Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ജൈവ കൃഷി

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം മാത്രമല്ല ജൈവ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുവാനും കര്‍ഷകര്‍ക്ക് മുന്‍കൂറായി കാര്‍ഷികാവശ്യത്തിനുള്ള പണം ബാങ്ങ് വായ്പകള്‍ക്ക് പകരമായി ലഭ്യമാക്കുവാനും ഒരു ശ്രമം അനിവാര്യമാണ്. ബാങ്ക് വായ്പകള്‍ കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്തുവാനല്ല മറിച്ച് അവയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതാണ്. ഉല്പാദനചെലവുകളെക്കുറിച്ചും കര്‍ഷകന് കിട്ടേണ്ട ലാഭത്തെക്കുറിച്ചും ഉപഭോക്താക്കള്‍ അറിയേണ്ടതാണ്. ജൈവ ഭക്ഷ്യ വസ്തുക്കള്‍ ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ എത്രത്തോളം ഫലപ്രദമാണ് എന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമേ ഇല്ല. കാലം പലതും നമ്മെ പഠിപ്പിച്ചു.

മണ്ണും ഇലയും പരിശോധിച്ച് നമ്മെക്കൊണ്ട് എന്‍.പി.കെ രാസവളമിശ്രിതം മണ്ണില്‍ പ്രയോഗിച്ചതിന്റെ പരിണിതഫലം മേല്‍മണ്ണിന്റെ കോടാനുകോടി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട ജൈവസമ്പുഷ്ടി പാടെ നശിപ്പിക്കുകയാണ് ചെയ്തത്. മാത്രമവുല്ല രാസവളങ്ങളും, കള, കുമിള്‍, കീടനാശിനികളും കലര്‍ന്ന ഭക്ഷ്യോത്പന്നങ്ങള്‍ മനുഷ്യനെ നിത്യരോഗികളാക്കുകയാണ് ചെയ്തത്. രാസവളപ്രയോഗത്തിലൂടെ നടന്ന ന്യൂട്രിയന്റ് മൈനിംഗ് മണ്ണില്‍ കൃഷിചെയ്യുന്ന വിളകളെയും അവയുടെ ഉത്പാദനക്ഷമതയെയും ബാധിച്ചു. രോഗങ്ങള്‍ പേറുന്ന സസ്യഭാഗങ്ങളും, അവ തിന്ന് വളരുന്ന ജീവികളും രോഗവാഹകരായി മാറി. ജലമലിനീകരണം കേരളത്തിലെ എല്ലാ നദികളെയും മലിനപ്പെടുത്തി. നെല്‍പ്പാടങ്ങള്‍ ഞണ്ടും, തവളയും, മീനും ഉള്‍ക്കൊണ്ടിരുന്നത് പാടെ നശിച്ചു. ചെറുമത്സ്യങ്ങള്‍ ആഹാരമാക്കിയിരുന്ന കൊക്കുകളും, പൊന്മാനും മറ്റും കരയില്‍ കന്നുകാലികളുടെ കാവല്‍ക്കാരായി മാറി. കാരണം കന്നുകാലികള്‍ ചലിക്കുമ്പോള്‍ പറന്നുയരുന്ന കീടങ്ങള്‍ അവക്കൊരാശ്വാസത്തിന് വക നല്‍കുന്നു എന്നതു തന്നെ.

മണ്ണിനെ പുഷ്ടിപ്പെടുത്തുവാന്‍ പ്രയോജനപ്പെടുത്തേണ്ട ബയോ ടെക്നോളജി ജനിതകമാറ്റം വരുത്തിയ വിളകളെ പ്രോത്സാഹിപ്പിക്കുവാനുള്ള വ്യഗ്രതയിലാണ്. വൈവിധ്യമാര്‍ന്ന വഴുതന യഥേഷ്ടം ലഭിക്കുമ്പോള്‍ അവയെ നശിപ്പിക്കുവാന്‍ ബി.ടി വഴുതന പടിവാതില്‍ക്കലെത്തി. അവയുടെ ദോഷഫലങ്ങളെപ്പറ്റി കാര്യമായ പഠനമോ നിരീക്ഷണമോ നടത്താതെ മോന്‍സാന്റോയും മാഹികോയും ആഗ്രഹിക്കുന്ന വിത്തുകളുടെ കുത്തകാവകാശം നേടിക്കൊടുക്കുവാന്‍ ശ്രമിക്കുകയാണ്. കളനാശിനികളില്ലാതെ ഉയരത്തില്‍ വളരുകയും സൂര്യപ്രകാശം ലഭിക്കാതെ കളകള്‍ നളിപ്പിക്കുകയും ചെയ്തിരുന്ന നല്ല വിളവ് നല്‍കിയിരുന്ന വാങ്ക്, ചെന്നെല്ല് മുതലായവപോലുള്ള നെല്‍വിത്തുകള്‍ കണികാണാന്‍പോലും കഴിയില്ല. ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനികള്‍ പലരാജ്യങ്ങളും നിരോധിച്ചവപോലും ഇന്ത്യന്‍ വിപണിയില്‍ യഥേഷ്ടം വില്‍ക്കപ്പെടുന്നു. കാര്‍ബോഫുറാന്‍ ഇല്ലാത്ത വാഴപ്പഴവും, എന്‍ഡോസല്‍ഫാനില്ലാത്ത കശുവണ്ടി മാങ്ങ തുടങ്ങിയവയും നമുക്ക് വിപണിയില്‍ ലഭിക്കില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജൈവ റബ്ബര്‍ കൃഷിയിലേക്ക് മാറിയ എനിക്ക് നേട്ടങ്ങള്‍ പലവഴിയിലൂടെ ലഭിക്കുന്നു. പശുക്കള്‍ക്ക് മേയുവാന്‍ തോട്ടത്തിലെ വൈവിധ്യമാര്‍ന്ന സ്വയം വളരുന്ന കളയും കളപ്പയറും, ജൈവപ്പുല്ല് ഭക്ഷിക്കുന്നതിലൂടെ ആരോഗ്യമുള്ള പശുക്കളും ഗുണനിലവാരമുള്ള പാലും, അവയുടെ ചാണകത്തില്‍ നിന്ന് ഗ്യാസ് ലൈറ്ററില്‍ കത്തുന്ന ബയോഗ്യാസും ഗുണനിലവാരം കൂടിയ സ്ലറിയും, മണ്ണ് കുത്തിയിളക്കാതെയും മണ്ണിളക്കാന്‍ കഴിയുന്ന മണ്ണിരകളെ നശിപ്പിക്കാതെയും, കുറ്റിച്ചെടികളും പശുക്കള്‍ ഭക്ഷിക്കാത്തവയും മാത്രം പിഴുത്‌മാറ്റി ചെലവ് ചുരുക്കിയും, റബ്ബറിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധന ഉറപ്പാക്കിയും മറ്റും നേട്ടങ്ങളുടെ പട്ടികയാണ് മുന്നിലുള്ളത്.