ഭക്ഷ്യവിലക്കയറ്റത്തിന് കാരണം ഇന്‍ഡ്യയിലെ മധ്യവര്‍ഗം എന്ന് പറയുന്ന യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്‍ഡ്യയിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടത് മാത്രമേ കണ്ടുള്ളു. ഇതേ മധ്യവര്‍ഗത്തില്‍ നല്ലൊരു ശതമാനം പല രോഗങ്ങള്‍ക്കും അടിമകളാണ്. ഇവരുടെ ഭക്ഷണം ശരാശരി മനുഷ്യന്റെ നേരു പകുതി ആകാനാണ് സാധ്യത. രാസവളങ്ങളും, കള, കുമിള്‍, കീടനാശിനികളും മണ്ണിനെ മലിനീമസമാക്കി മണ്ണിരകളെ കൊന്നൊടുക്കി എന്നതാണ് വാസ്തവം. അത്തരം സ്ഥലങ്ങളില്‍ വിളയുന്ന കാര്‍ഷികോത്പന്നങ്ങളില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറവാകയാല്‍ ഹൃദ്രോഗം, ഡയബറ്റിസ് എന്നീ രോഗങ്ങള്‍ വര്‍ദ്ധിച്ചു. ഈ രണ്ട് രോഗങ്ങളും ബാധിച്ചവര്‍ക്കു് വളരെ കുറച്ച് ആഹാരവും കൂടുതല്‍ മരുന്നും ആണ് ആവശ്യമായി വരുന്നത്. മണ്ണില്‍ ലഭ്യമായിരുന്ന കുടിവെള്ളം കിണറുകളില്‍ നിന്ന് പൈപ്പുകളില്‍ ലഭ്യമായിത്തുടങ്ങിയതോടെ ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കും വര്‍ദ്ധനവ് ഉണ്ടായി. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. അത്തരം രോഗികളും വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളു.
സമ്പന്ന വര്‍ഗം വ്യവസായങ്ങളിലൂടെയും മറ്റും വന്‍ സമ്പത്ത് കൈക്കുള്ളിലൊതുക്കുകയും സര്‍ക്കാര്‍ സഹായങ്ങളും മറ്റും ലഭ്യമാക്കി അന്താരാഷ്ട്ര തലത്തില്‍ ട്രാന്‍സാക്ഷനുകള്‍ നടത്തുകയും ചെയ്യുന്നു. മധ്യവര്ഗത്തെക്കാള് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രോഗങ്ങള്‍ കുറയുവാനാണ് സാധ്യത. മെച്ചപ്പെട്ട ഭക്ഷണവും ചികിത്സയും ഇവര്‍ക്ക് മാത്രം സ്വന്തം. ഇവര്‍ ഉപയോഗിക്കുന്ന എ.സി സംവിധാനങ്ങളും മറ്റും ഓസോണ്‍ പാളികളില്പ്പോലും വിള്ളലുണ്ടാക്കുവാന്‍ പര്യാപ്തമാണ്. കൃഷിയോട് താല്പര്യമില്ലാത്ത ഇക്കൂട്ടര്‍ മെച്ചപ്പെട്ട കാര്‍ഷികോത്പന്നങ്ങളുടെ ഉപഭോക്താക്കള്‍ മാത്രമാണ്.
എന്നാല്‍ പച്ചക്കറികള്‍ക്കും ഭക്ഷണത്തിനും വിലവര്‍ദ്ധനവുണ്ടായി അതുകാരണം പണപ്പെരുപ്പം കൂടി എന്ന് പറയുന്നതിന്റെ അര്‍ത്ഥം പിടികിട്ടുന്നില്ല. കര്‍ഷകന്റെ കൈയില്‍ പണം എത്തുവാന്‍ പാടില്ല എന്നാണോ ഇതിനര്‍ത്ഥം? മുന്‍കാലങ്ങളില്‍ പറയുമായിരുന്നു ഇന്‍ഡ്യയില്‍ ഭക്ഷണത്തിന് വില കൂടി അതിനാല്‍ രൂപയുടെ മൂല്യത്തിന് ഇടിവുണ്ടായി, ഡോളര്‍ മൂല്യം കൂടി എന്ന്. പണപ്പെരപ്പത്തിന് കാരണം കള്ളപ്പണം, ഹവാല ഇടപാടുകള്‍, നികുതി വെട്ടിപ്പ്, കൈക്കൂലി, പിടിച്ചുപറി മുതലായവയല്ലെ? 75 രൂപ വെളിച്ചണ്ണയ്ക്കും 30 രൂപ പാം ഓയിലിനും ആയിരുന്നത് അനാവശ്യ ഭക്ഷ്യ എണ്ണ ഇറക്കുമതിയിലൂടെ നാളികേര കൃഷിതന്നെ നാമാവശേഷമായി എന്നുതന്നെ പറയാം. ഇപ്പോള്‍ വില പല അവസരങ്ങളിലും ഏകദേശം നേരെ തിരിച്ചാവുകയും ചെയ്തു. കേരളത്തിലെ നെല്‍കൃഷിയില്‍ സംഭവിച്ചതും അതുതന്നെ. ആന്ധ്രയില്‍നിന്നും, തമിഴ്നാട്ടില്‍ നിന്നും, ഹരിയാന പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും താണ വിലയ്ക്ക് കേരളത്തില്‍ അരി യഥേഷ്ടം എത്തിച്ച് നമ്മുടെ കൃഷിയെ തകര്‍ത്തു. അതോടൊപ്പം സമ്പന്നനായിരുന്ന നെല്‍കര്‍ഷകര്‍ക്കെതിരെ സംഘടിത തൊഴിലാളി ശക്തരാവുകയും കര്‍ഷകന്റെ ലാഭത്തിന്റെ അളവില്‍ കുറവ് മാത്രമല്ല ഇന്ന് കൊയ്യുവാനും മെതിക്കുവാനും പോലും യന്ത്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലും ആയി. ആവശ്യമില്ലാത്ത വലിപ്പങ്ങളിലെ കെട്ടിട നിര്‍മാണം കമ്പിയുടെ വില ഉയരുവാന് വഴിയൊരുക്കി. (പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, ഇരുമ്പ് എന്നിവയുടെ വിലക്കയറ്റമാണ് ഇപ്പോഴത്തെ നാണയപ്പെരുപ്പത്തിന് കാരണം എന്ന് പറയുന്നു)
യഥേഷ്ടം കൃഷിയും കൃഷിയിടങ്ങളും ലഭ്യമായിരുന്ന അമേരിക്കയുടെ ജൈവ ഇന്ധന ഉല്പാദനം തന്നെയാണ് ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. WTO യുടെ തെറ്റായ കയറ്റുമതി ഇറക്കുമതി നയങ്ങളും അതിനെ പിന്തുണയക്കുന്ന സര്‍ക്കാരുകളും കര്‍ഷകര്‍ക്ക് ശാപമായി മാറി. അതിനൊരുദാഹരണം – കേരളത്തില്‍ കിലോഗ്രാമിന് 91.82 രൂപ വിലയുണ്ടായിരുന്ന റബ്ബര്‍ പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി 2.13 രൂപയ്ക്ക് കയറ്റുമതി നടത്തിയാലോ, മലയാ ട്രേഡ് ഇംപെക്സ് കിലോയ്യ് 0.06 പൈസയ്ക് 60% ഡിആര്‍സിയുള്ള ലാറ്റെക്സ് കയറ്റുമതി ചെയ്താലോ വിവരാവകാശ നിയമപ്രകാരം ഇത്തരം സംഭവങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞാലോ ഇന്നാട്ടില് ഒരു ചുക്കും സംഭവിക്കുകയില്ല. ഇതിന് ഒത്താശചെയ്തുകൊടുക്കുന്ന പപബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെക്കൊണ്ട് തെറ്റായ വിവരം നല്കി എന്ന പേരില്‍ 25,000 രൂപ വരെ പിഴ ഒടുക്കിക്കാം എന്നതിലുപരി ഒന്നും സംഭവിക്കില്ല. ഇത്തരം കയറ്റുമതി ഇറക്കുമതികള്‍ തന്നെയാണ് പല കാര്ഷികോല്പന്നങ്ങളിലും സംഭവിക്കാന്‍ സാധ്യതയുള്ളത്. പാല്‍പ്പൊടി ഇറക്കുമതി ചെയ്ത് പാല്‍ക്ഷാമം പരിഹരിക്കുന്നതിലൂടെ തകരുന്നത് ഇന്‍ഡ്യയിലെ ക്ഷീരോല്പാദനമായിരിക്കും. പക്ഷെ നമുക്ക് അഹങ്കരിക്കാം ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ പാല് ഉല്പാദനം നടക്കുന്ന രാജ്യം ഇന്ഡ്യയാണെന്ന്. പശുവില്ലാതെ ഡെക്സ്ട്രോസും, വെളിച്ചെണ്ണയും, പാല്‍പ്പൊടിയും, സോപ്പ് ലായനിയും, വെള്ളവും കലര്‍ത്തി ഉണ്ടാക്കുന്ന പാലും ഇതില്‍ പെടും എന്നര്‍ത്ഥം.
ഭാരതത്തിലെ ബിപിഎല്‍ എന്ന വിഭാഗത്തിന് നല്കുന്ന ആനുകൂല്യങ്ങളും മറ്റും അവരെ ആത്മഹത്യകളില്‍ നിന്ന് പിന്തിരിപ്പിച്ച് അവര്‍ക്ക് അര വയറെങ്കിലും ആഹാരത്തിന് വഴിയൊരുക്കുന്നു. അതിനാലാണ് ഇന്‍ഡ്യയില്‍ ഭക്ഷ്യോല്പന്നങ്ങള്ക്ക് വിലകൂടുവാന്‍ കാരണമായത് എന്നാണ് ബുഷും കോണ്ടലീസ റൈസും പറഞ്ഞിരുന്നുവെങ്കില്‍ അല്പം ന്യായീകരണം ഉണ്ടായിരുന്നു. ഇക്കൂട്ടരില്‍ നല്ലൊരു ശതമാനം ശരീരം വിയര്‍ക്കെ പണി ചെയ്യുന്നവരും അസുഖങ്ങള്‍ വളരെ കുറച്ച് മാത്രം ഉള്ളവരും ആണ്. ഇത്തരം കാര്യങ്ങള്‍ നമ്മുടെ കണ്മുന്നില് കാണുവാന്‍ കഴിയുന്നതുമാണ്. ജന സംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഭക്ഷണത്തിനായി കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. മുപ്പത് വര്‍ഷമായി ഓരോ വിഭാഗത്തിലും പെട്ടവരുടെ പ്രതി ശീര്‍ഷ വരുമാനം കണക്കാക്കിയാല്‍ ഏറ്റും താണ വരുമാനം കര്‍ഷകരുടേതായിരിക്കും. അതിന് തെളിവാണ് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും രക്ഷിക്കാന്‍ കഴിയാതെ പോയ വിദര്‍ഭയിലെ കര്‍ഷകര്‍.
ഇല്ലാത്ത ഭക്ഷ്യക്ഷാമം ഇന്‍ഡ്യയില്‍ സൃഷ്ടിച്ച് കുറുക്ക് വഴികളിലൂടെ ജി.എം വിളകള്‍ കൃഷിചെയ്യുവാന്‍ ഇന്‍ഡ്യയില്‍ ഇടം കണ്ടെത്തുന്നത് അല്പമെങ്കിലും ജൈവ സമ്പത്തും ജലവും മണ്ണില്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ആരോഗ്യത്തിന് ഹാനികരമായ ജി.എം വിളകള്‍ കാരണമാകുന്നതോ, ഒരു കുത്തകയുടെ കയ്യില്‍ വിത്തിന്റെ ലഭ്യതക്ക് അവസരമൊരുക്കുന്നതോ, ജി.എം പരുത്തി കൃഷിചെയ്ത സ്ഥലത്ത് മേഞ്ഞ് നടന്ന പശുക്കള്‍ ചത്തതോ, അത്തരം പരുത്തിക്കുരു എണ്ണ ഭക്ഷണമായി നമുക്ക് ലഭ്യമാക്കുന്നതോ നമ്മുടെ ഭരണാധികാരികള്‍ക്ക് പ്രശ്നമേ അല്ല. അതിനെയിരായും പാവം ജനത്തിന് ന്യൂ ഡല്‍ഹിയില്‍ മേയ് ആറിന് സമരം ചെയ്യേണ്ടി വരുന്നു.
പണപ്പെരുപ്പം കര്‍ഷകനെ സമ്പന്നനാക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ആരും കാണുന്നില്ല. സമ്പന്നരാകുന്നത് കരിഞ്ചന്തയും പൂഴ്തിവെയ്പും നടത്തുന്നവര്‍ മാത്രം. അവരുടെ കൈയിലെ പണം ബാങ്കുകളിലെത്തിക്കാന്‍ പലിശനിരക്ക് അല്പമൊന്നുയര്ത്തിയാല് മതി. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നല്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ ബാങ്കു് വായ്പകളോടൊപ്പം നല്‍കുന്നതിലൂടെ കാര്‍ഷിക മേഖലയെ തകര്‍ക്കുവാനെ കഴിയൂ. ഇതിന് പരിഹാരം മണ്ണില്‍ പണിയെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക, കാര്‍ഷികോത്പന്നങ്ങളുടെ ന്യായ വില (സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവര്‍ദ്ധനവിന് ആനുപാതികമായി) ലഭ്യമാക്കുക, ഗ്രാമീണ ചന്തകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, കാലി വളര്‍ത്തല്‍ ലാഭകരമാക്കുക മുതലായവയാണ്.
നമ്മുടെ ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനം ജനസഖ്യവച്ചു താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ് എന്നതൊരു സത്യമല്ലേ? അതിനോടു പ്രതികരിക്കാന്‍ കമ്പിവിലകൂടിയതും മറ്റും പറഞ്ഞിട്ടെന്താ കാര്യം? അമര്‍ഷം എനിക്കുമുണ്ടെന്നുവച്ച് സത്യം മറ്റൊന്നാകുമോ?
ആര്.ബി.ഐ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ മൊത്തം ധാന്യോല്പാദനം 217.3 ദശലക്ഷം ടണ്‍ ആയിരുന്നു. 100 കോടി മുതിര്‍ന്നവര്‍ ഇന്ത്യയില്‍ ഉണ്ട് എന്ന് കണക്കാക്കിയാല്‍ ഒരു വര്‍ഷം ഒരാള്‍ക്ക് ശരാശരി 217.3 കിലോ ധാന്യം ലഭിക്കും.ഒരു ദിവസം ഏതാണ്ട് 600 ഗ്രാം.ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരനു പ്രതിവര്‍ഷം ലഭിക്കുന്നത് 178 കിലോ ധാന്യം ആണ്. അമേരിക്കക്കാരന് കഴിക്കുന്നത് 1046 കിലോ..