മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

നല്ലത് നായ്ക്കും വേണ്ട

ഇരുപത്തഞ്ച് കിലോയോളം ഭാരമുള്ള ചക്ക.

ഇത് ചക്കയുടെ കാലം. ലോകം ഭക്ഷ്യക്ഷാമം നേരിടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും മലയാളി തന്റെ ആഹാര രീതിയില്‍ മാറ്റം വരുത്തുവാനാഗ്രഹിക്കുന്നില്ല. ഒരു മൂട് പ്ലാവുള്ളവര്‍ പോലും തന്റെ പ്ലാവില്‍ ചക്കയുടെ എണ്ണം കൂടിയാല്‍ മാനസികമായി ആ പ്ലാവിനെത്തന്നെ ശപിക്കുന്നു. പ്ലാവില്‍ കയറുവാന്‍ ആളില്ലാതെയും വെട്ടിപ്പറിച്ചെടുക്കുവാന്‍ ആളില്ലാതെയും ഇവയില്‍ പലതും പാഴായിപ്പോവുകയാണ് പതിവ്. അല്പമെങ്കിലും ആശ്വാസമുള്ളത് തമിഴ് നാട്ടിലേയ്ക്ക് കടത്തിവിടുന്നതു മാത്രമാണ്. ഒരുകാലത്ത് ചക്കയുടെ മുള്ള് മാത്രം അരിഞ്ഞ് കളഞ്ഞ് ചക്കമടലും, പൂഞ്ചും, കുരുവും, ചുളയും പൂര്‍ണമായും ഭക്ഷണമായി മാറിയിരുന്നു. ഇന്ന് ചക്ക കാണുമ്പോള്‍ത്തന്നെ പലര്‍ക്കും മടുപ്പാണ്. ഫലമോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളും, അരിയും, ഗോതമ്പും ഇഷ്ടമുള്ളതായി മാറുന്നു. അവ കൃഷിചെയ്യുവാനുപയോഗിക്കുന്ന രാസവളങ്ങളെപ്പറ്റിയോ, അവയില്‍ ഉപയോഗിച്ച കീയനാശിനികളെക്കുറിച്ചോ, ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും കളകളെ നശിപ്പിക്കുവാനും ഉപയോഗിച്ച റൗണ്ടപ്പ് പോലുള്ള കളനാശിനികളെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് ചെലവ് അല്പം കൂടുതലാണെങ്കിലും ഇന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ അനേകം ഉണ്ടല്ലോ!!!

അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ അന്നജത്തിന്റെ അളവ് ചക്കയില്‍ ഉണ്ടെന്ന് ഒരു ശാസ്ത്രജ്ഞനും നമ്മോട് പറയില്ല. കാരണം അവരില്‍ പലരും കീടനാശിനി കമ്പനികളുടെ കിമ്പളം കൈപ്പറ്റുന്നവരാണല്ലോ. പ്ലാവിന്‍ ചുവട്ടില്‍ മറ്റ് വിളകള്‍ അധികം കൃഷിചെയ്യാത്തതിനാല്‍ രോഗത്തിന് കാരണമാകാവുന്ന ഒരു വിഷവും ചക്കയില്‍ കാണില്ല. ചില പ്രത്യേക രീതിയില്‍ ചക്കക്കുരു കേടാകാതെ സൂക്ഷിക്കുവാന്‍ കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്. കുരുവിന് പുറമെ അല്ലെങ്കില്‍ പുറം തൊലിക്കുള്ളില്‍ കാണുന്ന തവിട്ട് നിറത്തിലുള്ള ഭാഗം ഔഷധഗുണമുള്ളതാണ്. കേരളീയര്‍ക്ക് ചക്ക പ്രീയംകരം ആകുവാന്‍ കുറച്ച് നാളുകള്‍ കൂടി കഴിയണം. മനുഷ്യന് വരുന്ന പല രോഗങ്ങളും ആഹാരത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു മാറ്റം പ്രതീക്ഷിക്കാം.

ഒരു ചക്കയുടെ നാലിലൊന്ന് ഭാഗം പുറമേയുള്ള കരിമുള്ളും കുരുവും നീക്കം ചെയ്തശേഷം ലഭിച്ചതാണിത്. ഒരുകിലോ പിണ്ണാക്കിന് 22 രൂപയില്‍ക്കൂടുതല്‍ വിലയുള്ളപ്പോള്‍ അതിനേക്കാള്‍ ഗുണമുള്ള ഭക്ഷണം ഒരു പശുവിന് നല്കുന്നതിലൂടെ പാലിന് അല്പം കട്ടി കുറയുമെങ്കിലും കൂടുതല്‍ പാലും ലഭിക്കും ആ പാലിന് ഗുണവും കൂടുതലായിരിക്കും. കാരണം പിണ്ണാക്കിലെ എക്സ്പെലന്റും യൂറിയയും പശുവിന് കൊടുത്ത് ലഭിക്കുന്ന പാലിനേക്കാള്‍ നല്ലതായിരിക്കും എന്നതുതന്നെ. പശുക്കളുടെ പ്രസവാനന്തരം ഇപ്രകാരം നിരന്തരം ചക്ക നല്‍കുന്നതിലൂടെ പശുക്കള്‍ക്കുണ്ടാകുന്ന കാല്‍സ്യം ഡെഫിഷ്യന്‍സി, കീറ്റോണ്‍ ബോഡീസ് മുഖാന്തിരമുണ്ടാകുന്ന രോഗങ്ങള്‍ മുതലായവ ഒഴിവാക്കാം. ഇതിലടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവ് കൂടിയിരിക്കുന്നത് കാരണം പശുക്കളുടെ വയറ് നിറയാനും ഉത്തമം.

15 comments to നല്ലത് നായ്ക്കും വേണ്ട

 • പ്രകൃതിയിലേയ്ക്ക് നാം മടങ്ങിപ്പോകേണ്ട കാലം വരുന്നു ചന്ദ്രേട്ടാ, ഭക്ഷ്യപ്രശ്നം വരും നാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന അറിവ് വീണ്ടും നമ്മുടെ പിതാമഹന്മാര്‍ ചെയ്തതുപോലെ കൃഷിയിലൂടെ ഒരു വീട്ടിലേയ്ക്കാവശ്യമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍ നമ്മെ പ്രേരിപ്പിക്കുമെന്ന് കരുതാം, ചക്കയും, കപ്പയും, ചേനയും, കാച്ചിലും, ചെറുകിഴങ്ങു വര്‍ഗ്ഗങ്ങളും, മധുരക്കിഴങ്ങും , കൂവക്കിഴങ്ങും [മറ്റുള്ള സ്ഥലങ്ങളില്‍ എന്താ പറയുന്നതെന്നറിയില്ല (arrow root)], ഒക്കെ ഒരുകാലത്ത് മലയാളിയുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു.. ചക്ക പൊളിച്ചെടുത്തിട്ട് അതിന്റെ മടലും, ചവിണിയും ഒക്കെ തന്നെയായിരുന്നു എന്റെ കൊച്ചുനാളില്‍ വീട്ടിലെ പശുവിനും കൊടുത്തിരുന്നത്.. അതൊക്കെ ഇന്നു മാറീല്ലെ എന്നിട്ടിപ്പോ ബുഷിനെ പ്പൊലെ കരഞ്ഞോണ്ട് നടക്കാനെ നമ്മള്‍ പഠിച്ചിട്ടുള്ളു..
  നല്ല പോസ്റ്റ് ചന്ദ്രേട്ട..:)

 • Anony

  ഇവിടെ ബാംഗ്ലൂരില് പഴുത്ത ചക്കയുടെ വില കേട്ട് ആകെ അന്താളിച്ചു പോയി.ഒരു ഷോപ്പിങ്ങ് മാളില് കിലോക്ക് 50 രൂപ വെച്ച് ആണ് വില്പന.അവിടെയോ ആര്ക്കും വേണ്ട….

 • yes. the heading of this post said it..

 • മുസാ‍ഫീര്‍

  പുറത്ത് പോയി വാങ്ങിക്കുമ്പോള്‍ മാത്രം ചക്കയുടെ വില അറിയുന്നുണ്ട് ചന്ദ്രേട്ടാ.നല്ല എഴുത്ത്.

 • നന്ദകുമാര്‍, അനോനി, ബഷീര്‍, മുസാഫിര്‍ നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി. ചക്കയില്ലാത്ത നാട്ടില്‍ കഴിഞ്ഞിരുന്നപ്പോള്‍ ഞാനും അതിന്റെ വില മനസിലാക്കിയവനാണ്. നാട്ടില്‍ വന്ന് അത് പാഴാവുന്നത് കാണുമ്പോള്‍ ദഃഖം തോന്നുന്നു. സര്‍ക്കാരുകളോ, അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയോ അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ സമ്പത്ത് നമുക്ക് പാഴാകാതെ പ്രയോജനപ്പെടുത്താമായിരുന്നു. ചുളകള്‍ ചൂടുവെള്ളത്തില്‍ കുറേശ്ശെ ഉപ്പും കൂടി ഇട്ടശേഷം വെയിലില്‍ ഉണക്കി സൂക്ഷിക്കാവുന്നതാണ്. ഇല്ലാത്ത കാലത്ത് അതിന് നല്ല രുചിയായിരിക്കും. കുറച്ചു ദിവസം മഹാരാഷ്ട്രയില്‍ നിന്ന് വന്ന എന്റെ മകള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവള്‍ക്ക് ചക്ക തിന്ന് മതിയായില്ല എന്നാണ് പോകാന്‍ നേരത്ത് പറഞ്ഞത്.

 • നല്ല പോസ്റ്റ്. നന്ദി.

 • കഴിഞ്ഞ തവണ ലുലു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ചക്കക്കുരു വാങ്ങി കറിവെച്ചു 🙂

  ചന്ദ്രേട്ടാ നല്ല പോസ്റ്റ് 🙂

 • muttathe chakkaykku ruchiyilla!!!!!!!!!

 • ചന്ദ്രേട്ടാ
  ഇങ്ങട് കയറ്റി അയക്കൂ. ഒരു അല്പം ചക്ക കിട്ടിയാല്‍ ഇവിടെ ഉത്സവാണ്…

 • ഡാലി

  തൃശ്ശൂര്‍ മാര്‍ക്കറ്റ് വരെ എത്തിക്കോ? എന്റെ വീട്ടുകാരു മൊത്തം വാങ്ങിക്കോളും. സെകന്റ്ഷോ കഴിഞ്ഞു വന്ന് ഒരു ചക്ക വെട്ടി തിന്നിരുന്ന ചക്ക പ്രാന്തമാരാണു അവരു്. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരു ചക്ക പശുവിനു കൊടുക്കും എന്നു് പറഞ്ഞതിന്റെ അതിശയവും സങ്കടവും അവര്‍ക്കിപ്പോഴും മാറീട്ടില്ല.

 • നന്ദി ചന്ദ്രേട്ടാ..
  ഓടോ:
  ചക്കയുടെ സുന്ദരന്‍ മണത്തെപ്പറ്റി ആരെങ്കിലും ഒരു കവിത എഴുതിയിരുന്നെങ്കില്‍…….

 • ഉമേഷ്, തറവാടി, അനീഷ് പാലോടന്‍, ഇഞ്ചിപ്പെണ്ണ്, ഡാലി, മൂര്‍ത്തി,
  പ്രതികരണങ്ങള്‍ക്കും ചക്കയോടുള്ള നിങ്ങളുടെ ഇഷ്ടം തുറന്ന് കാട്ടിയതിനും നന്ദി. ഈ കമെന്റുകള്‍ കൃഷി മന്ത്രിയും, എപിസിയും, നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലയിലെ പണ്ഡിതമന്മാരും ഒന്ന് കണ്ടിരുന്നെങ്കില്‍! എനിക്ക് തോന്നുന്നത് പോസ്റ്റിനേക്കാള്‍ പ്രാധാന്യം കമെന്റുകള്‍ക്കാണെന്നാണ്. ഇതൊന്ന് വായിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബഷ് അടുത്ത കരാര്‍ ഇന്‍ഡ്യയുമായി ഒപ്പുവയ്ക്കുന്നത് വിഷമില്ലാത്ത ചക്കയുടെ കയറ്റുമതി ആയിരിക്കും. ഇനി ചക്കയുടെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ മൊന്‍സാന്റോ ജി.എം ചക്കക്കുരു ഇറക്കാതിരുന്നാല്‍ മതിയായിരുന്നു.

 • ചക്ക കണ്ടിട്ട് കൊതിയാവുന്നു, ചക്ക പുഴുക്ക്, എരിശ്ശേരി, അവിയല്‍, ചക്കകുരു മെഴുക്കുപുരട്ടി, ചക്കകുരു മാങ്ങാ കറി എല്ലാം ഓര്‍മ വരുന്നു, പക്ഷെ ഒരു രക്ഷയും ഇല്ല.

 • ഇന്ത്യാഹെറിറ്റെജ്

  ചന്ദ്രേട്ടാ, നന്നായി അവതരിപ്പിച്ചിരിക്കുന്നു

 • vidushakan

  മലയാളിത്തം നിറഞ്ഞ പോസ്റ്റ് എന്നാണ് പറയാന്‍ തോന്നുന്നത്.
  പുതിയ തലമുറയ്ക്ക് ആശ്ചര്യം തോന്നുന്നുണ്ടാവണം.
  കാരണം ഫാസ്റ്റ് ഫുഡ് ലിസ്റ്റില്‍ ചക്കയും ചക്ക വിഭവങ്ങളുമില്ല്ല്ലോ.
  ഇനിയും കേരളത്തം നിറഞ്ഞ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.