Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കെവിന്‍ & സിജിയെ അറിയാത്തവര്‍ ഈ ബൂലോഗത്തില്ല

കാര്‍ട്ടൂണിസ്റ്റ് സജ്ജീവില്‍ നിന്നും തന്റെ കാര്‍ട്ടൂണ്‍ തൃശൂര്‍ ബ്ലോഗ് ശില്പശാലയില്‍ വെച്ച് ഏറ്റുവാങ്ങുന്ന കെവിന്‍ നമുക്കെല്ലാം സുപരിചിതനാവുന്നത് “അഞ്ചലി ഓള്‍ഡ് ലിപി” എന്ന മലയാളം യൂണികോഡ് ഫോണ്ടിലൂടെയാണ്. വരമൊഴിയിലൂടെയും മൊഴികീമാനിലൂടെയും കമ്പ്യൂട്ടറുകളില്‍ ഈ ഫോണ്ട് എത്തിയതോടെയാണ് മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. അനേകമാസങ്ങളായി കേരളത്തില്‍ തൊഴില്‍ തേടി അലയുന്ന ഈ അക്ഷര പണ്ഡിതന്‍ നാളെ തിരുവനന്തപുരത്ത് ഹയര്‍ സെക്കന്‍ഡറിയിലേയ്ക്ക് “ഫിസിക്കല്‍ എഡ്യൂക്കേഷന്‍” അധ്യാപകനായി പരീക്ഷ എഴുതുകയാണ് (അങ്കിളില്‍ നിന്നാണ് ഞാനിക്കാര്യം അറിയുന്നത്). അക്ഷരാഭ്യാസം പഠിച്ച ഈ കുടുംബനാഥന് കായികാഭ്യാസം ചെയ്യേണ്ടി വരുന്നത് വിരോധാഭാസം തന്നെയാണ്. കെവിന് ജോലി ചെയ്യുവാന്‍ കഴിയുന്ന ഐ.ടി മിഷന്‍, സി.ഡിറ്റ്, സി.ഡാക്ക്, ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, അക്ഷയ തുടങ്ങി എത്രയോ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

ലോകം മുഴുവന്‍ ഭാഷാ വര്‍ഷം ആചരിക്കുകയും കേരളത്തില്‍ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച ഭാഷാ വര്‍ഷവും മലയാളം കമ്പ്യൂട്ടിങ്ങും പ്രചരണ പരിപാടി കെവിനെപ്പോലെ മലയാളഭാഷയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്പോര്‍ട്സ് ക്വാട്ടയിലും മറ്റും നല്‍കുന്ന പരിഗണന നല്‍കാവുന്നതാണ്. ഒരുപക്ഷെ ഗൂഗിളിലോ മൈക്രോസോഫ്റ്റിലോ ഒരു ജോലി കെവിന് നിഷ്പ്രയാസം ലഭിച്ചെന്നിരിക്കും. ബഹ്റിനില്‍ ജോലി ഉണ്ടായിരുന്ന കെവിന്‍ ആ ജോലി ഉപേക്ഷിച്ച് നാട്ടില്‍ വന്നത് ഇവിടെ ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷയുമായിട്ടായിരിക്കാം. കേരളക്കില്‍ മലയാള അക്ഷരങ്ങളെ സ്നേഹിക്കുന്ന കെവിന് ഒരു സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്നതിലേയ്ക്കായി യൂണിക്കോഡ് മലയാളം ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ കേരള സര്‍ക്കാരിനോട് വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

കെവിന്‍ സംസാരിക്കുന്നത് ഇവിടെ കേള്‍ക്കാം.

16 comments to കെവിന്‍ & സിജിയെ അറിയാത്തവര്‍ ഈ ബൂലോഗത്തില്ല

 • തൃശ്ശൂര്‍ ബ്ലോഗ് ശില്പശാലയില്‍ വച്ചാണ് കെവിന്‍ ചേട്ടനെ പരിചയപ്പെടുന്നത്.അന്ന് സജ്ജീവേട്ടന്‍ ആ ചിത്രം വരച്ചപ്പോള്‍ അതിന് കൊടുത്ത ടൈറ്റില്‍ യൂണിക്കോഡ് പുലി എന്നായിരുന്നു. തീര്‍ച്ചയായും താങ്കള്‍ പറഞ്ഞ കാര്യം സങ്കടപ്പെടുത്തുന്നത് തന്നെയാണ്.
  . ഇദേഹത്തിന്റെ കഴിവ് ശരിയായരീതിയില്‍ വിനിയോഗിക്കാന്‍ കേരള സര്‍ക്കാരിനോട് ഞാനും അഭ്യര്‍ത്ഥിക്കുന്നു

 • ചന്ദ്രേട്ടാ കെവിനു സമ്മതമെങ്കില്‍ എന്തുകൊണ്ടിത് കുറേക്കൂടി ഫോര്‍മലായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൂടാ ?,അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന യുണീക്കോഡ് മലയാളത്തിനു ഒരു പുത്തനുണര്‍വ്വ് തന്നെ ആയിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനഭിവാദ്യങ്ങള്‍..!

 • chithrakaranചിത്രകാരന്‍

  കെവിനും,സിജിക്കും ജോലി കിട്ടാനാണോ പ്രയാസം ? സര്‍ക്കാര്‍ ജോലിതന്നെ വേണമെന്നു നിര്‍ബന്ധമാണോ? ഒരു ബിസിനസ്സ് തുടങ്ങിക്കൂടേ ?
  കണ്ണും ,കാതുമില്ലാത്ത നക്കാപ്പിച്ച സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടെന്തു ഫലം!
  അഞ്ജലി ഓള്‍ഡ് ലിപിയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ ലൈസന്‍സ് സഹിതം കെവിന്‍ സിജിമാരുടെ ഒപ്പു സഹിതം ഇറക്കു ! എന്തിനാ പിന്നെ ജോലി ?

  കാര്‍ട്ടൂണിസ്റ്റ് കെവിന് കാരിക്കേച്ചര്‍ സമ്മാനിക്കുന്ന ഈ ചരിത്രമുഹൂര്‍ത്തത്തിന്റെ പകര്‍പ്പവകാശം ചിത്രകാരനാണു കെട്ടോ. ക്രെഡിറ്റ് സൂചിപ്പിച്ചില്ലെങ്കില്‍ ഫാര്‍മര്‍ക്കെതിരെ കരിവാരം ആചരിക്കാന്‍ സ്കോപ്പുണ്ട് 🙂

 • കെവിന്‍ & സിജിയെ അറിയാം. അക്ഷരങ്ങളുടെ അന്വേഷണങ്ങളില്‍ ഏതൊരു ബ്ലോഗനും എത്തിച്ചേരപ്പെടുന്ന പേരാണു്. അങ്ങനെയുള്ള അറിവാണെനിക്കും ഉള്ളതു്.
  കിരണ്‍സു് പറഞ്ഞതു പോലെ കെവിനു സമ്മതമെങ്കില്‍ എന്തുകൊണ്ടു് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു കൂടാ.!

 • ചിത്രകാരന് തെറ്റ് പറ്റിയെന്ന് തോന്നുന്നു. കാരണം ഞാന്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് എന്റെ പോസ്റ്റില്‍ അപ്ലോഡ് ചെയ്തതല്ല. ഏതു നിമിഷം ചിത്രകാരന്‍ തൃശൂര്‍ ബ്ലോഗ് അക്കാദമിയില്‍ നിന്ന് ഈ ചിത്രം നീക്കുന്നുവോ ആ നിമിഷം ഇവിടെ കാണില്ല. ചിത്രത്തിന്റെ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്യുന്നത്കോപ്പി റൈറ്റ് വയലേഷന്‍ ആകുമോ ചിത്രകാരാ? ഈ പോസ്റ്റിലെ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ലിങ്കൊന്ന് പരിശോധിക്കൂ.

 • എന്റീശര്‍മാരേ..ഇസ്മൈലിക്കൊന്നും 🙂 ഇക്കാലത്ത് യാതൊരു വിലയുമില്ലല്ലേ ചിത്രകാരാ .!

 • ഈ ബൂലോഗത്തില്‍ അക്ഷരങ്ങള്‍ കൊണ്ട് ഒരു പ്രയാണം നടത്തിയപ്പോള്‍ അതിന്റെ ഉറവിടമായിരുന്നു ആദ്യം ഞാന്‍ തിരക്കിയത് അങ്ങനെ എങ്ങനെയാണ് മലയാളം വായിക്കാന്‍ പറ്റുക എന്നത് അദ്ധേഹത്തിന്റെ ബ്ലോഗില്‍ എത്തുകയാണ് ഉണ്ടായത് കിരണ്‍സു് പറഞ്ഞതു പോലെ കെവിനു സമ്മതമെങ്കില്‍ എന്തുകൊണ്ടു് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു കൂടാ.!:)

 • കൃഷ് | krish

  പോസ്റ്റ് ഗ്രാഡുവേഷന്‍ കഴിഞവര്‍ക്ക് കണ്ടക്ടര്‍ ജോലി കൊടുക്കുന്ന നാടല്ലേ.. ഇതില്‍ അത്ഭുതമില്ല.
  എന്നാലും അക്ഷരങ്ങളുമായി ബന്ധപ്പെട്ട ജോലി ലഭിക്കട്ടെ.

 • പറയാതിരിക്കാന്‍ വയ്യ! കെവിന്‍- സിജി സുഹൃത്തുക്കളെ ഇതില്‍ വലിച്ചിഴക്കാന്‍ ഇഷ്ടമില്ലെങ്കിലും. തൊഴില്‍ മാന്യതയെ കുറിച്ചുള്ള മിഥ്യാ ധാരണകള്‍ ഇവിടെയുണ്ടെന്നു തോന്നുന്നു. ഹയര്‍ സെക്കണ്ടറി ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ എന്നത് മോശം തൊഴിലാണെന്നാണോ പറഞ്ഞു വരുന്നത്?

  ‘അക്ഷരാഭ്യാസം പഠിച്ച ഈ കുടുംബനാഥന് കായികാഭ്യാസം ചെയ്യേണ്ടി വരുന്നത് വിരോധാഭാസം തന്നെയാണ്’- ഇതിന്റെ അര്‍ത്ഥം ‘അക്ഷരാഭ്യാസം പഠിച്ച’വര്‍ കായികാഭ്യാസം ചെയ്യരുതെന്നാണോ? ചിത്രകാരന്റെ കമന്റ് കുറച്ചു കൂടി കടുത്തു പോയി. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് ഇപ്പോഴും സര്‍ക്കാര്‍ തന്നെയാണു ചിത്രകാരാ.

  ഭാഷക്ക് കെവിന്‍ ചെയ്ത സേവനത്തോളവും അതിലും വലുതും ഇനിയും അദ്ദേഹത്തിനു ചെയ്യാന്‍ കഴിയട്ടെ!

 • കെവിന്‍,
  താങ്കളെ കാണാന്‍ ഇനി എവിടെ തപ്പി നടക്കും എന്ന് തിരയുമ്പോഴാണ് ഈ പോസ്റ്റ്.
  താങ്കളുടെ പുസ്തകങ്ങള്‍ വായനക്കാരില്ലാതെ ഒരു ചുവരിനകത്ത് വീര്‍പ്പു മുട്ടിക്കഴിയുന്നത് ഈ ബഹറൈനില്‍ നിന്ന് ഞങ്ങളെ ഏറെ പ്പെരെ വേദനിപ്പിക്കുന്നു.
  ഇന്നു വരും നാളെ വരും എന്ന് ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായ്.
  കൂട്ടുകാരാ..
  എല്ലാവരും പറയുമ്പോലെ സര്‍ക്കാര്‍ തലത്തില്‍ യൂനിക്കോഡിന്‍ റെ സംരംഭങ്ങള്‍ ആരംഭിച്ച സ്ഥിതിക്ക് ഒന്ന് ശ്രമിക്കാവുന്നത് തന്നെയാണ്.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

 • കെവിൻ നെ പരിചയപ്പെട്ടു വന്നപ്പോഴെക്കും അദ്ദേഹം ബഹ്രൈൻ വിട്ടു. ഇരിങ്ങലിനോട് തിരക്കിയപ്പോഴാണ് അതിനു പിന്നിലെ കാര്യങ്ങൾ അറീയാൻ കഴിഞ്ഞത്. ബൂലോകത്ത് ആദ്യമായി ഒരു ഇ-പത്രം എന്ന ആശയവും കെവിന്റെ തായിരുന്നു. എന്തായാലും അദ്ദെഹത്തിനു നാട്ടിൽ എത്രയും വേഗം ഒരു സ്ഥിര ജോലി ലഭിക്കട്ടെ എന്നാശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

 • ഇത് അറിയിച്ചതിന് നന്ദി.. “അഞ്ചലി ഓള്‍ഡ് ലിപി” ഉപയോഗിക്കുന്നതിന് പകരം ഒരു ആശംസയെങ്കിലും കൊടുക്കാന്‍ സാധിച്ചല്ലോ… ഒരു സ്ഥിര ജോലി ലഭിക്കട്ടെ എന്നാശംസിക്കുന്നു
  ഒപ്പ, വഴി പറഞ്ഞപ്പോലെ.
  ഭാഷക്ക് കെവിന്‍ ചെയ്ത സേവനത്തോളവും അതിലും വലുതും ഇനിയും അദ്ദേഹത്തിനു ചെയ്യാന്‍ കഴിയട്ടെ!

 • Raji Chandrasekhar

  കെവിന് സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു.

  ചന്ദ്രേട്ടന് സ്നേഹാന്വേഷണങ്ങളും…

 • കെവിന് എന്റെ സര്‍വ്വവിധമായ ആശംസകളും…….

 • ഈ കുറിപ്പു കാണാന്‍ വൈകിപ്പോയി.

  സ്വയം ഒരു ബ്ലോഗെഴുത്തുകാരനായി ഞാന്‍ ഒരിക്കലും എന്നെ പരിഗണിച്ചിട്ടില്ല. പ്രത്യുത മലയാളം ബ്ലോഗുകളുടെ തുടക്കം മുതലേ നല്ലൊരു വായനക്കാരനായി തുടരാന്‍ പറ്റാവുന്നത്ര ശ്രമിച്ചിട്ടുമുണ്ട്.

  എന്നിട്ടും മറ്റുള്ളവരെക്കൊണ്ട് തുടങ്ങിവെപ്പിക്കുന്നതുകൂടാതെ, സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങണമെന്നു് അക്കാലത്ത് ആഗ്രഹം തോന്നാന്‍ കാരണം കെവിനായിരുന്നു. യഥാര്‍ത്ഥത്തില്‍ ആദ്യം എഴുതിയിട്ട കുറേ പോസ്റ്റുകളും ഇനിയെന്നെങ്കിലും എഴുതിയേക്കാവുന്ന ഗൌരവതരമായ കുറേയധികം പോസ്റ്റുകളും കെവിനോടു് ഉച്ചത്തില്‍ നടത്തിയിരുന്ന ഒരു സംഭാഷണത്തിന്റെ തുടര്‍ച്ചയാണ്.

  ഇക്കാലത്ത് അധികമൊന്നും കാണാന്‍ കിട്ടാത്ത, ഞാന്‍ ഏറെ ഹൃദയത്തില്‍ വെച്ചാരാധിക്കുന്ന, ഉല്‍ക്കര്‍ഷേച്ഛുവായ, എങ്കിലും ചുറ്റുപാടുമുള്ള മതിലുകള്‍ തീര്‍ത്തുവെച്ച പരിമിതികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിക്കൊണ്ടുതന്നെ എന്നുമെന്നും തളിര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ശരാശരി മലയാളിയുവാവിന്റെ നേര്‍‌രൂപമാണ് കെവിന്‍ എനിക്ക്. ഈ വരികളുടെ അര്‍ത്ഥമറിയണമെങ്കില്‍ നിങ്ങള്‍ കെവിനെ നേരിട്ടുകാണണം. ഒരു നാഴികനേരമെങ്കിലും കെവിനെ നേരിട്ടുകണ്ടും കേട്ടും അറിയണം.

  കെവിനെപ്പോലുള്ളവരെ കണ്ടറിഞ്ഞു സ്വയം മുതല്‍ക്കൂട്ടാനാവാതെ പോവുന്നതാണ് നമ്മുടെ സമൂഹത്തിന്റേയും സ്ഥാപനങ്ങളുടേയും ദുര്യോഗം.

  എന്നെപ്പോലെയുള്ളൊരു നിസ്സാരനാണെങ്കില്‍, മലയാളത്തമ്മ പൂക്കൂടയില്‍ നിറനിറയേ ഒരുക്കിത്തന്ന അപ്രതീക്ഷിതസമ്മാനമാണ് കെവിനുമായുള്ള സൌഹൃദം.

  (ചന്ദ്രേട്ടാ, ചിത്രകാരാ, ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രകാശിപ്പിക്കുന്നതിനെ ഇന്‍-ലൈന്‍ ലിങ്കിങ്ങ് അല്ലെങ്കില്‍ ഹോട്ട് ലിങ്കിങ്ങ് എന്നാണ് പറയുക. മിക്ക നിയമാവലികളിലും ഇത് ഒരു മര്യാദയില്ലായ്മയായാണ് വ്യാഖ്യാനിക്കപ്പെടുക. എന്നിരുന്നാലും പരസ്പരമുള്ള ധാരണ കൊണ്ടാടിക്കൊണ്ട് ഈ ചിത്രം ഇവിടെത്തന്നെ ഇരുന്നോട്ടെ എന്നു രണ്ടുപേരും കൂടി തീരുമാനിക്കുമല്ലോ?)

 • എന്റെ മറുപടി ഒരുപാടു് വൈകി. എന്നാലും എന്റെ നന്മയ്ക്കു വേണ്ടി ആഗ്രഹിയ്ക്കുന്ന എല്ലാവർക്കും ബാക്കിയുള്ളവർക്കും എന്റെ നന്ദിയും ആശംസകളും.

  ഇപ്പോഴത്തെ വിശേഷമെന്തെന്നാൽ, ചെന്നൈയിൽ ഒരു ലോക്കലൈസേഷൻ കമ്പനിയിൽ കയറിക്കൂടിയിരിയ്ക്കുകയാണു് ഞാൻ. സാമ്പത്തികമാന്ദ്യം കമ്പനിയെ പിടിച്ചുലയ്ക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ മുന്നേറുന്നു.

  വിശ്വേട്ടാ, ഇത്രയ്ക്കൊക്കെ പറയാൻ ഞാൻ അത്രയ്ക്കു് മോശക്കാരനാണോ?