Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

സര്‍ക്കാര്‍ സഹായത്തോടെ മില്‍മ റിച്ചാവുന്നു

കര്‍ഷകരില്‍നിന്നും 14 രൂപയ്ക്ക് പാല്‍ സംഭരിച്ച് അതില്‍ നിന്ന് നിശ്ചിത ശതമാനം വെണ്ണ നീക്കം ചെയ്തശേഷം വെള്ളവും പാല്‍പ്പൊടിയും കൂട്ടിക്കലര്‍ത്തി 24 രൂപയ്ക്ക് തൈര് വില്‍ക്കുവാന്‍ കഴിയുന്ന മില്‍മ റിച്ച് ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അറിയുവാനുള്ള അവകാശം വിനിയോഗിച്ച് പ്രതി വര്‍ഷം മില്‍മ വാങ്ങിയതെത്ര വിറ്റതെത്ര എന്ന ഒരു കണക്ക് ലഭിച്ചാല്‍ എത്രലക്ഷം ലിറ്റര്‍ വെള്ളം പാലായിമാറി എന്ന് മനസിലാക്കുവാന്‍ കഴിയും. ഇതോടൊപ്പം ചുവടെകാണുന്ന പത്രവാര്‍ത്തയും വായിക്കുക.

മില്‍മ വീണ്ടും റിച്ച് പാല്‍ വിപണിയിലിറക്കുന്നു

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച റിച്ച് പാല്‍ മില്‍മ വീണ്ടും വിപണിയിലിറക്കുന്നു. കൊഴുപ്പ് കൂട്ടിയ ഈ പാലിന് 22 രൂപയാണ് പുതിയ വില. വിവാഹപ്പാര്‍ട്ടികള്‍ക്കും ഹോട്ടലുകാര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയംകരമായ പാലെന്ന നിലയിലാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വീണ്ടും റിച്ച് പാല്‍ കമ്പോളത്തിലെത്തിക്കുക. നേരത്തേ സര്‍ക്കാര്‍ പാല്‍വില കൂട്ടാതെ വന്ന സാഹചര്യത്തില്‍ താരതമ്യേന വിലകൂടിയ മില്‍മ റിച്ച് പാല്‍ കൂടുതലിറക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ മില്‍മ നിര്‍ബന്ധിതമാകുകയായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച രണ്ടുരൂപ മില്‍മയുടെ നഷ്ടം നികത്താന്‍ പര്യാപ്തമല്ലാത്തതാണ് റിച്ച് പാല്‍ വീണ്ടും ഇറക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവ് പകുതിയായി കുറഞ്ഞതോടെ മഹാരാഷ്ട്രയിലേക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ മില്‍മയ്ക്ക് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ 4.30 രൂപയുടെ നഷ്ടമാണുണ്ടാവുക. കര്‍ണാടകത്തില്‍ നിന്നും ഇപ്പോള്‍ നഷ്ടത്തിലാണ് പാലെടുക്കുന്നത്. രണ്ടുരൂപ കൂട്ടിയെങ്കിലും മില്‍മയ്ക്ക് ലഭിക്കുന്നത് 30 പൈസ മാത്രമാണ്. ഇനിയും കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് പാലിനൊപ്പം റിച്ച് പാലും വില്‍പ്പനയ്ക്കെത്തിക്കാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന.

പാലിനൊപ്പം പാല്‍ ഉത്പ്പന്നങ്ങള്‍ക്കും വില ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള മില്‍മയുടെ ഒരു ലിറ്റര്‍ തൈരിന് ഇനി മുതല്‍ 24 രൂപ നല്‍കേണ്ടിവരും. ഫിബ്രവരി 12 നാണ് വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ഇതിന് 22 രൂപയായിരുന്നു വില.

അതേസമയം പാല്‍ വിലവര്‍ദ്ധന സാധാരണക്കാരന്റെ കുടുംബബജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണ്. നഗരവാസികളാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാല് രൂപയാണ് പാല്‍ വില ഉയര്‍ന്നത്. നഗരപ്രദേശത്തുള്ളവര്‍ മിക്കവാറും ആശ്രയിക്കുന്നത് മില്‍മയെയാണ്. ഇവര്‍ക്കാകട്ടെ ടോണ്‍ഡ് പാല്‍ ലഭിച്ചില്ലെങ്കില്‍ റിച്ച് പാല്‍ വാങ്ങേണ്ടിയും വരും. ഗ്രാമീണ മേഖലയില്‍ മില്‍മയെ ആശ്രയിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ്. ഗാര്‍ഹിക ഉത്പാദകരില്‍ നിന്ന് ലഭിക്കുന്ന പാലിന് മില്‍മപാലിന്റെ വില നല്‍കേണ്ടതുമില്ല. രണ്ടു മുതല്‍ മൂന്നുരൂപവരെ വിലകുറച്ച് പാല്‍ കിട്ടുന്നതോടൊപ്പം വിശ്വാസത്തോടെ വാങ്ങാമെന്നതും ഇവര്‍ക്ക് അനുഗ്രഹമാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നഗരങ്ങളില്‍ ചേക്കേറിയിട്ടുള്ള ജീവനക്കാരടക്കമുള്ളവര്‍ക്കാണ് പാല്‍വിലവര്‍ദ്ധന ഇരുട്ടടിയാകുന്നത്. മാത്രവുമല്ല ഉയര്‍ന്നവില നല്‍കിയാലും യഥേഷ്ടം പാല്‍ കിട്ടാത്ത സ്ഥിതിയും ഇവര്‍ക്കുണ്ട്.

എന്നാല്‍ അടിയന്തരമായി പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിനോട് മന്ത്രി സി. ദിവാകരന് താത്പര്യമുണ്ടായിരുന്നില്ല. മില്‍മ ചെയര്‍മാനടക്കമുള്ള പ്രതിനിധികള്‍ക്ക് വില ഉയര്‍ത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റേയും കേന്ദ്രമന്ത്രി ശരത്പവാറുമായുള്ള ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. വില കൂട്ടിയില്ലെങ്കില്‍ പാലെടുക്കില്ലെന്ന മില്‍മയുടെ ഭീഷണി സര്‍ക്കാരിന്റെ മുന്നില്‍ വിലപ്പോകില്ലെന്ന് പരസ്യമായി വെല്ലുവിളിച്ച മന്ത്രി വിലവര്‍ദ്ധനയെ സംബന്ധിച്ച് മില്‍മാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കടപ്പാട്- മാതൃഭൂമി 11-02-08 

കൂടാതെ മംഗളം വാര്‍ത്തയും കൂട്ടിച്ചേര്‍ത്ത് വായിക്കുക.

കാശില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി കാശിക്കു പോകാന്‍ മില്‍മ ഉന്നതര്‍

Comments are closed.