍ വരെ ചത്തതായി റിപ്പോര്‍ട്ടുണ്ടായി.
1994ല്‍ റോഡോഫോ ഉള്‍പ്പെടെയുള്ള വിഷ വസ്തുക്കളെ ലോക ആരോഗ്യ സംഘടന അതിവീര്യ വിഷഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1971ലെ ഇന്‍സെക്റ്റിസൈഡ് നിയമ പ്രകാരം കഠിന വിഷത്തിലും ഇതിനെ ഉള്‍പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് റോഡോഫോയുടെ വിഷ വീര്യം സൂചിപ്പിക്കാന്‍ അവയുടെ പായ്ക്കറ്റില്‍ തലയോട്ടിയുടെ ചിത്രം ചേര്‍ത്തിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും റോഡോഫോ മാരകമല്ലെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകനും ഡോക്ടറുമായ ഡി. സുരേന്ദ്രനാഥ് അഭിപ്രായപ്പെടുന്നു.
രണ്ട് വര്‍ഷം മുമ്പ് എലി നശീകരണത്തിനായി റോഡോഫോ വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ രീതിയില്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒപ്പം എലി നശീകരണത്തിന്റെ പേരില്‍ അത്യുഗ്രസംഹാര ശേഷിയുള്ള വിഷം വിതരണം ചെയ്യാനാകില്ലെന്ന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് തത്ക്കാലത്തേക്ക് നിര്‍ത്തിവച്ച പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. അതേ സമയം റോഡോഫോ എലി വിഷം വിതരണം ചെയ്യാന്‍ സംസ്ഥാന വെയര്‍ ഹൌ സിംഗ് കോര്‍പറേഷന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേക്ക് രൂപത്തിലുള്ള എലി വിഷത്തിന് പകരം തരികളായുള്ള വിഷം ഓര്‍ഡറിനനുസരിച്ച് നിര്‍മിച്ചു നല്‍കുകയാണ് വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ ചെയ്യുന്നത്. വിഷം വ്യാപിക്കാന്‍ ഇത് കൂടുതല്‍ സാഹചര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കടപ്പാട്- ദീപിക 11-03-08
നിശാന്ത് ഘോഷിന് അഭിനന്ദനങ്ങള്‍. ഈ ലേഖനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരുനിന്നും പലതവണ എന്നെ ഫോണിലൂടെ ബന്ധപ്പെടുകയും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലൂടെ റോഡോഫോ എന്ന എലിവിഷം വ്യാപകമായി വിതരണം ചെയ്യുകയാണെന്നും ബ്ലോഗുകളില്‍ നിന്ന് എന്റെ ഗ്രാമം എന്ന ബ്ലോഗില്‍ ഇതിനെപ്പറ്റി ഒരു ലേഖനം കണ്ടതിനാലാണ് ബന്ധപ്പെട്ടത് എന്നും പറയുകയുണ്ടായി. ഞാന്‍ പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത് നല്ല മനസുള്ള കുറെ അധികം ബ്ലോഗര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ധാരാളം കമെന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ സെര്‍ച്ച് ചെയ്ത് ബ്രൊമോഡിയോലോണിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള കഴിവ് അന്നെനിക്ക് തീരെ കുറവായിരുന്നു എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ സ്മരിക്കുന്നു. ഈ വിഷയത്തില്‍ മുന്‍കൈയെടുത്ത വിശ്വം, അനില്‍, ദേവന്‍, സിബു തുടങ്ങി ഒട്ടേറെപേര്‍ എന്നെ വളരെയധികം സഹായിച്ചിരുന്നു. ദീപികയില്‍ നിന്ന് വന്ന മെയിലില്‍ അനിലിന്റെ ഈമെയില്‍ ഐഡി കാണുവാന്‍ ഇടയാവുകയും ചെയ്തു. ഇത്തരത്തിലൊരു ലേഖനം ദീപികയിലൂടെ പ്രസിദ്ധീകരിച്ച് വലിയൊരു കടമ ദീപിക നിറവേറ്റിയിരിക്കുന്നു.










വ്യാഖ്യാനം