Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരളജനതക്ക് ശുദ്ധമായ പശുവിന്‍പാല്‍ ………………………..

മില്‍മയും മാറി മാറി ഭരിച്ച സര്‍ക്കാരുകളും കേരളത്തിലെ മൃഗസംരക്ഷണം ഇന്നത്തെ നിലയില്‍ എത്തിച്ചു. എന്നാല്‍ മില്‍മയെ മുഖ്യപ്രതിയാക്കിയും ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും തന്നെ സത്യം മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. 1983 മുതല്‍ 2005 വരെ ഒരു യൂണിവേഴ്സിറ്റി രണ്ടാം ഗ്രേഡ് ഉദ്യോഗസ്ഥന് 10.51 % ശമ്പള വര്‍ദ്ധനരേഖപ്പെടുത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊത്തമായി ഉണ്ടായ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം തന്നെയാണ്. കാര്‍ഷിക മേഖലയിലും ക്ഷീരോത്പാദനമേഖലയിലും അത്തരം ഒരു വളര്‍ച്ച കൈവരിക്കുവാന്‍ കഴിയാതെ പോയത് ഇവ രണ്ടും തകരുവാന്‍ കാരണമായി. വര്‍ദ്ധിച്ചുവരുന്ന ഐ.ടി മേഖലയുടെ കുതിപ്പും ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ശമ്പളവും ഇടനിലക്കാരുടെ സ്വാധീനത്താല്‍ അതിന്റെ ഒരംശം പോലും കര്‍ഷകരില്‍ എത്തുന്നില്ല. ഭക്ഷ്യക്ഷാമവും പാല്‍ക്ഷാമവും പരിഹരിക്കുവാന്‍ ജനറ്റിക് എഞ്ചിനീയറിങ്ങ് ആണ് എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്ന് മനസിലാക്കണം മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിനും കഴിയില്ല എന്നത്. മണ്ണില്‍നിന്ന് ഊറ്റിയെടുത്ത് തല്‍ക്കാലം പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞാലും അത് സര്‍വ്വ നാശത്തിനും വഴിവെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്ഷീരോല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ മിതമായി പാല്‍തരുന്ന രോഗപ്രതിരോധശേഷിയുള്ള നമ്മുടെ പ്രകൃതിക്കിണങ്ങിയ പശുക്കളുടെ എണ്ണം കൂടുകയും അവയെ ലാഭകരമായി വളര്‍ത്തുവാന്‍ കഴിയുകയും വേണം. ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും, പാല്‍ വിപണന സംഘങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമല്ല ഉത്പാദന ചെലവ് പരിഗണിക്കാതെ പാല്‍ വിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. 1992 ല്‍ 3.25 രൂപയ്ക്ക് പാല്‍ വിറ്റിരുന്ന എനിക്ക് ലാഭം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പാല്‍ വിലയിലെ കുറവ് പരിഹരിക്കത്തക്കവിധം താണവിലക്ക് കാലിത്തീറ്റ ലഭ്യമാക്കി 5.50 രൂപ പ്രതിലിറ്റര്‍ വിലയ്ക്ക് പാല്‍ സംഭരിച്ച് 6.00 രൂപയ്ക്ക് വിറ്റിരുന്നത് സംഭരണവില 12.00 രൂപയായപ്പോള്‍ വിപണനവില 17.00 രൂപയായി. (ഇതെനിക്കറിയാവുന്ന ഏകദേശ കണക്കാണ്) ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപ ലാഭത്തില്‍ 13.00 രൂപയ്ക്ക് വില്‍ക്കുവാന്‍ കഴിയണമായിരുന്നു. ഇത്തരത്തിലൊരു ആനുപാതിക വര്‍ദ്ധനവിന് പകരം പാലില്‍ നിന്ന് വെണ്ണയും നീക്കം ചെയ്ത് വെള്ളവും പാല്‍പ്പൊടിയും ചേര്‍ക്ക് സുന്ദരമായ പാല്‍ക്കവറുകളില്‍ വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താവ് എന്ന ജനത്തിനും അതാണ് ഇഷ്ടം. ശുദ്ധമായ പാല്‍ ആര്‍ക്കും കഴിക്കുവാന്‍ പാടില്ല എന്ന് ചില ഡോക്ടര്‍മാരും സഹായത്തിനുണ്ട്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് ഇതിനൊരപവാദം തന്നെ. ക്ഷീരോദ്പാദക സംഘങ്ങള്‍ 12.60 രൂപയ്ക്ക് ക്ഷീരകര്‍ഷകനില്‍ നിന്ന് പാല്‍ വാങ്ങി അവിടെവെച്ച് 17 രൂപയ്ക്ക് വില്കുന്ന സംഭവവും ഈ മേഖലയിലെ പ്രശനങ്ങള്‍ക്കൊരുദാഹരണമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് രൂപ ഒരുകിലോ എള്ളിന്‍ പിണ്ണാക്കിന് വിലയുണ്ടായിരുന്നപ്പോള്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് കര്‍ഷകന് ആറുരൂപ ലിറ്ററൊന്നിന് വില ലഭിക്കുമായിരുന്നു. പിണ്ണാക്കിന് അഞ്ചിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ പാല്‍ വില ഇരട്ടിയായി. അവിടെ മനസിലാക്കാം ക്ഷീരകര്‍ഷകരുടെ ആമേഖല കൈയ്യൊഴിയുവാനുള്ള തീരുമാനം. 2001-02 ല്‍ 27 ലക്ഷം ടണ്‍ പാല്‍ ഉദ്പാദിപ്പിച്ച സംസ്ഥാനം 2005-06 ല്‍ 20 ലക്ഷമായി കുറഞ്ഞപ്പോള്‍ വിപണന സംഘങ്ങള്‍ക്ക് ചെലവിന് പണം ഉദ്പാദനം കുറഞ്ഞ പാലില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. അത് കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട വില ലഭ്യമാക്കാതെ കര്‍ഷകരെ ആ മേഖലയില്‍ നിന്ന് ആട്ടിയോടിക്കുകയല്ലെ ചെയ്തത്? കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കളെ വളര്‍ത്തി പരിഹാരം കാണാമെന്ന വ്യാമോഹം പൂവണിയില്ല. അത്തരത്തില്‍ ഒരു ശ്രമം ഇന്ന് പശു വളര്‍ത്തുന്നവരും പശുക്കളെ കയ്യൊഴിയുവാന്‍ കാരണമാകും. കാരണം ക്ഷീരോദ്പാദനം കൂടിയ പശുക്കള്‍ക്ക് രോഗ പ്രതിരോധശേഷിയും കുറവായിരിക്കും. മാത്രവുമല്ല പാലിനും ഗുണം കാണില്ല. മാത്രവുമല്ല പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമില്‍ വീഴുന്ന ചാണകം, ഗോമൂത്രം മുതലായവ മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് കാര്‍ഷികോത്പാദന വര്‍ദ്ധനവിനും കാരണമാകും.

കാര്‍ഷികമേഖലയുടെയും മൃഗസംരക്ഷണമേഖലയുടെയും നിലനില്‍പ്പിന് ഉദ്പാദനചെലവിന് മുകളിലുള്ള വില കര്‍ഷകര്‍ക്ക് കിട്ടിയേ തീരൂ. ബംഗാളില്‍ പക്ഷിപ്പനിക്ക് പിന്നാലെ മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് വന്ന് ചാകുന്നു. വ്യാവസായിക വളര്‍ച്ച ഇതിന് പരിഹാരമാകുമോ? സര്‍ക്കാര്‍ ശ്രമത്തില്‍ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഡയറികള്‍ തുടങ്ങിയാല്‍ തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആക്കം കൂടുകയേ ഉള്ളു. കാരണം ഇവിടെ ലഭ്യമായ ചാണകം മുഴുവനും അവര്‍ തീറ്റപ്പുല്‍കൃഷിക്കായി വിനിയോഗിക്കുകയും നിലവിലുള്ള കര്‍ഷകര്‍ ക്ഷീരോദ്പാദനം അവയാനിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നീട് പാലിന്റെ വിലയുടെ നിര്‍ണയവും ഈ വന്‍കിടക്കാരുടെ കൈകളിലായി മാറും.

മനോരമ 07-02-08 ന് പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.

കന്നുകാലികളുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ട് പൂഴ്ത്തി
തൊടുപുഴ: സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍സസ് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പ് രഹസ്യമാക്കിവച്ചു. കന്നുകാലികളുടെ എണ്ണത്തിലെ ഭീമമായ കുറവ് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ ലഭ്യത കുറയ്ക്കുമെന്ന ഭയത്താലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തത്.

ആദ്യ സെന്‍സസില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു ഘടന മാറ്റി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി വീണ്ടും കണക്കെടുപ്പു നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാനത്തെ കടുത്ത പാല്‍ക്ഷാമത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നാണു തീരുമാനം.

മുന്‍ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തുള്ള 32 ലക്ഷം കന്നുകാലികളുടെ എണ്ണത്തിലാണു ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലൂടെ കോടികളുടെ ധനസഹായം നല്‍കിയിട്ടും ക്ഷീരകര്‍ഷകരെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതു പരാജയമായി വിലയിരുത്തിയിരുന്നു.

അതിലുപരി കാലിവളര്‍ത്തലില്‍നിന്നുള്ള വ്യാപകമായ കൊഴിഞ്ഞുപോക്ക് സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാനോ തടയുന്നതിനോ ഇരു വകുപ്പുകള്‍ക്കും സാധിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. പാല്‍ ഉല്‍പാദന രംഗത്തേക്കു കടക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമത്തിലും കര്‍ഷകരെ ആകര്‍ഷിക്കാനും സഹായിക്കാനുമുള്ള യാതൊരു നടപടിയുമില്ല.

ഒരു പഞ്ചായത്തില്‍ 1500 പശുക്കളെ നല്‍കുന്ന വിദര്‍ഭ പാക്കേജ്, പശുഗ്രാമം, കന്നുകുട്ടി പരിപാലനം തുടങ്ങി കോടികളുടെ പദ്ധതികളാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവയെല്ലാംതന്നെ ബോധവല്‍ക്കരണ പരിപാടികളിലും സെമിനാറുകളിലും പരിശീലനങ്ങളിലും പ്രഭാഷണങ്ങളിലും ഒതുങ്ങുന്നതാണ്. അതേസമയം കാലിവളര്‍ത്തലില്‍നിന്ന് ഒരു രൂപ പോലും വരുമാനം ഉയരുന്ന ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല.

മില്‍മ രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകനു വര്‍ധനവിന്റെ പകുതിപോലും ലഭിച്ചില്ല. രണ്ടു വര്‍ധനവും അന്യസംസ്ഥാന പാല്‍ ലോബിയെയാണു സഹായിച്ചത്.

കൂടാതെ പദ്ധതികള്‍ കേമമായി നടത്തുമ്പോഴും അവയുടെ പ്രയോജനം സംബന്ധിച്ചു വിലയിരുത്തല്‍ നടത്താറില്ല. പകരം ഫണ്ട് ചെലവഴിച്ചതു മാത്രമാണ് ഇതു സംബന്ധിച്ച യോഗങ്ങളില്‍ പരിശോധിക്കുക.

വികലമായ നയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പാകട്ടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിലും യാതൊരു മാനദണ്ഡവും പുലര്‍ത്താറില്ല. ഏകദേശം 450 പശുക്കളുള്ള മന്ത്രി സി. ദിവാകരന്റെ മണ്ഡലത്തിലെ പഞ്ചായത്തായ കരുനാഗപ്പിള്ളിയിലും 15000 ല്‍ ഏറെ പശുക്കളുള്ള അട്ടപ്പാടിയിലും ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാണ്.

4 comments to കേരളജനതക്ക് ശുദ്ധമായ പശുവിന്‍പാല്‍ ………………………..

 • നല്ല പോസ്റ്റ് :),
  ചന്ദ്രേട്ടാ, കോഴിയിറച്ചി കഴിക്കണം മുട്ടയും പാലും കഴിക്കണം എന്നു ബഹു. മന്ത്രി ഏതു ഗുളികന്‍ നിക്കണ നേരത്താണോ മൊഴിഞ്ഞേ ദേ ഇപ്പം ഇറച്ചിയുമില്ല പാലുമില്ല മുട്ടയുമില്ല!!!. പ്ലാനിങിന്റെ അഭാവവും കരുതലില്ലായ്മയോടെയുള്ള എടുത്തു ചാട്ടവുമാണ് ഇതിനൊക്കെ കാരണം. ഡയറി ഡെവലപ് മെന്റ് ഡിപ്പാര്‍ട്ട് മെന്റ് വഴി മന്ത്രി പുതിയൊരു വിപ്ലവം തുടങ്ങി. അതു ഏറെ ക്കുറെ കഴിഞ്ഞ വര്‍ഷം തന്നെ പൊളിഞ്ഞു നാറിയ സ്കീം ആണ് അതിപ്പോള്‍പുതുക്കിയിറക്കീട്ടുണ്ട് മന്ത്രി. എം. എസ്. ഡി. പി, (മില്‍ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം) അതിന്റ്റെ സദുദ്ദേശം മനസ്സിലാക്കാം കേരളത്തിലെ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ നിന്നും “നല്ലയിനം “ കാലികളെ കര്‍ഷകര്‍ അതാതു ബ്ലോക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ പോയി കണ്ട് വാങ്ങിക്കുക . പ്രായോഗികമായി ഇതില്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ട് നടപ്പിലാക്കാന്‍.

  ഒന്ന് : പൊള്ളാച്ചിയിലും തമിഴ്നാട്ടിലെ ഉള്‍നാടന്‍ കാലിച്ചന്തകളിലും എത്ര ദിവസം കയറിയിറങ്ങിയാലാവും ഒരു “നല്ലയിനം” പശുവിനെ ലഭിക്കുക?.

  രണ്ട് : നമ്മുടെ കാലിച്ചന്തകളിലെ ഒരു രീതി കര്‍ഷകന്‍ കൂടെയായ ചന്ദ്രേട്ടനെ പറഞ്ഞു മനസ്സിലാക്കിക്കേണ്ടല്ലൊ?. കൊച്ചു വെളുപ്പിനെ അവിടെ 18 ഉം 20 ഉം ലിറ്ററൊക്കെ കറന്നു കാണിക്കും. പശു വീട്ടിലെത്തുമ്പോള്‍ അതിന്റെ നാലിലൊന്നു പാല്‍ കറന്നല്‍ കിട്ടില്ല. ബാങ്കില്‍ നിന്ന് നല്ലൊരു തുക എടുത്തു മന്ത്രി യുടെ വാക്കു കേട്ട് മാടുവാങ്ങാന്‍ ചാടിപ്പുറപ്പെട്ട് വീട്ടിലെത്തി നാലു നാള്‍ കഴിഞ്ഞ് പണം തിരികെ അടയ്ക്കാന്‍ ഗതിയില്ലാതെ കര്‍ഷകര്‍ പശുവിന്റെ തന്നെ കയറ് അഴിച്ചെടുത്ത് തൊഴുത്തിലെ ഉത്തരത്തില്‍ തൂങ്ങുന്നതു നമ്മള്‍ കാണെണ്ടി വരും..!.

  മൂന്ന് : മിക്കവാറും ബ്ലോക്കുകളില്‍ ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് വനിതാ ഉദ്യേഗസ്ഥകളാണ്. ആണുങ്ങള്‍ ചെന്നാലേ അവരെ മയക്കി മടക്കി അടുക്കുന്നവരാണ് ചന്തകളിലെ കന്നുകാലി ബ്രൊക്കര്‍മാര്‍ അപ്പോള്‍ പിന്നെ ഈ വനിതാ ഉദ്യോഗസ്ഥരുടെ കാര്യം ചിന്തിച്ചു നോക്കൂ.. മാത്രവുമല്ല നാലും അഞ്ചും ദിവസം ഈ ഗ്രാമങ്ങളില്‍ കയറിയിറങ്ങി നടന്നാലെ (ചില സ്ഥലങ്ങളില്‍ ചന്തകള്‍ ദിവസവും കൂടാറില്ല അപ്പോള്‍ അവിടെ താമസിക്കേണ്ടിവരും ദിവസങ്ങളോളം) ടാര്‍ജറ്റ് ചെയ്തിട്ടുള്ള കാലികളെ ലഭിക്കൂ.. സ്ത്രീകള്‍ എങ്ങിനെയാണ് താമസ സൌകര്യം പോലും ഇല്ലാത്ത ഇത്തരം സ്ഥലങ്ങളില്‍ കഴിയുക?.
  ഇക്കര്യം ഒരു വനിതാ ഉദ്യോ‍ഗസ്ഥ തന്റെ മേലുദ്യ്യോഗസ്ഥയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കിട്ടിയ മറുപടി “ശമ്പളം നിങ്ങള്‍ക്കും പുരുഷ ഉദ്യോഗസ്ഥര്‍ക്കും തരുന്നത് ഒരുപോലെയല്ലെ” എന്നാണ്??, പക്ഷെ സര്‍വീസ് ചട്ടങ്ങളില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥകള്‍ക്ക് നല്‍കേണ്ട ചില സംരക്ഷണങ്ങളെപറ്റി പറയുന്നുണ്ട്. മദ്രാ‍സ് സിറ്റിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാല്‍ കാലികളെ കിട്ടില്ലല്ലൊ?. അത് കൊണ്ട് ഇത്തരം ജോലികള്‍ക്ക് വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതല്ലെ നല്ലതു????

  നാല് : ഇങ്ങനെ യുള്ള സാഹചര്യത്തില്‍ കേരളത്തിലുള്ള ചില തമിഴനാട് ലോബികള്‍ ഇവിടെ ഡോക്കുമെന്റ്സ് ശരിയാക്കി കൊടുക്കും കാലികളെ തമിഴ്നാട്ടില്‍ നിന്നും വാങ്ങിയതായി!!. അപ്പോള്‍ നടപ്പാകാതെ പോകുന്നതു മന്ത്രിയുടേ സ്വപ്നം ആണ്. ഇവിടെ കാലി സമ്പത്ത് കൂടുന്നില്ലല്ലോ? ശങ്കരന്റെ പശു ഗോവിന്ദന്‍ വാങ്ങി അത്രേയുള്ളൂ..

  ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഈ പദ്ധതിയ്ക്ക് അതിന്റെ ലക്ഷ്യത്തിലെത്താന്‍ തടസ്സമായി നില്‍ക്കുന്നുണ്ട്. മന്ത്രിക്ക് ഓര്‍ഡറിട്ടാല്‍ മതി അതിന്റെ വരും വരായ്കകള്‍ ആരു ചിന്തിക്കുന്നു!. മാര്‍ച്ച് 31 നു മുന്‍പ് ഈ സംഭവം നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷ വേറേ പുറേകേ വരും!.

  കേരളം ഇപ്പോള്‍ നേരിടുന്ന പാല്‍ ക്ഷാമത്തിന് നൂറൂ ശതമാനവും ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളീല്‍ നിന്നും വരുത്തുന്ന പാലിനു നല്‍കുന്ന വില എന്തു കൊണ്ട് ഇവിടുത്തെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍ തീര്‍ച്ചയായും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചേനെ. അവനു മാന്യമായ വില ലഭിക്കുമെന്കില്‍ .

 • ചന്ദ്രേട്ടാ, നന്നായിരിക്കുന്നു വിശദമായ ഈ പോസ്റ്റ്.

  തീര്‍ച്ചയായും പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗ്ഗമാകുമായിരുന്ന കാലിവളര്‍ത്തല്‍ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടമായിരിക്കുകയാണ്.

 • ചന്ദ്രേട്ടാ,

  പാലില്‍ നിന്ന് വെണ്ണ നീക്കുന്നതിനെക്കുറിച്ച് എനിയ്ക്കടിയാവുന്നതു പറയാം.
  ക്ഷീരോത്പാദക സഹകരണസംഘത്തില്‍ പാലിന്റെ ശുദ്ധി ലാക്ടൊ മീറ്റര്‍ വച്ച അളന്നാണ് നിശ്ചയിയ്ക്കുന്നത്. അതായത് രണ്ടു പശുവിന്റെ ഒരു ലിറ്റര്‍ പാലിന് ഒരേ വില കിട്ടണമെന്നില്ല എന്നര്‍ത്ഥം. ചന്ദ്രേട്ടനോട് ഇതു പറയണ്ട കാര്യമില്ലെന്ന് എനിയ്ക്കറിയാം. എങ്കിലും അറിയാന്‍ വയ്യാത്തവരുണ്ടാവുമല്ലോ. അപ്പോള്‍ പാലിന്റെ പരിശുദ്ധി എന്നതിന് ചില അടിസ്ഥാനങ്ങള്‍ ആവശ്യമായി വരും. ശുദ്ധമായ പാല്‍ എന്നതില്‍ ഇത്ര ശതമാനം കൊഴുപ്പ് ഇത്ര ശതമാനം വെള്ളം ഇത്രശതമാനം ഘരപദാര്‍ത്ഥം എന്നിങ്ങനെയുള്ള കണക്കുകളുണ്ട്.

  കവറിലാക്കി വില്‍ക്കുമ്പോള്‍ കൊഴുപ്പ് കൂ‍ടുതലുള്ളതില്‍ നിന്നും കൂടുതലുള്ളത് എടുത്തുമായിയും കുറവുള്ളതില്‍ ചേര്‍ത്തുമാണ് വില്‍കുന്നത് അഥവാ വില്‍ക്കേണ്ടത്. അപ്പോള്‍ വെണ്ണ വെട്ടിമാറ്റിയെന്നിരിയ്ക്കാം, പാല്‍പ്പൊടി ചേര്‍ത്തൂ എന്നും വരാം. ഇത് തികച്ചും നിയമപരമാണ്, ഇതില്‍ ചതിവ് ഒട്ടൂം തന്നെയില്ല. ഇത് സാധാരണ പാലിനെക്കുറിച്ച്.

  കൊഴുപ്പു നീക്കം ചെയ്ത പാല്‍ ആണ് മറ്റൊരിനം. ഇതിന് വിപണിയില്‍ ആവശ്യക്കാരുണ്ട്. തന്നെയുമല്ല കവറിനു പുറത്ത് എഴുതിയിട്ടൂമുണ്ടാവും. അതുകൊണ്ട് ഇവിടെയും ആരും ആരെയും ചതിയ്ക്കുന്നില്ല.

  മില്‍മയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള പ്രശ്നം ആഭ്യന്തരോത്പാദനത്തിലെ കുറവുതന്നെയാണ്. പിന്നെ ഭരണപരമായ പിടിപ്പുകേടുകളും, രാഷ്ട്രീയകളികളും.

  പന്ത്രണ്ടു രൂപയ്ക്ക് ശേഖരിയ്ക്കുന്ന പാല്‍ പതിമൂന്നു രൂപയ്ക്ക് വില്‍കാന്‍ കഴിയണമെന്നു പറയുന്നത് കടന്നകയ്യാണ്. മില്‍മയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കണം. പാലിന്റെ സംസ്കരണത്തിനുള്ള ചിലവ്, പായ്ക്കിംഗ്, അതിന്റെ ഡിസ്റ്റിബ്യൂഷന്‍, വില്‍ക്കുന്നവന്റെ ലാഭം എല്ലാം കൂടി നോക്കേണ്ടേ.

  ഇക്കാര്യത്തില്‍ മില്‍മയ്ക്ക് ഏതൊരു സഹരണസംഘത്തെയും പോലെ പരിമിതികളുണ്ട്. പ്രാദേശികമായ കൂട്ടായ സംരഭങ്ങളും പ്രാദേശിക വില്പനയുമാണ് ഏറ്റവും നല്ല പരിഹാരം. ഒരാള്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തുന്നതിലും നല്ലതാണെന്നു തോന്നുന്നു മൂന്നോ നാലോ പേര്‍ കൂടി പത്തോ ഇരുപതോ പശുക്കളെ വളത്തുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടൂകള്‍ അറിയില്ല. അഭിപ്രായം പറയുന്നൂ എന്നു മാത്രം.

 • ജോജു,
  പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് എന്ന ലിങ്ക് തുറന്ന് വായിച്ചില്ല എന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം ഡക്സ്ട്രോസും, വെളിച്ചെണ്ണയും, സോപ്പുലായനിയും, പാല്‍പ്പൊടിയും, വെള്ളവും ചേര്‍ത്തും പാലുണ്ടാക്കി കവറിലാക്കി വില്‍ക്കുന്നു. ഇവിടെ അതല്ല പ്രശ്നം പൊതുജനം കൊടുക്കുന്ന നികുതിയില്‍ നിന്ന് ഒരംശം ചെലവാക്കി മില്‍മ നടത്തട്ടെ. പകരം കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പാല്‍ പാസ്ചറൈസ് ചെയ്ത് അതേ ക്വാളിറ്റിയില്‍ അതേ വിലയ്ക്ക് വില്‍ക്കട്ടെ. അല്ലെങ്കില്‍ കുറെക്കൂടി ഉല്പാദനം കുറഞ്ഞാല്‍ കര്‍ഷകര്‍ക്ക് ഇതിലും താണവില കൊടുക്കാനെ കഴിയൂ.

  “മില്‍മയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കണം. പാലിന്റെ സംസ്കരണത്തിനുള്ള ചിലവ്, പായ്ക്കിംഗ്, അതിന്റെ ഡിസ്റ്റിബ്യൂഷന്‍, വില്‍ക്കുന്നവന്റെ ലാഭം എല്ലാം കൂടി നോക്കേണ്ടേ.” ഇതിനൊക്കെ കര്‍ഷകര്‍ കൊടുക്കുന്ന പാലില്‍ നിന്ന് കണ്ടെത്തിയാല്‍ കര്‍ഷകര്‍ പശു വളര്‍ത്തുന്നത് സ്വയം അവസാനിപ്പിച്ചുകൊള്ളും. ജി.എം മില്‍ക്ക് കുടിക്കാം അല്ലെ?