ജനിതകമാറ്റം വരുത്തിയ റബ്ബര്‍; കേരളവും കേന്ദ്രവും ഏറ്റുമുട്ടലില്‍
ന്യൂഡല്‍ഹി: ജനിതക വിത്തുകളെക്കുറിച്ചുള്ള വിവാദം രൂക്ഷമാകുന്നതിനിടെ, ജനിതകമാറ്റംവരുത്തിയ റബ്ബറിനെ സംബന്ധിച്ച് കേരളവും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും ഏറ്റുമുട്ടലിന്റെ പാതയില്‍. എന്നാല്‍ ഇത്തരം റബ്ബര്‍ പരീക്ഷണവുമായി കേരളം മുന്നോട്ടുപോകണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിയുടെ പരീക്ഷണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം പരിസ്ഥിതി മന്ത്രാലയത്തിനയച്ച കത്തിന് മറുപടിയായാണിത്. ഇതോടെ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇരുധ്രുവത്തിലാണെന്ന് വ്യക്തമായി.
കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലെ റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ്(ആര്.ആര്.ഐ.ഐ) ജനിതകമാറ്റം വരുത്തിയ റബ്ബര്‍ വികസിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട തോട്ടങ്ങളില്‍ ഇവ പരീക്ഷിക്കണമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദേശിക്കുന്നത്. അസം, മിസോറം എന്നിവിടങ്ങളില്‍ റബ്ബര്‍കൃഷി വ്യാപിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 14 വര്‍ഷത്തിനകമാണ് ജനിതകമാറ്റംവരുത്തിയ റബ്ബര്‍ കൃഷി പരീക്ഷിക്കേണ്ടത്.
രാജ്യത്തെ റബ്ബറിന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്ന കേരളം ഇതിനെ എതിര്‍ക്കുകയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും ജനിതകമാറ്റം വരുത്തിയ റബ്ബര്‍ വയലുകളില്‍ പരീക്ഷിക്കാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്നാകരന് പറഞ്ഞു. കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ കൃഷി നടത്തണമെന്ന് നിര്‍ദേശം കോട്ടയത്തെ ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയാണ് മുന്നോട്ടുവെച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോട് കേരള സര്‍ക്കാറിന് പൊതുവില്‍ എതിര്‍പ്പാണ്. ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയെയും കേരളം എതിര്‍ത്തിരുന്നു.
എഥിഫോണ്‍ പുരട്ടി റബ്ബര്‍മരങ്ങളെ നശിപ്പിച്ച് റബ്ബര്‍ ഗവേഷണകേന്ദ്രം, നാനൂറ് പരമ്പര ദിര്ഘകാലാടിസ്ഥാനത്തില് പരീക്ഷിക്കാതെ കൃഷി ചെയ്യിച്ചു. തടി വളരുവാന്‍ ശേഷിയുള്ള ഈ പരമ്പര ആദ്യം കട്ടികുറഞ്ഞ കറ കൂടുതല്‍ നല്‍കുകയും പിന്നീട് ഉല്പാദനം കുറയുകയും ചെയ്യും. ആര്‍ആര്‍ഐഐ 105 കണ്ടെത്തിയത് ഗവേഷണകേന്ദ്രമല്ല മറിച്ച് ഒരു ഫീല്‍ഡ് ഓഫീസറാണ്. കര്‍ഷകര്‍ക്ക് വേണ്ടാത്ത പരീക്ഷണം ചെയ്യുന്നത് ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഉല്പാദന ക്ഷമതയുള്ള രാജ്യത്താണ്. ഒരു കാരണവശാലും ജി.എം റബ്ബര്‍ പരീക്ഷണം അനുവദിക്കാന്‍ പാടില്ല. വിഷം വമിക്കുന്ന ഇലകളിലെ ചാറ് ഊറ്റിക്കുടിക്കുന്ന തേനീച്ചകള്‍ കൂട്ടത്തോടെ നശിക്കും. പരിസ്ഥിതി തകരും. ടാപ്പര്‍മാര്‍ക്ക് തൊലിപ്പുറത്ത് അലര്‍ജിക്ക് സാധ്യത, റബ്ബര്‍ക്കുരു പിണ്ണാക്കായി പശുക്കള്‍ക്ക് നല്കിയാല് അവയിലും ജനിതകമാറ്റം വരും. അവയുടെ ഇറച്ചിയും ഹാനികരമാവും. റബ്ബര്‍ കുരു എണ്ണ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്ന മായമാണ്. തോട്ടത്തില്‍ മേയുന്ന ആടുമാടുകളും പക്ഷി മൃഗാദികളും ചാകാനും സാധ്യത.