മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല

റബ്ബര്‍ ബോര്‍ഡിന്റെ അപ്പിലേറ്റ് അതോറിറ്റിയുടെ ഉത്തരവ് -Ref. No.59/2008-vig dt 04 March 2008 പ്രകാരം 2006 – 07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പേജൊന്നിന് രണ്ടുരൂപ നിരക്കില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് 350 പേജുകള്‍ക്ക് 700 രൂപ നല്‍കിയപ്പോള്‍ Ref:- 41/2/07-08/PUB/RTI-56 ആയി കിട്ടിയത് 360 പേജുകള്‍. എന്നാല്‍ ഇന്‍ഡ്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് 2007, വാല്യം 30 ലെ പേജ് നമ്പര്‍ 15 ല്‍ ലഭ്യമായ പ്രതിമാസ കണക്കുകളുമായി യോജിക്കുന്നില്ല. അതിനാല്‍ പേജ് നമ്പര്‍ 14 ലെ വാര്‍ഷിക കണക്കിലെത്തുവാന്‍ കഴിയുന്നില്ല. എനിക്ക് കിട്ടിയ വിവരത്തിലെ ചില പിശകുകള്‍ ചുവടെ ചേര്‍ക്കുന്നു.

 1. ഒരേ പേജിന്റെ മറ്റൊരു പകര്‍പ്പില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയത് പേജെണ്ണം തികയ്ക്കുവാനെന്ന് വ്യക്തം.
 2. കയറ്റുമതി മൂല്യം ചിലപേജുകളില്‍ ഡോളറായി മാത്രം രേഖപ്പെടുത്തിയത് വാര്‍ഷിക കണക്കിലെ ആകെ ഇറക്കുമതി മൂല്യം രൂപയായി രേഖപ്പെടുത്തിയതില്‍ എത്തുവാന്‍ സഹായകമല്ല.
 3. ഒഴിഞ്ഞ പേജുകള്‍  NIL റിപ്പോര്‍ട്ട് ആയിപ്പോലും പരിഗണിക്കാന്‍ കഴിയില്ല.. ചുരുക്കിപ്പറഞ്ഞാല്‍ അത്തരം പേജുകളില്‍ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ അക്കങ്ങള്‍ എഴുതി ചേര്‍ക്കാം.
 4. കവറിംഗ് ലറ്ററിന്റെ ഒറിജിനല്‍ കോപ്പി റബ്ബര്‍ ബോര്‍ഡില്‍ സൂക്ഷിക്കേണ്ടത് പേജ് നമ്പര്‍ ഇട്ടയച്ചത് ശരിയായ നടപടി അല്ല.
 5. കയറ്റുമതി ചെയ്യുന്നവര്‍ പ്രതിമാസം കൊടുക്കുന്ന റിപ്പോര്‍ട്ടുകളില്‍ പലതിനും ഒരേകീകൃത സ്വഭാവം ഇല്ല.
 6. റബ്ബര്‍ ബോര്‍ഡില്‍ ലഭിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടുകള്‍ക്ക് ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെയുത്തിയതായി കാണുന്നില്ല.
 7. ലാറ്റക്സിലടങ്ങിയിരിക്കുന്ന ഉണക്കറബ്ബര്‍ മാത്രം കണക്കാക്കാമെന്നിരിക്കെ 40% റബ്ബറേതരവസ്തുക്കളും അതിന്റെ തൂക്കവും വിലയും പരിഗണിക്കുന്നതിലൂടെ താണവിലയിലുള്ള കയറ്റുമതിയായി രേഖപ്പെടുത്തുവാന്‍ അവസരമൊരുക്കുന്നു.
 8. ടെലഫോണിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകളായും രേഖപ്പെടുത്തിയിരിക്കുന്നു.
 9. കയറ്റുമതിയുടെ പൂര്‍ണ നിയന്ത്രണം ലൈസന്‍സ് നല്‍കല്‍, പരിശോധന, റദ്ദാക്കല്‍ മുതലായവ റബ്ബര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നിരിക്കെ  ശരിയായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുന്നതിലും ലഭ്യമാക്കുന്നതിലും പരാജയപ്പെടുന്നു. മുതലായവ

പ്രതിമാസ കയറ്റുമതി റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ഇന്‍കമിംഗ് ഫയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മിസ്സിംഗ് പേജുകളും മറ്റും കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. ഓപ്പണ്‍ ഓഫീസ് സ്പ്രെഡ് ഷീറ്റില്‍ കണക്കുകൂട്ടിയത് അപൂര്‍ണമാണെങ്കിലും ഇവിടെ ലഭ്യമാണ്.  പ്രത്യേകമായി കണ്ടെത്തുവാന്‍ കഴിഞ്ഞത് 2006 ആഗസ്റ്റ് മാസം പാലാ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 91.82 രൂപ ശരാശരി വില ഉണ്ടായിരുന്നപ്പോള്‍ 2.13 രൂപ നിരക്കിലും ഐഎസ്എന്‍ആര്‍ 88.28 രൂപ ശരാശരി വിലയുണ്ടായിരുന്നപ്പോള്‍ 2.06 രൂപയ്ക്കു വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടന്നതായി കാണുവാന്‍ കഴിഞ്ഞു. കൂടാതെ പല കയറ്റുമതിക്കാരും പല രാജ്യങ്ങളിലേയ്ക്കും ആഭ്യന്തര വിപണിയായ കോട്ടയം മാര്‍ക്കറ്റ് വിലയേക്കാള്‍ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതായും കാണുവാന്‍ കഴിയും. ഒരേ ഡിപ്പാര്‍ട്ട് മെന്റായ മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ ഏറിയ പങ്കും പൂജ്യം ശതമാനം തീരുവയോടെ ഇറക്കുമതി ചെയ്യുവാന്‍ അവസരമൊരുക്കിയും, വാറ്റ്,  സെസ്  മുതലായവയില്‍  ഇളവുകള്‍ നല്കി  ശരാശരി അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വിലയ്ക്ക്  ചിലര്‍ കയറ്റുമതി ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ വളരെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നു. ഇത്തരം നടപടി സംസ്ഥാനത്തിന് ഭാരിച്ച സാമ്പത്തിക നഷ്ടം ഉണ്ടക്കുന്നു. കൃത്യമായ കണക്കുകള്‍ ലഭിച്ചാല്‍ ഇത്തരത്തില്‍ എത്രകോടികളാണ് നഷ്ടപ്പെട്ടത് എന്ന് കണക്കാക്കുവാന്‍ കഴിയും.

2 comments to ലഭിച്ച വിവരങ്ങള്‍ സുതാര്യമല്ല

 • ജിനേഷ്

  ചന്ദ്രേട്ടാ, റബ്ബര്‍ ബോര്‍ഡ് കയറ്റുമതി കണക്കുകളൊക്കെ ഡോളറിലല്ലേ സൂക്ഷിക്കുന്നുണ്ടാവുക? ആ രണ്ടുരൂപക്കണക്കുകള്‍ ഡോളറിലാണെങ്കില്‍ ശരിയാവും എന്നു തോന്നുന്നു.പിന്നെ ആദ്യ പാരഗ്രാഫില്‍ എന്തോ വശപിശകുള്ളതുപോലെ, ഒന്നു പരിശോധിക്കൂ(ചിലപ്പോ എനിക്ക് പെട്ടന്നു തോന്നിയതാവും)

  ജിനേഷ്

 • ജിനേഷ്,
  കയറ്റുമതി ചെയ്യുന്നവര്‍ റബ്ബര്‍ ബോര്‍ഡിന് സമര്‍പ്പിക്കുവാന്‍ നിശ്ചിത ഫോറം ഉണ്ട് എന്ന് പലരും സമര്‍പ്പിക്കുന്ന രേഖകളില്‍ നിന്ന് വ്യക്തമാണ്. എന്റെ പോസ്റ്റില്‍ ചില തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഒരുമാസം ശരിയായ രീതിയില്‍ ലഭ്യമാക്കുന്ന ഒരേ കയറ്റുമതിക്കാരന്‍ എപ്രകാരമാണ് മറ്റൊരുമാസം തെറ്റായി തോന്നും വിധം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആ തെറ്റിനെ തിരുത്തേണ്ടത് റബ്ബര്‍ ബോര്‍ഡിന്റെ ബാധ്യതയല്ലേ? രൂപയെന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ഡോളറെന്ന് കണക്കാക്കാന്‍ കഴിയില്ല.