Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഞാന്‍ കഴുത ദേവിന്ദര്‍ശര്‍മ്മ കോവര്‍ കഴുത

കൃഷി പുനരുദ്ധരിക്കണം- അത്‌ ഇങ്ങനെയോ?

ദേവീന്ദര്‍ ശര്‍മ്മ

രോഗാതുരമായ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുതകുന്ന മുഖ്യമായ ശ്രമങ്ങള്‍ സമാരംഭിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഇടയ്ക്കിടയ്ക്ക്‌ വാഗ്ദാനം ചെയ്യാറുണ്ട്‌. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസനസമിതി (എന്‍.ഡി.സി.) യോഗത്തിലും അദ്ദേഹം നിലവിലുള്ള കാര്‍ഷിക പ്രതിസന്ധി വേണ്ടവിധം ഉയര്‍ത്തിക്കാട്ടി. വാക്കുകള്‍ക്ക്‌ ഫലപ്രദാനശക്തിയുണ്ടായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ. മുന്നണിക്ക്‌ വളരെ മുമ്പുതന്നെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ കുരുടന്മാര്‍ ആനയെ കണ്ട കഥപോലെയാണ്‌ കാര്യത്തിന്റെ കിടപ്പ്‌. പ്രധാനമന്ത്രിയും യോഗത്തില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും 29 മുഖ്യമന്ത്രിമാരും ഇരുട്ടില്‍ തപ്പുകയായിരുന്നു. അധികാരത്തിലിരുന്ന മൂന്നുവര്‍ഷംകൊണ്ടും കൃഷി പുനരുജ്ജീവിപ്പിക്കാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ സര്‍ക്കാരിന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തം.കര്‍ഷകരുടെ ആത്മഹത്യ പതിവായിത്തീര്‍ന്ന വിദര്‍ഭ പ്രദേശത്ത്‌ മന്‍മോഹന്‍ സിങ്‌ സന്ദര്‍ശനം നടത്തുകയും 3,750 കോടി രൂപയുടെ ആശ്വാസ പാക്കേജ്‌ പ്രഖ്യാപിക്കുകയും ചെയ്തത്‌ ഏതാണ്ട്‌ ഒരു വര്‍ഷം മുമ്പായിരുന്നു. ആശ്വാസനടപടികള്‍ ആറുമാസത്തിനുശേഷം ഫലം കണ്ട്‌ തുടങ്ങുമെന്ന്‌ അന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനാനന്തരം ആറുമാസം കഴിഞ്ഞപ്പോള്‍ ആത്മഹത്യകള്‍ ഇരട്ടിക്കുകയാണുണ്ടായത്‌. ഓരോ എട്ടുമണിക്കൂറിലും ഓരോ കര്‍ഷകന്‍ ജീവനൊടുക്കിയിരുന്ന സ്ഥിതി മാറി, ഓരോ നാല്‌മണിക്കൂറുകളിലും ഓരോ ആത്മഹത്യ നടക്കുന്ന സ്ഥിതിയിലായി.

11-ാ‍ം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ കാര്‍ഷിക വളര്‍ച്ച നാലുശതമാനമാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള എന്‍.ഡി.സി.യുടെ 14 ഇനപ്രമേയത്തിനും അടുത്ത നാല്‌വര്‍ഷങ്ങള്‍ക്കകം സംസ്ഥാന തലത്തില്‍ കാര്‍ഷികോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 25,000 കോടി രൂപ ചെലവിടാനുള്ള നീക്കത്തിനും ഇതേ ദുരവസ്ഥയാണ്‌ സംഭവിക്കുവാന്‍ പോകുന്നത്‌. ആഭ്യന്തര കൃഷിയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുവാനും കാര്‍ഷിക ബിസിനസ്സിനെയും കോര്‍പ്പറേറ്റ്‌ കൃഷിയെയും ആനയിക്കുവാനും ഭക്ഷ്യചില്ലറ വില്‍പനയില്‍ അഭയം കണ്ടെത്തുവാനുമുള്ള നീക്കം കൂടുതല്‍ ആശാ ഭംഗം ഉളവാക്കുകയേയുള്ളൂ.

കാര്‍ഷിക മേഖലയിലേക്ക്‌ 25,000 കോടി ചൊരിയുന്നത്‌ കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കുവാനുള്ള ഭഗീരഥ പ്രയത്നമായിട്ടാണ്‌ തോന്നുക. 29 സംസ്ഥാനങ്ങള്‍ക്ക്‌ വീതം വെച്ചുവരുമ്പോള്‍ ഓരോ സംസ്ഥാനത്തിനും ലഭിക്കുന്ന വിഹിതം 1000 കോടി രൂപയില്‍ കവിയുകയില്ല. അത്‌ സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെക്കാള്‍ ഏറെയാവുകയില്ലല്ലൊ. കാര്‍ഷിക പ്രതിസന്ധിക്ക്‌ വളര്‍ച്ച നിരക്കിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണുവാനാവില്ല എന്ന്‌ കാണാത്തതാണ്‌ കഷ്ടം. കൃഷിയുടെ നിലനില്‍പ്പ്‌ അവതാളത്തിലാവുന്നതിനെയും കാര്‍ഷിക വൃത്തി ലാഭകരമല്ലാതിരിക്കുന്നതിനെയും ചുഴന്നാണ്‌ കാര്‍ഷിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്‌. യഥാര്‍ഥ കാര്‍ഷിക വരുമാനം വര്‍ധിച്ചാലല്ലാതെ ഇത്‌ ഗണ്യമായതോതില്‍ പരിഹരിക്കപ്പെടുമെന്ന്‌ പ്രതീക്ഷിച്ചുകൂടാ.

രാജ്യത്തിന്റെ ഭക്ഷണപ്പാത്രമായ പഞ്ചാബിന്റെ സ്ഥിതി പരിശോധിക്കാം. അവിടുത്തെ കര്‍ഷകരുടെ പ്രത്യക്ഷവും പരോക്ഷവുമായ കടബാധ്യത ഏതാണ്ട്‌ 26,000 കോടി- കേന്ദ്രം രാജ്യത്തിനൊട്ടാകെ അനുവദിക്കുമെന്ന്‌ വാഗ്ദാനം ചെയ്ത തുകയെക്കാളേറെ-യാണ്‌. ഏറെ നശിപ്പിക്കപ്പെട്ട പ്രകൃതി വിഭവ അടിത്തറ സംരക്ഷിക്കാതെയും കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാതെയും കാര്‍ഷിക ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുവാനുള്ള യത്നംമൂലം കൃഷി പുനരുജ്ജീവിപ്പിക്കപ്പെടുകയില്ല. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ഉത്തരവാദിത്വം വിഭജിച്ചുകൊണ്ടുള്ള 14 ഇന പ്രമേയം കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും കൃഷിനില നിര്‍ത്തുന്നതിനെ കുറിച്ചും കാര്യമായി പരാമര്‍ശിക്കുന്നില്ല.

കൃഷിയെ ഉപജീവന വൃത്തിയായി കാണുന്നതില്‍ നിന്ന്‌ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലേക്ക്‌ ഐ.സി.എ. ആര്‍, (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌) നീങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ കാര്‍ഷിക സര്‍വകലാശാലകളും സംസ്ഥാന കൃഷിവ്യാപന സംവിധാനവും കാര്‍ഷിക കാലാവസ്ഥാ സ്ഥിതികളും പ്രാദേശിക പ്രത്യേകതകളും പ്രകൃതി വിഭവപ്രശ്നങ്ങളും സാങ്കേതിക വിദ്യകളും മറ്റും പരിഗണിച്ചുകൊണ്ട്‌ ഗവേഷണ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ മൗഢ്യമായിരിക്കും. 2006 ല്‍ ആരംഭിച്ച കാര്‍ഷിക ഗവേഷണങ്ങള്‍ക്കും വികസന-വിപണനങ്ങള്‍ക്കുമുള്ള ഇന്തോ-യു.എസ്‌. നോളജ്‌ ഇനീഷ്യേറ്റീവിന്‌ തികച്ചും വ്യത്യസ്തമായ ഗവേഷണദിശയാണുള്ളത്‌.

ഒന്നാം ഹരിതവിപ്ലവത്തിന്‌ എവിടെ, എങ്ങനെയാണ്‌ പാളിച്ച പറ്റിയതെന്ന്‌ തിട്ടപ്പെടുത്താതെ സാങ്കേതികമായ പോരായ്മയെന്ന ഗൗരവമേറിയ പ്രശ്നത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍ സാധ്യമല്ല. രണ്ടാം ഹരിത വിപ്ലവത്തിന്‌ (അതായത്‌ കാര്‍ഷിക ബിസിനസ്‌ ) തിടുക്കം കൂട്ടുന്നതിനുമുന്‍പ്‌ നിലവിലുള്ള യഥാതഥമായ അവസ്ഥയെക്കുറിച്ച്‌ മനസ്സിലാക്കുകയും പ്രകൃതിവിഭവങ്ങളുടെ ലഭ്യത അടിസ്ഥാനപ്പെടുത്തി വിളവെടുപ്പ്‌ രീതി തയ്യാറാക്കുകയും വേണം. രാജസ്ഥാനിലെ തരിശുഭൂമിയിലും വരണ്ടപ്രദേശത്തും കരിമ്പും പരുത്തിയും കൃഷിചെയ്യാന്‍ ഉദ്യമിക്കുന്നതില്‍ അര്‍ഥമില്ലെന്നു ചുരുക്കം.

വിത്തുകളുടെ വിതരണം മെച്ചപ്പെടുത്തുക, വളം ലഭ്യമാക്കുക, വിളവെടുപ്പുകള്‍ തമ്മിലുള്ള കാലദൈര്‍ഘ്യം കുറയ്ക്കുവാനായി സംസ്ഥാന കാര്‍ഷികവികസന വ്യവസ്ഥ നവീകരിക്കുക എന്നീ കാര്യങ്ങള്‍ക്ക്‌ മാത്രമാണ്‌ കര്‍മപദ്ധതി ഊന്നല്‍ നല്‍കുന്നത്‌. കരാര്‍ കൃഷി, കോര്‍പ്പറേറ്റ്‌ കൃഷി എന്നിവയടക്കമുള്ളവയെ അനുവദിക്കുന്നതരത്തില്‍ കാര്‍ഷികോത്‌പന്ന വിപണന കമ്മിറ്റി നിയമം 2008 മാര്‍ച്ച്‌ മാസത്തോടെ ഭേദഗതിചെയ്യുവാന്‍ അത്‌ സംസ്ഥാനങ്ങളെ ബാധ്യസ്ഥമാക്കുന്നു. സ്വകാര്യമേഖലയ്ക്ക്‌ കൃഷിയുടെ നിയന്ത്രണം അനുവദിക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്‌ പുതിയ കാര്‍ഷികതന്ത്രങ്ങള്‍.

16 സംസ്ഥാനങ്ങള്‍ ഇതിനകം എ.പി.എം.സി. നിയമം പൂര്‍ണമായോ ഭാഗികമായോ ഭേദഗതി ചെയ്തുകഴിഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന നാളുകളില്‍ ഭക്ഷ്യസംഭരണ-പൊതുവിതരണവ്യവസ്ഥ ഇല്ലാതാക്കുവാനാണ്‌ സര്‍ക്കാറിന്റെ ശ്രമം. എ.പി.എം.സി. നിയമം ഭേദഗതിചെയ്തുകൊണ്ട്‌ കരാര്‍ കൃഷി, കോര്‍പ്പറേറ്റ്‌ കൃഷി എന്നിവയടക്കമുള്ള ഉപാധികളിലൂടെ കമ്പോള ബന്ധം വികസിപ്പിച്ചെടുക്കുവാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ഈ വ്യവസ്ഥ ഗോതമ്പ്‌ സംഭരണത്തെ വിനാശകരമായി ബാധിച്ചതിനാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ്‌ ഇറക്കുമതിക്കാരായിരിക്കുകയാണ്‌.

യു.പി.എ. സര്‍ക്കാര്‍ കസ്റ്റംസ്‌ തീരുവ കുറച്ച്‌ വിലക്കുറവുള്ള ഇറക്കുമതി അനുവദിക്കുമ്പോള്‍ തന്നെയാണ്‌ ഗോതമ്പ്‌, അരി, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ ഉത്‌പാദനം വര്‍ധിപ്പിക്കുവാനുള്ള ഭക്ഷ്യസുരക്ഷിതത്വ ദൗത്യം സമയബന്ധിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്‌. ഇന്ത്യന്‍ കൃഷിയെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുവാനുള്ള ശ്രമം ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുവാനുള്ള നീക്കത്തെ പരാജയപ്പെടുത്തുകയാണ്‌ ചെയ്യുക. ഭക്ഷ്യ എണ്ണകളുടെ കാര്യമെടുക്കാം. 1993-94 ല്‍ ഇന്ത്യ ഭക്ഷ്യഎണ്ണകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തമായിരുന്നു. സര്‍ക്കാര്‍, കസ്റ്റംസ്‌ തീരുവ കുറയ്ക്കാന്‍ ആരംഭിച്ചതോടെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. അതിന്റെ ഫലമായി എണ്ണക്കുരു കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ഉത്‌പാദനരംഗത്തുനിന്ന്‌ പിന്മാറുകപോലും ചെയ്തു.

കാര്‍ഷികമേഖലയിലെ ഉദാരീകരണം ഇറക്കുമതി വര്‍ധനയ്ക്കിടയാക്കിയിരിക്കുകയാണ്‌. 2000-2004 കാലയളവില്‍ കാര്‍ഷികോത്‌പന്ന ഇറക്കുമതി 300 ശതമാനമാണ്‌ വര്‍ധിച്ചത്‌. 2004-05 ല്‍ 7291 മെട്രിക്‌ ടണ്‍ വെളിച്ചെണ്ണ ഇറക്കുമതി ചെയ്തിരുന്നത്‌ 2005-06 ല്‍ 22307 മെട്രിക്‌ ടണ്ണായി വര്‍ധിച്ചു. കുരുമുളകിന്റെ ഇറക്കുമതിയും 1995-96 ലെ 2186.3 ടണ്ണില്‍നിന്ന്‌ 2004-05 ആയപ്പോഴേക്കും 17725.3 ടണ്ണായി വര്‍ധിച്ചു. ഇവ ഒറ്റപ്പെട്ട ദൃഷ്ടാന്തങ്ങളല്ല. കാപ്പി, തേയില എന്നിവയുടെ ഇറക്കുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്‌.

ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്‌ തൊഴിലില്ലായ്മ ഇറക്കുമതിചെയ്യുന്നതിനു സമമാണ്‌. ഇതു മനസ്സിലാക്കാതെ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാര കരാറിന്റെ പേരില്‍ സര്‍ക്കാര്‍ കാര്‍ഷികോത്‌പന്ന ഇറക്കുമതിക്കായി വാതില്‍ തുറക്കുകയാണ്‌. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഭക്ഷ്യസുരക്ഷിതത്വത്തിന്‌ സുപ്രധാനമെന്നു കരുതപ്പെടുന്ന അരിയുടെയും ഗോതമ്പിന്റെയും ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതി തീരുവകള്‍ ഇനിയും കുറയ്ക്കുവാനാണ്‌ സാധ്യത.

കുറഞ്ഞവിലയ്ക്ക്‌ ഇറക്കുമതിയായി വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതിയിലൂടെ ഭക്ഷ്യസുരക്ഷിതത്വം നേടാമെന്ന സര്‍ക്കാറിന്റെ ചിന്ത 60 കോടി കര്‍ഷകര്‍ ജീവിക്കുന്ന ഇന്ത്യയെ പോലത്തെ രാജ്യത്തെ നശിപ്പിക്കുകയാണ്‌ ചെയ്യുക. ഇന്ത്യന്‍ കര്‍ഷകര്‍ ഉത്‌പാദകര്‍ മാത്രമല്ല ഉപഭോക്താക്കള്‍ കൂടിയാണ്‌. കര്‍ഷകകോടികളുടെ പങ്കാളിത്തത്തോടെ ലാഭകരമായി ഉത്‌പാദനം നടത്തുന്ന കാര്‍ഷികവ്യവസ്ഥയാണ്‌ അഭികാമ്യം

കടപ്പാട്‌: മാതൃഭൂമി 6-6-07

ദേവിന്ദര്‍ ശര്‍മ്മ ജീ,

ഇന്ത്യയുടെ രൂപയുടെ മൂല്യവര്‍ദ്ധനയുണ്ടാകണം പണപ്പെരുപ്പം കുറയണം, ഷെയര്‍ മാര്‍ക്കറ്റില്‍ ഇന്‍‌ഡെക്സ്‌ ഉയരണം, ഭക്ഷ്യവസ്തുക്കളുടെ വില താണിരിക്കണം, കര്‍ഷകര്‍ വസ്തുവിന്റെ ഈടിന്മേല്‍ കൂടുതല്‍ വായ്പകളെടുക്കണം, 60 കോടി കര്‍ഷകരില്‍ കുറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്താലും വേണ്ടില്ല, സാമ്പത്തിക വളര്‍ച്ച കൈവരിക്കണം (12 ല്‍ നിന്ന്‌ 8 ലേയ്ക്ക്‌ ഉയരണം) വിദേശ ഇന്ത്യക്കാര്‍ക്ക്‌ നേട്ടം കുറയണം തുടങ്ങിയവയാണ് ലക്ഷ്യമെങ്കില്‍ എന്നെപ്പോലുള്ള കര്‍ഷകര്‍ കഴുതകളും താങ്കള്‍ കോവര്‍ കഴുതയും എന്നല്ലെ പറയുവാന്‍ കഴിയുകയുള്ളു.

3 comments to ഞാന്‍ കഴുത ദേവിന്ദര്‍ശര്‍മ്മ കോവര്‍ കഴുത