Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വിലക്കയറ്റം

നിത്യോപയോഗ സാധന വിലയെന്നാല്‍ കാര്‍ഷികോത്‌പന്നങ്ങള്‍ എന്നതാണല്ലോ. അവയ്ക്ക്‌ വില കൂടുന്നത്‌ എല്ലാപേരെയും ബാധിക്കും. റബ്ബറിനും സ്വര്‍ണത്തിനും വില കൂടിയാല്‍ അതിനെതിരെ പരാതിയും ഇല്ല. എന്നാല്‍ റബ്ബറിന് വില കുറയുമ്പോള്‍ റബ്ബര്‍ പാര്‍ട്ടികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും. എന്നിട്ട്‌ സമരം ചെയ്യും, നടു റോഡില്‍ (അങ്ങ്‌ ഡല്‍ഹിയിലും) റബ്ബര്‍ ഷീറ്റ്‌ കൂട്ടിയിട്ട്‌ കത്തിക്കും. വീണ്ടും ഇലക്‌ഷന്‍ വരും നല്ല സമരത്തിന് നേതൃത്വം നല്‍കിയ റബ്ബര്‍ നേതാവ് ജയിക്കും. അങ്ങിനെ അല്ലല്ലോ  അരിയുടെയും, ഗോതമ്പിന്റെയും, മുട്ടയുടെയും, പാലിന്റെയും, പച്ചക്കറികളുടെയും, ഇറച്ചിയുടെയും വിലകൂടി കര്‍ഷകന്റെ കയ്യില്‍ പണമെത്തി പണപ്പെരുപ്പം സൃഷ്ടിച്ചാലുള്ള ഗതി. വലത്‌ ഇടത്‌ തുടങ്ങി എല്ലാപേരും വിലക്കയറ്റത്തിനെതിരെ സമരം ചെയ്യുകയാണല്ലോ. ഈ സമരം കര്‍ഷകനെതിരായിട്ടാണോ?

ഇതേ നിത്യോപയോഗ സാധനങ്ങളുടെ (ഇതൊക്കെ എസ്സെന്‍‌ഷ്യല്‍ കമോഡിറ്റെസില്‍ വരുമോ ആവോ) വില കൂടുമ്പോഴല്ലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍‌ഷന്‍ (ഞാനുള്‍‍പ്പെടെ) വാങ്ങുന്നവര്‍ക്കും ഡി.എ വര്‍ദ്ധനവ്‌ ഉണ്ടാകുക. അപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ ഒരു സമരത്തിന്റെ ആവശ്യം ഇല്ല. പിന്നെ വില വര്‍ദ്ധനവിനെതിരാരാണ്? ഞാന്‍ റബ്ബര്‍ കര്‍ഷകനാണെങ്കില്‍ ഇത്തരം നിത്യോപയോഗ സാധന വില താണിരിക്കാനെ ആഗ്രഹിക്കുകയുള്ളു. അതുകൂടാതെ മെയ്യനങ്ങി ജോലിചെയ്യാതെ മൂന്നു നേരം മൃഷ്ടാംഗ ഭോജനം കഴിക്കുന്നവര്‍ക്കും ഈ വര്‍ദ്ധനവ്‌ ഇഷ്ടപ്പെടുകയില്ല. ഒരു കാര്‍ഷികോത്‌പന്നം ഉത്‌പാദിപ്പിക്കുന്ന വ്യക്തിയ്ക്ക്‌ അയാളുടെ ഉത്പന്നത്തിനു മാത്രം കൂടുതല്‍ വില കിട്ടണമെന്നും അയാള്‍ വാങ്ങുന്നവയ്ക്ക്‌ വില താണിരിക്കണമെന്നും തോന്നുന്നത്‌ സ്വാഭാവികം. ഇത്തരം നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാന്‍ ഖലനാവില്‍ നിന്ന്‌ നഷ്ടം നികത്തി എത്ര നാള്‍ പിടിച്ചു നില്‍ക്കാനാകും?

കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വില ചെറുതായിട്ടുപോലും വര്‍ദ്ധിക്കാതെ സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളം 20 വര്‍ഷം കൊണ്ട്‌ 10 ഇരട്ടി വര്‍ദ്ധിച്ചപ്പോള്‍ ഏതെങ്കിലും ഒരു കര്‍ഷകന്‍ സമരം ചെയ്തോ? ഒരിക്കലുമില്ല കൃഷി നശിച്ചാലും അവന്റെ മക്കള്‍ക്ക്‌ ഒരു ജോലി കിട്ടിയാല്‍ ആശ്വാസം ആകും.

ഇനി കൃഷി ആര് ചെയ്യും? നഷ്ട കൃഷി ചെയ്യുവാന്‍ എത്ര കര്‍ഷകര്‍ക്ക്‌ കഴിയും? കുറച്ച്‌ കര്‍ഷകര്‍ക്ക്‌ സബ്‌സിഡി നല്‍കി പച്ചക്കറി കൃഷി ചെയ്യിച്ചാല്‍ അതിനേക്കാള്‍ പതിന്മടങ്ങ്‌ കര്‍ഷകര്‍ ഇതേ പച്ചക്കറി ഒരു സബ്‌സിഡിയും കൈപ്പറ്റാതെ/ലഭിക്കാതെ ചെയ്താല്‍ അവര്‍ക്ക്‌ എത്രനാള്‍ പിടിച്ചു നില്‍ക്കാനാകും?

ആശ്വാസത്തിന് ഒരു വഴി മാത്രം. സ്വന്തം പുരയിടത്തില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ അദ്ധ്വാനിച്ചാല്‍ ഒരു 200 രൂപയുടെ ജോലി ചെയ്യാന്‍ കഴിയും. നഷ്ടപ്പെടുന്നത്‌ സ്വന്തം ചോരയും വിയര്‍പ്പും. കിട്ടുന്ന വരുമാനം ആറ്‌ മാസത്തിന് ശേഷം 20 രൂപയായാലും കുഴപ്പമില്ലല്ലോ? 180 രൂപ നഷ്ടപ്പെട്ടെന്നും തോന്നില്ല. ഇപ്പോഴുള്ള കര്‍ഷക തൊഴിലാളികളുടെ എണ്ണം വളരെ കുറവായതിനാല്‍ അവര്‍‌ മറ്റ്‌ മേഖലകള്‍ തേടുന്നതാവും ഉചിതം.

മാധ്യമങ്ങളും, സര്‍ക്കാരും, കക്ഷി രാഷ്ട്രീയക്കാരും തുടങ്ങി പലരും കാര്‍ഷികോത്‌പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ എതിര്‍പ്പുള്ളവരാണ്. ഒരു കാലത്ത്‌ കടക്കെണിയിലായ കര്‍ഷകന്റെ ആത്മഹത്യകളില്‍ ഇവര്‍ ദുഃഖിതരായിരുന്നു. ഇപ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ ഒരു നിത്യ സംഭവമായപ്പോള്‍ അതിനൊരു വിലയില്ലാതായി.

കാര്‍ഷികോത്‌പന്ന വില കൂടുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന പണപ്പെരുപ്പം. കാര്‍ഷികോത്‌പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ ധനമന്ത്രാലയത്തിന് തലവേദന എന്ന വാര്‍ത്തയും ലഭ്യമാണ്. സെന്‍സെക്സ്‌ താണുപോകുമോ എന്ന ആശങ്ക. വിദേശ നാണ്യ ശേഖരം 18,000 കോടി  ഡോളര്‍ രൂപയുടെ മൂല്യം 44 ന് മുകളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക്‌ സഹായകും. കൂടുതല്‍ വാര്‍ത്തകള്‍ മാതൃഭൂമി ധനകാര്യം പേജ്‌ 8 -ല്‍ ലഭ്യമാണ്. ( Dhanakaryam 12-02-07 )ശമ്പളവും ബാങ്കുകളില്‍ നിക്ഷേപവും കൂടുമ്പോള്‍ ജി.ഡി.പി ഉയരും.

പ്രതിഹെക്ടര്‍ ഉത്‌പാദന ചെലവെത്രയെന്ന്‌ കണക്കാക്കാതെയും, ചിലര്‍ക്കുമാത്രം ആനുകൂല്യങ്ങള്‍ നല്‍കി കൃഷിചെയ്യിച്ചും, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പാവപ്പെട്ടവന്റെ നികുതിപ്പണം നല്‍കി കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിച്ച്‌ നിറുത്തിയും, ചെറുകിട കച്ചവടക്കാരെ മുട്ടുകുത്തിച്ചും എത്രനാള്‍……

5 comments to നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വിലക്കയറ്റം

 • ശാലിനി

  നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടി എന്നു പറഞ്ഞപ്പോള്‍ ഞാനും പറഞ്ഞു അയ്യോ കഷ്ടം എന്നു. അതിനുപുറകില്‍ ഇങ്ങനെയൊരു സത്യം ഉണ്ട് എന്ന് ഇപ്പോഴാണ് അറിഞ്ഞത്.

  ഒന്നു ചോദിക്കട്ടെ, ശരിക്കും ഈ വിലവര്‍ദ്ധനവുകൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനം ഉണ്ടാ‍കുമോ?

 • ശാലിനി പ്രതികരിച്ചതിന് നന്ദി. ബൂലോഗത്ത്‌ ഒരാളെങ്കിലുമുണ്ടായല്ലോ ചെറിയൊരഭിപ്രായം പറയാനെങ്കിലും. ഈ വിലവര്‍ദ്ധനകൊണ്ട്‌ കര്‍ഷകര്‍ക്ക്‌ വലിയ പ്രയോജനം ലഭിക്കുകയില്ല. മറിച്ച്‌ കരിഞ്ചന്തയും പൂഴ്‌ത്തി വെയ്പ്പും നടത്തി പലരും കാശുണ്ടാക്കും. ചില വിളകളെല്ലാം സീസണല്‍ ആണ്. അപ്പോള്‍ അത്‌ താണ വിലയ്ക്ക്‌ സംഭരിച്ച്‌ കോള്‍ഡ്‌ സ്റ്റോറേജിലും മറ്റും സൂക്ഷിക്കുകയും പിന്നീട്‌ ഓഫ്‌ സീസണില്‍ പതിന്‍‌മടങ്ങ്‌ വിലക്ക്‌ വിറ്റ്‌ കൊള്ള ലാഭ മുണ്ടാക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക്‌ ശരിയായ പ്രയോജനം ലഭിക്കണമെങ്കില്‍ പ്രതിഹെക്ടര്‍ ഉത്‌പാദന ചെലവും ലാഭവും കൂട്ടിവരുന്ന വിലയാണ്. ആ വില ഉപഭോക്താവിനും ബോധ്യപ്പെടുവാനുള്ള സവിധാനമാണ് വേണ്ടത്‌. അപ്രകാരമായാല്‍ ഒരിക്കലും കര്‍ഷകനും ഉപഭോക്താവും വഞ്ചിതരാകാതിരിക്കും.
  എങ്കിലും പച്ചക്കറിയ്ക്കും ഇറച്ചിക്കും വില കൂടുമ്പോള്‍ പണപ്പെരുപ്പമെന്നും. പെട്രോളിനും കാറിനും മോടോര്‍ സൈക്കിളിനും വിദേശ മദ്യത്തിനും വിലകൂടിയാല്‍ അത്‌ പണപ്പെരുപ്പമേയല്ലയെന്നതുമാണ് മനസിലാകാത്ത കാര്യം.

 • കര്‍ഷകര്‍, അവരെവിടെ കിടക്കുന്നു? പച്ചക്കറികളും മറ്റു സകലമാന തീറ്റയും അതിര്‍ത്തി കടന്നു കണ്ടെയ്നറുകളില്‍ വന്നുകൊണ്ടിരിക്കുകയല്ലേ? ഇതിനിടയ്ക്കെവിടെയാണു കര്‍ഷകര്‍? അവരെക്കുറിച്ചാര്‍ക്കാണു വേവലാതി? എന്തിനു കൃഷി ചെയ്യണം? നല്ലവണ്ണം പഠിച്ചു് നല്ലൊരു ജോലിസമ്പാദിച്ചു ജീവിക്കാന്‍ നോക്കുന്ന ജനതയോടു് കര്‍ഷകരെക്കുറിച്ചു സംസാരിക്കുന്നോ? കൃഷിയെക്കുറിച്ചു സംസാരിക്കുന്നോ? കാര്‍ഷികവിളകളുടെ വിലവര്‍ദ്ധനവിനെ കുറിച്ചു സംസാരിക്കുന്നോ? ചന്ദ്രേട്ടാ ഇതു നാടു വേറെയാ, ഓര്‍മ്മവേണം.

 • ചന്ദ്രേട്ടാ ലേഖനം നന്നായിട്ടുണ്ട്‌.

  നിത്യോപയോഗസാധനങ്ങള്‍ക്ക്‌ വിലകൂടിയാല്‍ പണമുള്ളവര്‍ക്ക്‌ അതൊരു കാര്യമല്ല. പാവപ്പെട്ടവരും ഇടത്തരക്കാരുമോ, അവരെ ആര്‌ ശ്രദ്ധിക്കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലകൂട്ടിയാലും അതിന്റെ മുഴുവന്‍ ഗുണവും കര്‍ഷകര്‍ക്ക്‌ കിട്ടാറുമില്ല. ലാഭം മുഴുവന്‍ ഇടനിലക്കാരും കടക്കാരും അടിച്ചുമാറ്റും.
  കാര്‍ഷികവൃത്തി ലാഭമില്ലാതെയാകുമ്പോഴാണ്‌ കര്‍ഷകര്‍ മറ്റു മെഖലകളിലേക്ക്‌ തിരിയുന്നത്‌. എന്തിന്‌ ഫലഭൂയിഷ്ടമായ കാര്‍ഷികനിലങ്ങള്‍ കുറഞ്ഞുവരികയല്ലെ.
  കര്‍ഷകതൊഴിലാളുകളുടേയും കര്‍ഷകന്റെയും മിത്രമെന്ന്‌ കൊട്ടിഘോഷിക്കുന്ന ഇടതന്മാര്‍ ഭരിക്കുന്ന പ്‌.ബംഗാളില്‍ ടാറ്റയുടെ കാര്‍ കമ്പനി തുടങ്ങുവാന്‍ എത്രയോ ഏക്കര്‍ ഫലഭൂയിഷ്ടമായ കൃഷിനിലമല്ലേ കര്‍ഷകരേയും തൊഴിലാളികളെയും കൊന്നിട്ടായാലും ശരി ടാറ്റക്ക്‌ കൈമാറുമെന്ന് വാശിപിടിക്കുന്നത്‌. അപ്പോള്‍ പിന്നെ എങ്ങിനെ നല്ല കൃഷിസ്ഥലങ്ങള്‍ അവശേഷിക്കും.

  പിന്നെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, താങ്ങാനാവുന്നവര്‍ വാങ്ങിച്ചെന്നാല്‍ മതി എന്നായിരിക്കും അധികൃതര്‍ കരുതുന്നത്‌. ഇവിടെ ഓരോ സാധനങ്ങളുടെയും വില ഇങ്ങനെ:

  ഉള്ളി – രൂ.30 / കി.(ഒരാഴ്ചയായിട്ട്‌, അല്ലെങ്കില്‍ രൂ.20)
  ഉരുളക്കിഴങ്ങ്‌ – രൂ.20 / കി.
  കോഴി(നാടന്‍) – രൂ.130 /കി.
  ആട്ടിറച്ചി – രൂ.180 /കി.
  മീന്‍ (സാദാ) – രൂ. 100 – 130 /കി
  കോഴിമുട്ട – രൂ.3 / ഒരെണ്ണം.
  പച്ചക്കറികള്‍ – രൂ.30 – 40 / കി.
  രാജ്യത്തിന്റെ സാമ്പത്തികനില കുതിച്ചുയരുകയല്ലേ.. അഭിമാനിക്കാം.!!!

  കൃഷ്‌ | krish

 • News: Farmers continue protest against Reliance’s power project in UP

  Farmers from eight villages in Ghaziabad’s Hapur tehsil are protesting
  the acquisition of about 1,011 hectare of land by Reliance Energy
  Generation Ltd (REGL) for construction of the “world’s largest gas-based
  plant”. The villagers allege that the government has taken away their
  land without their consent at throw-away prices. Many have not even
  received any compensation. Even as they wonder why the UP government
  acted as a middleman between farmers and REGL, farmers feel that such
  projects should come up only on barren land. Will their voices be heard?
  ഇത്‌ സി.എസ്‌.ഇ യുടെ മെയിലില്‍നിന്നുള്ളതാണ്. കൃഷിഭൂമി നല്ല വിലയ്ക്ക്‌ വിറ്റ്‌ കിട്ടുന്ന പൈസ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച്‌ താണ വിലയ്ക്ക്‌ കിട്ടുന്ന ഭക്ഷ്യോത്‌പന്നങ്ങളും വാങ്ങിക്കഴിച്ച്‌ സുഖമായി ജീവിക്കാം. കാരണം കാര്‍ഷികോത്‌പന്നങ്ങള്‍ ഇവിടെ ലഭ്യമല്ലാതാകുമ്പോള്‍ ഇറക്കുമതിയെ ആശ്രയിക്കാം. അതാണല്ലോ WTO. കൃഷിയും ചെയ്യണ്ട എല്ലുമുറിയെ പണിയും ചെയ്യണ്ട. കേരളത്തില്‍ ഐ.റ്റി പാര്‍ക്കുകള്‍ വരുകയല്ലെ മക്കളെ പഠിപ്പിച്ച്‌ അവിടെ ജോലി നേടിയെടുക്കുകയാവും നല്ലത്‌.