Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകര്‍ക്കുവേണ്ടി അധരവ്യായാമം മാത്രം മിച്ചം

അരിക്കുപകരം മുട്ടയും, പാലും, കോഴിയിറച്ചിയും തിന്നാന്‍ പറയുന്നു ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി. അതേസമയം കപ്പയും മീനും കഴിക്കൂ പശി അകറ്റൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ അതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. കപ്പയിലെയും, അരിയിലെയും അന്നജത്തിന്റെ അളവില്‍ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ കപ്പയില്‍ അന്നജത്തിന്റെ അളവ് കൂടുതല്‍ ആയിരിക്കാം. കപ്പയിലെ തൈറോയ്ഡിന് കാരണമാകുന്ന ഘടകത്തിന്റെ നിര്‍മാര്‍ജനം ശാസ്ത്രജ്ഞര്‍ കണ്ടെത്തട്ടെ. മീനിലെ വിഷാംശത്തിന്റെ അളവ് കുറയുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആഗോളതാപനം അന്റാര്‍ട്ടിക്കയെയും ഹിമാലയത്തെയും ഉരുക്കി ശുദ്ധജലം കടലിലെത്തിക്കും എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. ഓസോണ്‍ പാളിയിലെ വിള്ളല്‍ ഉള്‍പ്പെടെ ആഗോളതാപനത്തിന്റെ തീവ്രത കൂട്ടുവാന്‍ മനുഷ്യനാല്‍ കഴിയുന്ന പലതരം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കന്നുണ്ട്.

കളകളെ നശിപ്പിക്കുന്ന കളനാശിനിമുതല്‍ വനത്തിലെ മരം മുറിവരെ ആഗോളതാപനം വര്‍ദ്ധിപ്പിക്കും. ജീവനുള്ള ഹ്യൂമസ് എന്ന ഭൂമിയുടെ ജൈവ ആവരണത്തെ നിര്‍ജ്ജീവമാക്കുന്നതില്‍ കൃഷിശാസ്ത്രജ്ഞന്മാര്‍ക്ക് ഒരു ഉളുപ്പും ഇല്ല തന്നെ. മണ്ണിരകളെ കൊന്നുകൊണ്ട് ഇവര്‍ നമ്മെ പഠിപ്പിക്കുന്ന ഉത്പാദന വര്‍ദ്ധനവിനുള്ള കൃഷിരീതികള്‍ നാളത്തെ പട്ടിണിയെ വിളിച്ചു വരുത്തുകയാണ്. കര്‍ഷകരെ സഹായിക്കുവാന്‍ ഇന്‍ഷുറന്‍സ്, സബ്സിഡികള്‍, ബാങ്ക് വായ്പ, കടാശ്വാസം, പൈലറ്റ് പദ്ധതി, വിദര്‍ഭ പാക്കേജ്,  പ്രയോജനമില്ലാത്ത കൃഷിഭവനുകള്‍ തുടങ്ങി ആശ്വാസത്തിന് ഒരു ദാരിദ്ര്യവും ഇല്ല. പ്രതിവര്‍ഷ കാര്‍ഷിക ഉദ്പാദനം താഴേയ്ക്ക പൊയ്ക്കൊണ്ടേയിരിക്കുന്നു. കര്‍ഷക ആത്മഹത്യകളല്ലാതെ ഇത്തരം പദ്ധതികള്‍കൊണ്ട് ഒരു പ്രയോജനവും ഇല്ല.

കേരളത്തില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് വരാന്‍ പോകുന്ന നെല്‍വയല്‍ സംരക്ഷണനിയമം നെല്‍കര്‍ഷകരെ ശിക്ഷിക്കുവാന്‍ വേണ്ടിമാത്രം പ്രാവര്‍ത്തികമാകുവാന്‍ പോകുകയാണ്. നെല്‍ക്കര്‍ഷകരല്ലാത്തവര്‍ കൂടിയിരുന്നെടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നെല്‍ക്കര്‍ഷകര്‍ പോലും ഇല്ലാത്ത കേരളം!!!! അരിയ്ക്ക് വിലകൂടിയപ്പോള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നവര്‍ പ്രതിഹെക്ടര്‍ നെല്‍കൃഷിയുടെ ചെലവെത്രയെന്ന് പോലും അന്വേഷിക്കാറില്ല. ഈ നെല്‍വയല്‍ സംരക്ഷണനിയമം തൊഴിലാളി സംഘടനകള്‍ക്കൊരാഘോഷമാണെന്ന് കാണാം. നെല്‍കര്‍ഷകനായിരുന്ന ഇപ്പോള്‍ അല്ലാത്ത എനിക്ക് അരിവില കൂടുന്നതില്‍ ഒരു പ്രയാസവും തോന്നുന്നില്ല. കാരണം ഉദ്പാദനചെലവെത്രയെന്ന് നല്ലവണ്ണം അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്നതുതന്നെ. ദരിദ്രനാരായണന്മാര്‍ക്കുവേണ്ടി വാചാലരാകുന്നവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് മൂന്നുരൂപയുടെ അരി കൊടുക്കുന്നതറിയില്ല എന്നുണ്ടോ? അന്‍പതിനായിരത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കും താണവിലയ്ക്ക് തന്നെ അരി വേണമോ?

പരിഷ്കാരങ്ങളും പഠനങ്ങളും ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തിലെ കൃഷിഭവനിലൂടെ നടപ്പിലാക്കി ഫലപ്രദമാണെന്ന് കണ്ടാല്‍ മാത്രം കേരളമൊട്ടാകെ നടപ്പാക്കുകയല്ലെ വേണ്ടത്. ശമ്പളം വാങ്ങുവാന്‍ വേണ്ടി ജോലിചെയ്യുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് എന്തെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നകാര്യം നടപ്പിലാവുന്നുണ്ടോ എന്ന് ആരെങ്കിലും അന്വേഷിക്കുമോ? ഡോ. യാഗീന്‍ തോമസിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം അര്‍ഹതപ്പെട്ട ന്യായവിലയിലൂടെ കൃഷി ലാഭകരമായാല്‍ കര്‍ഷകന്റെ പ്രശ്നങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം ആകും. അപ്രകാരമായാല്‍ കര്‍ഷകര്‍ക്കുവേണ്ടി ആരും വ്യാകുലപ്പെടേണ്ടി വരില്ല. കര്‍ഷകര്‍ക്ക് താണവില നല്‍കിയും ഉപഭോക്താവിനെ ചൂഷണം ചെയ്തും ഇടനിലക്കാരെ സഹായിക്കുന്ന പദ്ധതികള്‍ അവസാനിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ ഗ്രാമ ചന്തകളിലൂടെയും വായ്പകള്‍ക്കുപകരം ഉപഭോക്താക്കളുടെ സഹായത്താല്‍ കൃഷിചെയ്യുവാന്‍ കര്‍ഷകരെ സഹായിച്ചും മറ്റും പരിഹാരം കാണുകതന്നെ വേണം.

മൃഗസംരക്ഷണവും, കൃഷിയും രക്ഷപ്പെടേണ്ടത് ഭാരതത്തിന്റെ ശോഭനമായ ഭാവിയ്ക്കും പട്ടിണിയില്ലാതാക്കുവാനും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുവാനും വേണ്ട നടപടികള്‍ അനിവാര്യമാണ്. ഉദ്പാദനചെലവിനേക്കാള്‍ കൂടിയ ന്യായവിലമാത്രമാണ് ഏക പരിഹാരമാര്‍ഗം.

Comments are closed.