-
No Comments
റബ്ബര്‍ ഷീറ്റുകള്‍ തരംതിരിവിനുള്ള മാനദണ്ഡങ്ങള്‍ കാലപ്പഴക്കം ചെന്നതും ആധുനിക യുഗത്തിന് അനുയോജ്യമല്ലാത്തതുമാണ്. ലോക വിപണിയില്‍ എയര്‍ ഡ്രൈഡ് ഷീറ്റുകളും റ്റി.എസ്.ആര്‍ (ടെക്കനിക്കലി സ്പെസിഫൈഡ് റബ്ബര്‍) ഗ്രേഡുകളും പിടി മുറുക്കുമ്പോള്‍ ഇന്ത്യന്‍ വിപണി ഇന്നും തട്ടിപ്പിനും വെട്ടിപ്പിനും സഹായകമായ പഴയ രീതി തന്നെ തുടരുന്നത് ശരിയല്ല. ഷീറ്റുകള്‍ തരം തിരിവിന് ശാസ്ത്രീയമായ രീതിയില്‍ ഒരു കമ്പ്യൂട്ടറൈസ്‌ഡ് ഗ്രേഡിംഗ് സിസ്റ്റം അനിവാര്യമാണ്. ഇന്നത്തെ ഐ.റ്റി യുഗത്തില്‍ അതത്ര പ്രയാസവുമുള്ള കാര്യമല്ല. ഉദാഹരണത്തിന് ഉണക്ക റബ്ബറിന്റെ ടെസ്റ്റിംഗില്‍ കണ്ടെത്തുവാന്‍ കഴിയുന്നവയും ലാറ്റെക്സ് ടെസ്റ്റിംഗില്‍ കണ്ടെത്തുവാന്‍ കഴിയുന്നവയും കടലാസിനുള്ളിലൊതുങ്ങിയിട്ട് കാര്യമില്ല. കൂടാതെ ക്വാളിറ്റി കണ്ട്രോള്‍ നടപ്പിലാക്കുന്ന ധാരാളം ടെസ്റ്റുകള്‍ നിലവിലുണ്ട്. കര്‍ഷകരില്‍ നിന്ന് വാങ്ങുമ്പോഴും അവ വില്‍ക്കുമ്പോഴും ഗ്രേഡിംഗിന്റെ കാര്യത്തില്‍ തിരിമറി നടന്നിട്ടില്ല എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഇടനിലക്കാരുടെ അമിത ചൂഷണം അവസാനിപ്പിക്കുവാന്‍ കഴിയുകയുള്ളു.
വിപണിയോട് ബന്ധപ്പെട്ടുതന്നെ രാജ്യത്തിന് ഭാരിച്ച സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഒന്നാണ് കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍. 2006-2007 ലെ സ്ഥിതിവിവരക്കണ്‍ക്കുകള്‍ വിശകലനം ചെയ്തത് ശ്രദ്ധിക്കുക. ആഭ്യന്തര അന്താരാഷ്ട്ര വിലകളിള്‍ അന്തരം സൃഷ്ടിച്ച് കയറ്റുമതി ഇറക്കുമതികളില്‍ ഏറ്റക്കുറച്ചില്‍ സൃഷ്ടിച്ച് വന്‍ നഷ്ടത്തിന് വഴിവെയ്ക്കുന്നു. ലാറ്റക്സ് കര്‍ഷകരില്‍ നിന്ന് 100 ശതമാനം ഉണക്ക റബ്ബറിന്റെ വില നല്‍കി വാങ്ങുമ്പോള്‍ ഏറ്റവും താണ വില ലഭ്യമാക്കി (ഷീറ്റ് ഉറകൂട്ടല്‍, അടിക്കല്‍, ഉണക്കല്‍ എന്നിവ ഒഴിവാക്കാം) 60 ശതമാനം ഉണക്ക റബ്ബറും 40 ശതമാനം റബ്ബറേതര വസ്തുക്കളും (60% ഡിആര്‍സി) പ്രതിദിനവിലകള്‍ 60 ശതമാനം ഉണക്കറബ്ബറിന് തുല്യമായി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുക്കുകയാണ് ചെയ്യുന്നത്. പ്രതിമാസ ശരാശരി 74.45/- രൂപയുള്ളപ്പോള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന മന്ത്‌ലി റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സില്‍ 124 രൂപ ആയി കിലോ ഒന്നിന് എങ്ങിനെ മാറുന്നുവെന്ന് സാധാരണക്കാര്‍ക്ക് മനസിലാവാത്ത കാര്യമാണ്. റബ്ബര്‍ ബോര്‍ഡിന്റെ ഒത്താശയോടെ നടക്കുന്ന വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് എനിക്ക് വിശകലനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ളത്. ഇതൊടൊപ്പം ഉത്‌പാദക രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയും അവിടെനിന്നും തിരികെ ഇറക്കുമതിയും കൂടി ആകുമ്പോള്‍ കളിയുടെ ആഴം വര്‍ദ്ധിക്കുന്നു.
ഇതേവിഷയം ഇംഗ്ലീഷിലുള്ള ബ്ലോഗ് പോസ്റ്റായും അവതരിപ്പിച്ചിട്ടുള്ളതാണ്. ഇംഗ്ലീഷിലുള്ള പല സെര്‍ച്ച് വാക്കുകളും സൂചിപ്പിക്കുന്നത് ലോകമെമ്പാടു നിന്നും പല അന്വേഷണങ്ങളും എന്റെ പേജില്‍ കൊണ്ടുവെന്നെത്തിക്കുന്നതായിട്ടാണ്.
-
No Comments
വരള്‍ച്ചയുടെ കാഠിന്യം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പോസ്റ്റിലൂടെ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റ് കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. കാര്‍ഷികാനുഭവങ്ങള്‍ പങ്കു വെക്കുവാനുള്ളതാണ്. അല്ലാതെ അത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിലും പി.എച്ച്.ഡി എടുക്കുന്നതിലും മാത്രം ഒതുങ്ങിക്കൂടുവാനുള്ളതല്ല.
ഞാന്‍ പല പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ള മഗ്നീഷ്യം നല്‍കല്‍ തന്നെയാണ് ഈ വരള്‍ച്ചയില്‍ നിന്നുള്ള മോചനത്തിനും പരിഹാരം. വരള്‍ച്ചയെ അതിജീവിയ്ക്കുവാന്‍ തുലാ വര്‍ഷത്തിന് ശേഷം അര കിലോ വീതം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയപ്പോള്‍ അതിനടുത്ത വേനലില്‍ ഓലകള്‍ ഉണങ്ങുന്നതിന്റെ എണ്ണം കുറയ്ക്കുവാനും ഓലകളുടെ പച്ചനിറം വര്‍ദ്ധിപ്പിക്കുവാനും സാധിച്ചു.
എന്റെ രണ്ട് പശുക്കളില്‍ നിന്ന് കിട്ടുന്ന ചാണകം ബയോഗ്യാസ് പ്ലാന്റിലൂടെ സ്ലറിയാക്കി റബ്ബര്‍ മരങ്ങളുടെ ടെറസിന് പിന്‍ഭാഗം ഉയരം കൂടിയ സ്ഥലത്ത് ഒഴിക്കുകയാണ് പതിവ്. എന്നാല്‍ ഇപ്പോഴത്തെ ഈ കഠിനമായ വേനലില്‍ എനിക്ക് എത്ര മരങ്ങളെ ഇപ്രകാരം മഗ്നീഷ്യവും സ്ലറിയും നല്‍കി സംരക്ഷിക്കുവാന്‍ കഴിയും. ഏറിയാല്‍ ദിവസം രണ്ട് മരം. അപ്പോഴാണ് മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കുന്ന എന്റെ ഭാര്യയുടെ ഒരുപദേശം. ചേട്ടാ ഗ്യാസ് തീര്‍ന്നു, ബയോഗാസുകൊണ്ട് എല്ലാ പണിയും ചെയ്യാന്‍ കഴിയുന്നില്ല, തൊഴുത്ത് കഴുകുകയും ഗോമൂത്രവും ചപ്പുചവറുകളും കെട്ടിക്കിടക്കുന്ന കുഴിയിലെ വെള്ളം ബയോഗ്യാസ് പ്ലാന്റിലൊഴിച്ചാല്‍ നമ്മുടെ ആവശ്യത്തിന് ഗ്യാസ് കിട്ടില്ലെ?
കിട്ടും അതിലൂടെ ഗ്യാസ് മാത്രമല്ല ഒരു ദിവസം 15 മരങ്ങളോളം വെള്ളത്തില്‍ലയിപ്പിച്ച മഗ്നീഷ്യം സല്‍ഫേറ്റും അതിന് മുകളില്‍ മരമൊന്നിന് 50 ലിറ്റര്‍ സ്ലറിയും നല്‍കുവാന്‍ കഴിയും. കാരണം വെള്ളത്തിന്റെ ആവശ്യമില്ലാത്ത സമയത്ത് കെട്ടിക്കിടക്കുന്ന വെള്‍ലവും ധാരാളം ഉണ്ട്. മറ്റ് തടസങ്ങളൊന്നും ഇല്ലെങ്കില്‍ ഒരു മാസം കൊണ്ട് എന്റെ എല്ലാ റബ്ബര്‍ മരങ്ങള്‍ക്കും സംരക്ഷണം മാത്രമല്ല മുന്തിയ റബ്ബര്‍ ഉത്‌പാദനവും ലഭ്യമാക്കാം. രണ്ടുദിവസമായി ബയോഗ്യാസും ആവശ്യത്തില്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യുന്നു.
ഈ ബയോഗ്യാസ് പ്ലാന്റ് തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്വകാര്യ സ്ഥാപനം പണിതതാണ്. 3500 രൂപ സബ്‌സിഡി തരുമെന്ന് പറഞ്ഞിരുന്നു ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ല എന്നതാണ് വാസ്തവം. ചില പരിഷ്കാരങ്ങളൊടെ 18500 രൂപയോളം ചെലവായി. ഇതിന് ചില പ്രത്യേകതകള്‍ ഉണ്ട്. വാട്ടര്‍ ജാക്കെറ്റ് സിസ്റ്റം ആയതിനാല്‍ ഇരട്ട റിംഗിനുള്ളില്‍ ശുദ്ധജലമാണ് കെട്ടിനില്‍ക്കുന്നത്. അതില്‍ കൊതുകിന്റെ കൂത്താടികളെ തിന്നുവാന്‍ കഴിവുള്ള മത്സ്യം വളര്‍ത്താന്‍ കഴിയും. ഉയരം കൂടിയ ഇന്‍ലെറ്റിലൂടെ കലക്കിയ ചാനകവും മറ്റ് വേസ്റ്റുകളും നിക്ഷേപിക്കുമ്പോള്‍ ഔട്ട് ലെറ്റ് ബക്കറ്റിലെ വെളിയിലേയ്ക്കു വരുന്ന സ്ലറിയുടെ ഒഴുക്ക് നിയന്ത്രിച്ചാല്‍ കൂടുതല്‍ ഗ്യാസ് ലഭിക്കും. മാത്രവുമല്ല സ്ലറി നീക്കം ചെയ്യുവാന്‍ സമയത്ത് തുറന്നുവിടുകയാണെങ്കില്‍ മണ്ണില്‍ നഷ്ടപ്പെടാവുന്ന ജലത്തിനെയും നിയന്ത്രിക്കാം. സ്ലറിയിലെ എന്‍.പി.കെ യുടെ അളവ് ചാണകത്തില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയാണ്.








വ്യാഖ്യാനം