Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

പടക്കങ്ങള്‍ അപകടകാരികള്‍

mithayitheruvu.jpg

ചിത്രം: കടപ്പാട്‌ മാതൃഭൂമി (കോഴിക്കോട്‌ മിഠായിത്തെരുവില്‍ ഉണ്ടായ തീ പിടുത്തം)

പടക്കക്കടകളിലും പടക്കനിര്‍മാണ ശാലകളിലും പൊട്ടിത്തെറികള്‍ കാരണം എത്രയെത്ര മരണങ്ങളാണ് നടന്നിരിക്കുന്നത്‌. പ്രകൃതിസ്നേഹികളും പരിസ്ഥിതി സംരക്ഷകരുമെല്ലാം നിസ്സഹായര്‍. ഓരോ വെടി പൊട്ടുമ്പോഴും പക്ഷിമൃഗാദികളുടെ നെഞ്ചിടിപ്പ്‌ ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? പെസ്റ്റിസൈഡുകള്‍ ദിവസങ്ങളും, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞേ മനുഷ്യന് ആപത്താണെന്ന്‌ മനസിലാകുകയുള്ളു. ഇവന്‍ ആ നിമിഷം തന്നെ വേട്ട ആരംഭിക്കുന്നു. പലര്‍ക്കും പൊട്ടിത്തെറികളും അതിലൂടെ ഉയരുന്ന വിഷപ്പുകയും വലിയൊരു വിനോദമാകാം. ചെറുപ്പകാലത്ത്‌ (അറിവില്ലായ്മയുടെ കാലത്ത്‌) വര്‍ണ്ണങ്ങള്‍ ആകാശത്ത്‌ വിരിയുമ്പോള്‍ ഈ വെടിമരുന്നിന്റെ സൌന്ദര്യം കണ്ട്‌ ആസ്വദിക്കാം. എന്നാല്‍ ഇതിന്റെ വിപത്തുകളെക്കുറിച്ച് അറിവുള്ളവര്‍തന്നെ മുന്‍‌കൈയെടുത്ത്‌ ആഘോഷങ്ങളിലും വിജയത്തിലും ക്ഷേത്രങ്ങളിലും പള്ളികളിലും എന്നുവേണ്ട ഇവന് പല സ്ഥലങ്ങളിലും പൊടിപൊടിക്കുവാന്‍ അവസരമൊരുക്കുന്നു.

ഇതില്‍ നിന്നുണ്ടാകുന്ന വിഷ വാതകങ്ങള്‍ പ്രകൃതിയെ എങ്ങിനെ ബാധിക്കും, ആഗോളതാപന വര്‍ദ്ധനവില്‍ ഇവന്റെ പങ്കെന്താണ്, എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങളാണ്  ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാകുലരാകുന്നവരും കുറവല്ല. എന്നാല്‍ അവര്‍ എണ്ണത്തില്‍ കുറവാണ് എന്നു മാത്രം. ഈ അപകടകാരി പലര്‍ക്കും തൊഴിലും ലാഭവും ലഭ്യമാക്കുന്നതാകാം ഇവന്റെ വളര്‍ച്ചയ്ക്ക്‌ കാരണം. ഒരു വരുമാനത്തിനുവേണ്ടി പടക്ക നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്ന എത്രയെത്ര കുരുന്നുകള്‍ക്കാണ് കൈകള്‍ നഷടപ്പെട്ടിട്ടുള്ളത്‌.  കോഴിക്കോട്‌ മിഠായിത്തെരുവില്‍ 5-4-07 ന് പടക്കക്കടയില്‍ പൊട്ടിത്തെടി ഉണ്ടായി കടകളും ജീവനും കത്തി അമരുമ്പോള്‍ ഞാനിനി പടക്കം വാങ്ങില്ല പൊട്ടിക്കില്ല എന്നു പറയുവാന്‍ ആരെങ്കിലും ഉണ്ടോ?

ഞാനും എന്റെ കുടുംബാഗങ്ങളും ഈ പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ചു. ഹിന്ദുവായതുകൊണ്ട്‌ ക്ഷേത്രങ്ങളില്‍ പോയാലും വെടി വഴിപാട്‌ നടത്താറില്ല. എന്റെ വീട്ടീന് മുന്നിലുള്ള ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ പെരുന്നാളിന് തകര്‍പ്പന്‍ വെടിക്കെട്ട്‌ നടന്നപ്പോള്‍ ഞാന്‍ വ്യസനിച്ചു. അന്നെന്റെ വളര്‍ത്ത്നായ കാട്ടിയ ഭയവികൃതികള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

ദിവസം മൂന്നു കഴിഞ്ഞില്ല അടുത്ത പൊട്ടിത്തെറി തമിഴ്‌നാട്ടില്‍

blast_tn.jpg

ദിണ്ടിവനം (തമിഴ്‌നാട്‌): സ്ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന ജീപ്പ്പ്‌ നടുറോഡില്‍ പൊട്ടിത്തെറിച്ച്‌ ചിന്നിച്ചിതറി 16 പേര്‍ മരിച്ചു. 22 പേര്‍ക്ക്‌ പരിക്കേറ്റു. വിഴിപുരം ജില്ലയിലെ ദിണ്ടിവനത്തിനടുത്ത സെന്തൂര്‍ ഗ്രാമത്തില്‍ ദേശീയപാതയില്‍ ശനിയാഴ്ച ഉച്ചയോടെയാണ്‌ അപകടമുണ്ടായത്‌.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പാറപൊട്ടിക്കാന്‍ സ്ഫോടകസാമഗ്രികളുമായി പോയ ജീപ്പ്പാണ്‌ ദുരന്തംവിതച്ചത്‌. ഉഗ്രവീര്യമുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമുള്‍പ്പെടെയുള്ള സ്ഫോടകശേഖരമാണ്‌ ജീപ്പ്പിനകത്തുണ്ടായിരുന്നത്‌. ദുരന്തത്തില്‍ സമീപപ്രദേശത്തുള്ള അമ്പതോളം വീടുകള്‍, സ്കൂള്‍, കടകള്‍ എന്നിവ ഭാഗികമായി തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ദിണ്ടിവനം സര്‍ക്കാര്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ കൈമാറി. ഗുരുതരമായി പരിക്കേറ്റവരെ പോണ്ടിച്ചേരി സര്‍ക്കാര്‍ ആസ്പത്രിയിലും ജിപ്‌മറിലും പ്രവേശിപ്പിച്ചു
ദിണ്ടിവനത്തിനടുത്തുള്ള പാതിരാപ്പുള്ളിയൂരിലുള്ള മണലിപ്പട്ട്‌ ശേഖര്‍ എന്നയാളുടെ ഗോഡൗണില്‍നിന്നാണ്‌ സ്ഫോടകവസ്തുക്കള്‍ ജീപ്പ്പില്‍ കയറ്റിക്കൊണ്ടുപോയതെന്നും ഇയാള്‍ക്ക്‌ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനുള്ള അംഗീകൃത ലൈസന്‍സ്‌ ഉണ്ടെന്നും ഐ.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. അളവില്‍ക്കവിഞ്ഞ സ്ഫോടകവസ്തുക്കള്‍ ഇയാള്‍ ജീപ്പ്പില്‍ കുത്തിനിറച്ചതിനാലാകാം ദുരന്തം ഇത്ര തീവ്രമായതെന്നാണ്‌ പോലീസിന്റെ സംശയം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന്‌ ക്യൂ ബ്രാഞ്ച്‌ എസ്‌.പി. അശോക്‌കുമാര്‍ പറഞ്ഞു. യന്ത്രത്തകരാര്‍ പരിഹരിക്കാനായി നിര്‍ത്തിയിട്ടപ്പോള്‍ ജീപ്പ്പിനകത്ത്‌ വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടായതാകാം സ്ഫോടനത്തിന്റെ കാരണമെന്നാണ്‌ പ്രാഥമിക നിഗമനമെന്ന്‌ ഐ.ജി. പറഞ്ഞു. ദുരന്തം നടന്നയുടന്‍തന്നെ അഗ്നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട കേസായതിനാല്‍ പോലീസും ക്യൂ ബ്രാഞ്ച്‌ സംഘവും സംയുക്തമായാണ്‌ കേസന്വേഷിക്കുന്നത്‌. സംഭവത്തില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചതുള്‍പ്പെടെ മൂന്ന്‌ വകുപ്പുകളില്‍ കേസെടുത്തിട്ടുണ്ട്‌. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.

ചിത്രത്തിനും വാര്‍ത്തയ്ക്കും കടപ്പാട്‌: മാതൃഭൂമി 8-4-07

No comments yet to പടക്കങ്ങള്‍ അപകടകാരികള്‍

 • ആന, പാപ്പാനെ ചവിട്ടി കൊന്നു, ഗുണ്ട് പൊട്ടി 2 പേര്‍ മരിച്ചു, ഇതെല്ലാം സ്ഥിരം സംഭവിക്കുന്ന കാഴ്ച തന്നെ ചന്ത്രേട്ടാ. എന്നു കരുതി പടക്കം വേണ്ട എന്നു കരുതിയാല്‍ തൃശൂര്‍ പൂരവും, ആറാട്ടുപുഴ പൂരവും എന്താവും?

  ബസ്സും, ലോറിയും ഇടിച്ച് ദിവസവും ആളുകള്‍ മരിക്കുന്നു, എന്നു കരുതി, ചന്ദ്രേട്ടന്‍ ബസ്സില്‍ കയറാതിരിക്കുന്നുവോ?

  ഓര്‍ത്തഡോക്സ് പള്ളിയില്‍ പൊട്ടിയ വെടികെട്ടിനു, ചന്രേട്ടന്റെ നായ കാണിച്ച ഭയവികൃതികള്‍ കണ്ട് വേദനിച്ച ചന്രേട്ടന്‍ പേപ്പട്ടി കടിച്ച മനുഷ്യന്റെ ഭയ വികൃതികള്‍ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കൂട്ടുകാരന്‍ ജോസ് പേയ്പട്ടി കടിച്ച്, കുരച്ച്, തുപ്പി ആഴ്ചകളോളം ചങ്ങലകെട്ടില്‍ കിടാന്നൊടുവില്‍ മരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോ എന്താ നായിനെ വളര്‍ത്തുന്നത് നല്ലതാ?

  ചുമ്മാ കയറി എല്ലാത്തിലും പ്രശ്ന്മമുന്‍ണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല.

  പ്രശ്നമുണ്ടാക്കാനായി തുനിഞ്ഞാല്‍ കാണുന്നതൊക്കെ പ്രശ്നം. അല്ലേല്‍ ഒക്കെ സഹനീയം.

 • എലിയെ പേടിച്ച് ഇല്ലം ചുടാനുള്ളത്ര ഗൌരവമേറിയതൊന്നും ഈ പ്രശ്നത്തിലും കാണുന്നില്ല. വെടിക്കെട്ടപകടം/പടക്കത്തിനു പിടിക്കരുതാത്ത സമയത്തു തീ പിടിച്ച് ആള്‍നാശമുണ്ടാകുന്ന സംഭവങ്ങള്‍ ഇത് ആദ്യമല്ല കേരളത്തില്‍. ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടാത്തിടത്തോളം ഇത് ഇങ്ങനെയൊക്കെത്തന്നെ നടക്കും.
  ബ്ലോഗില്‍ ആളെക്കൂട്ടിയാല്‍ തീ അണയില്ല, അതിനു കേരളത്തില്‍ തന്നെ ജീവിക്കുന്ന നിങ്ങള്‍ കഴിയുമെങ്കില്‍ നേരിട്ടിറങ്ങണം. സ്ഫോടകവസ്തു നിയമം യഥാവിധം പാലിക്കപ്പെടാന്‍ അധികാരികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് ആലോചിക്കൂ. ഞാനും വരാം കൂടെ. അല്ലാതെ പടക്കം മേടിക്കില്ല, പൊട്ടിക്കില്ല എന്നൊക്കെ പറയാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നത് നിക്കറില്‍ മുള്ളുന്ന കൊച്ചിനെ മരിക്കും വരെ നിക്കറിടീക്കില്ല എന്നു പറയാന്‍ പ്രേരിപ്പിക്കുന്നതിനു തുല്യമാണ്.

 • കുറുമാന്‍ പ്രതികരിച്ചതിന് നന്ദി.
  പല ആശുപത്രി പരിസരങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്‌ ‘ഹോണ്‍ അടിക്കരുതെന്ന്‌‘’. ഞാന്‍ കരുതിയത്‌ ഹോണിന്റെ ശബ്ദംപോലും ചിലരുടെ ജീവന് അപകടകാരണമാകുമെന്നാണ്. അതിന് ചുറ്റിലും ആകാം വെടിക്കെട്ട്‌ അല്ലെ. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട്‌ നടത്തുവാന്‍ സുപ്രീം കോടതിയുടെ അനുവാദവും ഉണ്ട്‌. അതിനി ആരും തടയില്ല.

 • അരവിന്ദന്‍

  വെടിക്കെട്ട്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നോ! 🙂

  ജോക്‍സ് അപാര്‍ട്ട്….
  കോഴിക്കോടുണ്ടായ ദുരന്തം ഭീകരവും ദയനീയവും തന്നെ. എന്നുവച്ച് പടക്കം വേണ്ടാ എന്ന് വയ്കുന്നത് കടന്ന കൈയ്യാണ്.
  മറിച്ച് സുരക്ഷിതമായി കരിമരുന്ന് ഉപയോഗിക്കാനും വില്‍‌ക്കാനും വാങ്ങാനുമുള്ള അന്തരീക്ഷം കര്‍ക്കശമായി നടപ്പിലാക്കുകയാണ് വേണ്ടത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ, അത്യുഗ്ര സ്ഫോടകശേഷിയുള്ള പടക്കങ്ങള്‍ സ്റ്റോറ് ചെയ്യാനും വില്‍ക്കുവാനും സമ്മതിക്കരുത്.
  ഇന്ത്യക്ക് പുറത്ത് ശബ്ദമുള്ള പടക്കങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് വിരളമാണ്. പൊട്ടിയാലും അധികം സ്ഫോടകശേഷിയില്ലാത്ത എന്നാല്‍ നല്ല വെളിച്ചവും കളറും നിര്‍മ്മിക്കുന്ന തരം പടക്കങ്ങളാണ് സാധാരണം. അയല്‍‌ക്ക്കാര്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ പടക്കം പൊട്ടിക്കാനും പാടില്ല. പോലീസ് വന്നു കേസെടുക്കും.
  എങ്കിലും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ പടക്കങ്ങളും, ഉത്സവങ്ങളിലെ കരിമരുന്ന് പ്രയോഗവും നിലനിര്‍ത്തണം എന്നാണ് എന്റെ കാഴ്ചപ്പാട്. എത്ര ചിലവുണ്ടെങ്കിലും ശരി, അത് നിര്‍മ്മിക്കുന്നവരും ഉപയോഗിക്കുന്നവരും, സാധാരണ ജനങ്ങളും സുരക്ഷിതരാണ് എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം.
  നോക്കിയാല്‍ ഏതിലാണ് അപകടമില്ലാത്തത്? അപകടം ഒഴിവാക്കാവുന്ന തരത്തില്‍ ഉപയോഗിക്കാനുള്ള സംവിധാനം നിര്‍മ്മിക്കണം.
  ആശുപത്രിയുടെ പരിസരങ്ങളില്‍ പടക്കം പൊട്ടിക്കല്‍..അല്പം കടന്ന കൈയ്യാണ്. അതുപോലെത്തന്നെയാണ് അമ്പലത്തിലേയും പള്ളിയിലേയും ഉത്സവത്തിന് കോളാമ്പി മൈക്കിലെ പാട്ട് വെക്കലും..ആത്മീയ പ്രഭാഷണവും, പാര്‍ട്ടി ജാഥയിലെ പ്രസംഗങ്ങളും, എല്ലാമെല്ലാം.
  പൊതുവേ ശബ്ദമലിനീകരണത്തിനെതിരെയാണ് പ്രതികരിക്കേണ്ടത്. പടക്കങ്ങള്‍ അറ്റ്‌ലീസ്റ്റ് സീസണിലേ കാണൂ.

  (മദ്രാസ്സിലായിരുന്നപ്പോള്‍ ദീപാവലിക്കാലത്ത് 24 മണിക്കൂറും പടക്കം പൊട്ടുന്നത് കേട്ട് ഭ്രാന്തായി ഒരു തലയിണയുമെടുത്ത് ഓഫീസില്‍ പോയി, മേശക്ക് അടിയില്‍, പേപ്പറ് വിരിച്ച് സുഖായി എ.സിയില്‍ കിടന്നുറങ്ങിയിട്ടുണ്ട് 🙂 )

 • ചന്ദ്രേട്ടാ,
  മിഠായി തെരുവിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിച്ച് കൂടാത്തതാണ്.
  ദീപാവലിയോടനുബന്ധിച്ച് ഇവിടെ ഹൈദ്രാബാദില്‍ നിര്‍ത്താതെ വെടി മുഴങ്ങുമ്പോള്‍ പലപ്പോഴും അതൊരു ശല്യമായി എനിക്ക് തോന്നിയിട്ടുണ്ട്. എങ്കില്‍ കൂടിയും അനേകായിരങ്ങള്‍ക്ക് അത് നല്‍കുന്ന സന്തോഷത്തെക്കുറിച്ച്, ഒരുപാട് പേര്‍ക്ക് അത് നല്‍കുന്ന ജീവിതോപാധിയെന്ന നിലയ്ക്ക് ആലോചിക്കുമ്പോള്‍ എന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ ഒന്നുമല്ലായെന്നും എനിക്ക് തോന്നിയിട്ടുണ്ട്.
  ഇമ്മാതിരി കാര്യങ്ങളെ നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുന്നതിനേക്കാള്‍ നല്ലത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍‌കരുതലുകള്‍ ഏര്‍പ്പെടുത്തുകയും അത് കര്‍ക്കശമാക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് തോന്നുന്നു.

 • ഇതു സംബന്ധിച്ചുള്ള നിയമങ്ങള്‍ പാലിക്കാന്‍ കടക്കാരനും, അത്‌ enforce ചെയ്യാന്‍ ഉദ്ദ്യോഗസ്ഥരും അല്പം മിനക്കെട്ടിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേയിത്‌. അനുഭവിക്കുന്നത്‌ ഈ രണ്ട് കൂട്ടരുമല്ല.!!

 • വാങ്ങേണ്ടവര്‍ വാങ്ങട്ടെ, പൊട്ടിക്കേണ്ടവര്‍ പൊട്ടിച്ചോട്ടെ. ജനം തിങ്ങിക്കൂടുന്ന തെരുവുകളില്‍ നിന്ന് മാറി , ലൈസന്‍സ് വ്യസഥകള്‍ പാലിച്ച് പടക്കവില്‍പ്പനയായാല്‍ ഇനിയും ദുരന്തങ്ങള്‍ കണ്ട് നില്‍ക്കേണ്ടി വരില്ല. ലൈസന്‍സ് വ്യവസ്ഥകള്‍ പുതുക്കാന്‍ ‍ കോഴിക്കോട് വ്യാപാരിവ്യവസായ അസ്സോ. അധികാരികളോട് ആവശ്യപ്പെട്ട് തുടങ്ങി. ചന്ദ്രേട്ടനാവുന്നത് ചെയ്യൂ.

 • പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി.
  നമുക്കാര്‍ക്കും കണ്ടെത്തുവാ‍ന്‍ കഴിയാത്ത വലിയൊരു ദുരന്തം ഇതിന് പിന്നിലുണ്ട്‌. ദീപാവലി പോലുള്ള ആഘോഷങ്ങള്‍ എല്ലാപേരും ഒരുമിച്ച്‌ ആഘോഷിക്കുമ്പോള്‍ ശബ്ദമലിനീകരണം ഒരു പ്രശ്നമാകുന്നില്ല. എന്നാല്‍ ഇതില്‍ നിന്നുണ്ടാകുന്ന്ന വിഷ വാതകങ്ങള്‍ ശ്വസന വായുവില്‍ അലിഞ്ഞു ചേരുമ്പോള്‍ ഉണ്ടാകാ‍വുന്ന വിപത്ത്‌ എത്ര വലുതായിരിക്കുമെന്ന്‌ അല്‍പം ചിന്തിക്കുന്നത്‌ നല്ലതാണ്. മുന്‍ കാലങ്ങളില്‍ ജനസംഖ്യ കുറവായിരുന്നെങ്കില്‍ ആഘോഷങ്ങള് അന്ത്രീക്ഷത്തെ വലുതായി മലിനപ്പെടുത്താന്‍ വഴിയില്ല. ഇന്ന്‌ 100 കോടിയില്‍ കൂടുതല്‍ പേര്‍ അന്തരീക്ഷത്തെ പലരീതിയിലും ക്രമാതീതമായി മലിനപ്പെടുത്തിയാല്‍ സംഭവിക്കാവുന്നത്‌ ചിലപ്പോള്‍ കാസര്‍ഗോഡ്‌ എന്ഡോസല്ഫാന്‍ വരുത്തിയ വിപത്തിനേക്കാള്‍ ഭീകരമായിരിക്കില്ല എന്ന്‌ ആര്‍ക്കറിയാം. ലോകം മുഴുവന്‍ പുതുവര്‍ഷാഘോഷം‍ നടത്തിയാല്‍ ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതിനേക്കാള്‍ അളവില്‍ കൂടുതലാകാം. പിന്നെ ലോകവ്യാപകമായി വ്യാപിക്കുന്നതാകയാല്‍ ദുരന്തങ്ങള്‍ തല്‍ക്കാലം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നു വരും. അനുവാദമുള്ളതിനാല്‍ പോക്കറ്റിന്റെ കനം പോലെ പടക്കുകള്‍ വാങ്ങാം പൊട്ടിക്കാം. വിഷ വായു ശ്വസിച്ചാല്‍ ആസ്മപോലുള്ള അസുകങ്ങളുള്ളവര്‍ അനുഭവിച്ചോട്ടെ. അവര്‍ക്കുവേണ്ടി അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ട്‌ അല്പമൊന്നാശ്വസിപ്പിക്കാന്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ ആര്‍ക്കും സമയം കിട്ടിയെന്നും വരില്ല. അന്യന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നില്ലെങ്കിലും സന്തോഷത്തില്‍ പങ്കുചേരുവാന്‍ ധാരാളം ആളെക്കിട്ടും.

 • priyamvada

  അരവിന്ദ്‌ പറഞ്ഞതിനോടാണു എനിക്കു യോജിപ്പു..ഇന്ത്യക്കു പുറത്തു ഒരു പാടു fireworks ഉണ്ടു ..എന്നാല്‍ അധികം ശബ്ധഘോഷമില്ലാതെ ,വര്‍ണപ്പൊലിമയോടെ ,അപകടങ്ങളില്ലാതെ തന്നെ ..എന്തു കൊണ്ടു നമുക്കു അനുകരിച്ചുകൂട?.

  എന്നാല്‍ തിരുവന്തപുരത്തു ഒരു ജങ്ക്ഷന്‍ അടുത്തു താമസിച്ചിരുന്നപ്പോള്‍,ഒരു വയസ്സുള്ള കുട്ടി 3 ദിവസം ഉറക്കം ഞെട്ടി തെറിക്കുന്നതു കണ്ടു സഹിക്കാന്‍ പറ്റാതെ ,ദീപാവലിക്കു അവിടത്തെ ചെറുപ്പക്കാരുമായി ഇടയേണ്ടി വന്നിട്ടുണ്ടു .. ബൈക്കിന്റെയും മൈക്കിന്റെയും ഇരമ്പലും സഹിക്കാവുന്നതില്‍ അധികമായിരുന്നു, ഇനിയൊരിക്കലും ജങ്ക്ഷന്റെ അടുത്തു തമസിക്കില്ല എന്നു ശപഥം ചെയ്തു അന്നു..
  അമിത്മായാല്‍ അന്തരീക്ഷമലിനീകരണവും ഒരു പ്രശ്നമാകാം

 • Ziya

  ഇക്കാസ് പറഞ്ഞത് ശരിയാണ്..
  പടക്കങ്ങളും വെടിമാരുന്നുകളും ഉപയോഗിക്കുന്നതിന്‍‌ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. അവ പാലിക്കപ്പെടുന്നില്ല. “സ്ഫോടകവസ്തു നിയമം യഥാവിധം പാലിക്കപ്പെടാന്‍ അധികാരികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് ആലോചിക്കൂ. ഞാനും വരാം കൂടെ. ”
  ഞാനും വരാം..

 • അരവിന്ദന്‍

  ചന്ദ്രേട്ടന്‍ പറയുന്നത് പോയന്റാണ്.
  ഹിരോഷിമയും നാഗസാക്കിയും ഒക്കെ അതിശയോക്തിയാണെങ്കിലും കടുത്ത ആരോഗ്യപ്രശ്നവും, മലിനീകരണവും ദീപാവലി സീസണില്‍ വടക്കേ ഇന്ത്യയില്‍ പടക്ക ഉപയോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്.
  കേരളത്തില്‍ അവ തുലോം കുറവാണ്. അമ്പല/പള്ളിപ്പറമ്പുകളില്‍ മാത്രമുത്സവത്തിനുമാത്രമല്ലേ ഇവ ഉപയോഗിക്കുന്നുള്ളൂ? ആയിരം കിലോ പടക്കം വളരെ കൂടിയ എമൌ‍ണ്ട് തന്നെ. ആള്‍ക്കാര്‍ ഇത്രയും പടക്കം പൊട്ടിച്ചു കളയുന്നുണ്ടോ? അതിശയകരമായിരിക്കുന്നു.

  മൂന്നാം ലോകമാണ് ചന്ദ്രേട്ടാ..ആള് വില കല്ലുവില! അവടെ മനുഷ്യര് മൃഗങ്ങളേക്കാള്‍ കഷ്ടപ്പാടില്‍ ജീവിക്കുന്നു, വൃത്തികെട്ട പൊതു ഉപയോഗ കേന്ദ്ദ്രങ്ങള്‍, ബീഡി നാറുന്ന, ചിലന്തി കെട്ടിയ സര്‍ക്കാര്‍ ഓഫീസുകള്‍, ഓക്കാനം വരുന്ന വിയര്‍പ്പ് അളിയുന്ന ഹോട്ടല്‍ അടുക്കളകള്‍, നിറഞ്ഞൊഴുകുന്ന ഓടകള്‍, അതില്‍ പോളമ്പൊട്ടിക്കുന്ന കൂരുന്നുകള്‍, കുടിലുകള്‍ക്ക് നടുവിലൂടെ പോകുന്ന റെയില്‍പ്പാളത്തില്‍ മനുഷ്യമലത്തിന്റെ തിരു അവശേഷിപ്പുകള്‍, മൂത്രം/മുറുക്കിത്തുപ്പല്‍ നാറുന്ന ഷോപ്പിംഗ് സ്റ്റ്രീറ്റൂകള്‍, കാറില്‍ നിന്ന് ഫുട്പാത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന മാന്യന്മാര്‍, ബസ്റ്റാന്‍ഡില്‍ കുട്ടിയ അപ്പിയ്യിടീക്കുന്ന അമ്മമാര്‍, ചപ്പുചവറുകള്‍/സിഗര്‍ട്ട്/ബീഡി എവിടെയും വലിച്ചെറിയുന്ന കോളേജ് കുമാരന്മാര്‍….

  പടക്കം പൊട്ടീര് മാത്രം അങ്ങ് നിരോധിച്ചാല്‍ മതി.

 • wakaari

  പടക്കങ്ങള്‍ എത്രമാത്രം അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും എന്നറിയില്ല. മനുഷ്യനെ ദോഷകരമായി ബാധിക്കുന്നതാണെങ്കില്‍ അതിനു വേണ്ട നടപടി എടുക്കുക തന്നെ വേണം. സിഗരറ്റും ആരോഗ്യത്തിന് ദോഷകരമാണ് എന്നെഴുതിവെച്ചുകൊണ്ടുതന്നെ ലോകമെമ്പാടും വില്‍‌ക്കപ്പെടുന്നുണ്ടല്ലോ. അതിന്റെ ദോഷം വലിക്കുന്നവര്‍ക്ക് മാത്രമല്ല താനും.

  എന്നിരുന്നാലും നാട്ടിലുള്ള ബാക്കി പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചിട്ട് ഈ പ്രശ്‌നവും പരിഹരിച്ചാല്‍ മതി എന്ന് ഓരോ പ്രശ്‌നത്തെപ്പറ്റി പറയുമ്പോഴും പറയുന്നത് ശരിയായ രീതിയല്ല എന്നാണ് എന്റെ അഭിപ്രായം. എവിടെനിന്നെങ്കിലും തുടങ്ങണമല്ലോ.

  പടക്കം പ്രശ്‌നമല്ല, അത് കൈകാര്യം ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് നേരാംവണ്ണം കൈകാര്യം ചെയ്യിക്കണം. ഇക്കാസ് പറഞ്ഞതുപോലെ എലി ഉണ്ടെന്ന് വെച്ച് ഇല്ലം മൊത്തം ചുടേണ്ടല്ലോ. നിയമങ്ങള്‍ ഇല്ലാത്തതല്ല നാട്ടിലെ പ്രശ്‌നം. ഉള്ള നിയമങ്ങള്‍ എന്‍‌ഫോഴ്‌സ് ചെയ്യാത്തതും ചെയ്യിക്കാത്തതുമാണ്. പാലിക്കാതിരിക്കുന്നതിന് പടക്കക്കാരന്‍ ഉള്‍പ്പടെ നമ്മള്‍ സാധാരണക്കാരും പാലിപ്പിക്കാതിരിക്കുന്നതിന് സര്‍ക്കാരും ഉത്തരവാദികള്‍. ഏതെങ്കിലും ഒരു കൂട്ടര്‍ വിചാരിച്ചാല്‍ തന്നെ പകുതിയില്‍ കൂടുതല്‍ ശരിയാകും കാര്യങ്ങള്‍.

  (മിഠായിത്തെരുവില്‍ വെറും പടക്കം പൊട്ടല്‍ മാത്രമല്ല കാരണമെന്നും കേള്‍ക്കുന്നു-അങ്ങിനെയെങ്കില്‍ അവിടെയും നമുക്കും സര്‍ക്കാരിനും ഉത്തരവാദിത്തങ്ങള്‍ ഉണ്ട്)

 • ദില്‍ബാസുരന്‍

  തക്കാളിപ്പെട്ടി വയ്ക്കുമ്പോലെ പടക്കപ്പെട്ടി വെച്ചാല്‍ ഇങ്ങനിരിക്കും. സര്‍ക്കാര്‍ ഫയറെഞ്ചിനയച്ചില്ല ഹെലികോപ്ടറയച്ചില്ല, ശിവകാശിയിലെ കുട്ടികള്‍, ഇതൊക്കെ നിരോധിയ്ക്കണം എന്നൊക്കെ മുറവിളി കൂട്ടുന്ന നമ്മള്‍ നമ്മുടെ കടമകള്‍ ആദ്യം പാലിക്കുന്നുണ്ടോ? ലൈസന്‍സ് ചട്ടങ്ങള്‍ അനുസരിച്ചാണോ നമ്മള്‍ പടക്കം വില്‍ക്കുന്നതും സൂക്ഷിക്കുന്നതും അത് നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും? ഇതൊന്നും നന്നാവില്ല മാഷേ… ഡേര്‍ട്ടി തേഡ് വേള്‍ഡ് കണ്ട്രി എന്നും പറഞ്ഞ് ഓടി രക്ഷപ്പെടാം. അല്ലെങ്കില്‍ എന്റെ രാജ്യം ഇങ്ങനെയാണ് അത് എന്റെ കൂടി രാജ്യമാണ്, നന്നാക്കാന്‍ ശ്രമിയ്ക്കാം എന്നും ചിന്തിയ്ക്കാം.

  ഓരോ പൌരനും സ്വന്തം കടമ ശരിക്ക് നിര്‍വഹിച്ചാല്‍ നന്നാവുന്ന് കാര്യമേ ഉള്ളൂ. നട്ടെല്ലുള്ള നാലാള് മാതൃക കാണിക്കണം. മാറ്റം തനിയെ വന്നോളും. ഒന്നിരുട്ടി വെളുക്കുമ്പോള്‍ വരും എന്നല്ല. അതിനുള്ള ആദ്യ പടിയെങ്കിലും ചെയ്യണം. അല്ലെങ്കില്‍ വള വളാന്ന് പറഞ്ഞ് ഇരിക്കാം. അല്ലെങ്കില്‍ ഈ പോസ്റ്റില്‍ 1000 കമന്റ് അടിക്കാം. നാട് നന്നായിക്കോളും.

 • നിയമങ്ങലില്ലാഞ്ഞിട്ടല്ല,നിയന്ത്രണങ്ങളുമില്ലാഞ്ഞിട്ടല്ല. കുട്ടികളേക്കൊണ്ടു കൂടി ചെയ്യിക്കുന്ന ഏറ്റവും ആപത്തായ ഈ തൊഴിലില്‍ മരിച്ചവരുടെയോ അംഗവൈകല്യം വന്നവരുടേയോ കണക്ക് എടുത്താല്‍ തീരുകയില്ല. എന്നിട്ടും നമുക്ക് പട്ടാശുകളോട് പ്രീയം കൂടുന്നു. ദീപാവലി വരട്ടെ-ശിവകാശിയില്‍ മരണം നിത്യ സംഭവമാകും.

  എന്നാ‍ണാവോ നമ്മള്‍ സ്വയം തിരുത്തുക?

 • പൂരംവെടിക്കെട്ട്‌ നടത്തേണ്ടെന്ന്‌ പാറമേക്കാവ്‌ തീരുമാനിച്ചു

  തൃശ്ശൂര്‍:ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കര്‍ശനവ്യവസ്ഥകള്‍ പ്രകാരം പൂരം വെടിക്കെട്ട്‌ നടത്തേണ്ടതില്ലെന്ന്‌ പാറമേക്കാവ്‌ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു.

  ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന തീരുമാനമുണ്ടായത്‌. നിബന്ധനകളല്ല മറിച്ച്‌ വെടിക്കെട്ട്‌ നടത്താനാവാത്ത തരത്തിലുള്ള കര്‍ശന നിബന്ധനകളാണ്‌ നിലവില്‍ നല്‍കിയിട്ടുള്ളതെന്ന്‌ യോഗം വിലയിരുത്തി. പൂരം നടത്തിപ്പ്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ ബുധനാഴ്ച യോഗം പാറമേക്കാവില്‍ നടക്കും. വെടിക്കെട്ട്‌ സംബന്ധിച്ച്‌ കൈക്കൊണ്ട തീരുമാനം തിരുവമ്പാടിയെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.

  കരിമരുന്ന്‌ ഉപയോഗത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പൂരം വെടിക്കെട്ടിന്റെ ഒരുക്കങ്ങള്‍ മന്ദഗതിയിലാക്കിയിരുന്നു. എട്ടിഞ്ച്‌ നീളമുള്ള കോറ ഉപയോഗിച്ച്‌ മാത്രമേ വെടിക്കെട്ട്‌ നടത്താന്‍ നിലവിലുള്ള നിയന്ത്രണപ്രകാരം സമ്മതിക്കൂ. എന്നാല്‍ ഇത്‌ അപര്യാപ്തമാണെന്ന്‌ വെടിക്കെട്ട്‌ കരാറുകാരും കമ്മിറ്റിക്കാരും അഭിപ്രായപ്പെടുന്നു. മുമ്പ്‌ 20 ഇഞ്ച്‌ വരെയുള്ള കോറകളാണ്‌ ഉപയോഗിച്ചിരുന്നത്‌.

  രണ്ടുകൊല്ലമായി നിയന്ത്രണങ്ങള്‍ വന്നുതുടങ്ങിയതോടെ 14 ഇഞ്ചിലേക്ക്‌ കോറയുടെ വലുപ്പം കുറഞ്ഞിരുന്നു. എട്ടിഞ്ച്‌ വലുപ്പമുള്ള കോറഉപയോഗിച്ച്‌ വെടിക്കെട്ട്‌ നടത്തിയാല്‍ ഒലപ്പടക്കം പൊട്ടുന്ന ശബ്ദമേ ഉണ്ടാകൂ എന്നാണ്‌ പറയുന്നത്‌.

  വ്യാഴാഴ്ച കളക്ടര്‍ വിളിച്ചുചേര്‍ത്തയോഗത്തില്‍ നിയന്ത്രണം കര്‍ശനമായി പാലിക്കണം എന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു. എണ്ണംകൂട്ടി വെടിക്കെട്ട്‌ ഭംഗിയാക്കുന്ന നിര്‍ദ്ദേശം വന്നെങ്കിലും അത്‌ പ്രായോഗികമല്ലെന്ന നിലപാടാണ്‌ വെടിക്കെട്ട്‌ പ്രേമികള്‍ക്ക്‌. നിയന്ത്രണങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി തിരുവമ്പാടിക്ക്‌ വേണ്ടി വെടിക്കെട്ട്‌ ഒരുക്കുന്ന കുണ്ടന്നൂര്‍ ആനന്ദന്‍ദേവസ്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം പിന്മാറിയെന്ന പ്രചാരണം ശരിയല്ലെന്ന്‌ ദേവസ്വം സെക്രട്ടറി പ്രൊഫ. എം.മാധവന്‍കുട്ടി പറഞ്ഞു.
  കടപ്പാട്‌: മാതൃഭൂമി 8-4-07

 • kuttamenon

  കേരളത്തിലെ പ്രശസ്തമായ നെന്മാറ വേല കഴിഞ്ഞ ദിവസം നടന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെടിക്കെട്ട് നടക്കുന്നത് നെന്മാറയിലാണ്. തൃശ്ശൂര്‍ പൂരമൊക്കെ നെന്മാറക്കും ഉത്രാളിക്കാ‍വു പൂരത്തിനുമൊക്കെ പിറകിലേ വരു. . അവിടെയില്ലാത്ത നിരോധനം തൃശ്ശൂ‍രിനുമാത്രമാവുന്നത്, തൃശ്ശൂര്‍ പൂരത്തിന്റെ പൊലിമ കുറക്കാനുള്ള ഗൂഢ നീക്കം തന്നെയാണ്. ഇതിനെതിരെ പ്രതിഷേധിച്ചേ പറ്റൂ.
  അടുത്ത കാലത്തൊന്നും തന്നെ തൃശ്ശൂര്‍ പൂരത്തിന് ഒരു അപകടവും ഉണ്ടായിട്ടില്ല. അപകടങ്ങള്‍ ഉണ്ടാവില്ലെന്ന്നല്ല, അതിനെ നേരിടാനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്.
  കഴിഞ്ഞ ദിവസം തൃശ്ശൂരിലെ ഒരു പൂരപ്രമാണിയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, ജില്ലാ
  കളക്ടര്‍ ഒരു അവര്‍ണ്ണ ജാതിക്കാരിയായതുകൊണ്ടാണ് സവര്‍ണ്ണ ഭൂ‍രിപക്ഷം നടത്തുന്ന പൂരത്തെയെതിര്‍ക്കുന്നതെന്നാണ് പറഞ്ഞത്. ഇതാണ് പത്രങ്ങള്‍ക്ക് അറിയാത്ത പൊതുജന വികാരം.

 • Moorthy

  ഉത്രാളിക്കാവിലും നെന്മാറയിലുമൊക്കെ വിശാലമായ പാടത്തല്ലേ വെടിക്കെട്ട്? തൃശ്ശൂരില്‍ ടൌണിന്റെ നടുക്കും. ചുറ്റും ആസ്പത്രികളും. നിയന്ത്രിച്ചേ മതിയാവൂ. നിയന്ത്രിക്കുമ്പോള്‍ എന്നാല്‍ ഞങ്ങള്‍ വെടിക്കെട്ട്‌ നടത്തുന്നില്ല എന്ന് കൊച്ചുപിള്ളാരുടെ ശൈലിയില്‍ പിണങ്ങുന്നതില്‍ കഥയുണ്ടോ?
  തൃശ്ശൂര്‍ പൂരം തുടങ്ങുന്ന സമയത്ത് വെടിക്കെട്ടുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഇത്ര ഉണ്ടായിരുന്നിരിക്കില്ല. കുറേശ്ശെ കൂടിക്കൂടി വെടിക്കെട്ട് ഇത്രയുമായതുപോലെ, ഇനി കുറേശ്ശെ കുറച്ച് കുറച്ച് വിദേശരാജ്യങ്ങളിലേതുപോലെ കളറും വെളിച്ചവും ഉള്ളതരം സംഭവം ആക്കാം. തൃശ്ശൂരില്‍ പൊട്ടുന്ന ഡയനക്കുള്ള നാടന്‍പേര് ‘ഗര്‍ഭംകലക്കി’ എന്നാണ്. അതിന്റെ ഉഗ്രത പിടികിട്ടിക്കാണുമല്ലോ.

 • അരവിന്ദ്

  “എന്നിരുന്നാലും നാട്ടിലുള്ള ബാക്കി പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചിട്ട് ഈ പ്രശ്‌നവും പരിഹരിച്ചാല്‍ മതി എന്ന് ഓരോ പ്രശ്‌നത്തെപ്പറ്റി പറയുമ്പോഴും പറയുന്നത് ശരിയായ രീതിയല്ല എന്നാണ് എന്റെ അഭിപ്രായം. എവിടെനിന്നെങ്കിലും തുടങ്ങണമല്ലോ.”

  എവിടുന്ന് തുടങ്ങാന്‍? എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ഒടിപ്പിടിച്ഛ് ചില നീയന്ത്രണങ്ങള്‍ കുറച്ച് കാലത്തേക്ക് കൊണ്ടുവരുന്നതല്ലാതെ എന്ത് മാങ്ങാത്തൊലിയാണ് സര്‍ക്കാര്‍ ഇതുവരെ‍ ചെയ്തുപോന്നത്? എവിടെയോ ബസ്സപകടമുണ്ടായപ്പോ പെണ്ണുങ്ങളെ എല്ലാം എടുപിടി പിന്നിലേക്ക് മാറ്റിയിരുത്തി. എന്നിട്ടെന്തായി? ഓരോ പ്രശ്നമുണ്ടാകുമ്പോല്‍ സോള്‍വ് ചെയ്യാന്‍ ഒടുന്ന്നു എന്നല്ലാതെ പ്രീ എമ്പ്റ്റീവ് ആയി എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇല്ലലോ? അതാ തേഡും ഫസ്റ്റും തമ്മില്ലുള്ള വ്യത്യാസം. ആരേയും കുറ്റപ്പെടുത്തുകയല്ല.
  പറഞ്ഞത് പ്രശ്നം സോള്‍വാക്കേണ്ട എന്നല്ല…ഇത്തരം പ്രശ്നങ്ങള്‍ സോള്‍‌വാക്കാന്‍ സമൂഹവും വ്യക്തികളും ഒരു മിനിമം സ്റ്റാന്ന്ദേര്‍ഡ് ഓഫ് സ്സോഷ്യല്‍ കണ്‍സേണ്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അല്ലാതെ ശരിയാവില്ല. സ്വാതന്ത്യം കൊണ്ട് വഷളായ സമൂഹമാണ് നമ്മുടെ. ദാരിദ്യ്യം കൊണ്ട് മത്സരവും, ആര്‍‌ത്തിയും സഹജീവികളോടുള്ള കരുണയില്ലായമയും ഉള്ള സമൂഹം. അതിന് പറ്റിയ ഒരു സോഷ്യല്‍ മച്യൂര്രിറ്റി ലെവല്‍ ആദ്യം ഉണ്ടാക്കിയെടൂത്തെങ്കിലേ ഇത്തരം പ്രശ്നങ്ങള്‍ സൊള്‍വാക്കാന്‍ കഴിയൂ. മരുന്ന് വിധിക്കും മുന്നേ രോഗിയുടെ ശരീരം അത് താങ്ങുമോന്ന് നോക്കണം. അല്ലെങ്കില്‍ ഫലിക്കില്ല. ഉറപ്പ്.

  നമ്മുടെ കടമകള്‍….അത് പാലിക്കപ്പെടുന്നുണ്ടോ? നല്ല ചോദ്യം.
  പോലീസില്ലാത്ത ഒരു ട്രാഫിക്ക് ലൈറ്റില്‍ സായിപ്പ്പ് മൂന്ന് മിനിറ്റ് വണ്ടി നിര്‍ത്തിടും. എത്ര മലയാളികള്‍ ചെയ്യും? ചെയ്യുന്നവന്‍ വിഡ്ഡി എന്ന രീതിയില്‍ മറ്റുള്ളവന്‍ ഹോണടിച്ച് സൈഡില്‍ കൂടിപോകും..കടമ നിര്‍വ്വഹിക്കാത്തവര്‍ഫെ എന്തുചെയ്യണം?
  ജനാധിപത്യമാണല്ലോ?

  ഇച്ഛാശക്തി.കൂട്ടായ്മ. സഹവര്‍ത്തിത്വം.പരസ്പരബഹുമാനം. ഇതൊക്കെ ഒരോ സംസ്കാരത്തിന്റെ ഭാഗമാണ്. നമുക്കെവിടെയോ അതൊക്കെ നഷ്ടപ്പെട്ടുപോയി. ജീവിക്കാനുള്ള പരക്കം പാച്ചിലില്‍. സാമ്പത്തികമായി സമൂഹം മെച്ചപ്പെട്ടാന്‍ ഒരു പരിധി വരെ ഇതൊക്കെ തനിയെ ഉണ്ടാകാം. ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറായി നടക്കുന്നവരുടെ ഇടയില്‍ ഇതെങ്ങനെ പ്രതീക്ഷിക്കും?

  എനിക്കറിയില്ല.