Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മണ്ണിന്റെ മരണം ഒരു കൊലപാതകം

ബയോടെക്നോളജിയുടെ പുരോഗതി മണ്ണിനെ കൊല്ലാനോ?

കേന്ദ്ര സര്‍ക്കാര്‍ തെറ്റായ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിട്ടും വിദേശ സ്വദേശ കുത്തകകളെ വളരുവാന്‍ അനുവദിച്ചും അവര്‍ക്കുവേണ്ടി ചില ഏജന്‍‌സികളെ കൊണ്ട്‌ പഠനം നടത്തിച്ചും കൃഷി ബയോടെക്നോളജിയുടെ സഹായത്താല്‍ നേട്ടങ്ങളാണ് എന്ന്‌ വരുത്തി തീര്‍ക്കുന്ന വാര്‍ത്തകള്‍ വന്‍‌കിട മാധ്യമങ്ങളിലൂടെ വെളിച്ചം കാണിച്ചും ജനിതക മാറ്റം വരുത്തിയ വിത്തുകളുടെയും വിളകളുടെയും സാധ്യതകള്‍ പൊതുജന മധ്യത്തില്‍ എത്തിക്കുന്നു. അതിനുവേണ്ടി ഇതേമണ്ണില്‍ ജനിച്ച കൃഷിശാസ്ത്രജ്ഞന്മാര്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ ഖേദകരമായ വസ്തുതയാണ്. ആന്ധ്രയിലെ പരുത്തി കര്‍ഷകര്‍ സന്തോഷത്തിലാണ് എന്നും അവര്‍ക്ക്‌‌ ജി.എം പരുത്തികൃഷി സാമ്പത്തിക നേട്ടമുണ്ടാക്കി യെന്നും പ്രചരിപ്പിക്കുമ്പോള്‍ ആ വിളകളുടെ അവശിഷ്ടങ്ങള്‍ തിന്ന്‌ ചാകുവാനിടയായ കന്നുകാലികള്‍ വരും തലമുറയുടെ അന്ത്യത്തിന്റെ മുന്നറിയിപ്പാണ് എന്ന്‌ മനസിലാക്കിയാല്‍ നല്ലത്‌. ഇതേ പരുത്തിയില്‍നിന്നുള്ള പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ സസ്യയെണ്ണയായി മനുഷ്യന് ഭക്ഷിക്കുവാന്‍‌തന്നെയാണ് ലഭ്യമാക്കുന്നതും. കോട്ടണ്‍സീഡ്‌ ഓയിലായും വനസ്പതിയായും ആരെയെല്ലാം ഇത്‌ കൊല്ലുമെന്ന്‌ കാത്തിരുന്ന്‌ കാണാം. ആന്ധ്രയിലെ കര്‍ഷകര്‍ സന്തോഷിക്കട്ടെ!!! പക്ഷെ പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കിലും അത്‌ കഴിക്കുന്ന പശുവിന്‍ പാലിലും തുടങ്ങി പശുവിന്‍ പാല്‍ കഴിക്കുന്ന അമ്മമാരുടെ മുലപ്പാലിലും ജി.എം വിഷം ലഭ്യമാകുവാന്‍ സധ്യതയുണ്ട്‌. ജനിതക മാറ്റം വരുത്തിയ അരിയുടെ ഉപയോഗം പല രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്.

ബയോടെക്‌നോളജി മണ്ണിന്റെ ജൈവ സമ്പുഷ്ടമായ ആവരണത്തെ (ഹ്യൂമസ്‌) സംരക്ഷിക്കുവാനോ കൂടുതല്‍ ഫലഭൂയിഷ്ടമാക്കുവാനോ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ അത്‌ കര്‍ഷകര്‍ക്ക്‌ അശ്വാസമായേനെ. ജൈവാംശം ഇല്ലാത്ത മണ്ണിനെ മരിച്ച മണ്ണെന്നാണ് പറയുവാന്‍ കഴിയുക. മണ്ണിരകളെന്ന കര്‍ഷകന്റെ കലപ്പയെ നശിപ്പിക്കുന്ന വിഷം ലഭ്യമായ ജി.എം വിളകളുടെ സസ്യഭാഗങ്ങള്‍ കീടങ്ങളെ കൊല്ലുവാന്‍ ശേഷിയുള്ള വിഷം ചെടികളുടെ ഇലകളില്‍ ലഭ്യമാക്കി മിത്രകീടങ്ങളെപ്പോലും നശിപ്പിക്കുകയല്ലെ ചെയ്യുന്നത്‌? അതോടൊപ്പം ആഗോളതാപനത്തിന് പരിഹാരമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജനാക്കി മാറ്റുവാന്‍ കഴിയുന്ന പച്ചിലകള്‍ (ഔഷധമൂല്യമുള്ള കളകള്‍) നശിപ്പിച്ചും ചുറ്റുവട്ടത്തുമുള്ള പച്ചിലകളിലും കീടങ്ങളെ നശിപ്പിക്കുവാനുള്ള ശേഷി ലഭ്യമാക്കിയും കാര്‍ഷികോത്‌പന്നങ്ങളുടെ വില നിയന്ത്രിക്കുവാന്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാനായി ജി.എം വിളകള്‍ക്ക്‌ അനുവാദം കൊടുക്കുകമാത്രമല്ല ക്ഷണിച്ച്‌ വരുത്തുകയും കൂടിയാണ് ചെയ്യുന്നത്‌. രണ്ടാം ഹരിതവിപ്ലവമെന്നത്‌ അല്പം ബുദ്ധിമുട്ടുള്ളതു തന്നെയാണ്.

കൊതുകുകളെ നശിപ്പിക്കുവാനായി ഉപയോഗിച്ച ഡി.ഡി.ടി ഹാനികരമാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചപ്പോള്‍ അതിന്റെ മറ്റോരു രൂപമായ ഡൈക്കോഫോള്‍ മണ്ഡരി നിര്‍മാര്‍ജനത്തിനായി രംഗപ്രവേശം ചെയ്തു. ഓരോ കള്‍, കുമിള്‍, കീടനാശിനിയും ഓരോ തരം മാരക രോഗങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന്‌ ധാരാളം പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണവും അതിന്റെ ചികിത്സയ്ക്ക്‌ വേണ്ടിവരുന്ന ഭാരിച്ച ചെലവുകളും ജി.ഡി.പി ഉയരുവാന്‍ സഹായകമാണെന്ന്‌ കണക്കാക്കുന്ന ധനകാര്യവകുപ്പും കൃഷിയിടങ്ങളില്‍ വ്യാവസായിക വിപ്ലവം നടത്തി പഞ്ചഭൂതങ്ങളെയും നശിപ്പിക്കുന്ന വ്യവസായ വകുപ്പും പക്ഷിമൃഗാദികളുടെയും മനുഷ്യന്റെയും അന്ത്യത്തിന് വഴിയൊരുക്കുകയാണ്.

മണ്ണിലെ സന്തുലിതമായ പ്രൈമറി, സെക്കന്ററി ന്യൂട്രിയന്‍സുകളും ട്രൈസ്‌ എലിമെന്റ്സും രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായകമാണ്.

No comments yet to മണ്ണിന്റെ മരണം ഒരു കൊലപാതകം

  • മുസാ‍ഫീര്‍

    നല്ല ലേഖനം ചന്ദ്രേട്ടാ.പക്ഷെ ജി എം വിത്തുകള്‍ക്ക് പുനരുല്‍പ്പാ‍ദന ശേഷി ഇല്ലാതാവും എന്നതല്ലേ പ്രത്യേകത ? അതില്‍ വിഷാംശം കൂടുന്നത് എങ്ങിനെയാണ് ?

  • മുസാഫിര്‍: കീടനാശിനി ഒഴിവാക്കാന്‍ സസ്യത്തിനുള്ളില്‍ കീടങ്ങളെ കൊല്ലുന്ന വിഷം ലഭ്യമാക്കുന്നു. മിത്രകീടങ്ങളെയും മണ്ണിരയെയും അത്‌ കൊല്ലും. വിളവെടുപ്പിന് ശേഷം പാടത്ത്‌ അവശേഷിച്ചത്‌ തിന്ന പശുക്കള്‍ ചത്തു.

  • മുസാ‍ഫീര്‍

    അയ്യൊ, അതൊരു വളരെ സീരിയസ്സ് ആയ പ്രശ്നം തന്നെയാണല്ലോ,കഷ്ടം !