സ്വതന്ത്ര സോഫ്‌ട്‌വേര്‍ നിര്‍ബന്ധമാക്കാന്‍ നിയമം വേണം- സ്റ്റാള്‍മാന്‍
തിരുവനന്തപുരം: എല്ലാ വകുപ്പുകളെയും സ്വതന്ത്ര സോഫ്‌ട്‌വേറിലേക്ക് മാറ്റാന്‍ കേരള സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന് സ്വതന്ത്ര സോഫ്‌ട്‌വേര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ ആവശ്യപ്പെട്ടു. രണ്ടാം അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌ട്‌വേര്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്‌കൂളുകളെ സ്വതന്ത്ര സോഫ്‌ട്‌വേറിലേക്ക് മാറ്റിയത് അഭിനന്ദനാര്‍ഹം തന്നെ. എന്നാല്‍ പ്രവര്‍ത്തകം ഉപയോഗിക്കുന്നതിലെ വ്യത്യാസം മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലായിട്ടുള്ളൂ. എന്തിനാണ് സ്വതന്ത്ര പ്രവര്‍ത്തകം ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുള്ള സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നും കൂടി കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കണം. നിയമം കൊണ്ടുവന്നാല്‍ മാത്രമേ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെയും സ്വതന്ത്ര സോഫ്‌ട്‌വേറിലേക്ക് മാറ്റാന്‍ കഴിയൂ. നയമിതാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും സ്റ്റാള്‍മാന്‍ പറഞ്ഞു.
മനുഷ്യരാണ് സോഫ്‌ട്‌വേറുകള്‍ തയ്യാറാക്കുന്നത് എന്നതിനാല്‍ പിഴവുകള്‍ സ്വാഭാവികമാണ്. എന്നാല്‍ മൈക്രോസോഫ്‌ട് പ്രവര്‍ത്തകത്തില്‍ പിശക് തിരുത്തണമെങ്കില്‍ അവര്‍ക്ക് മാത്രമേ സാധിക്കൂ. സ്വതന്ത്ര സോഫ്‌ട്‌വേറിലാണെങ്കില്‍ കോഡ് എല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ എന്താണ് പരിഹാരമെന്ന് ആര്‍ക്ക് വേണമെങ്കിലും കണ്ടെത്താം. മൈക്രോസോഫ്‌ട് പോലുള്ള കുത്തകകള്‍ സോഴ്‌സ് കോഡ് രഹസ്യമാക്കി വെച്ചിരിക്കുന്നതിനാല്‍ അവരുടെ പ്രവര്‍ത്തകം എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കുമറിയാനാവില്ല. നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മുടെ അനുവാദമില്ലാതെ മാറ്റംവരുത്താനും മൈക്രോസോഫ്‌ട്‌പോലുള്ള കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുടെ വികാസം ഐ. ടി. ത്വരപ്പെടുത്തും – ജിമ്മി വെയ്‌ല്‍സ്
തിരുവനന്തപുരം: വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍ വിവര സാങ്കേതിക വിദ്യയ്‌ക്ക് നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്ന് ഇന്റര്‍നെറ്റിലെ സൗജന്യ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകന്‍ ജില്ലി ഡോണല്‍ വെയ്‌ല്‍സ് പറഞ്ഞു. ഐ. ടി. മേഖല ഇന്ത്യയുടെ വികാസം ത്വരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌ട്‌വേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വെയ്‌ല്‍സ് പത്രലേഖകരോടുള്ള സംസാരിക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കുള്ള പ്രാധാന്യം കണക്കിലെടുത്തു തന്നെയാണ് വിക്കിപീഡിയ ഇന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇരുന്നൂറോളം പേര്‍ വിക്കിപീഡിയയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റര്‍ പദവിയിലുണ്ട്. ഇന്ത്യയിലെ ഉയര്‍ന്ന സെല്‍ഫോണ്‍ സാന്ദ്രത ഇവിടത്തെ സാങ്കേതിക വളര്‍ച്ചയുടെ തെളിവാണ്. എല്ലാവര്‍ക്കും സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള സൗകര്യമൊരുക്കാനാണ് വിക്കിപീഡിയ ശ്രമിക്കുന്നത്. മലയാളത്തില്‍ സര്‍വ്വവിജ്ഞാനകോശം തയ്യാറാക്കാനുള്ള സംയുക്ത സംരംഭം പുരോഗമിക്കുകയാണ്. വിക്കിപീഡിയയുടെ ഉപയോഗത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന് ആറാം സ്ഥാനമാണുള്ളത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് വിക്കിപീഡിയ. സംഭാവനകളുടെയും ഗ്രാന്റുകളുടെയും സഹായത്തോടെയാണ് പ്രവര്‍ത്തനം. ആഗോളതലത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകളില്‍ വിക്കിപീഡിയ നാലാം സ്ഥാനത്താണ്. ഓരോ മാസവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മൂന്നിലൊരു ഭാഗം വിക്കിപീഡിയ സന്ദര്‍ശിക്കുന്നുവെന്ന് സാരം. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി അറുപതുലക്ഷം ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നാലാം സ്ഥാനത്തുള്ള വെബ്‌സൈറ്റിനെ സംബന്ധിച്ചിടത്തോളം ഇതുവളരെ ചെറിയ തുകയാണ്. വിക്കിപീഡിയയില്‍ ശമ്പളം പറ്റുന്ന 22 ജീവനക്കാര്‍ മാത്രമാണുള്ളതെന്നും വെയ്‌ല്‍സ് വെളിപ്പെടുത്തി.
നിലവില്‍ 262 ഭാഷകളില്‍ വിക്കിപീഡിയ ലഭ്യമാണ്. ഇവയില്‍ 22 ഭാഷകകളില്‍ ഒരു ലക്ഷത്തിലേറെയും 79 ഭാഷകളില്‍ ആയിരത്തിലേറെയും ലേഖനങ്ങളുണ്ട്. വിക്കിപീഡിയയിലെ ഉള്ളടക്കത്തില്‍ പിഴവുകള്‍ കടന്നുകൂടാതെ ശ്രദ്ധിക്കുന്നതിന് ഒരു കോര്‍ കമ്മ്യൂണിറ്റിയുണ്ട്. ആരെങ്കിലും മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തതായി ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അയാള്‍ക്ക് പിന്നീട് പ്രവേശനം നിഷേധിക്കാനും സംവിധാനമുണ്ട്.
വിക്കിപീഡിയയുടെ ഉപയോഗം കുറച്ചുകൂടി അനായാസമാക്കാനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് വെയ്‌ല്‍സ് പറഞ്ഞു. വികസ്വര രാഷ്ട്ര ഭാഷകളില്‍ സ്വാധീനമുറപ്പിക്കുകയും വിക്കിപീഡിയയുടെ ലക്ഷ്യമാണ്. ഇന്റര്‍നെറ്റിലൂടെ സാധാരണ ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് വിക്കിപീഡിയയ്‌ക്ക് തുടക്കമിട്ടത്. ഒരു സംഘം പ്രോഗ്രാമര്‍മാര്‍ നെറ്റിലൂടെ സഹകരിച്ച് സൗജന്യ സോഫ്‌ട്‌വേറുകള്‍ക്ക് രൂപം നല്‍കിയതായിരുന്നു പ്രചോദനം. ജനങ്ങളുടെ സാങ്കേതിക ആവശ്യങ്ങള്‍ മാത്രമല്ല സാമൂഹികമായ ആവശ്യങ്ങളും നിറവേറേണ്ടത് ആവശ്യമാണെന്ന ചിന്താഗതിയും വിക്കിപീഡിയയുടെ സ്ഥാപനത്തിലേക്ക് നയിച്ചു.
താന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് ‘ജിംബോ’ എന്ന വിളിപ്പേരുള്ള വെയ്‌ല്‍സ് പറഞ്ഞു. ‘ഞാന്‍ തെക്കേ അമേരിക്കയില്‍ നിന്നാണ് വരുന്നത്. അവിടത്തുകാര്‍ അപരിഷ്‌കൃ തരാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ജിംബോ എന്ന പേര് ആ അസ്ഥിത്വം നിലനിര്‍ത്താന്‍ എന്നെ സഹായിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഐ. ടി. ഉപദേഷ്ടാവ് ജോസഫ് സി. മാത്യുവും വെയ്‌ല്‍സിനൊപ്പമുണ്ടായിരുന്നു.
കടപ്പാട് – മാതൃഭൂമി
स्वतंत्र सॉफ्टवेर भारत के लिए वरदान है .