ചിതലുകള്‍ റബ്ബര്‍ മരങ്ങളുടെ തടിയില്‍ തൊലിപ്പുറത്ത് ഉണങ്ങിയ മൊരി/പട്ട തിന്ന് നശിപ്പിക്കുകയും അത് മണ്ണായി മാറുകയും ചെയ്യുന്നു. ഇത് ധാരാളമായി കാണുന്നത് പട്ടമരപ്പ് വന്ന മരങ്ങളിലോ വരാന്‍ സാധ്യതയുള്ള മരങ്ങളിലോ ആണ് കൂടുതലായി കാണപ്പെടുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന ഡോക്ടറുടെ കഴിവ് ഇവിടെ വെണ്ചിതലുകള് തെളിയിക്കുന്നു. തടിയില്‍ ചിതല് കയറിയാല്‍ റബ്ബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗം അതിനുതകുന്ന പെസ്റ്റിസൈഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.
എന്നാല്‍ വര്‍ഷങ്ങളായി ഞാന്‍ ഇത്തരം ചിതലുകളെ നശിപ്പിക്കാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ചിതലുകള്‍ ഉറുമ്പ് പോലെ രൂപം ഉള്ളവയാണ്. ആദ്യം ഉണക്ക മൊരി തിന്ന് തുടങ്ങുമ്പോള്‍ മണ്ണുകൊണ്ടുള്ള ഒരാവരണമായി മരങ്ങളുടെ ആ ഭാഗം കഠിനമായ വേനലില്‍നിന്നും സംരക്ഷിക്കുന്നു. അതിന് ശേഷം ഉണങ്ങിയ മൊരി പൂര്‍ണമായി തിന്നുകഴിയുമ്പോള്‍ അത് പാളിരൂപത്തില് പൊളിഞ്ഞിളകുകയും സൂര്യപകാശത്തിന്റെ സഹായത്താല്‍ റെസ്പിറേഷനും പ്രകാശ സംശ്ലേഷണവും നടക്കുവാന്‍ പാകത്തിന് ലെന്റിസെത്സ് വളര്‍ച്ചയെത്തിയിരിക്കും.
എന്നാല്‍ ഇത്തരം വെണ്ചിതലുകള് ചിരട്ടകള്‍ താങ്ങി നിറുത്തുന്ന വളയത്തെ ഉറപ്പിക്കുന്ന കയറുകളെയും തിന്ന് നശിപ്പിക്കും. അതിനാല്‍ പലരും ചിതലുകള്‍ കണ്ടാല്‍ അതിനെ തട്ടിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്ലാസ്റ്റിക് ചരടുകള്‍ ഉപയോഗിച്ചാല്‍ പ്രശ്നം പരിഹരിക്കാം. പൊളിഞ്ഞ് മണ്ണില്‍ വീണാല്‍ ഇതിലടങ്ങിയിരിക്കുന്ന ലിഗ്നിന്‍ എന്ന ബലമുള്ള ഘടകം ദീര്‍ഘനാള്‍ മണ്ണില്‍ ലയിക്കുവാന്‍ കഴിയാതെ കിടക്കും. അത്തരം കട്ടികൂടിയ ഉണക്ക മൊരിയെ വെണ്ചിതലുകള് തിന്ന് മണിക്കൂറുകള്‍ കൊണ്ട് ഫലഭൂയിഷ്ടമായ മണ്ണായി മാറ്റുന്നു.
നെക്രോസിസ് എന്ന ഈ നിര്‍ജീവ കോശങ്ങള്‍ കട്ടി കൂടിയാല്‍ പുതുതായി രൂപം കൊള്ളുന്ന ലെന്റിസെല്ലുകള്‍ ആ ഭാഗത്ത് പ്രവര്‍ത്തനം നടക്കാതാകും. പട്ടമരപ്പ് വന്ന മരങ്ങളില്‍ പൊളിഞ്ഞിളകുന്ന കട്ടിക്കൂടിയ പുറം പട്ടയുടെ ഉള്ളില്‍ ഈര്‍പ്പം ലഭിക്കുമ്പോള്‍ പലപ്പോഴും പുഴുക്കളും ഉണ്ടാകുന്നു. മഗ്നീഷ്യം സല്‍ഫേറ്റ് നല്കി വെണ്ചിതലുകളുടെ സഹായത്താല്‍ പട്ടമരപ്പില്‍ നിന്നും റബ്ബര്‍ മരങ്ങളെ സംരക്ഷിക്കാന്‍ എളുപ്പമാണ്.
രണ്ട് മരങ്ങളുടെ പട്ടപ്പുറത്തുനിന്ന് ശേഖരിച്ച അര കിലോ മണ്ണ് വിളവൂര്‍ക്കല്‍ കൃഷിഭവനില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഞാന്‍ അറിയുവാന്‍ ആഗ്രഹിച്ചത് pH, N,P,K എന്നിവയുടെ അളവുകളാണ്. മണ്ണുപരിശോധനാ കേന്ദ്രത്തില്‍ പരിശോധിച്ച് റിസല്‍ട്ട് കിട്ടിയാല്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്. ഈ വെണ്‍ചിതല്‍ ശത്രുകീടമല്ല മറിച്ച് മിത്രകീടമാണ് എന്ന വാസ്തവം തിരിച്ചറിഞ്ഞേ മതിയാവൂ.