Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

മലയാളം വിക്കിപീടിയയില്‍ എഴുതാന്‍ കഴിയാതെ പോയത്‌

റബ്ബര്‍ ഉത്‌പദനത്തിലും ഉപഭോഗത്തിലും ഇന്ത്യയുടെ സ്ഥാനം നാലാമത്തേതാണ്‌. റബ്ബര്‍ ബോര്‍ഡാണ്‌ റബ്ബറിനെ സംബന്ധിക്കുന്ന എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്‌. പ്രതിമാസ സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ്‌ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. നാലുപേജുകളായാണ്‌ അത്‌ പ്രസിദ്ധീകരിക്കുന്നത്‌. ഉദാഹരണത്തിന്‌ 2006 മാര്‍ച്ച്‌ മാസത്തെ സ്ഥിതിവിവരകണക്കുകള്‍ പി.ഡി.എഫ്‌ ഫയലായി പ്രസിദ്ധീകരിച്ചിട്ടുള്ളത്‌ കാണുക. ഒരു കര്‍ഷകനെന്ന നിലയില്‍ ഞാന്‍ നടത്തിയ പഠനവും വിശകലനവും 1996-97 മുതല്‍ 2005-06 വരെയുള്ള സ്വാഭാവിക റബ്ബറിനെ സംബന്ധിക്കുന്നതും സിന്തറ്റിക്‌ റബ്ബറിനെ സംബന്ധിക്കുന്നതുമായ സ്ഥിതിവിവര കണക്കുകള്‍ (സ്വാഭാവിക റബ്ബറിനെപറ്റിയും സിന്തറ്റിക്‌ റബ്ബറിനെപറ്റിയും 1990-91 മുതല്‍ 2005-06 വരെയുള്ള മറ്റൊരു രൂപത്തിലുള്ള കണക്കും ഇതേ പേജില്‍ ലഭ്യമാണ്‌. ക്രോസ്‌ ചെക്ക്‌ ചെയ്യുവാന്‍ ഇത്തരം കണക്കുകള്‍ പ്രയോജനപ്പെടും. ഇതിലെ പല കണക്കുകളും റബ്ബര്‍ബോര്‍ഡിന്റെ സൈറ്റിലും ലഭ്യമാണ്‌) ഇതാണ്‌. കൂടാതെ കയറ്റുമതി, ഇറക്കുമതി, ക്രമക്കേട്‌ എന്നിവയും അവയുടെ മൂല്യവും ഇതാണ്‌.

ക്വാളിറ്റി റബ്ബര്‍ മാര്‍ക്കെറ്റിംഗ്‌ സൊസൈറ്റിയുടെ സെക്രട്ടറ്റിയായിരിക്കെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ബ്രൈടെക്‌ ലഭ്യമാക്കിയിരുന്നതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ ചില പേജുകളില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്നവ പുനപ്രസിദ്ധീകരണം നടത്തിയിട്ടുണ്ട്‌.

“അപൂര്‍ണമാണ്‌”

15 comments to മലയാളം വിക്കിപീടിയയില്‍ എഴുതാന്‍ കഴിയാതെ പോയത്‌

 • ക്രമക്കേടിനും കണക്കുണ്ടല്ലേ! 🙂

  ഇത്തരം കണക്കുകള്‍ സാധാരണ കര്‍ഷകനെ/ഉപഭോക്താവിനെ എങ്ങനെ ബാധിക്കുന്നു?

 • ശനിയന്‍: ഇത്തരം കണക്കുകള്‍ കര്‍ഷകന്റെ മുന്നില്‍ നിരത്തി അധിക സ്റ്റോക്ക്‌ കാട്ടി കര്‍ഷകര്‍ക്ക്‌ കിട്ടാത്ത ആനുകൂല്യങ്ങള്‍ നല്‍കി എക്സ്‌പോര്‍ട്ട്‌ ചെയ്യിക്കുന്നു. ഫലമോ സംസ്ഥാന സര്‍ക്കാരിന്‌ കിട്ടേണ്ട വാങ്ങല്‍ നികുതി നഷ്ടപ്പെടുവാന്‍ കാരണമാകുന്നു. മാത്രവുമല്ല ഇടനിലക്കാര്‍ പലരും സര്‍ക്കാര്‍ ഏജന്‍സികളായതിനാല്‍ “കാട്ടിലെതടി തേവരുടെ ആന” എന്നരീതിയില്‍ താണ വിലയ്ക്ക്‌ എക്സ്‌പോര്‍ട്ട്‌ ചെയ്യുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌ 2002-03 ല്‍ ബല്‍ജിയത്തിലേയ്ക്ക്‌ 193 ടണ്‍ സ്വാഭാവിക റബ്ബര്‍ 3448,000 രൂപയ്ക്ക്‌ കയറ്റുമതി ചെയ്യുകയുണ്ടായി. കിലോ ഒന്നിന്‌ 17.86 രൂപ നിരക്കില്‍ നടന്ന കയറ്റുമതി നടന്നപ്പോള്‍ അന്താരാഷ്ട്ര വില RSS 3 ന്‌ 41.10 രൂപയും കോട്ടയത്ത്‌ RSS 4 ന്‌ 39.19 രൂപയും ആയിരുന്നു. അതേ വര്‍ഷം ആകെ കയറ്റുമതി 55311 ടണ്ണുകള്‍ 1851238,000 രൂപയ്ക്കും (Rs.. 33.47/Kg) ഉം ഇറക്കുമതി 26229 ടണ്ണുകള്‍ 994290,000 രൂപയുടെ (Rs. 37.90/Kg). ഇത്‌ 26217 ആയി ഭേതഗതി ചെയ്തുവെന്നാണ്‌ ഓര്‍മ. ഇറക്കുമതി ചെയ്യുന്നതോ കയറ്റുമതി ചെയ്യുന്നതിന്റെ നിശ്ചിത ശതമാനം 0% ഇറക്കുമതി തീരുവയോടെ. കബളിപ്പിക്കപ്പെടുന്നത്‌ ചെറുകിട കര്‍ഷകരും ചെറുകിട ഉത്‌പന്ന നിര്‍മാതാക്കളും.
  പ്രതി ഹെക്ടര്‍ ഉത്‌പാദന ചെലവ്‌ കാലാകാലങ്ങളില്‍ സര്‍വേ നടത്തി ശേഖരിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത്‌ പ്രസിദ്ധീകരിക്കാറില്ല. അപ്രകാരം അതിലെ തെറ്റ്‌ തിരുത്തിക്കുവാനുള്ള അവകാശവും കര്‍ഷകന്‌ നഷ്ടമാകുന്നു. BICP ബ്യൂറോ ഓഫ്‌ ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ്‌ ആഫ്‌ പ്രൊഡക്‌ഷന്‍ ആണ്‌ ഉപഭോക്താവ്‌ ഉത്‌പന്നം വാങ്ങിക്കുമ്പോള്‍ കൊടുക്കേണ്ട നികുതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുന്നത്‌. റബ്ബറിന്‌ വില കൂട്ടി നികുതി കുറപ്പിച്ചതിനുശേഷം റബ്ബറിന്റെ വില കുറയ്ക്കുവാനുള്ള തന്ത്രങ്ങള്‍ വന്‍കിട ഉത്‌‌പന്ന നിര്‍മാതാക്കള്‍ കൂട്ടായി ചേര്‍ന്ന്‌ നടപ്പിലാക്കുന്നു.

 • ചന്ദ്രേട്ടാ
  ഒരു ഓഫ് ടോപ്പിക്കാണെ..
  ഞാന്‍ എന്റെ ഇഞ്ചിമാങ്ങാ ബ്ലോഗില്‍ ചന്ദ്രേട്ടന്‍ അന്ന് എനിക്ക് പറഞ്ഞ് തന്നെ മഗ്നീഷ്യത്തിന്റെ കാര്യം എഴുതിയിട്ടുണ്ട്. എനിക്ക് പക്ഷെ ചന്ദ്രേട്ടന്റെ കൃഷി പാഠങ്ങളിലേക്ക് ഒരു ലിങ്ക് കൊടുക്കണം..പക്ഷെ ആ ലിങ്ക് കൊടുക്കുമ്പൊള്‍ അത് ശരിയായി വരുന്നില്ല. അത് കുറേ അധികം ട്ടഗ്സ് അങ്ങിനെ കാണിക്കുന്നു.ന്നിട്ട് ലിങ്ക് ശരിയാവുന്നുമില്ല..ഏതാണ് കൃഷിപാഠത്തിലേക്ക് മാത്രമുള്ള ഒരു ലിങ്ക്? പറഞ്ഞ് തന്നാല്‍ ഉപകാരം ആയിരുന്നു..
  എനിക്ക് മെയിന്‍ പേജിലേക്ക് ലിങ്കുന്നതിന് പകരം ആ കൃഷി പാഠങ്ങളിലേക്ക് ലിങ്കണം..എന്താ ചെയ്യാ?
  താങ്ക്സ്.

 • പ്രിയ ചന്ദ്രശേഖരന്‍ നാ‍യര്‍,

  ഏതാനും മാസങ്ങള്‍ക്കു മുന്‍‌പ് മലയാളം വിക്കിപീഡിയയിലേക്ക് ബ്ലോഗെഴുതുന്നവരുടെ ശ്രദ്ധതിരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ ഏറ്റവുമാദ്യം പിന്തുണയുമായി കടന്നെത്തിയ ആളാണു താങ്കള്‍. പ്രായം കൊണ്ടും, കര്‍മ്മ പരിചയംകൊണ്ടും എന്നെപ്പോലുള്ളവരേക്കാള്‍ വിവേകം പുലര്‍ത്തുന്ന താങ്കളുടെ സാന്നിധ്യം ഒരനുഗ്രഹമാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

  എന്നാല്‍ തുറന്നു പറയട്ടെ, താങ്കളുടെ സ്വകാര്യ പേജിലേക്കുള്ള ചൂണ്ടുപലക മാത്രമായ ഈ ലേഖനം വിക്കിപിഡിയയില്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതിനെതിരെ താങ്കള്‍ നടത്തുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ എനിക്കു ലജ്ജ തോന്നുന്നു. വിക്കിപീഡിയയുടെ സ്വഭാവത്തിനു ചേര്‍ന്ന ഉള്ളടക്കമല്ലെന്നു പലതവണ ചൂണ്ടിക്കാട്ടി ആ ലേഖനം ഒഴിവാക്കിയിട്ടും താങ്കളും താങ്കളുടെ സുഹൃത്തും ചേര്‍ന്ന് പലതവണ അതു പല രീതിയില്‍ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍, പ്രായത്തില്‍ വലിയ കാര്യമില്ലെന്ന സത്യം മനസിലാകുന്നു.

  ഒന്നറിയുക, പല തിരക്കുകള്‍ മാറ്റിവച്ച് തങ്ങളുടെ അറിവ് മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കാനായി നിസ്തന്ദ്രം അധ്വാനിക്കുന്ന ഏതാനും ചെറുപ്പക്കാരുണ്ട് മലയാളം വിക്കിപീഡിയയില്‍. താങ്കളുടെ പ്രവര്‍ത്തികള്‍ അവര്‍ക്കു നേരെയുള്ള കൊഞ്ഞനംകുത്തലാണെന്ന കാര്യം മറക്കേണ്ട.

  വിക്കിപീഡിയയിലും ഇ മെയിലിലൂടെയും എന്തുകൊണ്ട് ഈ ലേഖനം അവിടെ പ്രസിദ്ധീകരിച്ചുകൂടാ എന്നു ഞങ്ങള്‍ ചൂണ്ടിക്കാട്ടൂകയുണ്ടായി. അതൊന്നും മനസിലായില്ലെങ്കില്‍ ഇനിയും വിശദീകരിക്കാം.

  വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വേദിയാണ് വിക്കിപീഡീയ. അത് ഒരു ഡിസ്കഷന്‍ ഫോറമോ, സ്വകാര്യ പേജുകളിലേക്കുള്ള ചുണ്ടുപലകയോ അല്ല. താങ്കളുടെ ലേഖനം (പഠനമെന്നു താങ്കള്‍ പറയുന്നു?) ഒരു തരത്തിലും ഈ സ്വഭാവത്തിനു ചേര്‍ന്നതല്ല എന്നു സവിനയം പറയട്ടെ.

  ഭാരതീയഗണിതം എന്ന പേരില്‍ ഉമേഷ് ധാരാളം ബ്ലോഗ് എഴുതിയിട്ടുണ്ട്. അദ്ദേഹം വിക്കിപീഡിയയില്‍ ചെന്ന് പരല്‍പ്പേരിനെപ്പറ്റി ഞാന്‍ ചില ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നെഴുതി തന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് കൊടുത്താല്‍ എങ്ങനെയിരിക്കും? അദ്ദേഹം അതു ചെയ്തില്ല എന്നു മാത്രമല്ല, പരല്‍‌പ്പേരു് എന്ന പേരില്‍ വിക്കിപീഡിയയുടെ ശൈലിക്കു യോജിച്ചവിധം ഒന്നാന്തരമൊരു ലേഖനവും എഴുതിയതായി ശ്രദ്ധിക്കുക. ഉമേഷിനേക്കാളും പത്തു പതിനേഴു വയസ് കൂടുതലാണു താങ്കള്‍ക്ക്. സ്വയം തിരിച്ചറിയുക!

  പലയിടങ്ങളിലും താങ്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കുന്നത് ഇതാണ്.

  1. താങ്കള്‍ നടത്തുന്ന പഠനങ്ങള്‍ രാജ്യാന്തര ശ്രദ്ധയര്‍ഹിക്കുന്നതാണെന്ന ധാരണ താങ്കള്‍ക്കുണ്ട്. സ്വയം അങ്ങനെ വിചാരിക്കുന്നതില്‍ തെറ്റില്ല.

  2. താങ്കളുടെ ലേഖനങ്ങളും മറ്റും പലരുടെയും ഉറക്കം കെടുത്തുന്നതായി മിഥ്യാധാരണയുമുണ്ട്. സ്വയം അങ്ങനെ ധരിക്കുന്നതിലും തെറ്റില്ല. ഈ ധാരണകളൊക്കെ ഞങ്ങളേപ്പോലുള്ള പാവങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ദയവായി ശ്രമിക്കരുത്.

  കര്‍ഷകനെന്നും, യുണികോഡ് ഉപാസകനെന്നും നടിച്ച് താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വകീര്‍ത്തി ഉയര്‍ത്താന്‍ മാത്രമുള്ള ശ്രമങ്ങളല്ലേ എന്നു ഞാനിപ്പോള്‍ സംശയിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ താങ്കള്‍ നടത്തുന്ന ഇടപെടലുകള്‍ കാണുമ്പോള്‍ അങ്ങനെ സംശയിക്കാനേ നിവൃത്തിയുള്ളൂ.

  വിക്കിപീഡിയയില്‍ ഈ ലേഖനം താങ്കളും താങ്കളൂടെ സുഹൃത്തും ചേര്‍ന്ന് എത്ര തവണയെങ്കിലും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുകൊള്‍ക. പക്ഷേ, ഒന്നറിയുക, അനുയോജ്യമല്ലാത്ത ഒരു ലേഖനം ഉള്‍പ്പെടുത്താന്‍ ഉറക്കമളച്ചിരുന്ന് താങ്കള്‍ ശ്രമിക്കുന്നതുപോലെ തന്നെ അത്തരം ലേഖനങ്ങള്‍ ഒഴിവാക്കാനും ഏതാനും പേര്‍ ഉറക്കമളച്ചിരിപ്പുണ്ട്. നിഴല്‍ യുദ്ധം ഒരിടത്തും നല്ലതല്ലെന്നറിയുക.

  ക്ഷമയുടെ നെല്ലിപ്പലക എന്നു പ്രയോഗിച്ചിട്ടേയുള്ളൂ. അതു ശരിക്കും അനുഭവിച്ചശേഷമുള്ള പ്രതികരണമാണിത്. നന്ദി.

 • മന്‍ജിത്തിനെ പറ്റി എനിക്കും ഒരു തെറ്റിദ്ധാരണ യുണ്ടായിരുന്നു. വളരെ നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥന്‍ തന്നെയാണ്‌ എന്ന്‌. എന്നാല്‍ റബ്ബറിനെ സംബന്ധിക്കുന്ന കള്ളക്കണക്കുകളും അത്‌ പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ ബോര്‍ഡിനെപ്പറ്റിയും പറയുമ്പോള്‍ താങ്കള്‍ക്ക്‌ണ്ടാകുന്ന ചൊറിച്ചിലിന്റെ കാരണം ആര്‍ക്കാണ്‌ മനസിലാക്കാന്‍ കഴിയാത്തത്‌. വിക്കിപീഡിയ ഒരു സ്വതന്ത്രവിജ്ഞാന കോശമാണെന്നും ആര്‍ക്കും ഏത്‌ വിഷയത്തെ ക്കുറിച്ചും ലേഖനങ്ങള്‍ എഴുതാമെന്നായിരുന്നു എന്റെ ധാരണ.
  “എന്നാല്‍ തുറന്നു പറയട്ടെ, താങ്കളുടെ സ്വകാര്യ പേജിലേക്കുള്ള ചൂണ്ടുപലക മാത്രമായ ഈ ലേഖനം വിക്കിപിഡിയയില്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതിനെതിരെ താങ്കള്‍ നടത്തുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ എനിക്കു ലജ്ജ തോന്നുന്നു. ”
  എന്റെ സ്വകാര്യപേജിലേയ്ക്കുള്ള ചൂണ്ടു പലകയാകേണ്ടി വന്നത്‌ കണക്കുകള്‍ നേരിട്ട്‌ വിക്കിയില്‍ അപ്ലോഡ്‌ ചെയ്യുവാന്‍ കഴിയാത്തതിനാലാണ്‌. അതല്ല കണക്കുകള്‍ കാണിക്കുവാന്‍ എന്റെ പേജുകള്‍ വഴികാട്ടിയാകുന്നതിലെന്താണ്‌ തെറ്റ്‌.
  “ഒന്നറിയുക, പല തിരക്കുകള്‍ മാറ്റിവച്ച് തങ്ങളുടെ അറിവ് മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കാനായി നിസ്തന്ദ്രം അധ്വാനിക്കുന്ന ഏതാനും ചെറുപ്പക്കാരുണ്ട് മലയാളം വിക്കിപീഡിയയില്‍. താങ്കളുടെ പ്രവര്‍ത്തികള്‍ അവര്‍ക്കു നേരെയുള്ള കൊഞ്ഞനംകുത്തലാണെന്ന കാര്യം മറക്കേണ്ട.”
  കേരളത്തിലെ കര്‍ഷകര്‍ പല കാരണങ്ങള്‍കൊണ്ടും ആത്മഹത്യചെയ്യുകയും കടക്കെണിമൂലം നശിക്കുകയും ചെയ്യുമ്പോള്‍ അതിനിടയിലുള്ള കര്‍ഷകനും 58 വയസ്‌ പ്രായവുമുള്ളഞ്ഞാണ്‍ കാര്‍ഷിക പണി സ്വയം ചെയ്ത്‌ കിട്ടുന്ന ആദായത്തില്‍ നിന്ന്‌ പ്രതിമാസം 530 രൂപയോളം ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌ കൊടുക്കുന്ന എന്നെയല്ലെ വിക്കിയിലെ ചിലര്‍ എന്നെ കൊഞ്ഞണം കുത്തുന്നത്‌.
  “വിക്കിപീഡിയയിലും ഇ മെയിലിലൂടെയും എന്തുകൊണ്ട് ഈ ലേഖനം അവിടെ പ്രസിദ്ധീകരിച്ചുകൂടാ എന്നു ഞങ്ങള്‍ ചൂണ്ടിക്കാട്ടൂകയുണ്ടായി. അതൊന്നും മനസിലായില്ലെങ്കില്‍ ഇനിയും വിശദീകരിക്കാം.”

  ഈ വിശദീകരണം എനിക്ക്‌ മനസിലാകുകയില്ല. നിങ്ങള്‍ക്ക്‌ കേരളത്തിലെ ഒരു വന്‍കിട ടയര്‍ നിര്‍മാതാവിനോടുള്ള വിധേയത്വമായേ ഇതിനെ കാണുവാന്‍ കഴിയൂ.
  “ഉമേഷ് പരല്‍‌പ്പേരു് എന്ന പേരില്‍ വിക്കിപീഡിയയുടെ ശൈലിക്കു യോജിച്ചവിധം ഒന്നാന്തരമൊരു ലേഖനവും എഴുതിയതായി ശ്രദ്ധിക്കുക. ഉമേഷിനേക്കാളും പത്തു പതിനേഴു വയസ് കൂടുതലാണു താങ്കള്‍ക്ക്. സ്വയം തിരിച്ചറിയുക!”
  ഉമേഷ്ജിയുടെ കഴിവും എന്റെ കഴിവും ഞാന്‍ പറയാതെതന്നെ അറിയാമല്ലോ? ഞാന്‍ പേജുകളിലേയ്ക്ക്‌ ലിങ്ക്‌ കൊടുത്തുവെങ്കില്‍ അത്‌ അറിവില്ലായ്മയായി പരിഗണിച്ച്‌ തിരുത്തുവാനുള്ള സംവിധാനം വിക്കി വാഗ്‌ദാനം ചെയ്യുന്നുണ്ടല്ലോ.
  1. റബ്ബറിനെ സംബന്ധിക്കുന്ന പഠനങ്ങള്‍ രാജ്യാന്തര ശ്രദ്ധയര്‍ഹിക്കുന്നതാണെന്ന ധാരണ ശരിയല്ലെ?
  2. ലേഖനങ്ങളും മറ്റും പലരുടെയും ഉറക്കം കെടുത്തുന്നതായി ധാരണയുണ്ട്. ആധാരണ നിങ്ങളുടെ മേല്‍ എങ്ങിനെയാണ്‌ അടിച്ചേല്‍പ്പിക്കുന്നത്‌? അല്ലാതെ ഈ പാവപ്പെട്ട ഒറ്റയാന്‍ എന്തുചെയ്യും ഈ അനീതിക്കെതിരെ.ഞാന്‍ കഷകനാണെന്നും യൂണിക്കോടിന്റെ ഉപാസകനാനെന്നും ഉള്ള കാര്യത്തില്‍ മന്‍ജിത്തിന്‌ സംശയമുണ്ടോ?

  ക്ഷമയുടെ നെല്ലിപ്പലക തന്നെയാണ്‌ എനിക്ക്‌ താങ്ങും തണലും. സത്യം പറയുന്നതിനെ വ്യക്തിപരമായി വിക്കി എന്ന നല്ലൊരു സംരംഭത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത്‌ നിങ്ങളെപ്പോലെ വിവേകിയായ ഒരാളിന്‌ ചേര്‍ന്നതല്ല.

 • അരവിന്ദന്‍

  മന്‍‌ജിത്ത്‌ജി പറഞ്ഞതില്‍ കാര്യമുണ്ട് ചന്ദ്രേട്ടാ..
  ഈ കണക്കുകളും അഴിമതി ആരോപണങ്ങളുമൊന്നും വിക്കിപീഡിയ പോലെയുള്ള സ്ഥലത്ത് എങ്ങെനെ പ്രസിദ്ധീകരിക്കും? രണ്ടും രണ്ടല്ലേ?

  മന്‍‌ജിത്ജിയെ ടയറ് കമ്പനിയുടെ ആളെന്നൊക്കെ വിളിച്ചാല്‍…

  ചന്ദ്രേട്ടന്റെ പോസ്റ്റുകള്‍ വായിച്ച് ഉറക്കം നഷ്ടപ്പെടുന്ന അനേകായിരം മുതലാളികളുണ്ട് എന്നൊക്കെ എഴുതുന്നത് പോലെ, വെറുതേ വെറുതേ മനസ്സില്‍ തോന്നുന്നത് എഴുതരുത് ചന്ദ്രേട്ടാ…പ്രായത്തിന്റെ പക്വത കാണിച്ചാലും.

  സെല്‍‌ഫ് പ്രമോഷന്‍ നല്ലതാണ്. ഒരു പരിധി വരെ.

 • കേരളത്തിലെ കര്‍ഷകര്‍ പല കാരണങ്ങള്‍കൊണ്ടും ആത്മഹത്യചെയ്യുകയും കടക്കെണിമൂലം നശിക്കുകയും ചെയ്യുമ്പോള്‍ അതിനിടയിലുള്ള കര്‍ഷകനും 58 വയസ്‌ പ്രായവുമുള്ളഞ്ഞാണ്‍ കാര്‍ഷിക പണി സ്വയം ചെയ്ത്‌ കിട്ടുന്ന ആദായത്തില്‍ നിന്ന്‌ പ്രതിമാസം 530 രൂപയോളം ഇന്റര്‍നെറ്റ്‌ ചാര്‍ജ്‌ കൊടുക്കുന്ന എന്നെയല്ലെ വിക്കിയിലെ ചിലര്‍ എന്നെ കൊഞ്ഞണം കുത്തുന്നത്‌.

  ചന്ദ്രേട്ടന്‍ ആളൊരു തമാശക്കാരനാണല്ലോ 🙂

  കടക്കെണി മൂലം വലയുന്ന കര്‍ഷകനെയും റബ്ബര്‍ പ്ലാന്ററായ ചന്ദ്രേട്ടനെയും ഒരുപോലെ കാണുന്നതു് (അതും റബ്ബറിനു 100 രൂപയില്‍ കൂടുതല്‍ വിലയുള്ളപ്പോള്‍) മണ്ണിരയെയും വാസുകിയെയും ഒന്നിച്ചു കാണുന്നതുപോലെയല്ലേ ചന്ദ്രേട്ടാ?

  ചന്ദ്രേട്ടന്റെ ഈ പോസ്റ്റാണോ വിക്കിയിലിടാന്‍ നോക്കിയതു്? എങ്കില്‍ ഞാന്‍ മന്‍‌ജിത്തിനോടൊപ്പമാണു്. ഈ പോസ്റ്റിടാന്‍ പറ്റിയ സ്ഥലം ബ്ലോഗു തന്നെ. നോട്ടീസടിച്ചു വിതരണം ചെയ്യല്‍, പത്രങ്ങളില്‍ പരസ്യമായോ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ വാര്‍ത്തയായോ ഇടല്‍, പുസ്തകമാക്കി സ്വന്തം ചെലവ്ഇല്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയവയും പരിഗണിക്കാവുന്നതാണു്. വിക്കിപീഡിയയെപ്പറ്റി സംശയമാണു്.

  ഈയടുത്ത കാലത്തു വന്ന ബ്ലോഗ്‌‌പോസ്റ്റുകളില്‍ വിക്കിപീഡിയയിലിടാന്‍ യോഗ്യമായതു് ഷിജുവിന്റെ ലേഖനങ്ങള്‍ മാത്രമാണു്. വിജ്ഞാനപ്രദമായ മറ്റു ലേഖനങ്ങള്‍ ഇല്ലെന്നല്ല – ദേവന്റെയും എന്റെയും വക്കാരിയുടെയും സീഎസ്സിന്റെയുമൊക്കെ ചില ലേഖനങ്ങള്‍ വിജ്ഞാനപ്രദം തന്നെ. പക്ഷേ വിക്കിപീഡിയയിലിടാന്‍ കൊള്ളില്ല.

  ഒന്നാമതായി, ഇതിന്റെ വൈജ്ഞാനികമൂല്യത്തെപ്പറ്റി ചിന്തിക്കണം. അതു് ഈ ലേഖനത്തിനുണ്ടോ എന്നു സംശയമാണു്. റബ്ബര്‍ കൃഷിയെപ്പറ്റിയോ, സിന്തെറ്റിക് റബ്ബറിനെപ്പറ്റിയോ റബ്ബറിനെ ബാധിക്കുന്ന കീടങ്ങളെപ്പറ്റിയോ ആധികാരികമായി എഴുതൂ. അതു പ്രയോജനപ്രദമായിരിക്കും.

  രണ്ടാമതായി, വിക്കിയ്ക്കു വേണ്ടി കുറേ എഡിറ്റിംഗ് ആവശ്യമാണു്. PDF ഫയലില്‍ കൊടുത്തിട്ടുള്ളതും മറ്റും വിക്കി ടേബിള്‍ ഫോര്‍മാറ്റാക്കണം. അതിനെ organise ചെയ്തു് ഒരു ലേഖനത്തിന്റെ ചട്ടക്കൂടില്‍ കൊണ്ടുവരണം. ഇങ്ങനെയുള്ള പല പണികളും കിടക്കുന്നതുകൊണ്ടാണു് എന്നെപ്പോലുള്ള പലരും എഴുതുന്ന കാര്യങ്ങള്‍ വിക്കിയിലേക്കു പോകാത്തതു്. നമ്മുടെ ബ്ലോഗില്‍ നമുക്കു് എന്തും എഴുതാമല്ലോ.

  മൂന്നാമതു്, ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഏതെങ്കിലും controversary subject വായിച്ചാലറിയാം, ഇത്തരം ഏകപക്ഷീയമായ ലേഖനങ്ങള്‍ വളരെയധികം സംവാദങ്ങളെ വിളിച്ചുവരുത്തുമെന്നു്. ലേഖനങ്ങള്‍ പലതും മാറ്റിയെഴുതപ്പെടുകയും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നുണ്ടെന്നു് ലേഖനചരിത്രം പരിശോധിച്ചാല്‍ അറിയാം. മലയാളത്തില്‍ വായനക്കാര്‍ കുറവായതുകൊണ്ടു് ഇതു വന്നുതുടങ്ങിയിട്ടേ ഉള്ളൂ. എങ്കിലും, എഴുതാന്‍ വേണ്ടതിനേക്കാള്‍ ഊര്‍ജ്ജം അതിനെപ്പറ്റി സംവദിക്കാന്‍ വേണ്ടിവരിക ഒരു വിജ്ഞാനകോശത്തിനു പറ്റിയതല്ലല്ലോ.

  നാലാമതു്, ബ്ലോഗ് നമ്മുടെയാണു്. അതിലെഴുതിയാല്‍ കമന്റുകള്‍ കിട്ടും. അഭിനന്ദനം കിട്ടും. പത്രവാര്‍ത്തകളില്‍ നമ്മുടെ പേരു വരും. നമ്മുടെ ഫോര്‍മാറ്റ് ഉപയോഗിക്കാം. അങ്ങനെ നമ്മളെ പ്രശസ്തരാക്കാനുള്ള പല വഴികളും ഉണ്ടു്. വിക്കിയ്ക്കതില്ല. അതു പൊതുസ്വത്താണു്. ലേഖനചരിത്രം പരിശോധിക്കുന്നവര്‍ക്കൊഴികെ ആരെഴുതി എന്നു് ഒരു വിവരവും കിട്ടുകില്ല. എഴുതിയവനു് അഭിനന്ദനങ്ങളും കിട്ടാറില്ല (വല്ലപ്പോഴും ഭാരവാഹികള്‍ ഒരു നല്ല വാക്കു പറഞ്ഞാലായി). ഇങ്ങനെയൊക്കെയായാലും ലോകനന്മയ്ക്കു വേണ്ടി നിസ്വാര്‍ത്ഥതയോടുകൂടി വിജ്ഞാനം പങ്കുവെയ്ക്കാനുള്ള വേദിയാണു് – ആവണം – വിക്കി. അല്ലാതെ സെല്ഫ് പ്രമോഷനുള്ള വേദിയാവരുതു്.

  ആദ്യം ചെയ്യുമ്പോള്‍ ഇതൊന്നും വ്യക്തമാവില്ല. നമുക്കു തോന്നുന്നതു നാം വിക്കിയിലിട്ടേക്കാം. അപ്പോള്‍ തങ്ങളുടെ സമയം ഇതിനു് ഉഴിഞ്ഞുവെച്ച ചില നല്ല മനുഷ്യര്‍ നമ്മളെ തിരുത്തിയെന്നു വരും. അതിനു് അവരോടു നന്ദി പറയുന്നതിനു പകരം ഇങ്ങനെയൊരു പരസ്യയുദ്ധം നടത്തുന്നതു് ആശാസ്യമാണോ?

  എന്തറിയണമെങ്കിലും ഇംഗ്ലീഷ് വിക്കിപീഡിയ നോക്കുകയും, വിക്കി ക്വിസ് ടൈമില്‍ പങ്കെടുക്കുകയും, മലയാളം വിക്കിയില്‍ അക്ഷരത്തെറ്റു വല്ലതും കണ്ടാല്‍ വല്ലപ്പോഴും തിരുത്തുകയും ചെയ്യുന്നതൊഴിച്ചാല്‍ എനിക്കു വിക്കിയുമായി വലിയ ബന്ധമൊന്നുമില്ല. എങ്കിലും എനിക്കു് ഇതാണു തോന്നുന്നതു്. പെരിങ്ങോടന്‍, വിശ്വം, സിബു തുടങ്ങിയവര്‍ക്കു കൂടുതല്‍ പറയാനുണ്ടായേക്കാം.

  പിന്നെ, മന്‍‌ജിത്തിനെ ഏതോ കുത്തക റബ്ബര്‍ സ്ഥാപനത്തിന്റെ വക്താവു് എന്നൊക്കെ പറയുന്നതു്‌ എന്തിന്റെ അടിസ്ഥാനത്തിലാണു്? ഇങ്ങനെയുള്ള പ്രസ്താവങ്ങള്‍ ദയവായി വിക്കിപീഡിയയില്‍ ഇടരുതേ. അവിടെ ആധികാരികത വളരെ പ്രധാനമാണു്.

  ചന്ദ്രേട്ടന്റെ ലേഖനങ്ങള്‍ പലതും വിഷയത്തില്‍ നിന്നു് ഇങ്ങനെ വ്യതിചലിക്കുന്നതു കാണാറുണ്ടു്. കീടനാശിനിയുടെ ദൂഷ്യഫലത്തെപ്പറ്റി പറയുന്ന ലേഖനം അവസാനം ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഉപാലംഭമായി മാറും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അതിനെതിരെ മെമ്മോറാണ്ടം സമര്‍പ്പിക്കാനുള്ള നീക്കം തുടങ്ങും. കൃഷിയെപ്പറ്റിയും മണ്ണിനെപ്പറ്റിയും ജൈവസന്തുലനത്തെയും പറ്റി വിവരമുള്ള ചന്ദ്രേട്ടനില്‍ നിന്നു്‌ അവയെപ്പറ്റിയുള്ള ഈടുറ്റ ലേഖനങ്ങളാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നതു്.

 • രാജ് നായര്‍

  ചന്ദ്രേട്ടാ വിക്കിപീഡിയയിലെത്തുമ്പോള്‍ താങ്കള്‍ വിക്കിപീഡിയക്കാരനാവുകയാണു വേണ്ടതു്. റബ്ബര്‍ കര്‍ഷകനായ ചന്ദ്രേട്ടനെ വിക്കിപീഡിയയ്ക്കു ആവശ്യമില്ല. ബ്ലോഗില്‍ ചന്ദ്രേട്ടനു റബ്ബര്‍ കര്‍ഷകന്റെ (? ഈ പദം തന്നെ അതിശയപ്പെടുത്തുന്നതാണു്, ഭൂമി ഉഴുതു കൃഷിചെയ്യുന്നവനത്രെ കര്‍ഷകന്‍) വേഷമാകാം, ഹോം‌പേജില്‍ അതാകാം ഒരു കുഴപ്പവുമില്ല. താങ്കളെഴുതിയതു വായിക്കുവാന്‍ കൊള്ളാവുന്നവയാണെങ്കില്‍ ഞങ്ങളതു സഹര്‍ഷം വായിക്കും സ്വീകരിക്കും. ബ്ലോഗില്‍ കഥയെഴുതുന്നുവെന്നു കരുതി വിക്കിയില്‍ എനിക്കെന്റെ കഥകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമോ? ഒരു വിജ്ഞാനകോശത്തിന്റെ സ്വഭാവം മനസ്സിലാക്കി പെരുമാറുവാന്‍ ചന്ദ്രേട്ടന്‍ സന്നദ്ധനാകണം. വിക്കിയില്‍ എവിടെയെങ്കിലും പാലക്കാട്/കേരളം എന്നു കണ്ടാലും താന്‍ നടത്തുന്ന വെബ്‌സൈറ്റിലേയ്ക്കു ലിങ്ക് കൊടുക്കുന്നവരെപ്പോലെ ബുദ്ധിശൂന്യരായി പെരുമാറരുതു്. ചന്ദ്രേട്ടനോടു സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടാണു് മന്‍‌ജിത്തും ഉമേഷുമെല്ലാം വിശദീകരണങ്ങള്‍ നടത്തുവാന്‍ മുന്നിട്ടിറങ്ങുന്നതു്, വിദ്വേഷമോ അവരുടെ ആരെങ്കിലും ടയര്‍ കച്ചവടക്കാരനോ ആയതുകൊണ്ടല്ല. താങ്കളുടെ പ്രായത്തിന്റെ പക്വതയെങ്കിലും താങ്കള്‍ പ്രദര്‍ശിപ്പിക്കുക.

 • വരമൊഴിവിക്കിയില്‍ ആഴ്ചയില്‍ ഒന്ന്‌ രണ്ട്‌ വാന്‍ഡലിസം എങ്കിലും ഉണ്ടാകാറുണ്ട്‌. അങ്ങനെയെങ്കില്‍ വിക്കിപ്പീഡിയയുടെ കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ. ഇംഗ്ലീഷ്‌ വിക്കിയിലേതുപോലെ, സ്പാമന്മാരല്ല അത്‌ ചെയ്യുന്നത്‌. മറിച്ച്‌ മീഡിയത്തിന്റെ സ്വഭാവത്തെ കുറിച്ച്‌ കൃത്യമായി അറിയാത്തവരാണ്‌ മിക്കവാറും.

  മലയാളത്തിലെ ഈ നവമാധ്യമങ്ങളുടെ പ്രത്യേകതകളെ കുറിച്ചും അവയിലെ സംസ്കാരത്തെ പറ്റിയും ജനങ്ങള്‍ക്ക്‌ പരിചയമായി വരുന്നേ ഉള്ളൂ. അതിനാല്‍ ഇത്‌ മാനേജ്‌ ചെയ്യുന്നവര്‍ കുറച്ചുകൂടി ക്ഷമ കാണിക്കണം എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്‌.

  ആക്റ്റിവിസം അതിനാല്‍ തന്നെ തെറ്റല്ല; കുറഞ്ഞതുമല്ല – നോവലെഴുതുമ്പോള്‍ എഴുത്തുകാരന്റെ പേരുവയ്ക്കും എന്നതിനാല്‍ നോവലെഴുത്ത്‌ കുറഞ്ഞതാവാത്തതുപോലെ.

  ചന്ദ്രേട്ടാ, ഓരോതവണ വിക്കിയിലെഴുതുമ്പോഴും, എഴുതുന്നത്‌ ബ്രിട്ടാണിക്ക എന്‍സൈക്ലോപ്പീഡിയയില്‍ ആണ്‌ എന്ന്‌ സങ്കല്‍പ്പിച്ചെഴുതൂ. അപ്പോള്‍ “സത്യം പറയാന്‍ അനുവദിക്കൂ…” എന്നുതുടങ്ങുന്ന പേജുകളൊന്നും എഴുതാന്‍ മനസ്സുവരില്ല.

 • ചന്ദ്രേട്ടാ,

  എന്നെ ടയര്‍ മുതലാളിമാരുടെ ആള്‍ എന്നു വിശേഷിപ്പിക്കുന്നതിലൂടെ( നാളുകള്‍ക്കുമുമ്പ് വേറൊരാള്‍ ദന്തഗോപുരവാസിയെന്നു വിളിച്ചതിനുശേഷം ഇത്തരമൊരു ബഹുമതി ആദ്യമായാ 🙂 ) താങ്കള്‍ക്ക് പ്രത്യേക സന്തോഷം വല്ലതും ലഭിക്കുമെങ്കില്‍ ആയിക്കോളൂ. പക്ഷേ ഒന്നുണ്ട്. എന്റെ പരിമിതമായ അറിവുകള്‍ വച്ച് മലയാളം വിക്കിപീഡിയയില്‍ നൂറിലേറെ ലേഖനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിലൊന്നില്‍നിന്നുപോലും എന്റെ പേജുകളിലേക്കോ, താങ്കള്‍ പറഞ്ഞ ടയര്‍മുതലാളിമാരുടെ പേജുകളിലേക്കോ ലിങ്കുകളില്ല. മറിച്ച് താങ്കള്‍ രണ്ടേ രണ്ടു ലേഖനങ്ങളെ തുടങ്ങിയിട്ടുള്ളൂ. ഒന്ന് ഈ ലേഖനം, മറ്റൊന്ന് ബ്രോമാഡിയോലോൺ എന്ന തലക്കെട്ടിലുള്ളതും. രണ്ടു ലേഖനങ്ങളെയും താങ്കളുടെ വ്യക്തിഗത അജണ്ടയ്ക്കു വേദിയാക്കുകയായിരുന്നു എന്നു പകല്‍‌പോലെ വ്യക്തം.

  താങ്കള്‍ പറയുന്നെതെല്ലാം സത്യമാണെന്നാണു താങ്കളുടെ ധാരണ. റബര്‍ മുതലാളികളുടെ ധാരണയും അങ്ങനെ തന്നെ. അതെന്തുമായിക്കൊള്ളട്ടെ രണ്ടുകൂട്ടരുടെയും ന്യായാന്യായങ്ങള്‍ നിരത്താനുള്ള വേദിയല്ല വിക്കിപീഡിയ.

  കര്‍ഷകനാണെന്നതോ മാസംതോറും 530 രൂപ ഇന്റര്‍നെറ്റ് കണക്സ്ഷനായി മുടക്കുന്നുവെന്നതോ വിക്കിയില്‍ എഴുതുന്ന ലേഖനങ്ങള്‍ തിരുത്തപ്പെടാതിരിക്കാനോ, ഒഴിവാക്കപ്പെടാതിരിക്കാനോ ഉള്ള ന്യായങ്ങളല്ല. നിര്‍ദ്ദയമായ എഡിറ്റിങ്ങിന്റെ വേദിയാണു വിക്കിപീഡിയ. അതിനോടു ചേര്‍ന്നുപോകാന്‍ കഴിയില്ലെങ്കില്‍ ലേഖനങ്ങളൊന്നും എഴുതാതിരിക്കുകയാണു നല്ലത്.

  കര്‍ഷകനെന്നും പ്രായം കൂടിയവനെന്നും താങ്കള്‍ ഇടയ്ക്കിടെ പറയുന്നതു ശ്രദ്ധിച്ചു. ഈ രണ്ടു നിലയിലും താങ്കളെ ബഹുമാനിക്കുന്നയാളാണു ഞാന്‍. വിക്കിപീഡിയയില്‍ കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ വല്ലപ്പോഴും എഴുതുമ്പോള്‍ ഞാന്‍ ആദ്യമേ താങ്കളുടെ അഭിപ്രായങ്ങള്‍ തേടാറുണ്ടായിരുന്നു എന്ന് ചന്ദ്രേട്ടനേക്കാള്‍ കൂടതലായ് ആര്‍ക്കറിയം. കുറഞ്ഞ പക്ഷം ഈ രണ്ടു ലേഖനങ്ങളെങ്കിലും( മുരിങ്ങ, പപ്പായ ) വായിക്കുക. അവയ്ക്കടിയില്‍ പുറംവായനാക്കായി ഞാന്‍ നല്‍കിയിരിക്കുന്നത് താങ്കളുടെ പേജുകള്‍ തന്നെയാണ്. കര്‍ഷകനെന്ന നിലയില്‍ താങ്കള്‍ക്കുള്ള അറിവുകളോട് ആദരവുള്ളതുകൊണ്ടു തന്നെയാണ് അങ്ങനെ ചെയ്തത്.

  ഞാന്‍ ബ്ലോഗിംഗ് തുടങ്ങുന്ന കാലത്ത് ഏറ്റവും താല്പര്യത്തോടെ വായിച്ചിരുന്ന ബ്ലോഗുകളിലൊന്നാണ് താങ്കളുടേത്. കര്‍ഷകനെന്ന നിലയില്‍ താങ്കളുടെ അറിവുകളും കൃഷിപാഠങ്ങളുമായിരുന്നു അക്കാലത്ത് താങ്കളുടെ പേജുകളെ സമ്പന്നമാക്കിയത്. പിന്നീടെപ്പോഴോ താങ്കള്‍ ആക്റ്റിവിസത്തിലേക്കു മാറി. എന്തിനും ഏതിനും നിവേദനങ്ങള്‍ സമര്‍പ്പിക്കുക എന്നതിലായി താങ്കളുടെ ശ്രദ്ധ. വെറുതെ ഒരു രസത്തിന് ബൂലോകത്തിലുള്ളവര്‍ നല്‍കുന്ന പ്രോത്സാഹനം ഒരുപക്ഷേ താങ്കളെ ഉന്മത്തനാക്കിയിരിക്കണം. പക്ഷേ ഒന്നറിയുക. അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നമ്മുടെ സ്വതത്തെ മാറ്റിമറിക്കുന്നുണ്ടെങ്കില്‍ എന്തൊക്കെയോ തകരാറുകളുണ്ട്.

  ആക്റ്റിവിസ്റ്റാകണോ വേണ്ടയോ എന്നുള്ളത് എന്റെ ഇഷ്ടം; തനിക്കതിലെന്താടോ കാര്യം എന്നു വേണമെങ്കില്‍ ചോദിക്കാം. താങ്കള്‍ക്ക് ആക്റ്റിവിസ്റ്റ് ആകാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ മറ്റുള്ളവര്‍ക്ക് താങ്കളുടെ ആശയങ്ങളെ നിരാകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നു പറയുകയായിരുന്നു.

  വിക്കിപീഡിയയില്‍ ഇങ്ങനെയുള്ള ഒരു ലേഖനം തുടങ്ങിയതുകൊണ്ട് ഞാനോ മറ്റു വിക്കി പ്രവര്‍ത്തകരോ താങ്കളെ കുറ്റപ്പെടുത്തുകയില്ല. ഒരു പക്ഷേ അറിവില്ലായ്മയായിരിക്കാം കാരണം. എന്നാല്‍ അതൊഴിവാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും പലതവണ അതൊഴിവാക്കിയിട്ടും താങ്കള്‍ വിവിധ തലക്കെട്ടുകളില്‍ വീണ്ടും വീണ്ടും അതു പുന:സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് ഞങ്ങളെ ക്ഷുഭിതരാക്കിയത്. പെരിങ്ങോടന്‍ ചൂണ്ടിക്കാട്ടിയതുപോലെ കേരളമെന്നോ, പാലക്കാടെന്നോ കണ്ടാല്‍ വിക്കിയിലെത്തി തന്റെ സ്വകാര്യ പേജിലേക്കുള്ള ലിങ്കു നല്‍കി പിന്‍‌വാങ്ങുന്ന ഒരാളെ താങ്കളതിനു കൂട്ടുപിടിക്കുകയും ചെയ്തു. ലേഖനമെഴുതി എന്നതിനേക്കാള്‍ താങ്കള്‍ക്കു പിഴവുപറ്റിയത് അവിടെയൊക്കെയാണ്.

  വിക്കി സ്വതന്ത്രമാണെന്നതിനാല്‍ അവിടെ എന്തും എഴുതാമെന്ന ധാരണ ശരിയല്ല. മാര്‍ഗനിര്‍ദ്ദേര്‍ശക പേജുകളില്‍ അതൊക്കെ വ്യക്തമാക്കിയിട്ടുമുണ്ട്. താങ്കളുടെ പഠനങ്ങളും സ്വകാര്യപേജുകളിലേക്കുള്ള ലിങ്കുകളും നല്‍കാന്‍ വിക്കിയില്‍ തന്നെ വേദിയുണ്ട്. ഉപയോക്താവിനുള്ള പേജ് അഥവാ താങ്കളുടെ സ്വന്തം യൂസര്‍ പേജില്‍ ഇതൊക്കെ വേണമെങ്കില്‍ നല്‍കാം. ആരും ചോദ്യം ചെയ്യുകയില്ല. ഇത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പൊതുവേദി തന്നെ വേണമെന്നു വാശീപിടിക്കുന്നത് ബാലിശമാണ്.

  ഇനി മറ്റൊന്നു കൂടെ തിരിച്ചറിയുക. കൃഷിക്കാരനായി താങ്കള്‍ മാത്രമല്ല ഈ ഭൂമുഖത്തുള്ളത്. സ്വന്തം കൃഷിയിടത്തിന്റെ നേര്‍പകുതിയില്‍ റബറും മറുപകുതിയില്‍ അതിലേറെ താല്പര്യത്തോടെ ഇതര വിഭവങ്ങളും കൃഷിചെയ്തു ജീവിക്കുന്ന ഒരു മുന്‍‌പട്ടാളക്കാരന്റെ മകനാണു ഞാനും. സ്കൂള്‍ പഠനകാലങ്ങളില്‍ സ്വന്തം തോട്ടത്തിലെ റബര്‍വെട്ടാന്‍ ഞാനും കത്തിയെടുത്തിട്ടുണ്ട്. പതിനാലു രൂപമാത്രമുണ്ടായിരുന്ന റബറിന് മുപ്പതും നാല്പതും നൂറും രൂപകിട്ടുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. റബര്‍ മരങ്ങളുടെ സാമ്പത്തിക അടിത്തറ ജീവിതം കെട്ടിപ്പടുക്കാന്‍ എന്നെയും സഹായിച്ചിട്ടുണ്ട്. പക്ഷേ, റബറിന്റെ വിലയ്ക്കുവേണ്ടിയുള്ള നിലവിളികളെയും ആക്രോശങ്ങളെയും പാവപ്പെട്ട കര്‍ഷകരുടെ കണ്ണീരുമായി തുലനം ചെയ്യാന്‍ എന്റെ പിതാവ് ഒരിക്കലും ശ്രമിച്ചു കണ്ടിട്ടില്ല. എന്റെ ചിന്തയും അങ്ങനെ തന്നെയായതില്‍ അല്‍ഭുതപ്പെടേണ്ട. മറിച്ചുള്ള ധാരണകളും പ്ലാന്റര്‍ എന്നതിലുപരി കര്‍ഷകന്‍ എന്നമട്ടിലുള്ള അവകാശവാദങ്ങളും ബാലിശമാണെന്നു വിനയപൂര്‍വം പറഞ്ഞുകൊള്ളട്ടെ.

  താങ്കള്‍ക്ക് എന്തൊക്കെയോ മിഥ്യാധാരണകള്‍ ഉണ്ടെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. അവ തിരുത്താന്‍ താങ്കളുടെ പ്രായം സ്വയം താങ്കളെ പ്രേരിപ്പിക്കുമെന്നും കരുതട്ടെ. അതിലപ്പുറം എന്തു പറയാന്‍.

  സിബു പറഞ്ഞതു കാര്യമാണ്. നവീന മാധ്യമങ്ങളുടെ സ്വഭാവം തിരിച്ചറിയാന്‍ മലയാളികള്‍ വൈകുന്നത് ഒരു കാരണമാണ്. വിക്കിമാപ്പിയയില്‍ ഇതു കൂട്ടപ്പന്റെ വീട്, അതു ജാനകിയുടെ വീട് എന്നൊക്കെയുള്ള രേഖപ്പെടുത്തലുകള്‍ത്തന്നെ മികച്ച ഉദാഹരണം. മാനേജ് ചെയ്യുന്നവര്‍ക്ക് ക്ഷമവേണമെന്നതും ന്യായമാണ്. പരിചയമില്ലാത്തവരെ കൈപിടിച്ചു നടത്താന്‍ ഞങ്ങള്‍ കഴിവതും ശ്രമിക്കാറുണ്ട്. ചന്ദ്രേട്ടന്റെ തന്നെ ബ്രോമാഡിയോലോൺ എന്ന ലേഖനം ഇതുവരെ ഒഴിവാക്കപ്പെട്ടിട്ടില്ല എന്നു കാണുക. പക്ഷേ ഇവിടെ അധികത്തിലും അല്പം കൂടുതല്‍ ക്ഷമകാണിച്ച ശേഷമാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. ലേഖനമിട്ടപ്പോള്‍ തന്നെ അതു യോജിച്ചതല്ലെന്നു ചന്ദ്രേട്ടന്റെ പേജിലെത്തി ചൂണ്ടിക്കാട്ടി. റബര്‍ – യഥാര്‍ത്ഥ കണക്ക് എന്ന ലേഖനം എട്ടു തവണ ഒഴിവാക്കി, സത്യം പറയാന്‍ അനുവദിക്കൂ എന്നത് അതിലേറെ തവണയും. ഇത്രയുമൊക്കെ ചെയ്തുകഴിഞ്ഞിട്ടും വീണ്ടും അവ ഉള്‍പ്പെടുത്താന്‍ശ്രമിക്കുമ്പോള്‍, അതിനെ അറിവുകേട് എന്നതിനേക്കാള്‍ വാന്‍‌ഡലിസം ആയി കാണാനേ തല്‍ക്കാലം വിക്കിയിലെ സംവിധാനങ്ങള്‍ അനുവദിക്കുന്നുള്ളൂ.

  ആക്റ്റിവിസത്തെ ആരെങ്കിലും എതിര്‍ത്തു എന്നു തോന്നുന്നില്ല. ആക്റ്റിവിസത്തിനു തിരഞ്ഞെടുക്കുന്ന വേദിയാണു പ്രശ്നം. മലയാളം വിക്കിപീഡിയ ഒരര്‍ഥത്തിലും അതിനുള്ള വേദിയല്ല എന്നും സവിനയം പറഞ്ഞുകൊള്ളട്ടെ.

 • ഞാന്‍ ചെയ്തത്‌ മഹാപരാധമെങ്കില്‍ ക്ഷമിക്കുക. അഞ്ചുദിവസമായി വൈറല്‍ പനിപിടിച്ച്‌ കിടപ്പായിരുന്നു. വായനശാല സുനില്‍ എന്നെ കാണാന്‍ വന്നപ്പോഴും ഞാന്‍ കിടപ്പായിരുന്നു. ഇന്നലെയാണ്‌ കമ്പ്യൂട്ടര്‍ തുറന്നത്‌. അപ്പോഴാണ്‌ മന്‍ജിത്തിന്റെ കമെന്റ്‌ ശ്രദ്ധയില്‍ പെട്ടത്‌. വളരെയധികം നിരാശതോന്നി. വൈകുന്നേരം വീണ്ടും തുറന്നാണ്‌ ഞാന്‍ കമെന്റിട്ടത്‌. ഒരിക്കല്‍ ഞാന്‍ വിശ്വത്തോട്‌ റബ്ബര്‍ കണക്കുകള്‍ വിക്കിയില്‍ ഇടുന്ന കാര്യം സംസാരിച്ചിരുന്നു. അപ്പോള്‍ വിശ്വം എന്നോട്‌ പറഞ്ഞത്‌ ആധികാരികമായ തെളിവുകളുണ്ടെങ്കില്‍ വിക്ക്‌ഇ പുസ്തക ശാലയില്‍ ഇടാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക്‌ ഒരു പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല എന്നതുകൊണ്ടാണ്‌ ജനത്തിനറിയാത്ത കണക്ക്‌ വിക്കിയില്‍ വരണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചത്‌. സത്യം പറഞ്ഞാല്‍ എനിക്ക്‌ നല്ല ഒരു ലേഖനമെഴുതുവാനുള്ള കഴിവ്‌ ഇല്ലാതെ പോയതുകൊണ്ടാണ്‌ വായനക്കാര്‍ക്ക്‌ താത്‌പര്യം തോന്നുന്ന രീതിയില്‍ എഴുതാന്‍ കഴിയാതെ പോകുന്നതും. ഏതു വിമര്‍ശനവും ഹൃദ്യമായ ഭാഷയില്‍ പലര്‍ക്കും അവതരിപ്പിക്കുവാന്‍ കഴിവുണ്ട്‌ എനിക്കതില്ല. മന്‍ജിത്‌ ഒഴികെ മറ്റുള്ളവര്‍ എഴുതിയത്‌ വായിച്ചിട്ട്‌ എനിക്ക്‌ ഒരു പ്രയാസവും തോന്നുന്നില്ല. എന്തായാലും ഞാന്‍ വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്ന പരിപാടി അവസാനിപ്പിച്ചു. Geographical location of Bloggers എനിക്ക്‌ ചെയ്യുവാന്‍ കഴിയുമെന്നതിനാല്‍ കഴിയുമ്പോലെ സഹായിക്കാം.

 • ചന്ദ്രേട്ടാ, വിക്കിയിലും ആക്റ്റിവിസത്തിന് ധാരാളം സ്കോപ്പുണ്ട്‌. അത്‌ നേരെ ഒരു കാര്യം ചീത്ത അല്ലെങ്കില്‍ നല്ലത്‌ എന്ന്‌ പറഞ്ഞുകൊണ്ടല്ല. മറിച്ച്‌ എഴുതുന്ന വിഷയങ്ങള്‍ ബോധപൂര്‍വ്വം തിരഞ്ഞെടുക്കുന്നതിലൂടെയാണ്. ഒരു പരിസ്ഥിതി പ്രവര്‍ത്തകനാണെങ്കില്‍ ഒരു മാതിരിപ്പെട്ട ഓരോ പേജിലും അതില്‍ പറഞ്ഞിരിക്കുന്നതിന്റെ പരിസ്ഥിതി ഇമ്പാക്റ്റ് എന്താണെന്നാവും എഴുതുക. നര്‍മ്മദ ആയാലും, നിള ആയാലും, കേരളത്തിന്റെ തീരപ്രദേശം ആയാലും.

  പലരുടെ ആക്റ്റിവിസത്തിലൂടെ വിക്കിക്ക്‌ ഒരു ന്യൂട്രല്‍ ഔട്ട് ലുക്ക്` കാലക്രമത്തില്‍ വന്നു ചേരും. എന്നിരുന്നാലും, ഒരു വിഷയത്തില്‍ ആദ്യമെത്തുന്ന ആക്റ്റിവിസ്റ്റിന് എപ്പോഴും ഒരു അഡ്വാന്റേജ് കിട്ടുന്നുണ്ട്‌. സത്യത്തില്‍ ഇനി വിക്കി ആക്റ്റിവിസത്തിന്റെ കാലമാവും. ഓരോ പൊളിറ്റിക്കല്‍, സ്പെഷല്‍ ഇന്ററെസ്റ്റ് ഗ്രൂപ്പും ഇനി ഒരു വിക്കി വിങ് ഉണ്ടാക്കും. വിക്കിയില്‍ അവര്‍ക്ക്‌ താത്പര്യമുള്ള വിഷയങ്ങളും വാര്‍ത്തകളും തിരുത്താനും തിരുകാനും.

  ഇതുപോലുള്ള ഗോപ്യമായ ആക്റ്റിവിസം ഇംഗ്ലീഷ് വിക്കിയില്‍ ധാരാളം കാണാം. പ്രത്യേകിച്ചും യഹൂദന്മാരെ സംബന്ധിക്കുന്ന വിഷയങ്ങളില്‍.

 • ചന്ദ്രേട്ടാ
  ആ ലിങ്കിന് ഒത്തിരി നന്ദി.പക്ഷെ എനിക്ക് അതിലെ ചിത്രങ്ങള്‍ കാണുവാന്‍ പറ്റുന്നില്ല.
  എന്താണാവൊ? നമ്മുടെ നാട്ടിലെ ചെടിയുടെയും പൂവിന്റെയും ഒക്കെ ഇങ്ങിനെയുള്ള ലേഖനങ്ങള്‍ ഒരുപാടു പ്രതീക്ഷിക്കുന്നു..ഒത്തിരി നന്ദിയുണ്ട്.

 • I was trying to make out the points from this discussion. There seems to have some coflict of interest. A small dose is desirable and beneficial. A good conversation indeed !

 • This is only an accounting cheating.