Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ചന്ദ്രിക ദിനപത്രത്തില്‍ വന്നത്


ഫ്രീസോഫ്റ്റുവെയറിനെക്കുറിച്ച് ചന്ദ്രിക ദിനപത്രത്തില്‍ ഒക്ടോബര്‍ അവസാനം വന്ന വാര്‍ത്ത പ്രതിക്ഷേധാര്‍ഹമാണ് എന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്ക് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു.

ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കു് പ്രതിഭാധനരായ പ്രോഗ്രാമ്മര്‍മാരെ സംഭാവന ചെയ്യുന്നു.
അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നല്ല പൌരന്മാരെയും അയല്‍ക്കാരെയും വാര്‍‌ത്തെടുക്കുകയെന്നതാണു്

ചന്ദ്രിക ദിനപ്പത്രത്തിന്റെ എഡിറ്റര്‍ക്കും പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്കും വായിച്ചു പഠിക്കുവാന്‍ രണ്ട് ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍

സോഫ്റ്റ്വെയറുകളുടെ കഴുത്തറപ്പന്‍ മത്സരങ്ങള്‍ക്കിടയിലും വേറിട്ടൊരു റെക്കോഡിന് കഴിഞ്ഞ ജൂണ്‍ സാക്ഷ്യംവഹിച്ചു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വെയര്‍ എന്ന റെക്കോഡ് ‘സ്വതന്ത്ര സോഫ്റ്റ്വെയര്‍ മോസില്ല ഫയര്‍ഫോക്സ്’ നേടിയത് ജൂണ്‍ 17നാണ്. 80,02,530 പേര്‍ ഏറ്റവും പുതിയ ഇന്റര്‍നെറ്റ് ബ്രൌസര്‍ ‘ഫയര്‍ഫോക്സ് ‘3’ ഡൌണ്‍ലോഡ് ചെയ്തു. മൈക്രോസോഫ്റ്റിന്റെ ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ളോററിനേക്കാള്‍ നിരവധി ഗുണങ്ങളാണ് ഫയര്‍ഫോക്സിനെ ജനപ്രിയമാക്കിയത്.

സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനം കാല്‍നൂറ്റാണ്ടുപിന്നിടുന്ന ഈ അവസരത്തില്‍ കുത്തക (പ്രൊപൈറ്ററി സോഫ്റ്റ്വെയര്‍) സോഫ്റ്റ്വെയറിനെ വെല്ലുവിളിക്കാവുന്ന തരത്തില്‍ അത് വളര്‍ന്നതിനു പിന്നില്‍ അറിവ് കുത്തകയാക്കിവയ്ക്കുന്നതിനെതിരായ സ്വാതന്ത്യ്രപ്രേമികളുടെ ചെറുത്തുനില്‍പ്പും സോഫ്റ്റ്വെയര്‍ അറിവുകളുടെ കൊടുക്കല്‍ വാങ്ങലുകളുമുണ്ട്.

യൂറോപിലെ കണികാപരീക്ഷണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഗവേഷണത്തിനുള്ള വിവരകൈമാറ്റത്തിനു വരെ സ്വതന്ത്രസോഫ്റ്റ്വെയര്‍ വഹിച്ച പങ്കും അടുത്തകാലത്ത് വാര്‍ത്തയായിരുന്നു.

സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനം ആരംഭിച്ച കാല്‍നൂറ്റാണ്ടാകുമ്പോള്‍ ഒരുകാലത്ത് സ്വതന്ത്രസോഫ്റ്റ്വെയറിന് അയിത്തം കല്‍പ്പിച്ച് പടിക്കുപുറത്തു നിര്‍ത്തിയിരുന്ന മൈക്രോസോഫ്റ്റ് പോലും അതുമായി സഹകരിക്കേണ്ടിവന്നതും ചെറിയ കാര്യമല്ല.

സ്വതന്ത്രസോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്ന കമ്പനികളിലൊന്നായ നോവല്‍’കമ്പനിയുമായി 10 കോടി ഡോളറിന്റെ പുതിയ കരാര്‍ ഈ മാസം ഒപ്പിട്ട് സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. 2006ല്‍ ആരംഭിച്ച 24 കോടി ഡോളറിന്റെ കരാറിനു പുറമെയാണ് പുതിയ കരാര്‍. തങ്ങളുുടെ ഉപയോക്താക്കളും വിന്‍ഡോസ് സെര്‍വറും ലിനക്സും മാറി മാറി ഉപയോഗിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് ഈ സഹകരണത്തിനു കാരണമെന്നാണ് കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് സിഇഒ കെവിന്‍ ടര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

നാസയില്‍പ്പോലും ലിനക്സും യൂണിക്സും തുല്യമായ പ്രാധാന്യം നല്‍കി ഉപയോഗിക്കുന്നുണ്ട്. 2007 മെയില്‍ എച്ച്പിയുമായി നാസ ഒപ്പിട്ട 500 കോടി ഡോളറിന്റെ കരാര്‍ ലിനക്സും യൂണിക്സും ഒരുപോലെ ഉപയോഗിക്കാവുന്ന കംപ്യൂട്ടര്‍ സംവിധാനം ലഭ്യമാക്കാനാണ്.

2007 ജനുവരിയില്‍ വിന്‍ഡോസ് വിസ്ത പുറത്തിറക്കുമ്പോള്‍ മൈക്രോസോഫ്റ്റ് പറഞ്ഞത് മൂന്നു വര്‍ഷം കഴിഞ്ഞേ പുതിയ പതിപ്പുള്ളൂ എന്നാണ്. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ തന്ത്രങ്ങളുമായി 2009 ല്‍ത്തന്നെ പുതിയ പതിപ്പിറക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളുമായുള്ള മത്സരം അത്ര കടുത്തതായതാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍, യൂറോപില്‍ ഈ ആഗസ്തില്‍ വിപണിയില്‍ ഇറക്കിയ കംപ്യൂട്ടറുകളില്‍ വിന്‍ഡോസിനേക്കാള്‍ കൂടുതല്‍ ലിനക്സ് സോഫ്റ്റ്വെയറാണ്.

സെര്‍ച്ച് എന്‍ജിനില്‍ ഒന്നാമതായി വിലസുന്ന ഗൂഗിളിന്റെ തുടക്കംതന്നെ ലിനക്സ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന 3500 കംപ്യൂട്ടറുകളില്‍നിന്നായിരുന്നു എന്നും ഓര്‍ക്കുക.

ഇങ്ങനെ സ്വതന്ത്രസോഫ്റ്റ്വെയറിന്റെ മുന്നേറ്റത്തിന് ഏറ്റവും പുതിയ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ലഭിക്കും.

വിന്‍ഡോസില്‍നിന്നു ലിനക്സിലേക്കു മാറ്റത്തിനു സംവിധാനമുള്ള സോഫ്റ്റ്വെയറുകള്‍ ലഭ്യമായതോടെ ഇപ്പോള്‍ വിന്‍ഡോസ് വിസ്റ്റയും ലിനക്സും മാറിമാറി ഉപയോഗിക്കുന്ന പ്രവണത ലോകമാകെ വര്‍ധിച്ചു. ലിനക്സിന്റെ സാധ്യതകള്‍ ജനങ്ങള്‍ തിരിച്ചറിയാനും തുടങ്ങി.

സ്വതന്ത്രസോഫ്റ്റ്വെയറില്‍ അധിഷ്ഠിതമായ ‘ഐടി@സ്കൂള്‍’ പദ്ധതിയിലൂടെ കേരളത്തിലെ സ്കൂളുകളില്‍പ്പോലും കംപ്യൂട്ടര്‍ പഠനമാധ്യമമായി മാറിയതോടെ കേരളത്തിലെ പുതുതലമുറ സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിചയിച്ചാണ് വിവരസാങ്കേതികവിദ്യയുടെ ലോകത്തിലേക്ക് ചുവടുവയ്ക്കുന്നത്.

ടി ആര്‍ അനില്‍കുമാര്‍

കൂട്ടായ്മയുടെ വിജയമാതൃക
എന്താണ് സ്വതന്ത്രസോഫ്റ്റ്വെയര്‍ അഥവാ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍? ഇത് മനസ്സിലാകണമെങ്കില്‍ അല്ലാത്ത സോഫ്റ്റ്വെയറുകളെക്കുറിച്ചും മനസ്സിലാക്കണം. സാധാരണ സോഫ്റ്റ്വെയര്‍ വാങ്ങുമ്പോള്‍ ഉല്‍പ്പന്നമല്ല അതുപയോഗിക്കാനുള്ള ലൈസന്‍സാണ് നാം വാങ്ങുന്നത്. സോഫ്റ്റ്വെയര്‍ അതുല്‍പ്പാദിപ്പിച്ച കമ്പനിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാം എന്നല്ലാതെ, നമ്മുടെ ആവശ്യവും ഇഷ്ടവുമനുസരിച്ച് കൂട്ടിച്ചേര്‍ക്കലുകളോ മാറ്റങ്ങളോ വരുത്താനോ അതു മറ്റുള്ളവര്‍ക്കു കൈമാറാനോ കഴിയില്ല എന്നു ചുരുക്കം. ഇതാണ് ഇവയെ കുത്തക സോഫ്റ്റ്വെയര്‍ (പ്രൊപ്രൈറ്റി സോഫ്റ്റ്വെയര്‍) എന്നു വിശേഷിപ്പിക്കുന്നത്.

വില്‍പ്പനാനന്തര സേവനം ഇത്തരം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നാം വാങ്ങിയ സോഫ്റ്റ്വെയറിന്റെ ന്യൂനതകള്‍ പരിഹരിച്ച് തരുന്നതിനേക്കാള്‍ പുതിയ പതിപ്പുകള്‍ (versions) ഇറക്കുന്നതിലായിരിക്കും ബഹുരാഷ്ട്ര കമ്പനികളുടെ ശ്രദ്ധ. ഒരു വലിയ വ്യവസായ/ഓഫീസ് ശൃംഖലയാകെ ഈ ചങ്ങലയില്‍ പെടുന്നതോടെ പുതിയ പുതിയ പതിപ്പുകള്‍ വാങ്ങുകയല്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയും വരുന്നു. ബഹുരാഷ്ട്രകമ്പനികള്‍ വരുമാനത്തിന്റെ പകുതിയിലധികവും ലാഭമായി തഴച്ചു വളര്‍ന്നതും ഇതുകൊണ്ടുതന്നെ.

ഇതുപയോഗിക്കുന്ന അതതു രാജ്യങ്ങളിലെ കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്ക് ഇവ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സോഫ്റ്റ്വെയറുകളുടെ വിലയിലും കുറവുവരുത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ സ്രോതസ്സ് കോഡ് (ീൌൃരല രീറല) നല്‍കാത്തതുകൊണ്ട് അതിനും കഴിയാതെവന്നു. പ്രൊഫഷണലുകള്‍ക്കും ഇതു മുരടിപ്പു സമ്മാനിച്ചു. അറിവ് കുത്തകയാക്കിവച്ചതിന്റെ പ്രത്യാഘാതങ്ങളാണിവയൊക്കെ.

ഇതിനു പരിഹാരം തേടിയുള്ള സ്വതന്ത്രപ്രേമികളായ കംപ്യൂട്ടര്‍ പ്രൊഫഷണലുകളുടെ ശ്രമങ്ങളാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ അഥവാ ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയറുകളുടെ പിറവിക്കുപിന്നില്‍. ഇത് ഒരു സുപ്രഭാതത്തില്‍ ഈ നിലയില്‍ വളര്‍ന്നെത്തിയതല്ല. അറിവ് പരസ്പരം പങ്കുവച്ച ലോകമെങ്ങുമുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മയുടെ വിജയമാണിത്.

1980കളിലാണ് വിദേശ രാജ്യങ്ങളില്‍ സോഫ്റ്റ്വെയര്‍ പേറ്റന്റ് തുടങ്ങിയത്. അതു വരെ സോഫ്റ്റ്വെയറുകളുടെ പേറ്റന്റ് അനുവദിച്ചിരുന്നില്ല. ഈ പേറ്റന്റ് സമ്പ്രദായം കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നു. ഇതേ തുടര്‍ന്ന് മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജില്‍യില്‍നിന്നു സ്വയം വിരമിച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1983ല്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ എന്ന ബദല്‍മാതൃകയ്ക്കുവേണ്ടി പരീക്ഷണങ്ങള്‍ ആരംഭിച്ചു. അന്നത്തെ കുത്തക സോഫ്റ്റ്വെയറായിരുന്ന യൂണിക്സി-(unix)നു ബദലായി അദ്ദേഹം 1984ല്‍ ഗ്നു (ഏചഡഏിൌ ചീ ഡിശഃ) എന്ന സ്വതന്ത്ര സോഫ്റ്റ്വെയറും വികസിപ്പിച്ചു. സ്രോതസ്സ് കോഡ് വെളിപ്പെടുത്തി മറ്റുള്ളവര്‍ക്ക് പരിഷ്കാരം വരുത്താന്‍ അവസരം നല്‍കി. 1987ല്‍ ആന്‍ഡ്രുസ് ടാന്‍ബോം ‘മിനിക്സ് ‘ എന്ന സ്വതന്ത്ര സോഫ്റ്റ്വെയറും വികസിപ്പിച്ചു. എന്നാല്‍ 1991ല്‍ 21 വയസ്സുള്ള ലിനസ് ടൊര്‍വാള്‍ഡ്സ് എന്ന ഫിന്‍ലാന്‍ഡുകാരനായ വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത ‘ലിനക്സ്’ എന്ന സോഫ്റ്റ്വെയര്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ രൂപീകരിച്ചതും ഇതിനു ലോകവ്യാപകമായി സ്വതന്ത്രസോഫ്റ്റ്വെയര്‍ ഗവേഷകര്‍ക്കും ആവേശം പകര്‍ന്നു.

Courtesy- deshabhimani 7-11-08

വ്യാജനെ പിടിക്കാന്‍ ആഗോളഭീമന്‍

കൊച്ചി: ലൈസന്‍സില്ലാത്ത സോഫ്റ്റ്വെയറുകള്‍ പിടിച്ചെടുത്ത് കേരളത്തില്‍ നിന്ന് മുവായിരം കോടി രൂപ പിരിക്കാന്‍ ആഗോള സോഫ്റ്റ് വെയര്‍ ഭീമന്‍ ‘മൈക്രോസോഫ്റ്റ്’ നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ മൈക്രോസോഫ്റ്റിന്റെ ഓഫീസ് കൊച്ചിയില്‍ തുറന്നു. കംപ്യൂട്ടര്‍ ഉപയോഗം കൂടുതലുള്ള ഇടത്തരം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി മൈക്രോസോഫ്റ്റ് കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ പത്തുകോടിയിലേറെ രൂപ സമാഹരിച്ചതായാണ് വിവരം.

ഒരു കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ ലൈസന്‍സോടെ വാങ്ങുന്നതിന് കുറഞ്ഞത് 25,000 രൂപ വേണ്ടിവരും. സംസ്ഥാനത്ത് 30 ലക്ഷത്തോളം കംപ്യൂട്ടറുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ 99 ശതമാനത്തിനും ലൈസന്‍സുള്ള സോഫ്റ്റ്വെയറുകളില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് 3000 കോടി രൂപ ലൈസന്‍സ് ഫീസായി സമാഹരിക്കാമെന്ന കണക്കുകൂട്ടല്‍. ഈ ഭീമമായ തുക സമാഹരിക്കാന്‍ കംപ്യൂട്ടര്‍ ഒന്നിന് ശരാശരി 10,000 രൂപവച്ചേ വാങ്ങേണ്ടതുള്ളൂ.

വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന കമ്പനികളുടെ ഡാറ്റാബേസ് തയ്യാറാക്കി നോട്ടീസ് അയയ്ക്കുകയാണ് ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ ഓഹരി ദല്ലാള്‍ സ്ഥാപനങ്ങള്‍, ഇന്‍ഫോപാര്‍ക്കിലെ ബി.പി.ഒ കമ്പനികള്‍, ധനകാര്യ സേവന മേഖലയിലെ കമ്പനികള്‍ എന്നിവയ്ക്ക് മൈക്രോസോഫ്റ്റിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു കോടതി ഉത്തരവിന്റെ ബലത്തിലാണ് പല സ്ഥാപനങ്ങളിലും സോഫ്റ്റ്വെയര്‍ ലൈസന്‍സ് പരിശോധിക്കാന്‍ കമ്പനി പ്രതിനിധികള്‍ കടന്നു ചെല്ലുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയും സഹായത്തിന് രംഗത്തുണ്ട്.

വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുവെന്നത് പരസ്യമായാല്‍ നാണക്കേടാകുമെന്നതിനാല്‍ ഇടത്തരം സ്ഥാപനങ്ങള്‍ പലതും ലൈസന്‍സ് ഫീസ് അടച്ച് പ്രശ്നം പരിഹരിക്കുകയാണ്. സംസ്ഥാനത്തെ വലിയ സ്ഥാപനങ്ങളെയെല്ലാം ലൈസന്‍സ് എടുപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതി നിധികളുടെ നിഗമനം. അടുത്തഘട്ടത്തില്‍ ചെറുകിട സ്ഥാപനങ്ങളെയും വ്യക്തിഗത ഉപഭോക്താക്കളെയും ലക്ഷ്യമിടും.
കംപ്യൂട്ടര്‍ വാങ്ങുന്നവരില്‍ പലര്‍ക്കും സോഫ്റ്റ്വെയറിന് വന്‍ ചെലവുവരുമെന്ന് അറിയില്ല. അറിയാവുന്നവരാകട്ടെ, ഉയര്‍ന്ന വില മൂലം ‘വ്യാജ സോഫ്റ്റ്വെയര്‍റിലേക്ക് നീങ്ങുകയും ചെയ്യുന്നു. വ്യാജ സോഫ്റ്റ്വെയറാണ് കംപ്യൂട്ടറുകളില്‍ പൊതുവേ ഉപയോഗിക്കുന്നതെന്നത് ഒരു രഹസ്യമല്ല. പക്ഷേ, കൂടുതല്‍ കംപ്യൂട്ടറുകളും വ്യാജ സോഫ്റ്റ് വെയറുകളും പ്രചരിക്കുന്നതുവരെ കാത്തിരുന്ന ശേഷം പിടിമുറുക്കുകയാണ് ആഗോളഭീമന്‍.

ലിനക്സ്: ഇവിടെയെല്ലാം ഫ്രീ
ലിനക്സിന്റെ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പൂര്‍ണമായും സൌജന്യമാണ്. എന്നാല്‍, മൈക്രോസോഫ്റ്റിനെ സഹായിക്കാനായി പ്രിന്റര്‍, സ്കാനര്‍ തുടങ്ങിയ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണനിര്‍മ്മാതാക്കള്‍ ലിനക്സിന് അനുയോജ്യമായ ഡ്രൈവര്‍ സോഫ്റ്റ്വെയര്‍ നല്‍കുന്നില്ല. ലിനക്സിന്റെ പ്രചാരം തടയുകയാ ണ് ഗൂഢലക്ഷ്യം.
ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് എതാണ്ട് എല്ലായിടത്തും സജീവമാണ്. എന്ത് സാങ്കേതിക സഹായവും ഇവരില്‍നിന്ന് ലഭ്യമാകും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ Get Ubuntu എന്ന സൈറ്റ് സന്ദര്‍ശിക്കുക.
കേന്ദ്രത്തിന്റെ പങ്ക്
മൈക്രോസോഫ്റ്റ് ഇന്ത്യയ്ക്കായി 50,000 കോടി രൂപയുടെ നിക്ഷേപമാണ് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. ഇതിനു പകരമായി ലൈസന്‍സില്ലാത്ത സോഫ്റ്റ്വെയറുകള്‍ പിടിച്ചെടുക്കാന്‍ സൌകര്യമൊരുക്കും.

കടപ്പാട് – കേരളകൌമുദി 07-11-08

2 comments to ചന്ദ്രിക ദിനപത്രത്തില്‍ വന്നത്

  • പത്രത്തിലെ വാര്‍ത്താലേഖനം വായിച്ചു. അഭിനന്ദനങ്ങള്‍. വിന്ദോസും വിന്‍ഡോസില്‍ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന വ്യാജ സോഫ്റ്റ്വെയറും സുലഭമായി ലഭിക്കുന്നതുകൊണ്ടാണ് മിക്കവരും ഇത് കൂടുതലായി ഉപയോഗിക്കുന്നത്.
    മൈക്രോസോഫ്റ്റുകാര്‍ പിടിമുറുക്കാന്‍ തുടങ്ങുമ്പോള്‍ പതുക്കെ ഇതില്‍ നിന്നും പിന്മാറുമെന്ന് പ്രതീക്ഷിക്കാം.

  • നന്ദി ഈ പോസ്റ്റിന്. പത്ര വാര്‍ത്തകളെ ക്രോഡീകരിക്കാന്‍ കാണിച്ച ശ്രമത്തെ അഭിനന്ദിക്കുന്നു. സ്വതന്ത്ര സോഫ്റ്റവെയര്‍ വളരുന്നതിനെ തളര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. ഭൂരിഭാഗം മാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റവെയറിനെ അനുകലിക്കുമ്പോള്‍ ചില തത്പരകക്ഷികള്‍ മാത്രമാണ് ഇതിനെതിരേ തിരിയുന്നത്. അവരെ നമുക്ക് കരുതിയിരിക്കാം..