Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഡോ. ആര്‍.ഗോപിമണിയുടെ കത്തും അതിനുള്ള മറുപടിയും

09-07-08 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ ഡോ. ആര്‍.ഗോപിമണി പ്രസിദ്ധീകരിച്ച കത്താണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

കൃഷിയിലെ കാല്പനികത

ജനിതകമാറ്റം വരുത്താത്ത വിത്തും രാസവളങ്ങളോ കീടനാശിനികളോ വേണ്ടാത്ത നാടന്‍ കൃഷിരീതികളും കൊണ്ട് വന്‍ വിളവ് കിട്ടും എന്നു ദേവിന്ദര്‍ ശര്‍മ പറയുമ്പോള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന എന്നെപ്പോലൊരു ശാസ്ത്രജ്ഞന് അത് അപ്പടി വിഴുങ്ങന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഇത്തരം ഒറ്റപ്പെട്ട വിളവുകളെപ്പറ്റിയും കര്‍ഷകരെപ്പറ്റിയും 1950 കില്‍ തന്നെ ഞങ്ങള്‍ ധാരാളം കേട്ടിരുന്നു. പക്ഷേ, അത്തരം ‘കാര്‍ഷിക വിജയങ്ങള്‍’ ഇന്ത്യയിലെ കോടിക്കണക്കായ കര്‍ഷകരിലേയ്ക്കു വ്യാപിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെന്നതാണ് ദഃഖകരമായ വസ്തുത. അതേസമയം 1973 ല്‍ ‘കല്യാണ്‍ സോണ’ എന്ന അത്യുല്പാദനശേഷിയുള്ള ഗോതമ്പിനം ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ‘കാട്ടുതീ’യുടെ വേഗത്തിലാണ്. വേണ്ട അളവില്‍ ജൈവ വളങ്ങളും രാസവളങ്ങളും ചേര്‍ത്ത് ആ വിത്ത് കൃഷി ചെയ്യുമ്പോള്‍ ഏതു കര്‍ഷകനും ശരാശരി മൂന്ന് ടണ്‍ ഗോതമ്പ് ഒരു ഹെക്ടറില്‍ നിന്ന് ലഭിച്ചിരുന്നു.

ജൈവകൃഷിയുടെ പിതാവെന്നറിയപ്പെടുന്ന ജാപ്പനീസ് കര്‍ഷകനായ ‘മസനോബു ഹുക്കുവോക്ക’ ഏറ്റവും ഒടുവില്‍ പറഞ്ഞത് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത തന്റെ കൃഷിയെ നാലഞ്ച് പതിറ്റാണ്ടുകളിലെ അനുഭവങ്ങള്‍ക്ക് ശേഷവും തന്റെ അയല്‍ക്കാരനായ ഒരു കര്‍ഷകനും അനുകരിക്കാത്തത് തികച്ചും സ്വാഭാവികം തന്നെയാണ്! കാരമവും അദ്ദേഹം പറയുന്നുണ്ട്. “ജൈവകൃഷി വിപുലമായി പ്രചരിപ്പിക്കാനാവുന്ന ഒന്നല്ല. ഉത്പാദന തകര്‍ച്ച കര്‍ഷകര്‍ക്ക് താങ്ങാനാവുന്നതുമല്ല. പവയകാല ശരാശരി ഉത്പാദനക്ഷമതയിലേക്ക് തിരിച്ചുപോകുവാന്‍ അവര്‍ക്കിനിയാവില്ല.”

നമുക്ക് വേണ്ടത്, ഇന്ന് തമിഴ്‌നാട്ടില്‍ വിജയകരമായി അനുവര്‍ത്തിച്ച് വരുന്ന ‘പ്രിസിഷന്‍ ഫാമിങ്’ പോലുള്ള കൃഷിയാണ്. കണികാ ജലസേചനത്തോടൊപ്പം വിളവിന്റെ വിവിധ ദശകളില്‍  അവയ്ക്ക് വേണ്ടിവരുന്ന എന്‍.പി.കെ മൂലകങ്ങള്‍, സൂഷ്മമായ അളവിലും ആവൃത്തിയിലും വെള്ളത്തില്‍ കലര്‍ത്തി എത്തിച്ച് വിളയുടെ ‘ഉത്പാദനകാലം’ നാലിരട്ടിയായി ദീര്‍ഘിപ്പിച്ച് ഉത്പാദനക്ഷമത പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കുന്ന രീതിയാമിത്. ആന്ധ്രയിലെ എല്ലാ ജില്ലകളിലുമായി ഏഴു ദശലക്ഷം ഹെക്ടറില്‍ നാടന്‍ കൃഷിയിലൂടെ വന്‍ ആദായം നേടുന്ന കര്‍ഷകരുണ്ടെന്നു ദേവിന്ദര്‍ ശര്‍മ അല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ വന്ന് പറഞ്ഞാലും അത് അപ്പടി വിശ്വസിക്കാന്‍ വിഷമമുണ്ട്.

ഡോ. ആര്‍.ഗോപിമണി, തിരുവനന്തപുരം

10-07-08 ലെ ആക്ഷേപങ്ങലും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ വന്ന എന്റെ മറുപടി ചുവടെ.

നാടന്‍ വിത്തും ജൈവവളവും അല്ലേ കേരളത്തിന് അനുയോജ്യം?

‘കൃഷിയിലെ കാല്പനികത’ എന്ന ഡോ. ആര്‍.ഗോപിമണിയുടെ കത്താണ് ഈ കുറിപ്പിന് ആധാരം.

തെങ്ങുകള്‍ക്ക് വരുന്ന മഞ്ഞളിപ്പ് രോഗത്തിന്തെങ്ങുകളുടെ ചുവട്ടില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം വിട്ട് വട്ടത്തില്‍ തടം തുറന്ന് തെങ്ങൊന്നിന് അഞ്ച് കിലോഗ്രാം യൂറിയ വിതറി മണ്ണിട്ട് മൂടിയാല്‍ മഞ്ഞളിപ്പ് മാറാനുള്ള സാധ്യത ഉണ്ട് എന്ന് ഡോ. ഗോപിമണി  2006 നവംബര്‍ 30 -ലെ കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ പറയുന്നു എന്‍.പി.കെ മൂലകങ്ങള്‍ സൂഷ്മമായ അളവിലും ആവൃത്തിയിലും വെള്ളത്തില്‍ കലര്‍ത്തി എത്തിച്ച് തമിഴ്‌നാട്ടില്‍ വിജയകരമായി അനുവര്‍ത്തിച്ച് വരുന്ന പ്രിന്സ് ഫാമിങ് (പ്രിസിഷന്‍ ഫാമിങ് എന്ന് തിരുത്തി വായിക്കുക) പോലുള്ള കണിക ജലസേചനം നടത്തുവാന്‍. തമിഴ്‌നാട്ടിലെ മണ്ണില്‍ സെക്കഡറി ന്യൂട്രിയന്റ്സ് ആയ മഗ്നീഷ്യം, കാത്സ്യം, സള്‍ഫര്‍ എന്നിവയുടെ ലഭ്യതയാണ് എന്‍.പി.കെയുടെ കണിക ജലസേചനത്തിലൂടെ ഹ്രസ്വകാല ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നത്.

എന്നാല്‍ ധാരാളം മഴ ലഭിക്കുന്ന കേരളത്തില്‍ അത്യുത്പാദനശേഷിയുള്ള നാടന്‍ വിത്തിനങ്ങളും, ജൈവ വളപ്രയോഗവും, മണ്ണിലെ മൂലകങ്ങളുടെ സന്തുലിതാവസ്ഥയും നിലനിറുത്തിയുള്ള ഒരു കൃഷിരീതിയല്ലെ അഭികാമ്യം? ഇന്ന് കര്‍ഷകര്‍ പഴയതുപോലെ വിദ്യാഭ്യാസം കുറഞ്ഞവരല്ല. ഇന്റെര്‍നെറ്റും, വെബ്സൈറ്റുകളും, ബ്ലോഗുകളും, സെര്‍ച്ച് എഞ്ചിനുകളും മറ്റും കര്‍ഷകര്‍ക്കാവശ്യമായ പല വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. രാസ വളങ്ങളുടെയും, കള, കുമിള്‍, കീടനാശിനികളുടെയും, ജനിതകമാറ്റം വരുത്തിയ വിത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെയും ദോഷഫലങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുവാന്‍ ധാരാളം സൌകര്യങ്ങള്‍ ലഭ്യമാണ്.

എസ്. ചന്ദ്രശേഖരന്‍ നായര്‍, പേയാട്

വിമുക്തഭടനായ ഞാന്‍ നാട്ടില്‍ വന്ന് കൃഷി ആരംഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡോ. ആര്‍.ഗോപിമണി എന്ന കഴിഞ്ഞ നാലു പതിറ്റാണ്ടായി കൃഷിശാസ്ത്രജ്ഞനായി പ്രവര്‍ത്തിക്കുന്ന ഇദേഹത്തെ പരിചയപ്പെടുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് നെല്ല്, പച്ചകറി, വാഴ, റബ്ബര്‍ എന്നീ വിളകള്‍ കൃഷിചെയ്തിരുന്ന എനിക്ക് കൂടുതല്‍ അറിവ് പകരുവാനായി അദ്ദേഹം രചിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 85 രൂപ വിലയുള്ള അക്ഷയകൃഷിഎന്ന പുസ്തകം വാങ്ങുവാനും പഠിക്കുവാനും അദ്ദേഹമാണ് എന്നെ പ്രേരിപ്പിച്ചത്. കാര്‍ഷിക സര്‍വ്വകലാശാലയിലെ മുന്‍ സോയില്‍ സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് വര്‍ഗീസിന്റെ ആമുഖത്തോടെ തുടങ്ങുന്ന പുസ്തകം വളരെ വിജ്ഞാനപ്രദം തന്നെ ആയിരുന്നു. അതിലൂടെയാണ് ഞാന്‍ പൂര്‍ണമായും ജൈവ കൃഷിയിലേയ്ക്ക് മാറിയത്.

11-07-08 ല്‍ വന്നത് ചുവടെ.

ഭക്ഷ്യക്ഷാമമില്ലാത്ത ലോകം നവകര്‍ഷകര്‍ ഉണ്ടാക്കട്ടെ

ദേവിന്ദര്‍ ശര്‍മ്മയുടെ ലേഖനത്തിന് ഡോ. ഗോപിമണി എഴുതിയ പ്രതികരണമാണ് ഈ കത്തി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഹരിതവിപ്ലവം ഇന്ത്യയില്‍ തുടങ്ങിയകാലത്തും ‘ആധുനിക കൃഷി’ എന്ന് പറഞ്ഞുകൊണ്ട് രാസവളങ്ങളും രാസ കീടനാശിനികളും പ്രചരിപ്പിക്കുമ്പോള്‍, ആരുതന്നെ ജൈവ രീതിയില്‍ അല്ലെങ്കില്‍ പരമ്പരാഗതരീതിയില്‍ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കാന്‍ കഴിയുമോ എന്ന് നോക്കാന്‍ മെനക്കെട്ടിട്ടില്ല. ഹരിതവിപ്ലവത്തിന് സര്‍ക്കാര്‍ കൊടുത്ത അതേ ഊന്നലും നിക്ഷേപവും നമ്മുടെ ശക്തമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഉന്നമനത്തിന് കൊടുത്തിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന ജൈവകൃഷിവിപ്ലവവും വികസനവും അന്നേ നേടാമായിരുന്നു എന്ന് പല കര്‍ഷകരും ഇന്ന് വിശ്വസിക്കുന്നു. കര്‍ഷകരെ കടത്തിലും പിന്നെ ആത്മഹത്യയ്ക്കും തള്ളിവിട്ട ചെലവേറിയ കൃഷിസമ്പ്രദായം നമ്മുടെ നാട്ടില്‍ വേരുറയ്ക്കുന്നതല്ല. നിര്‍ഭാഗ്യവശാല്‍ ഇന്നും എല്ലാ നിക്ഷേപവും ശ്രദ്ധയും കര്‍ഷകരെ തകര്‍ത്തുകൊണ്ടിരിക്കുന്ന രാസകൃഷിക്കുതന്നെ കൊടുത്തുകൊണ്ടിരിക്കുകയാണ്.

ഇന്ന് കാരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും എന്തിന് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ‘മസനോബു ഫുക്കുവോക്ക’യുടെയും മറ്റ് അനേകം നിലനില്‍ക്കുന്ന രീതികളും സ്വീകരിച്ച് അവരുടേതായ പരീക്ഷണങ്ങള്‍ നടത്തി ഏറെ പുരോഗമിച്ചിരിക്കുന്നു. നല്ലവിളവും സുരക്ഷിതമായ ഭക്ഷണഉല്പാദനവും, നിലനില്കുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതിന്റെ അടിസ്ഥാനം കൃഷിച്ചെലവ് കുറയ്ക്കുക, വിളവില്‍ സ്ഥിരത നേടുക, മണ്ണിന്റെ ഫലപുഷ്ടി ഉറപ്പാക്കുക, അതിലൂടെ ജിവന്റെ മേലുള്ള 40 വര്‍ഷത്തെ അതിക്രമം അവസാനിപ്പിക്കുക എന്നിവയാണ്.

കാര്‍ഷിക മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റം ചെന്ന് കണ്ട് മനസിലാക്കാന്‍ താല്പര്യമില്ലാത്ത ‘കൃഷി വിദദ്ധര്‍’ ഇനി ഒരുകാര്യം മാത്രമേ ചെയ്യേണ്ടതുള്ളു. ദയവുചെയ്ത് മാറിനില്‍ക്കുക; വിശ്വാസം വരുന്നതുവരെ മിണ്ടാതിരിക്കുക, ഭക്ഷ്യക്ഷാമം ഇല്ലാത്ത ലോകം ഈ നവ കര്‍ഷകര്‍ ഉണ്ടാക്കിക്കൊള്ളട്ടെ.

ശ്രീധര്‍ ആര്‍, ജവഹര്‍ നഗര്‍, തിരുവനന്തപുരം

Comments are closed.