Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഡോ.ഭരത്‌ ജുന്‍‌ജുന്‍‌വാലയും ഡോ.തോമസ്‌വര്‍ഗീസും പിന്നെ ഞാനും

നാണയപ്പെരുപ്പമുണ്ടാക്കുന്നത്‌ റിസര്‍വ്‌ബാങ്ക്‌ നയം

ഡോ. ഭരത്‌ ജുന്‍ജുന്‍വാല

നാണ്യപ്പെരുപ്പം അഞ്ച്‌ ശതമാനത്തില്‍ കുറഞ്ഞത്‌ റിസര്‍വ്‌ ബാങ്കിനെയും ധനമന്ത്രാലയത്തെയും സന്തോഷിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി റിസര്‍വ്ബാങ്ക്‌ പലിശ നിരക്കുകള്‍ ആവര്‍ത്തിച്ച്‌ വര്‍ധിപ്പിക്കുകയായിരുന്നു. അതുകാരണം വ്യവസായികള്‍ക്ക്‌ വായ്പയെടുക്കുന്നത്‌ കൂടുതല്‍ ചെലവേറിയതായിത്തീര്‍ന്നു. തല്‍ഫലമായി നിര്‍മ്മാതാക്കള്‍ ഉത്‌പാദന മൂലധന നിക്ഷേപം കുറയ്ക്കേണ്ടിവന്നു. അസംസ്കൃത വസ്തുക്കളുടെ വില്‍പനയും വിലയും കുറഞ്ഞു, തൊഴില്‍ കുറഞ്ഞു. ഇതെല്ലാം നാണ്യപ്പെരുപ്പം കുറയാനും കാരണമായി. നാണ്യപ്പെരുപ്പ നിരക്ക്‌ കുറയ്ക്കുന്നതില്‍ റിസര്‍വ്‌ ബാങ്ക്‌ വിജയിച്ചു.
ആവശ്യം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്യുമ്പോള്‍ വിലവര്‍ധിക്കും. ജനങ്ങളുടെ കൈവശം ധാരാളം പണമുണ്ടെന്നും അവര്‍ കൂടുതല്‍ വസ്തുക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്‌ എന്നുമാണ്‌ വിലവര്‍ധനനല്‍കുന്ന സൂചന.വിദേശ നിക്ഷേപകര്‍ പണം കൊണ്ടുവന്ന്‌ ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു. ഇന്ത്യന്‍ വില്‍പനക്കാര്‍ക്ക്‌ അവരുടെ ഓഹരികള്‍ക്ക്‌ ഉയര്‍ന്ന വിലയാണ്‌ ലഭിക്കുന്നത്‌. അവരാകട്ടെ വില്‍പനയിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച്‌ വീടുകളുണ്ടാക്കുകയും മറ്റ്‌ ചെലവുകള്‍ നിര്‍വഹിക്കുകയുമാണ്‌. സിമന്റ്‌, കമ്പി, തൊഴില്‍ എന്നിവയ്ക്ക്‌ തന്മൂലം ആവശ്യം വര്‍ധിക്കുന്നു. മറുവശത്ത്‌ വ്യവസായങ്ങളില്‍ നിന്നുള്ള ആവശ്യം കുറയ്ക്കുവാന്‍ ആര്‍.ബി.ഐ. പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നു.
രണ്ട്‌ വിശദീകരണങ്ങളാണ്‌ സാധ്യമാവുക. ഒന്ന്‌, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ഡോളറിന്റെ വില ഉയര്‍ത്തി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഡോളര്‍ വില കുറഞ്ഞാല്‍ കയറ്റുമതിയിലൂടെ അവര്‍ക്ക്‌ ലഭിക്കുന്ന രൂപ കുറയും. 10 ഡോളര്‍ വിലയ്ക്ക്‌ അമേരിക്കയില്‍ ഒരു ടീ -ഷര്‍ട്ട്‌ വില്‍ക്കുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരന്‌ മുമ്പ്‌ 490 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത്‌ ഇന്ന്‌ 400 രൂപ മാത്രമാണല്ലൊ ലഭിക്കുക. ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ അത്‌ അനുഗ്രഹമാവുക, ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമാണ്‌.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്‌. അമേരിക്കന്‍ ഉത്‌പന്നങ്ങളുടെ ഉത്‌പാദനച്ചെലവ്‌ അധികമായതിനാല്‍ അവര്‍ക്ക്‌ അവ കയറ്റിയയയ്ക്കുവാന്‍ കഴിയുന്നില്ല. കയറ്റുമതിക്കാരെയും അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയെയും സഹായിക്കുന്ന ആര്‍.ബി.ഐ.യുടെ നയമാണ്‌ രാജ്യത്ത്‌ നാണ്യപ്പെരുപ്പമുണ്ടാക്കുന്നത്‌. ആര്‍.ബി.ഐ, വിദേശ വിഭവങ്ങള്‍ നമ്മുടെ രാജ്യത്തേക്ക്‌ കൊണ്ടുവരുന്ന ഇറക്കുമതിക്കാരെയാണ്‌ യഥാര്‍ഥത്തില്‍ സഹായിക്കേണ്ടത്‌. നമ്മുടെ വിഭവങ്ങള്‍ വിദേശങ്ങളിലേക്ക്‌ എത്തിക്കുന്ന കയറ്റുമതിക്കാര്‍ക്കല്ല ആര്‍.ബി.ഐ. സഹായം നല്‍കേണ്ടത്‌.

കടപ്പാട്‌ മാതൃഭൂമി 22-6-07

പുതിയ കാര്‍ഷിക പാക്കേജും കര്‍ഷകരെ രക്ഷിക്കുകയില്ല

ഡോ.തോമസ്‌വര്‍ഗീസ്‌

കൊട്ടിഘോഷിക്കപ്പെട്ട ‘വിദര്‍ഭ’ പാക്കേജ്‌ പ്രഖ്യാപനത്തിന്‌ ഒരു വര്‍ഷം കഴിഞ്ഞ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്‌ ഇന്ത്യയിലെ കര്‍ഷക രക്ഷയ്ക്കായി മറ്റൊരു പാക്കേജ്‌ കൂടി പ്രഖ്യാപിച്ചിരിക്കുന്നു-25,000 കോടി രൂപയുടെ പാക്കേജ്‌. കഴിഞ്ഞ വര്‍ഷത്തേത്‌ 3750 കോടിയുടേതായിരുന്നു. 2007 മെയ്‌ 29-ന്‌ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തിലാണ്‌ 25,000 കോടി രൂപയുടെ കേന്ദ്രസഹായം വാഗ്ദാനം ചെയ്തത്‌.ഒരു വര്‍ഷം മുമ്പ്‌ പ്രധാനമന്ത്രി ‘വിദര്‍ഭ’ പാക്കേജ്‌ പ്രഖ്യാപിച്ച അവസരത്തില്‍ കര്‍ഷക സമാശ്വാസ നടപടികളുടെ ഫലം ആറു മാസത്തിനകം കണ്ടുതുടങ്ങുമെന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ പ്രധാനമന്ത്രി തിരിച്ചുപോയി ആറു മാസത്തിനകം കര്‍ഷക ആത്മഹത്യകള്‍ ഇരട്ടിക്കുകയാണ്‌ ഉണ്ടായത്‌.

രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക്‌ 9.2 ശതമാനത്തില്‍ എത്തിയതിന്റെ തിളക്കമൊന്നും കാര്‍ഷിക മേഖലയില്‍ ഒരു പതിറ്റാണ്ടിലേറെയായി കാണുന്നില്ല. കാര്‍ഷിക വളര്‍ച്ചനിരക്ക്‌ ഇക്കാലമത്രയും രണ്ടു ശതമാനത്തില്‍ താഴെയായിരുന്നു. ഭക്ഷ്യധാന്യ ഉത്‌പാദനത്തില്‍ റെക്കോഡ്‌ വിജയം നേടിയ ഇന്ത്യയ്ക്ക്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2006-2007) അമ്പത്തഞ്ച്‌ ദശലക്ഷത്തിലേറെ ഗോതമ്പ്‌ ഇറക്കുമതി ചെയ്യേണ്ടിവന്നു.പഞ്ചാബിലെയും ഹരിയാണയിലെയും ഗോതമ്പ്‌ കര്‍ഷകര്‍ക്ക്‌ 650 രൂപ ഒരു ക്വിന്റലിന്‌ താങ്ങുവിലയായി നല്‍കിയപ്പോള്‍ ഓസ്ട്രേലിയന്‍ ഗോതമ്പിന്‌ നല്‍കിയത്‌ 1000 രൂപയിലധികമായിരുന്നു.ഈവര്‍ഷവും 50 ലക്ഷത്തിലേറെ ടണ്‍ ഗോതമ്പ്‌ ഇറക്കുമതി ചെയ്യേണ്ടിവരും. അതിനുവിലയായി ടണ്ണിന്‌ 11000 രൂപ നല്‍കേണ്ടിവരും.

ഡോളറുമായുള്ള രൂപയുടെ മൂല്യം ഉയര്‍ന്നതും വിദേശ നിക്ഷേപ റിസര്‍വ്‌ വര്‍ദ്ധിച്ചതും വ്യവസായ സേവന മേഖലകളില്‍ ഗണ്യമായ പുരോഗതി നേടിയതും വന്‍നേട്ടങ്ങളായി വാഴ്ത്തപ്പെടുമ്പോള്‍ ഇന്ത്യയിലെ പരസഹസ്രം കര്‍ഷകര്‍ പ്രതിദിനം ആത്മഹത്യയില്‍ അഭയം തേടുന്നത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാക്കാതെയുള്ള ഒരു പാക്കേജിനും കര്‍ഷകരെ രക്ഷിക്കാനാവില്ല.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുടനീളം ഇന്ത്യന്‍ കാര്‍ഷികരംഗത്തെ വാണിജ്യവല്‍ക്കരിക്കുവാനുള്ള നിര്‍ദേശങ്ങളാണ്‌ ഉള്ളതെന്ന്‌ കാണാന്‍ കഴിയും. നമ്മുടെ നാടന്‍ കൃഷിയെ ആഗോളസമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുത്തുവാനും കാര്‍ഷിക ബിസിനസ്‌, കോര്‍പറേറ്റ്‌ കൃഷി, കരാര്‍ കൃഷി, വിത്ത്‌ പരിഷ്ക്കരണം, ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം, നേരിട്ടുള്ള വിപണി തുടങ്ങിയ പുത്തന്‍ ആഗോളീകരണ തന്ത്രങ്ങളിലൂടെ നമ്മുടെ കാര്‍ഷിക മേഖലയെ മൊണ്‍സാന്റോ, വാള്‍മാര്‍ട്ട്‌, കാര്‍ഗില്‍ തുടങ്ങിയ വിദേശ കുത്തക ഭീമന്മാര്‍ക്ക്‌ കാഴ്ചവെക്കാനുള്ള ഗൂഢതന്ത്രമാണ്‌ പ്രഖ്യാപനത്തില്‍ ഒളിഞ്ഞിരിക്കുന്നത്‌. കൃഷിയെ ജീവനോപാധിയായി കാണുന്നതിനു പകരം വാണിജ്യപ്രവര്‍ത്തനമായി മാറ്റുവാനാണ്‌ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ (ഐ.സി.എ.ആര്‍) തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ പ്രചോദനം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ കാര്‍ഷിക ഗവേഷണങ്ങള്‍ക്കും വികസന-വിപണനങ്ങള്‍ക്കുമായുള്ള ഇന്ത്യ-യു.എസ്‌.നോളേജ്‌ ഇനീഷ്യേറ്റീവില്‍നിന്നാണ്‌.ഇപ്പോള്‍ തന്നെ ജനിതക മാറ്റം വരുത്തിയ ബി.ടി. നെല്ലിനും പാലക്കാട്‌ പരീക്ഷ കൃഷി ചെയ്യാന്‍ മോണ്‍സാന്റോ കമ്പനിയുടെ ഇന്ത്യന്‍ ചങ്ങാതിയായ ‘മാഹിക്കോ’ അനുവാദം തേടിയിരിക്കുകയാണ്‌.

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ക്ക്‌ മഖ്യകാരണം കഴിഞ്ഞ രണ്ടു ദശകങ്ങളിലായി കേന്ദ്രം നടപ്പാക്കിവരുന്ന ഉദാരീകരണനയങ്ങളാണ്‌. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കുന്ന, ഗോതമ്പ്‌, നെല്ല്‌, പയര്‍ വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ ഉത്‌പാദനവും ഉത്‌പാനക്ഷമതയും ഈ കാലയളവില്‍ പ്രതീക്ഷിച്ച രീതിയില്‍ ഉയരാതിരുന്നത്‌ എന്തുകൊണ്ടാണെന്നത്‌ സജീവ വിശകലനത്തിന്‌ വിധേയമാക്കേണ്ട വിഷയമാണ്‌. പയറു വര്‍ഗങ്ങളുടെയും ഭക്ഷ്യ എണ്ണകളുടെയും കാര്യത്തില്‍ 90 കളുടെ ആരംഭത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായിരുന്നു. കുറഞ്ഞ താരിഫ്‌ നിരക്കില്‍ അളവു നിയന്ത്രണങ്ങളില്ലാതെ കാര്‍ഷികോത്‌പന്നങ്ങള്‍ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചതോടെയാണ്‌ വികസ്വരമായിക്കൊണ്ടിരുന്ന നമ്മുടെ കാര്‍ഷിക മേഖലയുടെ താളം പിഴച്ചതും കര്‍ഷകര്‍ ദുരിതത്തിലായതും.സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡിന്റെ കണക്കെടുപ്പുകള്‍ അനുസരിച്ച്‌ കാപ്പി, കുരുമുളക്‌, തേയില, അടയ്ക്ക എന്നീ നാലു വിളകളുടെ 1999 മുതല്‍ 2005 വരെയുള്ള വിലത്തകര്‍ച്ചമൂലം വയനാട്‌, ഇടുക്കി ജില്ലകള്‍ക്ക്‌ മാത്രം 3625 കോടി രൂപയാണ്‌ നഷ്ടമായത്‌.

കടപ്പാട്‌ മാതൃഭൂമി 23-6-07 ഇംഗ്ലീഷില്‍ ഇന്ത്യ ടുഗതര്‍

ഞാന്‍

രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതുകൊണ്ടോ ജനത്തിന്റെ പക്കല്‍ ധാരാളം പണമുണ്ട്‌ എന്നു പറയുന്നതുകൊണ്ടോ കര്‍ഷകന്റെ പക്കല്‍ പണമില്ല എന്ന വാസ്തവം മൂടിവെയ്ക്കാന്‍ കഴിയില്ല. കര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ന്യായ വില കിട്ടിയാല്‍ മാത്രമെ കര്‍ഷകര്‍ക്ക്‌ നീതിലഭിച്ചു എന്ന്‌ പറയുവാന്‍ കഴിയുകയുള്ളു. കൃഷിഭവനുകളിലൂടെ കുറച്ചു പേര്‍ക്ക്‌ സബ്‌സിഡി കൊടുത്തതുകൊണ്ടോ വിദര്‍ഭ പാക്കേജുപോലെ പാക്കേജുകള്‍ നടപ്പാക്കിയതുകൊണ്ടോ ഒന്നും കാര്‍ഷിക മേഖലയെ രക്ഷപ്പെടുത്തുവാന്‍ കഴിയില്ല. നഷ്ടകൃഷിചെയ്യുവാന്‍ ഒരു കര്‍ഷകനെക്കൊണ്ടും കഴിയില്ല. ജില്ലകള്‍തോറും ആവശ്യകതയും ലഭ്യതയും പരിഗണിച്ചുവേണം കാര്‍ഷികവിളകള്‍ ‍തെരഞ്ഞെടുക്കുവാനും കൃഷിചെയ്യുവാനും. കര്‍ഷകര്‍ക്കുവേണ്ടി ഒരു സൌജന്യത്തിന്റെയുംആവശ്യമില്ല ന്യായവിലയാണ് പ്രധാനം.

കാര്‍ഷികോത്‌പന്നങ്ങളുടെ അനാവശ്യമായ കയറ്റുമതികളും അവയുടെയോ അവയ്ക്ക്‌ പകരമാകാവുന്നവയുടെയോ ഇറക്കുമതികളും കാര്‍ഷികമേഖലയെ തകര്‍ക്കുകയേ ഉള്ളു. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വിലകൂടിയാല്‍ ഭക്ഷ്യോത്‌പന്നങ്ങള്‍ക്ക്‌  വിലകൂടുകയും  അതുമൂലം ഡോളറിന്റെ മൂല്യം ഉയരുമെന്നും ഉള്ള ഓലപ്പാമ്പ്‌ കാട്ടുമ്പോള്‍ പണപ്പെരുപ്പത്തിന് കാരണമാകുന്ന ഹവാല ഇടപാടുകളും, കള്ളപ്പണവും നിയന്ത്രിക്കുവാനുള്ള ഒരു നടപടിയും ഇല്ല എന്നതല്ലെ വാസ്തവം. സ്വാതന്ത്ര്യ ലബ്ദിക്കുശേഷം റിസര്‍വ്‌ ബാങ്ക്‌ പ്രിന്റ്‌ചെയ്‌ത്‌ ഇറക്കിയതും  അതില്‍നിന്ന് പിന്‍‌വലിച്ചതും നശിപ്പിച്ചതും കുറവുചെയ്ത്‌ ബാക്കി വരുന്ന പണം ഒരു സെന്‍‌സസിലൂടെ കണ്ടെത്തിയാല്‍ ചിലപ്പോള്‍ പണപ്പെരുപ്പത്തിന്റെ രൂക്ഷത മനസിലാക്കുവാന്‍ കഴിഞ്ഞെന്നുവരും.

കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിച്ച്‌ നിറുത്തുവാനുള്ള വേള്‍ഡ്‌ ട്രേഡ്‌ ഓര്‍ഗനൈസേഷന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ഷകരോടുള്ള നയങ്ങളില്‍ മാറ്റമുണ്ടാകണം. എങ്കില്‍ മാത്രമെ കര്‍ഷകരെ ആത്മഹത്യകളില്‍ നിന്ന്‌ മോചിപ്പിക്കാന്‍ കഴിയുകയുള്ളു. ബാങ്ക്‌ വായ്പകള്‍ കാര്‍ഷിക ആത്മഹത്യകള്‍ കൂടുവാന്‍ മാത്രമെ സഹായിക്കുകയുള്ളു. കര്‍ഷകനുകിട്ടുന്ന ലാഭംകൊണ്ട്‌ വളരുന്നത്‌ ബാങ്കുകളാണ്.

കര്‍ഷകര്‍ ആത്മഹത്യയ്ക്കൊരുങ്ങട്ടെ വേള്‍ഡ്‌ ബാങ്കും വായ്പതരുന്നു.

1 comment to ഡോ.ഭരത്‌ ജുന്‍‌ജുന്‍‌വാലയും ഡോ.തോമസ്‌വര്‍ഗീസും പിന്നെ ഞാനും

  • 19-11-07 ലെ മാതൃഭൂമി ധനകാര്യം രണ്ടു വര്‍ഷം കൊണ്ട് 2.3 കോടി പത്തിരട്ടി വര്‍ദ്ധിച്ച് 23 കോടിയായി മാറിയ ഓഹരി കുതിപ്പിന്റെ തെളിവ് കാണേണ്ടതു തന്നെയാണ്.