Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകരുടെ രക്ഷകര്‍ കര്‍ഷകര്‍ക്ക്‌ പാര പണിയുന്നു

ആരെല്ലാം കര്‍ഷകരെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങുന്നുവോ അവരെ പത്തു പ്രാവശ്യം സംശയിക്കണം. കേരളത്തില്‍ ധാരാളം സഹകരണ സംഘങ്ങള്‍ ഉണ്ട്‌ ഇനിയും ധാരാളം ഉണ്ടാകും. അവയെല്ലാം തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുമാണ്. അതുപോലെ തന്നെ കാര്‍ഷിക വികസന ബാങ്കുകളും. ഇവയെല്ലാം തന്നെ കര്‍ഷകരെ കൊള്ളയടിച്ച്‌ വളരുന്നവയാണെന്നതിന് തെളിവുകള്‍ ധാരാളം ഉണ്ട്‌ താനും. സംഭരണങ്ങളും സബ്‌സിസിഡികളും കയറ്റുമതികളും എല്ലാം കര്‍ഷകരെ സഹായിക്കുവാനാണെന്ന്‌ പറയുകയും വന്‍ തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നു.

കര്‍ഷകരെ സഹായിക്കുവാന്‍ ഫ്യൂച്ചര്‍ മാര്‍ക്കറ്റുകള്‍ നല്ല ല‍ക്ഷ്യങ്ങളും ഉദ്ദേശങ്ങളുമായി വരുകയും കര്‍ഷകരല്ലാത്തവര്‍ കാശുണ്ടാക്കുകയും ചെയ്യുന്നു. ജിയോജിത് കമോഡിറ്റീസ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.68 കോടി രൂപ അറ്റാദായം നേടി.  ഇതുതന്നെ ഒരു ഉദാഹരണമാണ്. മുന്തിയ റബ്ബര്‍ ഉത്പാദനം നടക്കുന്ന സമയത്ത്‌ 95 രൂപ മുതല്‍ 98 രൂപ വരെ വിലയുണ്ടായിരുന്നപ്പോള്‍ 118 രൂപ ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ ഉയര്‍ത്തിക്കാട്ടി റബ്ബര്‍ ഇറക്കുമതിക്കവസരമുണ്ടാക്കുകയും ഉത്പാദനം കുറവുള്ള സമയത്ത്‌ കൂടിയ മാര്‍‍ക്കറ്റ്‌ സ്റ്റോക്ക്‌ കാട്ടി വില താഴ്‌ത്തിക്കാട്ടി കയറ്റുമതിക്കവസരമൊരുക്കുകയും ചെയ്യുന്നു. റബ്ബര്‍ കര്‍ഷകരെയും ഉത്പന്ന നിര്‍മാതാക്കളെയും അകറ്റിനിറുത്തി മുതലെടുക്കുകയാണ് ഇതിന് പിന്നിലുള്ള സത്യം.

പഞ്ചാബിലെ ഗോതമ്പ്‌ വിളവെടുപ്പിന് മുന്നേ ഗോതമ്പിന്റെ ഇറക്കുമതി ചെയ്ത്‌ കര്‍ഷകരെ സംഭരണത്തിലും വിലയിലും പ്രതികൂലമായ സ്ഥിതിവിശേഷം സംജാതമാക്കുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ്‌ മന്ത്രി പഞ്ചാബിലെ ഗോതമ്പ്‌ കര്‍ഷകരെ എന്തുമാത്രം സ്നേഹിക്കുന്നു എന്ന്‌ ആര്‍ക്കും മനസിലാകും. കേരളത്തില്‍ ഈ അടുത്തകാലത്ത് വന്‍ തുക ചെലവഴിച്ച്‌  ഒരു നാളികേരമാമാങ്കംതന്നെ തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. ഇന്‍ഡസ്ട്രികളെ സഹായിക്കുകയായിരുന്നു അതിന്റെ ലക്ഷ്യമെന്ന്‌ ഏത് പൊട്ടക്കണ്ണനും മനസിലാകും. ഇത്രയും കൂടുതല്‍ ജനവാസമുള്ളിടത്ത്‌ ഭക്ഷ്യോത്‌പന്നങ്ങളുടെ വൈവിധ്യവല്‍‌ക്കരണവും കയറ്റുമതിയും ആരെ സഹായിക്കാനാണ്? ഭക്ഷ്യോത്‌പന്നങ്ങളുടെ വിലകൂടിയാല്‍ രൂപയുടെ മൂല്യം ഇടിയുമെന്ന ഓലപ്പാമ്പ്‌ കാട്ടി ഭരണ പ്രതിപക്ഷ കൂട്ടുകെട്ട്‌ കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിച്ചു നിറുത്തുവാന്‍ വേദിയൊരുക്കുന്നു.

ഷെയര്‍മാര്‍ക്കറ്റിലെ ഇന്‍ഡക്സ്‌ ഉയര്‍ത്തുക, ശമ്പളം വര്‍ദ്ധിപ്പിക്കുക, ഫ്യൂച്ചര്‍ ട്രേഡിംഗില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ഒരേസാധനം നഷ്ടം സഹിച്ച്‌ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുക, ന്നാടിന്റെ വികസനത്തിനും ചെലവുകള്‍ക്കുമായി (ഐ.എം.എഫ്‌, വേള്‍ഡ്‌ ബാങ്ക്‌, എ.ഡി.ബി) വായ്പകളെടുക്കുക അതിന് ഭാരിച്ച പലിശ നല്‍കുക, കര്‍ഷകര്‍ക്ക്‌ വായ്പ്പകള്‍ നല്‍കി ബാങ്കുകളെ വളര്‍ത്തുക, കൃഷിസ്ഥലങ്ങളില്‍ സ്പെഷ്യല്‍ എക്കണോമിക്‌ സോണുകള്‍ സ്ഥാപിക്കുക, മണ്ണിലെ ജൈവ സമ്പത്ത്‌ നശിപ്പിച്ച്‌ ജി.എം സീഡും ഫുഡും വിപണനവും ഉപയോഗവും വര്‍ദ്ധിപ്പിക്കുക. ഹവാല പണവും കള്ളപ്പണവും കുമിഞ്ഞ്‌ കൂടട്ടെ. പെട്രോള്‍ മുതല്‍ ഉപ്പുവരെ വാള്‍മാര്‍ട്ടും റിലയന്‍സും കൂടി തരും അതും താണവിലയ്ക്ക്‌. ഇവയൊക്കെയല്ലെ ഇന്ത്യ ഷൈനിംഗിന് ആവശ്യം.

അഗോളതാപനവും, സോയില്‍ ഡിഗ്രഡേഷനും, ഉത്‌പാദന കുറവും, കര്‍ഷക ആത്മഹത്യകളും നോക്കുവാന്‍ ആര്‍ക്ക്‌ നേരം. ജിയോജിത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 5,500 കോടിയുടെ ആസ്തി അടുത്തകൊല്ലം അത്‌ 8000 കോടിയാകട്ടെ.

1 comment to കര്‍ഷകരുടെ രക്ഷകര്‍ കര്‍ഷകര്‍ക്ക്‌ പാര പണിയുന്നു

  • ചന്ദ്രാജീ നല്ല ലേഖനം…ഇതുപോലെ തുറന്നിരിക്കുന്ന നിരവധി കണ്ണുകള്‍ നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ട്…