Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ കൃഷിയിലൂടെ ഞാന്‍ പഠിച്ച പാഠങ്ങള്‍

റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ധാരാളം കളയും കുറ്റിച്ചെടികളും ഉണ്ടാകാം മണ്ണ് ജൈവ സമ്പുഷ്ടമാണെങ്കില്‍. ഇത്തരം കളകളെ തൂമ്പാ ഉപയോഗിച്ച് നീക്കം ചെയ്യലോ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ അല്ല വേണ്ടത്. ഇവയുടെ നിയന്ത്രണം വളരെ ചെലവ് കുറഞ്ഞ രീതിയില്‍ നടപ്പിലാക്കാം. ഒപ്പം നമ്മുടെ ആദായം വര്‍ദ്ധിപ്പിക്കുകയും മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് മുന്തിയ ഉല്പാദനവും റബ്ബര്‍ മരങ്ങള്‍ക്ക് ദീര്‍ഘായുസ്സും ഉറപ്പാക്കാം. ഇത്തരം പുല്‍‌ക്കൊടികളും കുറ്റിച്ചെടികളും നമ്മുടെ പ്രകൃതി പരിപാലനത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. കാലാകാലങ്ങളിലെ ഇലപൊഴിഞ്ഞുലഭിക്കുന്ന ഉണങ്ങിയ റബ്ബറിലയും ഇത്തരം കളകളുടെയും കുറ്റിച്ചെയികളുടെയും ഉണങ്ങിപ്പൊഴിയുന്ന ഇലകളും കൂടെ അല്പം ചാണകവും കൂടി ആയാല്‍ മണ്ണിന് മരണമില്ല എന്ന് മാത്രമല്ല ഉപദ്രവകാരികളായ കളകളെയും ചെടികളെയും വേരോടെ പിഴുതെടുക്കാനും എളുപ്പമാണ്. കാരണം മണ്ണിനെ ഉഴുതുമറിക്കുന്ന മണ്ണിരകളും ജീവാണുക്കളും മേല്‍മണ്ണ്  ഉറപ്പില്ലാതാക്കിമാറ്റുന്നു അല്ലെങ്കില്‍ മണ്ണിളക്കം നിലനിറുത്തുന്നു. അതുമൂലം ജലം ആഗിരണം ചെയ്യുവാനുള്ള ശേഷി വര്‍ദ്ധിക്കുന്നു.

എന്നാല്‍ ചില കുറ്റിച്ചെടികള്‍ പിഴുതെടുക്കുവാന്‍ കഴിയാത്തവ ആകാം. അവയെമാത്രം മൂട് വെച്ച് വെട്ടിക്കളയാം. ഇവയുടെ മൂട് വെച്ച് മുറിച്ച് മാറ്റിയാല്‍ വീണ്ടും പൊടിച്ചെന്ന് വരാം. എന്നാല്‍ ഇവയില്‍ നിന്ന് ലഭിക്കുന്ന ഔഷധമൂല്യമുള്ള ഇലകള്‍ പല കീടങ്ങളെയും അകറ്റി നിറുത്തുവാന്‍ സഹായകമായിരിക്കാം. ഇവയെ വെട്ടിനശിപ്പിക്കുന്നതിലൂടെ മണ്ണില്‍ വളരുന്ന പുല്‍‌ക്കൊടികള്‍ക്ക് കൂടുതല്‍ ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ലഭിക്കുകയും അവ കാലികള്‍ക്ക് മേയുവാന്‍ ഉത്തമമായിരിക്കുകയും ചെയ്യും. പശുക്കള്‍ ഉണ്ടെങ്കില്‍ അത് ഒരു അധിക വരുമാനം മാത്രമല്ല പാലും ബയോഗ്യാസും സ്ലറിയും ലഭ്യമാക്കുകയും ചെയ്യും.

ടെറസിന്റെ ഉയരം കൂടിയ ഭാഗത്ത് സ്ലറി നിരത്തി ഒഴിക്കുന്നതിലൂടെ പുഷ്ടിയുള്ള കളയും കുറ്റിച്ചെടികളും ഉയരം കൂടിയഭാഗത്ത് കൂടുതലായി ഉണ്ടാകും. മഴപെയ്തശേഷം അവയെ പിഴുതെടുത്ത് നീക്കം ചെയ്യാന്‍ എളുപ്പമാണ്. മണ്ണും ഇലയും പരിശോധിച്ച് NPK രാസവളപ്രയോഗം റബ്ബര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുമ്പോള്‍ ഒരു നല്ല കര്‍ഷകന് മണ്ണും ഇലയും പരിശോധിക്കുമാന്‍ തന്റെ നഗ്നനേത്രങ്ങള്‍ ധാരാളം മതിയാകും. ഇത്തരത്തില്‍ രൂപപ്പെടുന്ന ജൈവ സമ്പുഷ്ടമായ മണ്ണ് അനേകം വര്‍ഷം നല്ല വിളവ് തരുകയും ചെയ്യും. എന്നാല്‍ റബ്ബര്‍ മരങ്ങള്‍ ലാറ്റെക്‌സ് ഉല്പാദിപ്പിക്കുന്നത് അന്നജത്തില്‍ നിന്നാകയാല്‍ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലായി ലഭ്യമാക്കേണ്ടിവരും. മഗ്നീഷ്യം നല്‍കുന്നതിന് മുന്‍പായി  വേനല്‍ മഴയിലൂടെ ലഭിക്കുന്ന അമ്ലമഴ മണ്ണിന്റെ pH താഴുവാന്‍ കാരണമാകുന്നത് തരണം ചെയ്യുവാന്‍ തദവസരത്തില്‍ കുമ്മായം വിതറിയാല്‍ മതി.

ബയോഗ്യാസ് സ്ലറി നല്‍കുന്നതിന് മണ്ണ് കുത്തിയിളക്കുകയോ മണ്ണിട്ട് മൂടുകയോ ചെയ്യേണ്ട ആവശ്യം ഇല്ല. ടെറസിന്റെ ഉയരം കൂടിയഭാഗത്ത് നിരത്തി ഒഴിച്ചാല്‍ മതി. അപ്രകാരം ആ ഭാഗത്ത് കൂടുതല്‍ വേരുപടലം ഉണ്ടാകുകയും റബ്ബര്‍ മരം കാറ്റില്‍ കടപുഴകി വീഴാതെ സംരക്ഷിക്കുകയും ചെയ്യും. താഴ്ചയുള്ള ഭാഗത്ത് വളം നല്‍കേണ്ട ആവശ്യമേ ഇല്ല. മഴയിലൂടെ അലിഞ്ഞിറങ്ങുന്ന എക്കല്‍ മണ്ണ് താഴ്ചയുള്ളഭാഗം ജൈവസമ്പുഷ്ടമായി സംരക്ഷിക്കും. അപ്രകാരം മണ്ണില്‍ നിന്നും ഏറ്റവും കൂടുതല്‍ മൂലകങ്ങള്‍ ഓരോ റബ്ബര്‍ മരത്തിനും ജല ലഭ്യതയുള്ളപ്പോള്‍ വലിച്ചെടുക്കുവാന്‍ കഴിയുകയും ചെയ്യും. ജൈവകൃഷി ചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ ഇലകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ വളരെ കുറവായിരിക്കും. കീടനാശിനികളും, കുമിള്‍ നാശിനികളും, രാസവളങ്ങളും, കളനാശിനിയും നിര്‍‌ദ്ദേശിക്കുന്ന റബ്ബര്‍ ബോര്‍ഡ് മറ്റൊന്നുകൂടി പറയുന്നുണ്ട്. തോട്ടത്തില്‍ കാലികളെ മേയുവാന്‍ അനുവദിക്കരുത് എന്ന്. ആന്ധ്രയില്‍ ജിഎം പരുത്തികൃഷി ചെയ്ത സ്ഥലത്ത് മേഞ്ഞുനടന്ന കാലികളുടെ ഗതിയാവും ഇത്തരം തോട്ടങ്ങളിലും.

പ്രകൃതിയെ നശിപ്പിക്കലല്ല അവയുടെ പരിപാലനമാണ് കര്‍ഷകര്‍ ചെയ്യേണ്ടത്. ചിത്രങ്ങളില്‍ ഞെക്കിയാല്‍ പൂര്‍ണരൂപത്തില്‍ കാണാം.

1 comment to റബ്ബര്‍ കൃഷിയിലൂടെ ഞാന്‍ പഠിച്ച പാഠങ്ങള്‍

  • hareesh

    ചേട്ടാ,
    വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു ഒത്തിരിയേറെ നന്ദി. ഞാനും ക്രുഷിയോട് താല്പര്യം ഉള്ള ഒരാളാണ്. പക്ഷെ സമയപരിമിതിയും മറ്റു ചില കാരണങ്ങളും കാരണം പറമ്പിലേക്കിറങ്ങന്‍ കഴിയാറില്ല.