12-07-07 ലെ മാതൃഭൂമി ലേഖനം അക്ഷരങ്ങള്ഡോട്കോമില് യൂണികോഡിലാക്കിയത്.
-കോപ്പിറൈറ്റ്സ് റിസെര്‍വ്ഡ് ഓണ്‍ മാതൃഭൂമി-
“ജനിതക പരിവര്‍ത്തിത നെല്ലിനങ്ങളുടെ ഏതുതരത്തിലുള്ള കൃഷിയും ഏഷ്യന്‍ രാജ്യങ്ങളിലെ അവശേഷിക്കുന്ന നാടന്‍ നെല്ലിനങ്ങളെയും തുടച്ചുമാറ്റും. തല്‍സ്ഥാനത്ത് കുത്തകകളുടെ ജനിതക വിത്തിനങ്ങള്‍ കടന്നുകയറുന്നത് ഈ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷിതത്വത്തെ തന്നെ അപകടപ്പെടുത്തും”
ഡോ. ജോസ് ജോസഫ്
ജനിതക പരിവര്‍ത്തനം വരുത്തിയ ബിടി നെല്ല് കര്‍ഷകരുടെ വയലുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി മഹികോ എന്ന മഹാരാഷ്ട്രാ ഹൈബ്രിഡ് സീഡ്സ് കമ്പനി. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മൊണ്‍സാന്റോ കോര്പ്പറേഷന് നിയന്ത്രണമുള്ള മഹികോ ആറ് ബിടി നെല്ലിനങ്ങള്‍ പുറത്തിറക്കുന്നതിനു മുന്നോടിയായുള്ള വിള പരീക്ഷണങ്ങള്‍ 2005 മുതല്‍ രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ നടത്തിവരികയാണ്. ജനിതക വ്യതിയാനം വരുത്തിയ വിത്താണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ട് ഒട്ടും സുതാര്യമല്ലാതെയാണ് കമ്പനി കര്‍ഷകരുടെ പുരയിടങ്ങളില്‍ വിളപരീക്ഷണം നടത്തുന്നത്. ഹരിയാണയിലും ഉത്തര്‍പ്രദേശിലും ഭാരതീയ കിസാന്‍ യൂണിയന്റെയും തമിഴ്നാട്ടില്‍ തമിഴ്നാട് ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും മഹികോ വിളപരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്രഗവണ്മെന്റിന് റിപ്പോര്‍ട്ട് നല്കി. പലസ്ഥലങ്ങളില്‍ കര്‍ഷകര്‍ പരീക്ഷണവയലുകളിലെ നെല്‍ച്ചെടികള്‍ പിഴുതെടുത്ത് നശിപ്പിച്ചിരുന്നു.
ഇപ്പോള്‍ മഹികോ കേരളത്തിലെ പാലക്കാട് ജില്ലയുള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിള പരീക്ഷണങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി)യുടെ അംഗീകാരം തേടിയിരിക്കുകയാണ്. സാധാരണ നെല്ലിനങ്ങളില്‍ ജനിതക വ്യതിയാനം വരുത്തിയ നെല്ലിന്റെ 0.01 ശതമാനം (പതിനായിരം അരിമണികളില്‍ ഒരെണ്ണം) കലര്‍പ്പു മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് പരിശോധിച്ച് തെളിയിക്കുന്ന പ്രോട്ടോക്കോള്‍ ഹാജരാക്കിയാല്‍ അനുവാദം നല്‍കാമെന്ന നിലപാടിലാണ് കേന്ദ്രപരിസ്ഥിതി_വനം വകുപ്പിന്റെ കീഴിലുള്ള ജി.ഇ.എ.സി. കേരളത്തിന്റെ സമ്പന്നമായ ജനിതക വൈവിധ്യത്തിനും സാധാരണക്കാരന്റെ ആരോഗ്യത്തിനും വന്‍ഭീഷണിയാണ് പാലക്കാട് ജില്ലയില്‍ ബിടി നെല്ലിന്റെ വിളപരീക്ഷണം നടത്താനുള്ള മഹികോ കമ്പനിയുടെ നീക്കം.
നെല്ലിന്റെ മാരക കീടങ്ങളായ ഓലചുരട്ടിപ്പുഴുവിനും തണ്ടുതുരപ്പനുമെതിരെ ജനിതകമായ പ്രതിരോധ ശേഷിയുള്ള നെല്ലിനമാണ് ബിടി നെല്ല്. കീടങ്ങളെ കൊല്ലുന്ന ജൈവ വിഷം സ്വാഭാവികമായിത്തന്നെ ഈ നെല്ലിന്റെ എല്ലാ ഭാഗങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നു. ജൈവ വിഷം ഉത്പാദിപ്പിക്കുന്ന ജീന്‍ മണ്ണിലുള്ള ബാസിലസ് തുറുന്‍ജിയെന്‍സിസ് (ബിടി) എന്ന ബാക്ടീരിയയില്‍ നിന്ന് ജനിതക എന്‍ജിനിയറിങ്ങിലൂടെ നെല്‍ച്ചെടിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണ്. ബിടി ജീന്‍ കടത്തിയ ബിടി പരുത്തി 2002 മുതല്‍ ഇന്ത്യയില്‍ കൃഷിചെയ്തുവരുന്നുണ്ട്. വഴുതന, വെണ്ട തുടങ്ങിയ വിളകളിലേക്കും മഹികോ പിന്നീട് വിളപരീക്ഷണങ്ങള്‍ വ്യാപിപ്പിച്ചു. ബിടി വഴുതനയില്‍ നടത്തിയ വിളപരീക്ഷണങ്ങള്‍ അടുത്തകാലത്ത് വിവാദമുയര്‍ത്തിയിരുന്നു. ഇതിനുപുറമെയാണ് ജനങ്ങളുടെ മുഖ്യാഹാരമായ അരിയിലേക്കും ബിടി പരീക്ഷണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.
മനുഷ്യരില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന അറിയപ്പെടുന്ന ഒരു അലര്‍ജിക് വസ്തുവാണ് ബിടി നെല്ലില്‍ കടത്തിയിരിക്കുന്ന ക്രൈ_1 എസി ജീന്‍. ബിടി പരുത്തിയുടെ കൃഷിപ്പണികളിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകത്തൊഴിലാളികളെ അലര്‍ജി രോഗങ്ങള്‍ അലട്ടുന്നതായി അടുത്തകാലത്ത് മധ്യപ്രദേശില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ആന്ധ്രയിലെ അഡിലാബാദ്, വാറംഗല്‍ ജില്ലകളില്‍ വിളവെടുത്ത പരുത്തിവയലുകളിലെ അവശിഷ്ടങ്ങളില്‍ മേഞ്ഞ നൂറുകണക്കിന് ആടുകള്‍ ചത്തൊടുങ്ങി. വിളവെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും പരുത്തിച്ചെടിയുടെ അവശിഷ്ടങ്ങളില്‍ വിഷാംശം നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയെ സംബന്ധിച്ച വിശദമായ പഠനങ്ങള്‍ നടത്തണമെന്ന് ആന്ധ്രപ്രദേശ് മൃഗസംരക്ഷണ വകുപ്പു ഡയറക്ടര്‍ ജി.ഇ.എ.സി.യോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യേതര വിളയായ ബിടി പരുത്തിയുടെ സ്ഥിതി ഇതാണെങ്കില്‍ നെല്ല്, വഴുതന, വെണ്ട തുടങ്ങിയ ഭക്ഷ്യവിളകളില്‍ ജനിതക വ്യതിയാന സാങ്കേതികവിദ്യ വ്യാപകമായാല്‍ ദോഷഫലങ്ങള്‍ ഭയാനകമായിരിക്കും. നെല്‍കൃഷിയിലെ ഒരു ഉപവരുമാനമാര്ഗമാണ് വൈക്കോല്‍. ബിടി ജീന്‍ കലര്‍ന്നാല്‍ വൈക്കോല്‍ പൂര്‍ണമായും ഉപയോഗശൂന്യമായിത്തീരും. മനുഷ്യനിലെ പ്രതിരോധശേഷിയെ തകരാറിലാക്കുമെന്നതാണ് ഈ ജീനിന്റെ മറ്റൊരു ദോഷം. ജനിതക പരിവര്‍ത്തിത വിളകള്‍ ഭക്ഷിക്കുന്നത് ആന്തരികാവയവങ്ങളുടെ വളര്‍ച്ചയെയും പ്രത്യുല്പാദന ശേഷിയെയും തകരാറിലാക്കുമെന്നും ചെറുകുടലില്‍ മുഴകളുണ്ടാക്കുമെന്നും ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ലോകത്തൊരു രാജ്യവും ജനിതക നെല്ലിനങ്ങളുടെ വാണിജ്യകൃഷിക്ക് അനുമതി നല്‍കിയിട്ടില്ല. അമേരിക്കയില്‍ രണ്ട് നെല്ലിനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചുവെങ്കിലും കയറ്റുമതി വിപണി നഷ്ടപ്പെടുമെന്ന ഭയത്താല്‍ കര്‍ഷകര്‍ വയലുകളില്‍ ഇതുവരെയും കൃഷിയിറക്കിയിട്ടില്ല.
ബിടി ജീന്‍ കടത്തിയ നെല്ലിനങ്ങളോട് കീടങ്ങള്‍ കാലക്രമത്തില്‍ പ്രതിരോധശേഷി വികസിപ്പിച്ചെടുക്കുമെന്നും തുടര്‍ന്ന് ഒരുതരത്തിലും നിയന്ത്രിക്കാനാവാത്ത സൂപ്പര്‍ കീടങ്ങള്‍ ഉരുത്തിരിഞ്ഞുവരുമെന്നുമാണ് മറ്റൊരാക്ഷേപം. കളനാശിനികളോട് പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ജീനുകള്‍ കടത്തിയ നെല്ലിനങ്ങളും പരീക്ഷണവിധേയമാക്കിവരുന്നുണ്ട്. ഈ ജീനുകള്‍ നെല്ലിനോട് ബന്ധമുള്ള വന്യജാതികളിലേക്കു രക്ഷപ്പെട്ടാല്‍ കളനാശിനികള്‍ക്ക് നശിപ്പിക്കാനാവാത്ത സൂപ്പര്‍ കളകള്‍ ജന്മമെടുക്കുകയും സസ്യആവാസവ്യവസ്ഥതന്നെ അട്ടിമറിക്കപ്പെടുകയും ചെയ്യും. നെല്ല് സ്വയം പരാഗണം നടത്തുന്ന വിളയായതിനാല്‍ ജനിതക വ്യതിയാനം വരുത്തിയ നെല്ലിനങ്ങളില്‍ നിന്നുമുള്ള ജീനുകള്‍ സങ്കരണത്തിലൂടെ സാധാരണ നെല്ലിനങ്ങളില്‍ കലരുകയില്ലെന്നാണ് കമ്പനികളുടെ വാദം. എന്നാല്‍ ഒട്ടേറെ മാര്‍ഗങ്ങളിലൂടെ ജനിതക നെല്ലിനങ്ങളില്‍ നിന്ന് സാധാരണ നെല്ലിനങ്ങളിലേക്ക് ജീന്‍ പ്രവാഹം നടക്കുമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. അടുത്തകാലത്ത് ചൈനയിലെ ഹ്യൂബേയി പ്രവിശ്യയില്‍ ബിടി നെല്ലിന്റെ അരി സാധാരണ അരിയുമായി വന്‍തോതില്‍ കലര്‍ന്നിരുന്നതായി ഗ്രീന്‍ പീസ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി ലഭിച്ചിട്ടില്ലാത്ത ജനിതക പരിവര്‍ത്തിത നെല്ലിനമാണ് ലിബര്‍ട്ടി ലിങ്ക് 601 റൈസ്. ലിബര്‍ട്ടി എന്ന കളനാശിനിയോട് പ്രതിരോധശേഷി നേടിയ ഇനമാണ് ബെയര്‍ കമ്പനിയുടെ ഈ ഇനം നെല്ല്. കഴിഞ്ഞ ആഗസ്തില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയില്‍ ലിബര്‍ട്ടി ലിങ്ക് റൈസ് കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനും യൂറോപ്യന്‍ യൂണിയനും അമേരിക്കന്‍ അരിയുടെ ഇറക്കുമതി പൂര്‍ണമായും നിറുത്തിവെച്ചു. ലിബര്‍ട്ടി ലിങ്ക് റൈസിന്റെ വിളപരീക്ഷണങ്ങള്‍ 2001ല്‍ അവസാനിച്ചതാണ്. അഞ്ചു വര്‍ഷത്തിനുശേഷമുള്ള കൃഷിയിലാണ് ജനിതകമായ കലര്‍പ്പ് കണ്ടെത്തിയത്. അമേരിക്കയില്‍ പ്രചാരത്തിലുള്ള സിഎല്‍ 131, ചെനിയെറെ എന്നീ രണ്ടു നെല്ലിനങ്ങള്‍ കലര്‍പ്പു കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ബിടി നെല്ലിന്റെ വിള പരീക്ഷണങ്ങള്‍ അനുവദിച്ചാല്‍ കേരളത്തിലെ നെല്ലിനങ്ങളും ജനിതകമായി മലിനീകരിക്കപ്പെടും.
ജനിതക പരിവര്‍ത്തിത നെല്ലിനങ്ങളുടെ വ്യാപകമായ കൃഷി നാടന്‍ നെല്‍വിത്തിനങ്ങളുടെ ജൈവവൈവിധ്യം തകര്‍ക്കും. ഞവര, ബസുമതി തുടങ്ങിയ വാണിജ്യപ്രധാനമായ നെല്ലിനങ്ങളെ മലനീകരിക്കാനും ഇത് കാരണമായിത്തീരും. നെല്ലിന്റെ ഉത്ഭവകേന്ദ്രമായ ഏഷ്യയില്‍ 1,40,000_ത്തിലധികം നാടന്‍ നെല്ലിനങ്ങള്‍ കര്‍ഷകര്‍ സംരക്ഷിച്ചുവരുന്നതായി കണക്കാക്കിയിട്ടുണ്ട്. ഉയര്‍ന്ന ഉത്പാദനക്ഷമതയും കീടരോഗങ്ങളുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതാനുള്ള ശേഷിയും പകര്‍ന്നു നല്കുന്ന ജീനുകളുടെ അക്ഷയഖനിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ നാടന്‍ നെല്ലിനങ്ങള്‍. ജനിതക പരിവര്‍ത്തിത നെല്ലിനങ്ങളുടെ ഏതുതരത്തിലുള്ള കൃഷിയും ഏഷ്യന്‍ രാജ്യങ്ങളിലെ അവശേഷിക്കുന്ന നാടന്‍ നെല്ലിനങ്ങളെയും തുടച്ചുമാറ്റും. തല്‍സ്ഥാനത്ത് കുത്തകകളുടെ ജനിതക വിത്തിനങ്ങള്‍ കടന്നുകയറുന്നത് ഈ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷിതത്വത്തെ തന്നെ അപകടപ്പെടുത്തും.
കര്‍ഷകരും പരിസ്ഥിതി സംഘടനകളും മാത്രമല്ല ജനിതക പരിവര്‍ത്തിത നെല്ലിനങ്ങള്‍ക്കെതിരെ സമരരംഗത്തുള്ളത്. നെല്ലിലുള്ള എല്ലാതരം ജനിതക വ്യതിയാന പരീക്ഷണങ്ങളും ഉടനടി നിറുത്തിവെക്കണമെന്ന് ഇന്ത്യയിലെ അരി കയറ്റുമതി വ്യവസായികളുടെ സംഘടനയും ആവശ്യപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന അരിയുമായി ജനിതക പരിവര്‍ത്തനം നടത്തിയ അരി കലര്‍ന്നാല്‍ ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതി പൂര്‍ണമായും നിലയ്ക്കും. രാജ്യത്തുനിന്ന് ഒരു വര്‍ഷം 3000 കോടി രൂപയുടെ ബസുമതി അരിയും 4300 കോടിരൂപയുടെ സാധാരണ അരിയും കയറ്റി അയയ്ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെയും മധ്യപൂര്‍വേഷ്യയിലെയും രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ ഭക്ഷണത്തിനുള്ള അരിയില്‍ ജനിതക വ്യതിയാനം വരുത്തിയ അരിയുടെ കലര്‍പ്പ് ഒട്ടും അംഗീകരിക്കുന്നില്ല. പതിനായിരം അരിമണികളില്ജനിതക പരിവര്‍ത്തിതമെന്നു സംശയിക്കുന്ന ആറ് മണികള്‍ കണ്ടെത്തിയതിനാണ് യൂറോപ്യന്‍ യൂണിയനും ജപ്പാനും അമേരിക്കയില്‍നിന്നുള്ള അരി ഇറക്കുമതി നിറുത്തിവെച്ചത്.
ജൈവരീതിയില്‍ നെല്ലുത്പാദിപ്പിക്കുന്ന കര്‍ഷകരാണ് ബിടിനെല്ല് വിള പരീക്ഷണങ്ങളില്‍നിന്നും ഭീഷണി നേരിടുന്ന മറ്റൊരു വിഭാഗം. ജൈവവിത്തിനങ്ങളും ജനിതക വിത്തിനങ്ങളും ഒരുമിച്ച് നിലനില്ക്കുക ഏറെക്കുറെ അസാധ്യമാണെന്നാണ് യൂറോപ്യന്‍ കമ്മീഷന് നടത്തിയ ഒരു പഠനത്തിലെ നിഗമനം. സാങ്കേതികമായി ഇത് സാധ്യമാവുന്ന സ്ഥലങ്ങളില്‍പ്പോലും കലര്‍പ്പൊഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിവരുമെന്നതിനാല് കൃഷിച്ചെലവ് പത്തോ ഇരുപതോ ഇരട്ടിയിലധികമായി ഉയരും. ജൈവകൃഷിയെമാത്രം ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട കര്‍ഷകരുടെ ഉപജീവന സുരക്ഷിത്വത്തെ ഇത് തകര്‍ക്കും. ഓരോ സീസണിലും കര്‍ഷകര്‍ സര്‍ട്ടിഫിക്കേഷനുള്ള ജൈവവിത്ത് പുതുതായി വാങ്ങേണ്ടിവരും.
ജനിതക വ്യതിയാനം വരുത്തിയ വിത്തിനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന സമിതികളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ജനിതക വിത്തിനങ്ങള്‍ സുരക്ഷിതമാണോ എന്ന് ഗവേഷണത്തിലൂടെ ഉറപ്പാക്കുന്നതിനുമുമ്പ് വിള പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കാം. വിള പരീക്ഷണങ്ങളുടെ സുരക്ഷിതത്വ മേല്‍നോട്ടത്തിനുള്ള നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും തീര്‍ത്തും ദുര്‍ബലമാണ്.
അംഗീകാരം ലഭിക്കാത്ത ജനിതക പരിവര്‍ത്തിത വിത്തിനങ്ങള്‍ വിറ്റഴിക്കാന്‍ വിത്തു കമ്പനികള്‍ കിസ്സാന്‍ മേളകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതായും ആരോപണമുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കുത്തകപ്രകാരമുള്ള ജനിതക വിത്തിനങ്ങളെ ഇന്ത്യയിലെ ഭക്ഷ്യപ്രതിസന്ധിക്കുള്ള പരിഹാരമായി ചില ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ വിളവ് വര്‍ധിപ്പിക്കുന്നതിന് ലഭ്യമായ ബദല്‍ മാര്‍ഗങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടമായേ ഇതിനെ കാണേണ്ടതുള്ളൂ. മൊണ്‍സാന്റോ, സിന്ജെന്ത, ബെയര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷിതത്വവും കര്‍ഷകരുടെ ഉപജീവന സുരക്ഷിതത്വവും പൊതുജനങ്ങളുടെ ആരോഗ്യവും ബലികഴിക്കുന്നത് അപകടകരമാണ്.
കേരളകര്ഷകാ, വളരെ നല്ല ലേഖനം. ഇത്തരം വിത്തിനങ്ങളോ, അരി തന്നെയോ നമ്മുടെ മാര്‍ക്കറ്റില്‍ ഇപ്പോള്‍ നിലവിലില്ല എന്നതിനു തെളിവുണ്ടോ? ഇല്ല എന്നു പ്രത്യാശിക്കാം.