മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരള വെറ്ററനറി കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് ഒരു തുറന്ന കത്ത്

കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?

വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.

നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം.  കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.