Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഹാരിസണ്‍: ഭൂമി തട്ടാന്‍ മൂന്ന്‌ പതിറ്റാണ്ടു മുമ്പൊരു പേരുമാറ്റം

പത്തനംതിട്ട: കേരളത്തിലെ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ബ്രിട്ടീഷ്‌ കമ്പനിയുടെ പേരുമാറ്റി തട്ടിക്കൂട്ടിയതാണ്‌ ഹാരിസണ്‍ മലയാളം കമ്പനിയെന്നു രേഖകള്‍.

മലയാളം പ്ലാന്റേഷന്‍ എന്ന ബ്രിട്ടീഷ്‌ കമ്പനിക്ക്‌ എഴുപതിനായിരത്തില്‍പരം ഏക്കര്‍വരുന്ന പാട്ടഭൂമിക്കുമേല്‍ അധികാരമില്ലെന്ന്‌ മനസിലാക്കിയ ചില ഉന്നതര്‍ 1978- ജനുവരി ഒന്നിന്‌ കൊച്ചിയിലാണ്‌ മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ രൂപം നല്‍കുന്നത്‌.

പനങ്ങാട്ട്‌ കൊച്ചുകൃഷ്‌ണമേനോന്‍, ശാമുവേല്‍ കുരുവിള, കെ. ജോര്‍ജ്‌ മാത്യു, വേലൂര്‍ കസ്‌തൂരിയംഗാര്‍ കൃഷ്‌ണപ്രസാദ്‌, തുണ്ടത്തില്‍ കേശവ പിള്ള വേലായുധന്‍ നായര്‍, കൊങ്ങാട്ടിര മൂപ്പഡ ഗണപതി, ശങ്കരമേനോന്‍ എന്നിവരായിരുന്നു മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡിന്റെ സൃഷ്‌ടാക്കള്‍.

എഴുപത്‌ ഓഹരികളും 79,000 രൂപയും അടച്ച്‌ രജിസ്‌റ്റര്‍ ചെയ്‌ത സ്‌ഥാപനത്തിന്റെ പേര്‌ 1984-ല്‍ ഹാരിസണ്‍ മലയാളം എന്ന്‌ മാറ്റിയാണ്‌ ഇപ്പോള്‍ വന്‍ ഭൂസ്വത്തിന്‌ ഉടമസ്‌ഥാവകാശം കമ്പനി ഉന്നയിക്കുന്നത്‌.

എന്നാല്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയ 1971-ല്‍ ഹാരിസണ്‍ മലയാളം എന്ന സ്‌ഥാപനം ബ്രിട്ടീഷ്‌ കമ്പനിയായതിനാല്‍ പിന്‍ഗാമികള്‍ക്ക്‌ കൈവശകൃഷിക്കാരന്‍ എന്ന പരിഗണന ലഭിക്കില്ലെന്ന്‌ റവന്യൂ നിയമം ചൂണ്ടിക്കാട്ടുന്നു.

2001-ല്‍ ഹാരിസണ്‍ മുംബൈ ആസ്‌ഥാനമായ സിയറ്റ്‌ കമ്പനിയുമായി റബര്‍ വില്‍ക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കി. ഇതിന്റെ മറവിലാണ്‌ കോട്ടയം, കൊല്ലം, വയനാട്‌ ജില്ലകളിലെ പതിനായിരത്തില്‍പരം ഏക്കര്‍ ഭൂമി വിറ്റ്‌ കോടികള്‍ ഇവര്‍ സമ്പാദിച്ചത്‌. ഈ വില്‍പ്പന എപ്പോള്‍ വേണമെങ്കിലും അസാധുവാക്കാനുള്ള അവകാശം റവന്യൂവകുപ്പിനുണ്ട്‌.

ഈ സ്‌ഥാപനത്തിന്‌ ഇതുവരെ ലണ്ടന്‍ ആസ്‌ഥാനമായ മലയാളം പ്ലാന്റേഷന്‍ എന്ന കമ്പനി നിയമാനുസരണം ഭൂമി രജിസ്‌റ്റര്‍ ചെയ്‌തു നല്‍കിയിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്‌.

1963-ല്‍ ഭൂപരിഷ്‌ക്കരണം നടപ്പിലായതിനാല്‍ ഇവര്‍ക്ക്‌ ഭൂമി കൈമാറ്റം ചെയ്യാനും കഴിയില്ല. അതിനാല്‍ ഹാരിസണ്‌ കേരളത്തില്‍ ഒരിടത്തും തണ്ടപ്പേരില്ല. കേശവാനന്ദന്‍ ഭാരതി 146/1973 നമ്പരായി സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ സംസ്‌ഥാനത്തെ ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ഭൂമി നല്‍കുന്നതിനാണ്‌ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയത്‌. കേരളം നല്‍കിയ സത്യവാങ്‌മൂലത്തിലും ഇത്‌ വ്യക്‌തമാക്കുന്നു. അതിനാല്‍ ലണ്ടന്‍ ആസ്‌ഥാനമായ കമ്പനിക്കോ, ഹാരിസണ്‍ ക്രോസ്‌ഫീല്‍ഡ്‌ കമ്പനിക്കോ കൊച്ചിയില്‍ രൂപംകൊണ്ട മലയാളം പ്ലാന്റേഷന്‍ (ഇന്ത്യാ) ലിമിറ്റഡ്‌ കമ്പനിക്കോ ഹാരിസണ്‍ മലയാളം കമ്പനിക്കോ കൈവശാവകാശ കര്‍ഷകനുള്ള (കള്‍ട്ടിവേറ്റിംഗ്‌ ടെനന്റ്‌) യാതൊരു നിയമ പരിരക്ഷയും ലഭിക്കില്ലെന്നുറപ്പാണ്‌.

കൂടാതെ ഹാരിസണ്‌ കേരളത്തില്‍ സൂചികുത്താനുളള മണ്ണിനുമേല്‍ അവകാശം സ്‌ഥാപിക്കാന്‍ കഴിയുംവിധമുള്ള യാതൊരു രേഖകളും സര്‍ക്കാര്‍ മുമ്പാകയോ അന്വേഷണ ഏജന്‍സിമുമ്പാകയോ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

ദ്‌ റബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്‌റ്റുമെന്റ്‌ ലിമിറ്റഡ്‌, ദ്‌ മലയാളം റബര്‍ ആന്‍ഡ്‌ പ്രൊഡ്യൂസിംഗ്‌ കമ്പനി, ദ്‌ വല്ലാര്‍ഡി ടീ എസ്‌റ്റേറ്റ്‌ ലിമിറ്റഡ്‌, ദ്‌ മേപ്പാടി വയനാട്‌ ടീ കമ്പനി, ദ്‌ ഈസ്‌റ്റ് ഇന്‍ഡ്യന്‍ ടീ ആന്‍ഡ്‌ പ്രൊഡ്യൂസിംഗ്‌ കമ്പനി, എന്നീ ബ്രിട്ടീഷ്‌ സ്‌ഥാപനങ്ങള്‍ ചേര്‍ന്നാണ്‌ 1834 മുതല്‍ 1920 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എഴുപതിനായിരത്തിലധികം ഏക്കര്‍ ഭൂമി പാട്ടത്തിനായി വാങ്ങിയത്‌. 1921-ല്‍ ഈ കമ്പനികള്‍ ചേര്‍ന്ന്‌ ലണ്ടനില്‍ രജിസ്‌റ്റര്‍ ചെയ്‌ത സ്‌ഥാപനമാണ്‌ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ്‌. നമ്പര്‍ 1-4 ഗ്രേറ്റ്‌ ടവര്‍ സ്‌ട്രീറ്റ,്‌ ലണ്ടന്‍ ഇ.സി എന്നാണ്‌ കമ്പനിയുടെ മേല്‍വിലാസം. അഞ്ച്‌ കമ്പനികളുടെ കൈവശമിരുന്ന 70492 ഏക്കര്‍ സ്‌ഥലങ്ങളുടേതാണ്‌ 1923-ല്‍ ചെങ്കല്‍പേട്ട, കൊല്ലം, വയനാട്‌ വൈത്തിരി എന്നീ സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളില്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുളള ആധാരങ്ങള്‍.

ഈ കമ്പനി ഉത്‌പാദിപ്പിക്കുന്ന റബര്‍, തേയില, കാപ്പി, ഏലം എന്നിവ മൊത്തമായി ഏറ്റെടുത്ത്‌ വില്‍പ്പന നടത്തിയിരുന്ന സ്‌ഥാപനമാണ്‌ ഹാരിസണ്‍ ആന്‍ഡ്‌ ക്രോസ്‌ ഫീല്‍ഡ്‌ കമ്പനി. 1844-ല്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഡാനിയലും സ്‌മിത്ത്‌ ഹാരിസണും ജോസഫ്‌ ക്രോസ്‌ഫീല്‍ഡും ചേര്‍ന്നാണിത്‌ രൂപീകരിച്ചത്‌. 1911-ല്‍ കൊല്ലം കേന്ദ്രമായി ഹാരിസണ്‍ ആന്‍ഡ്‌ ക്രോസ്‌ ഫീല്‍ഡ്‌ കമ്പനി വ്യാപാരം തുടങ്ങി. 1967-ല്‍ ആസ്‌ഥാനം കൊച്ചിയിലേക്കു മാറ്റി. ഇപ്പോഴും ഇവിടം തന്നെയാണ്‌ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡ്‌ കമ്പനിയുടെ ഓഫീസ്‌.

കടപ്പാട് – മംഗളം 9-09-08

1 comment to ഹാരിസണ്‍: ഭൂമി തട്ടാന്‍ മൂന്ന്‌ പതിറ്റാണ്ടു മുമ്പൊരു പേരുമാറ്റം