Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

Sorry, but this post is not available in English

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പൊന്നീം എന്ന ജൈവ കീടനാശിനി മെച്ചമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കാഞ്ചീപുരത്തും തിരുവള്ളൂരിലും ഈ കീടനാശിനിയുടെ പ്രയോഗം മികച്ച ഫലക്ഷമത ദൃശ്യമാക്കി. ചെന്നൈയിലെ ലയോളാ കോളേജാണ് ഇത് വികസിപ്പിച്ചത്. പൊന്നീം ഉണ്ടാക്കുന്നതിന് വേപ്പെണ്ണ, പുങ്കെണ്ണ (ഉങ്ങ്, പുങ്ക്, പുങ്ങ്) എന്നീ പേരുകളില്‍ അറിയപ്പെടുന്ന മരത്തിന്റെ പരിപ്പില്‍നിന്ന് വേര്‍തിരിക്കുന്ന എണ്ണ) എന്നിവ ആവശ്യമാണ്. ഇവ രണ്ടും 45 ശതമാനം എന്ന അനുപാതത്തിലെടുത്ത് ഒപ്പം 10 ശതമാനം സോപ്പുവെള്ളം കലര്‍ത്തി നന്നായി ഇളക്കിയാല്‍ പൊന്നീം തയ്യാറായി. ഇത് 30 മില്ലി ലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം. ഒരേക്കറില്‍ തളിക്കാന്‍ ഒന്നര ലിറ്റര്‍ പൊന്നീം വേണ്ടിവരും. നെല്ലിനെയും പച്ചക്കറിയെയും ബാധിക്കുന്ന കീടങ്ങളെ തുരത്താന്‍ ഇത് ഉത്തമമാണെന്ന് കൃഷിയിട പരീക്ഷണങ്ങള്‍ തെളിയിച്ചു.
കീടങ്ങളെ നശിപ്പിക്കുമെങ്കിലും മിത്രഷഡ്പദങ്ങള്‍ക്ക് ഹാനികരമല്ലെന്ന പ്രത്യേകതയും പൊന്നീമിനുണ്ട്.

കടപ്പാട്- മാതൃഭൂമി

മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി; ഗവേഷണത്തിന് ഫലപ്രാപ്തി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള രാസ കീടനാശിനികളുടെ മാരകമായ പാര്‍ശ്വഫലങ്ങള്‍ സമൂഹത്തിനെ ആശങ്കയിലാഴ്ത്തുമ്പോള്‍ മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന് ഫലപ്രാപ്തി. കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ (സി.ടി.സി.ആര്‍.ഐ) ശാസ്ത്രജ്ഞരാണ് മരച്ചീനിയില്‍ നിന്ന് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്.

ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്രോപ് പ്രൊട്ടക്ഷന്‍ ഡിവിഷന്‍ മേധാവിയും മലപ്പുറം സ്വദേശിയുമായ ഡോ.സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൈവകീടനാശിനി വികസിപ്പിച്ചെടുത്തത്. ഒരു ഹെക്ടര്‍ മരച്ചീനിയില്‍ നിന്ന് ഏഴ് ടണ്ണിലധികം ഇല തണ്ടും ഇലകളും ലഭിക്കുന്നുണ്ട്. ഇലയില്‍ ‘ കട്ട്’ എന്ന വിഷവസ്തു ഉള്ളതിനാല്‍ അവ അതേപടി തിന്നുന്ന കന്നുകാലി ചത്തുപോകുന്നു. ഈ വിഷവസ്തുവിനെ കീടനാശിനിയായി ഉപയോഗിക്കാനുള്ള ഗവേഷണത്തിനാണ് ഇപ്പോള്‍ വിജയം കൈവന്നത്.”മരച്ചീനിയിലെ കട്ടിന് നിദാനം സയനോ ഗ്ലൂക്കസൈഡ് എന്ന പദാര്‍ത്ഥമാണ്. ശാസ്ത്രീയമായി കൈകാര്യം ചെയ്താല്‍ മരച്ചീനിയിലെ കട്ടിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. മരച്ചീനിയിലെ കട്ടിനെ ജൈവകീടനാശിനിയാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ വികസിപ്പിച്ചെടുത്തത്”- ഡോ.ജയപ്രകാശ് പറയുന്നു. മരച്ചീനി ഇലയും തണ്ടും കിഴങ്ങിന്റെ തൊലിയും വെള്ളം ചേര്‍ത്ത് അരച്ച് പ്രത്യേക ഊഷ്മാവിലും രീതിയിലും വാറ്റിയെടുത്താണ് ഡോ.ജയപ്രകാശും സംഘവും കീടനാശിനി വികസിപ്പിച്ചെടുത്തത്. ഇതിനുവേണ്ട യന്ത്രം നിര്‍മിക്കുന്നതില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.എസ്.സാലിമോന്‍ നിര്‍ണായക പങ്ക് വഹിച്ചു. ഐ.എസ്.ആര്‍.ഒ സാങ്കേതിക സഹായം നല്‍കി. ഗവേഷണ വിദ്യാര്‍ത്ഥികളായ എല്‍.രാഗേഷ്, ആര്‍.എസ്.ശ്രീരാഗ് എന്നിവരും ഉദ്യമത്തില്‍ പങ്കുകൊണ്ടു. പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ.എസ്.എന്‍.മൂര്‍ത്തി, ഡോ.സി.എസ്.പി. അയ്യര്‍, കലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ ബയോകെമിസ്ട്രി വിഭാഗം തലവന്‍ ഡോ.നന്ദകുമാര്‍, വി.എസ്.എസ്.സി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എന്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ നിരന്തരം ഈ ഗവേഷണത്തില്‍ പങ്കുകൊണ്ടു. വാറ്റിയെടുത്ത കീടനാശിനിയുടെ രാസ, ജൈവ ഘടനകള്‍ ഇവര്‍ പരീക്ഷണ വിധേയമാക്കി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പൂര്‍ണഫലം തരുന്ന ജൈവ കീടനാശിനിയുണ്ടായി. തെങ്ങിന് മാരകമായ ചെമ്പന്‍ ചെല്ലി, വാഴയെ കൊല്ലുന്ന തണ്ടുതുരപ്പന്‍എന്നിവയ്‌ക്കെതിരെ ഈ കീടനാശിനി ഫലവത്തായി. കാസര്‍കോട്ടെ തെങ്ങിന്‍ തോപ്പുകളിലും കോയമ്പത്തൂരിലെ കൃഷിയിടങ്ങളിലും നിരവധി തവണ ഇത് പരീക്ഷിച്ചു. പേറ്റന്റിനായി അപേക്ഷ നല്‍കി കഴിഞ്ഞു. ഒരു കിലോ മരച്ചീനിയിലയില്‍ നിന്ന് എട്ടുലിറ്ററോളം ജൈവകീടനാശിനിയുണ്ടാക്കാം. വാറ്റിനുശേഷം ലഭിക്കുന്ന അവശിഷ്ടം കന്നുകാലികള്‍ക്കും മീനിനുമൊക്കെയുള്ള മാംസസമൃദ്ധമായ ആഹാരമായി ഉപയോഗിക്കാം. പരീക്ഷണഘട്ടത്തില്‍ പോലും ലിറ്ററിന് ഇരുപത് രൂപയില്‍ താഴെ മാത്രമേ ചെലവു വന്നിട്ടുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചാല്‍ അതിന്റെ നാലിലൊന്ന് വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.ഫ്യൂരിഡാന്‍ ഉള്‍പ്പെടെയുള്ള രാസകീടനാശിനിയേക്കാള്‍ ഫലവത്തായി ഇത് കീടങ്ങളെ കൊല്ലും. ശരീരത്തില്‍ വീണാലോ ശ്വസിച്ചാലോ പാര്‍ശ്വഫലങ്ങളൊന്നുമില്ല. വാറ്റ് പ്രക്രിയയില്‍ ലഭിക്കുന്ന വാതകം ‘പുകയുന്ന രൂപത്തിലുള്ള കീടനാശിനി’ ( ബയോ ഫ്യൂമിഗന്റ്) ആയി ധാന്യസംഭരണ ശാലകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വാതകത്തെ സിലിണ്ടറിലേക്ക് മാറ്റാനുള്ള ഉപകരണം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഡോ.ജയപ്രകാശും സംഘവും. കേന്ദ്രസര്‍ക്കാരിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഇതിനുള്ള സാങ്കേതിക സഹായം നല്‍കും.

നിലവില്‍ ആവശ്യക്കാര്‍ക്ക് കുറഞ്ഞയളവിലെങ്കിലും ജൈവകീടനാശിനി നിര്‍മിച്ചു നല്‍കുന്നുണ്ട്. ‘നന്മ’ യെന്നാണ് ഡോ.ജയപ്രകാശ് ഇതിന് പേരിട്ടിരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങളുടെയോ സംരംഭകരുടെയോ സഹായത്തോടെ സി.ടി.സി.ആര്‍.ഐ വഴി ജൈവ കീടനാശിനി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം ഉടനെ തുടങ്ങും.
കടപ്പാട് – മാതൃഭൂമി

വേപ്പെണ്ണ എമള്‍ഷന്‍

പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്.

നാറ്റപൂച്ചെടി എമള്‍ഷന്‍

വിവിധ വിളകളുടെ പ്രധാന ശത്രൂവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്. നാറ്റപ്പൂച്ചെടിയുടെ (ഹിപ്പറ്റിസ് സ്വാവിയോളന്‍സ്) ഇളം തണ്ടും ഇലകളും അരച്ചു പിഴിഞ്ഞ് ചാര്‍ എടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി 1 ലിറ്റര്‍ ടാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം.

വേപ്പിന്‍ കഷായം

ഒരു ലിറ്റര്‍ കഷായം തയ്യാറാക്കുന്നതിന് 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് 1 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്തു മുഴുവന്‍ വെളളത്തില്‍ കലര്‍ത്തുക. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

ആര്യ വേപ്പിന്റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പമ്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യാം.

പുകയില കഷായം

വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചെടുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുക്കുക. ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം.

വെളുത്തുളളി മിശ്രിതം

20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്റെയും പടവലത്തിന്റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം.

പടവല വര്‍ഗ്ഗ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ചകള്‍. കേട് ബാധിച്ച കായ്കള്‍ പറിച്ചു നശിപ്പിക്കുന്നതും നാല് ചുവടിന് ഒരു കെണി എന്ന കണക്കില്‍ ഇടവിട്ട് പഴക്കെണികളും തുളസിക്കെണികളും സ്ഥാപിക്കുന്നതും കായീച്ചയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

കടപ്പാട് – അഗ്രിന്യൂസ്‌ഇന്ത്യ