തെങ്ങുകള്‍ നശിപ്പിച്ചില്ലെങ്കില്‍ അപകടം – ഗവേഷകര്‍
മഞ്ഞളിപ്പ് രോഗം
കോവളം: മഞ്ഞളിപ്പുരോഗം മാരകമായി ബാധിച്ച തെങ്ങുകള്‍ അടിയന്തരമായി നശിപ്പിച്ചില്ലെങ്കില്‍ രോഗം നിയന്ത്രണാതീതമായി പടരുമെന്ന് കാര്‍ഷിക ഗവേഷകസംഘം മുന്നറിയിപ്പുനല്‍കി.
കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ആര്‍തര്‍ ജേക്കബ്, ഡോ. പി.ജെ. ജോസഫ്, ഡോ. നന്ദകുമാര്‍, ഡോ. ഉമാമഹേശ്വരന്, ഡോ. ഹെബ്സിബായി, ഡോ. ഗീത, ഡോ. സുലേഖ, ഡോ. ബാബു മാത്യു, ഡോ. സാം, ഡോ. ഉഷാമാത്യു, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആമ്പ്രോസ് കുലാസ്, കൃഷി ഓഫീസര്‍മാരായ ഹരിപ്രിയാദേവി, ജോര്‍ജ് അലക്സാണ്ടര്‍, അഡ്വ. ജോര്‍ജ് മെഴ്സിയര്‍ എം.എല്‍.എ. എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.
കടപ്പാട്: മാതൃഭൂമി 29-11-06
കാര്‍ഷിക സര്‍വ്വകലാശാല തെങ്ങുകള്‍ നശിപ്പിക്കുവാനോ?
കര്‍ഷകരെ നിങ്ങള്‍ ഈ ശാസ്ത്രജ്ഞരില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ട. കാരണം ഇവരുടെ പരീക്ഷണങ്ങളും ഗവേഷണങ്ങളും പൂര്‍ത്തിയാകുമ്പോഴേയ്ക്കും ശേഷിക്കുന്ന തെങ്ങുകളും നശിച്ചിരിക്കും. പ്രതിഹെക്ടര്‍ ഒരുലക്ഷം രൂപയില്‍ കുറയാതെ വരുമാനം ലഭ്യമാക്കിയ റബ്ബര്‍കൃഷി നല്ലൊരു ശതമാനം തെങ്ങുകള്‍ മുറിച്ചുമാറ്റി റബ്ബര്‍ കൃഷിചെയ്യുവാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. കൃഷിഭവനുകളിലൂടെ ജലസേചനത്തിന്റെ പേരില്‍ കിണര്കുഴിക്കുവാനും പമ്പ് വെയ്ക്കുവാനും ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കുവാനും ട്രിപ്പ് ഇറിഗേഷനും ഇടയ്ക്ക് കുരുമുളക് കൃഷിചെയ്യുവാനും സഹായധനം കൈപ്പറ്റിയവരും തെങ്ങുകള്‍ മുറിച്ചുമാറ്റി റബ്ബര്‍കൃഷി ചെയ്തവരുടെ കൂട്ടത്തിലുണ്ട്. വരും നാളുകളില്‍ നാളികേരത്തിന് വില കൂടുമ്പോള്‍ അവര്‍ തിരികെ റബ്ബര്‍ മുറിച്ചുമാറ്റി തെങ്ങ് കൃഷിചെയ്യാതിരുന്നാല്‍ കൊള്ളാം.
തെങ്ങിലുണ്ടായ മഞ്ഞളിപ്പ് രോഗം ഇന്നും ഇന്നലെയും തുടങ്ങിയതല്ല മൂന്നുവര്‍ഷമായി ഞാനിത് പല തെങ്ങുകളിലും കാണുകയാണ്. ഒന്നര വര്‍ഷം മുമ്പ് എന്റെ ഒരു ബന്ധുവായ മുന്‍ സര്‍ജറി പ്രൊഫസര്‍ ഡോ.ശശിധരന് നായരുടെ തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം കണ്ടപ്പോള്‍തന്നെ ഞാന്‍ അദ്ദേഹത്തോട് മഗ്നീഷ്യം സള്‍ഫേറ്റ് വാങ്ങി ചെറിയ ഡോസുകളായി ഇടാന്‍ പറഞ്ഞു. അപ്രകാരം ചെയ്തപ്പോള്‍ ഒരു തെങ്ങൊഴികെ മറ്റെല്ലാ തെങ്ങുകളിലും പൂര്‍ണമായി മാറി. ശേഷിക്കുന്ന ഒരു തെങ്ങില്‍ മഞ്ഞളിപ്പ് അല്‍പ്പം കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തെങ്ങില്‍ തേങ്ങയില്ലെങ്കിലും തളിരിലകള്‍ നല്ല പച്ചനിറം ഉള്ളവയായി മാറി. തുടര്‍ന്നും മൂപ്പെത്തിയ ഇലകള്‍ പച്ചയാകുന്നതുവരെ മഗ്നീഷ്യം സള്‍ഫേറ്റ് ഇടാനായി ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏതെങ്കിലും തയ്യാറുള്ള ഒരു നാളികേര കര്ഷകന് മഞ്ഞളിപ്പ് രോഗം വരാന്‍ തുടങ്ങിയ ഒരു തെങ്ങിന് ചുറ്റിലും തെങ്ങിന് ചൂടടിക്കാത്തരീതിയില് ചപ്പുചവറുകള്‍ നിരത്തിയിട്ട് തീയിടുക. ഇത് ദോഷകരങ്ങളായ അണുക്കള്‍ നശിക്കുവാനും മേല്മണ്ണില് വേരുകള്‍ പുതുതായി ഉണ്ടാകുവാനുള്ള ചില ഹാര്‍മോണുകള്‍ ലഭ്യമാക്കുവാനും സഹായിക്കും. മണ്ണിലേയ്ക്ക് അഴ്ന്നിറങ്ങുന്ന ജലത്തെ ഫില്‍റ്റര്‍ ചെയ്യുവാന്‍ ഇത് സഹായകമാകും. പക്ഷേ മണ്ണ് കുത്തിയിളക്കി തീയിടരുത്. അപ്രകാരം ചെയ്താല്‍ ജീവാണുക്കളും മണ്ണിലെ കാര്‍ബണും നശിക്കുവാന്‍ കാരണമാകും. അതിന് ശേഷം ചുറ്റിലും രണ്ടുകിലോയോളം കുമ്മായം വിതറീ തുടര്‍ച്ചയായി ദിവസവും വെള്ളം നനയ്കുക. 20 ദിവസങ്ങള്‍ക്ക് ശേഷം 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് നല്കി ചെറുതായി നനയ്ക്കുക. ഈ സീസണില്‍ ഇപ്രകാരം ചെയ്താല്‍ തെങ്ങോലയിലെ മഗ്നീഷ്യം എന്ന ലോഹമൂലകം അടങ്ങിയ ഹരിതകം വരുന്ന വേനലില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും മണ്ണില്‍ നിന്ന് ലഭിച്ച ജലത്തിലെ ഓക്സിജനും ഹൈഡ്രജനും കൊണ്ട് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ വേരുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അന്നജം ലഭ്യമാക്കി മഞ്ഞളിപ്പ് രോഗത്തില്‍ നിന്നും തെങ്ങുകളെ സംരക്ഷിക്കും.
വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചില തെങ്ങുകള്‍ക്കും മഞ്ഞളിപ്പ് രോഗം ഉണ്ട്. കൃഷിഭവനിലെ കൃഷിഓഫീസര്‍ ആര്.വസന്തയോട് ഇത്തരം തെങ്ങുകള്‍ക്ക് കുമ്മായവും മഗ്നീഷ്യം സള്‍ഫേറ്റും സൌജന്യമായി നല്കുവാന് ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ അത് ചെയ്യാമെന്ന് സമ്മതിച്ചിട്ടും ഉണ്ട്. വേണമെങ്കില്‍ ഒരു തെങ്ങ് ചികിത്സയുടെ ചെലവ് ഞാന്‍ സ്പൊണ്‍സര്‍ ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്.
കൃഷിഭവന്റെ ഫോണ്‍: 0471 2284122
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ബ്ലോഗ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചത്.
വിഷയം: മഞ്ഞളിപ്പ് രോഗം
തെങ്ങുരോഗത്തിന് ഒരു പ്രതിവിധി
തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ജില്ലകളിലെ തെങ്ങുകള്‍ക്കു മഞ്ഞളിപ്പ് രോഗം കണ്ടുവരുന്നതായി റിപ്പോര്‍ട്ടു കണ്ടു. അതിവര്‍ഷം കൊണ്ട് മണ്ണിലെ നൈട്രജന്‍ താഴേക്ക് ഊര്ന്നുനഷ്ടപ്പെടുന്നതുകൊണ്ടാകാം ഈ ലക്ഷണം കാണുന്നത്. പണ്ടും ഇതുപോലെ മഞ്ഞളിപ്പ് ഈ ഭാഗങ്ങലില്‍ കണ്ടതായി ഓര്‍ക്കുന്നു. അന്നും മരുന്നു പ്രയോഗങ്ങള്‍കൊണ്ട് ഫലമുണ്ടായില്ല. കാലക്രമത്തില്‍ രോഗം തനിയെ മാറുകയാണുണ്ടായത്. രോഗം ബാധിച്ച തെങ്ങുകളുടെ ചുവട്ടില്‍ നിന്ന് രണ്ടുമീറ്റര്‍ അകലം വിട്ട് വട്ടത്തില്‍ തടം തുറന്നു തെങ്ങൊന്നിന് അഞ്ചു കിലോഗ്രാം യൂറിയ വിതറി മണ്ണിട്ടു മൂടിയാല്‍ മഞ്ഞളിപ്പ് മാറാനുള്ള സാധ്യതയുണ്ട്. സ്വന്തം തെങ്ങുകളില്‍ കുറെയെണ്ണത്തില്‍ ഇതു പരീക്ഷിച്ചു നോക്കി ഫലം സ്വയം കണ്ടെത്താവുന്നതാണ്.
-ഡോ.ആര്.ഗോപിമണി
തിരുവനന്തപുരം -4
30-11-06 -ല്‍ മാതൃഭൂമി ദിനപത്രത്തിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്ന ഒരു കൃഷിശാസ്ത്രജ്ഞന്റെ അഭിപ്രായമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു തെങ്ങിന് അഞ്ച് കിലോ യൂറിയ ഇട്ടാല്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കെങ്കിലും ഒന്ന് വിശദീകരിക്കാമോ?
ചന്ദ്രേട്ടാ, ഒരു കിലോയൊക്കെ ഇടാമെന്നു കേട്ടിട്ടുണ്ട്. മത്രവുമല്ല യൂറിയാ മാത്രമിടുന്നതു കൊണ്ട് എന്താണ് മെച്കമെന്നും അറിയില്ല..
രാസവളം ഇത്രകണ്ട് ഉപയോഗിക്കുന്നത് തെങ്ങിനും മണ്ണിനും ഒരുപോലെ ഹാനികരമല്ലേ?
ചന്ദ്രേട്ടന്,
ഈ വിവരം ഏതെങ്കിലും കൃഷി വാരികയില്‍ കൊടുക്കുന്നത് നല്ലതായിരിക്കുമെന്നു തോന്നുന്നു.
മുസാഫിര്‍ വാരികയൊന്നും ഇതിടില്ല. കാരണം പഠനത്തിന് കോടികള്‍ വേണം. പഠിച്ച് പഠിച്ച് തെങ്ങുകളെല്ലാം തീരും. കര്‍ഷകര്‍ സ്വയം മണ്ണ് സംരക്ഷിക്കുകയേ മാര്‍ഗമുള്ളു.
പുതുതായി എന്റെ ശ്രദ്ധയില്‍ പെട്ടത്.
വിട്ടുവിട്ടുണ്ടാകുന്ന മഴയിലൂടെ ഒഴുകിയെത്തുന്ന നൈട്രേറ്റ് തെങ്ങിന് ചുവട്ടില്‍ കെട്ടിക്കിടക്കാന്‍ കാരണമായാലും മഞ്ഞളിപ്പുരോഗം ബാധിക്കുവാന്‍ കാരണമാകുന്നു. അതോടൊപ്പം യൂറിയ, അമോണിയം സല്‍ഫേറ്റ്, ഫാക്ടംഫോസ് മുതലായവ കൂടെ ഇട്ടാല്‍ വളരെ വേഗം മഞ്ഞളിപ്പിന്റെ തീവ്രത കൂടുകതന്നെ ചെയ്യും. മണ്ണിന്റെ അമ്ലസ്വഭാവം കൂടുകയും മറ്റ് മൂലകങ്ങളുടെ ലഭ്യതക്കുറവും മഞ്ഞളിപ്പിന് കാരണം മാത്രമല്ല അപ്രകാരം കുടിവെള്ളത്തിലൂടെ അത് കുടിക്കുന്ന മനുഷ്യന്റെയും മറ്റ് ജീവികളുടെയും ആമാശയത്തില്‍ വച്ച് സൂഷ്മ ജീവികള്‍ നൈട്രേറ്റിനെ(NO3) നൈട്രിറ്റ് (NO2)ആക്കി ആമാശയഭിത്തിയില്‍ പ്രവര്‍ത്തിപ്പിച്ച് ഉദരരോഗങ്ങളും ക്യാന്‍സര്‍ രോഗങ്ങളും ഉണ്ടാക്കുന്നു.
ഇതു വളരെ അപകടകരമായ ഒരു സംഗതിയാണല്ലോ , ചന്ദ്രേട്ടാ.