-
4 Comments
മില്‍മയും മാറി മാറി ഭരിച്ച സര്‍ക്കാരുകളും കേരളത്തിലെ മൃഗസംരക്ഷണം ഇന്നത്തെ നിലയില്‍ എത്തിച്ചു. എന്നാല്‍ മില്‍മയെ മുഖ്യപ്രതിയാക്കിയും ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും തന്നെ സത്യം മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. 1983 മുതല്‍ 2005 വരെ ഒരു യൂണിവേഴ്സിറ്റി രണ്ടാം ഗ്രേഡ് ഉദ്യോഗസ്ഥന് 10.51 % ശമ്പള വര്‍ദ്ധനരേഖപ്പെടുത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊത്തമായി ഉണ്ടായ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം തന്നെയാണ്. കാര്‍ഷിക മേഖലയിലും ക്ഷീരോത്പാദനമേഖലയിലും അത്തരം ഒരു വളര്‍ച്ച കൈവരിക്കുവാന്‍ കഴിയാതെ പോയത് ഇവ രണ്ടും തകരുവാന്‍ കാരണമായി. വര്‍ദ്ധിച്ചുവരുന്ന ഐ.ടി മേഖലയുടെ കുതിപ്പും ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ശമ്പളവും ഇടനിലക്കാരുടെ സ്വാധീനത്താല്‍ അതിന്റെ ഒരംശം പോലും കര്‍ഷകരില്‍ എത്തുന്നില്ല. ഭക്ഷ്യക്ഷാമവും പാല്‍ക്ഷാമവും പരിഹരിക്കുവാന്‍ ജനറ്റിക് എഞ്ചിനീയറിങ്ങ് ആണ് എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്ന് മനസിലാക്കണം മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിനും കഴിയില്ല എന്നത്. മണ്ണില്‍നിന്ന് ഊറ്റിയെടുത്ത് തല്‍ക്കാലം പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞാലും അത് സര്‍വ്വ നാശത്തിനും വഴിവെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ക്ഷീരോല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ മിതമായി പാല്‍തരുന്ന രോഗപ്രതിരോധശേഷിയുള്ള നമ്മുടെ പ്രകൃതിക്കിണങ്ങിയ പശുക്കളുടെ എണ്ണം കൂടുകയും അവയെ ലാഭകരമായി വളര്‍ത്തുവാന്‍ കഴിയുകയും വേണം. ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും, പാല്‍ വിപണന സംഘങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമല്ല ഉത്പാദന ചെലവ് പരിഗണിക്കാതെ പാല്‍ വിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. 1992 ല്‍ 3.25 രൂപയ്ക്ക് പാല്‍ വിറ്റിരുന്ന എനിക്ക് ലാഭം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പാല്‍ വിലയിലെ കുറവ് പരിഹരിക്കത്തക്കവിധം താണവിലക്ക് കാലിത്തീറ്റ ലഭ്യമാക്കി 5.50 രൂപ പ്രതിലിറ്റര്‍ വിലയ്ക്ക് പാല്‍ സംഭരിച്ച് 6.00 രൂപയ്ക്ക് വിറ്റിരുന്നത് സംഭരണവില 12.00 രൂപയായപ്പോള്‍ വിപണനവില 17.00 രൂപയായി. (ഇതെനിക്കറിയാവുന്ന ഏകദേശ കണക്കാണ്) ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപ ലാഭത്തില്‍ 13.00 രൂപയ്ക്ക് വില്‍ക്കുവാന്‍ കഴിയണമായിരുന്നു. ഇത്തരത്തിലൊരു ആനുപാതിക വര്‍ദ്ധനവിന് പകരം പാലില്‍ നിന്ന് വെണ്ണയും നീക്കം ചെയ്ത് വെള്ളവും പാല്‍പ്പൊടിയും ചേര്‍ക്ക് സുന്ദരമായ പാല്‍ക്കവറുകളില്‍ വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താവ് എന്ന ജനത്തിനും അതാണ് ഇഷ്ടം. ശുദ്ധമായ പാല്‍ ആര്‍ക്കും കഴിക്കുവാന്‍ പാടില്ല എന്ന് ചില ഡോക്ടര്‍മാരും സഹായത്തിനുണ്ട്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് ഇതിനൊരപവാദം തന്നെ. ക്ഷീരോദ്പാദക സംഘങ്ങള്‍ 12.60 രൂപയ്ക്ക് ക്ഷീരകര്‍ഷകനില്‍ നിന്ന് പാല്‍ വാങ്ങി അവിടെവെച്ച് 17 രൂപയ്ക്ക് വില്കുന്ന സംഭവവും ഈ മേഖലയിലെ പ്രശനങ്ങള്‍ക്കൊരുദാഹരണമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് രൂപ ഒരുകിലോ എള്ളിന്‍ പിണ്ണാക്കിന് വിലയുണ്ടായിരുന്നപ്പോള്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് കര്‍ഷകന് ആറുരൂപ ലിറ്ററൊന്നിന് വില ലഭിക്കുമായിരുന്നു. പിണ്ണാക്കിന് അഞ്ചിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ പാല്‍ വില ഇരട്ടിയായി. അവിടെ മനസിലാക്കാം ക്ഷീരകര്‍ഷകരുടെ ആമേഖല കൈയ്യൊഴിയുവാനുള്ള തീരുമാനം. 2001-02 ല്‍ 27 ലക്ഷം ടണ്‍ പാല്‍ ഉദ്പാദിപ്പിച്ച സംസ്ഥാനം 2005-06 ല്‍ 20 ലക്ഷമായി കുറഞ്ഞപ്പോള്‍ വിപണന സംഘങ്ങള്‍ക്ക് ചെലവിന് പണം ഉദ്പാദനം കുറഞ്ഞ പാലില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. അത് കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട വില ലഭ്യമാക്കാതെ കര്‍ഷകരെ ആ മേഖലയില്‍ നിന്ന് ആട്ടിയോടിക്കുകയല്ലെ ചെയ്തത്? കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കളെ വളര്‍ത്തി പരിഹാരം കാണാമെന്ന വ്യാമോഹം പൂവണിയില്ല. അത്തരത്തില്‍ ഒരു ശ്രമം ഇന്ന് പശു വളര്‍ത്തുന്നവരും പശുക്കളെ കയ്യൊഴിയുവാന്‍ കാരണമാകും. കാരണം ക്ഷീരോദ്പാദനം കൂടിയ പശുക്കള്‍ക്ക് രോഗ പ്രതിരോധശേഷിയും കുറവായിരിക്കും. മാത്രവുമല്ല പാലിനും ഗുണം കാണില്ല. മാത്രവുമല്ല പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമില്‍ വീഴുന്ന ചാണകം, ഗോമൂത്രം മുതലായവ മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് കാര്‍ഷികോത്പാദന വര്‍ദ്ധനവിനും കാരണമാകും.
കാര്‍ഷികമേഖലയുടെയും മൃഗസംരക്ഷണമേഖലയുടെയും നിലനില്‍പ്പിന് ഉദ്പാദനചെലവിന് മുകളിലുള്ള വില കര്‍ഷകര്‍ക്ക് കിട്ടിയേ തീരൂ. ബംഗാളില്‍ പക്ഷിപ്പനിക്ക് പിന്നാലെ മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് വന്ന് ചാകുന്നു. വ്യാവസായിക വളര്‍ച്ച ഇതിന് പരിഹാരമാകുമോ? സര്‍ക്കാര്‍ ശ്രമത്തില്‍ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഡയറികള്‍ തുടങ്ങിയാല്‍ തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആക്കം കൂടുകയേ ഉള്ളു. കാരണം ഇവിടെ ലഭ്യമായ ചാണകം മുഴുവനും അവര്‍ തീറ്റപ്പുല്‍കൃഷിക്കായി വിനിയോഗിക്കുകയും നിലവിലുള്ള കര്‍ഷകര്‍ ക്ഷീരോദ്പാദനം അവയാനിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നീട് പാലിന്റെ വിലയുടെ നിര്‍ണയവും ഈ വന്‍കിടക്കാരുടെ കൈകളിലായി മാറും.
മനോരമ 07-02-08 ന് പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.
കന്നുകാലികളുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ട് പൂഴ്ത്തി
തൊടുപുഴ: സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍സസ് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പ് രഹസ്യമാക്കിവച്ചു. കന്നുകാലികളുടെ എണ്ണത്തിലെ ഭീമമായ കുറവ് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ ലഭ്യത കുറയ്ക്കുമെന്ന ഭയത്താലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തത്.ആദ്യ സെന്‍സസില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു ഘടന മാറ്റി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി വീണ്ടും കണക്കെടുപ്പു നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാനത്തെ കടുത്ത പാല്‍ക്ഷാമത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നാണു തീരുമാനം.
മുന്‍ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തുള്ള 32 ലക്ഷം കന്നുകാലികളുടെ എണ്ണത്തിലാണു ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലൂടെ കോടികളുടെ ധനസഹായം നല്‍കിയിട്ടും ക്ഷീരകര്‍ഷകരെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതു പരാജയമായി വിലയിരുത്തിയിരുന്നു.
അതിലുപരി കാലിവളര്‍ത്തലില്‍നിന്നുള്ള വ്യാപകമായ കൊഴിഞ്ഞുപോക്ക് സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാനോ തടയുന്നതിനോ ഇരു വകുപ്പുകള്‍ക്കും സാധിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. പാല്‍ ഉല്‍പാദന രംഗത്തേക്കു കടക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമത്തിലും കര്‍ഷകരെ ആകര്‍ഷിക്കാനും സഹായിക്കാനുമുള്ള യാതൊരു നടപടിയുമില്ല.
ഒരു പഞ്ചായത്തില്‍ 1500 പശുക്കളെ നല്‍കുന്ന വിദര്‍ഭ പാക്കേജ്, പശുഗ്രാമം, കന്നുകുട്ടി പരിപാലനം തുടങ്ങി കോടികളുടെ പദ്ധതികളാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവയെല്ലാംതന്നെ ബോധവല്‍ക്കരണ പരിപാടികളിലും സെമിനാറുകളിലും പരിശീലനങ്ങളിലും പ്രഭാഷണങ്ങളിലും ഒതുങ്ങുന്നതാണ്. അതേസമയം കാലിവളര്‍ത്തലില്‍നിന്ന് ഒരു രൂപ പോലും വരുമാനം ഉയരുന്ന ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മില്‍മ രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകനു വര്‍ധനവിന്റെ പകുതിപോലും ലഭിച്ചില്ല. രണ്ടു വര്‍ധനവും അന്യസംസ്ഥാന പാല്‍ ലോബിയെയാണു സഹായിച്ചത്.
കൂടാതെ പദ്ധതികള്‍ കേമമായി നടത്തുമ്പോഴും അവയുടെ പ്രയോജനം സംബന്ധിച്ചു വിലയിരുത്തല്‍ നടത്താറില്ല. പകരം ഫണ്ട് ചെലവഴിച്ചതു മാത്രമാണ് ഇതു സംബന്ധിച്ച യോഗങ്ങളില്‍ പരിശോധിക്കുക.
വികലമായ നയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പാകട്ടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിലും യാതൊരു മാനദണ്ഡവും പുലര്‍ത്താറില്ല. ഏകദേശം 450 പശുക്കളുള്ള മന്ത്രി സി. ദിവാകരന്റെ മണ്ഡലത്തിലെ പഞ്ചായത്തായ കരുനാഗപ്പിള്ളിയിലും 15000 ല്‍ ഏറെ പശുക്കളുള്ള അട്ടപ്പാടിയിലും ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാണ്.



വ്യാഖ്യാനം