Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

നെല്‍വയല്‍ സംരക്ഷണ നിയമം

22 Sep, 2007
വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നിയമം

കെ.പി. രാജേന്ദ്രന്‍  (റവന്യൂ വകുപ്പുമന്ത്രി)

പരമ്പരാഗതമായ പാടശേഖരങ്ങള്‍ നികത്തപ്പെടുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതുമൂലം ഭക്ഷ്യ സുരക്ഷ അവതാളത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നെല്‍വയലുകള്‍ നിലനിര്‍ത്തുന്നതുകൊണ്ടുമാത്രം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. കര്‍ഷകന്‍ നെല്‍കൃഷി ചെയ്യാന്‍ തയ്യാറാകുകകൂടി വേണം. നഷ്ടം സഹിച്ചായാല്‍ പോലും നിലം നികത്താതെ നിര്‍ബന്ധമായും കൃഷിചെയ്യണം എന്ന് ശഠിക്കാനുമാവില്ല. അതിനാല്‍ നെല്‍കൃഷി ആദായകരമാക്കാനും കര്‍ഷകന് സമൂഹത്തില്‍ മുമ്പുണ്ടായിരുന്ന സ്ഥാനവും മാന്യതയും വീണ്ടെടുക്കാനുമുള്ള കര്‍മപരിപാടികള്‍കൂടി സമാന്തരമായി ഏറ്റെടുത്താലേ ഈ ബില്ലിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ.

കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട 2007_ലെ കേരള നെല്‍വയല്‍_നീര്‍ത്തട സംരക്ഷണ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞു.

കേരളത്തിലെ നെല്‍വയലുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവ വിവേകരഹിതമായും അനിയന്ത്രിതമായും വ്യാപകമായ രീതിയില്‍ നികത്തുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്തുകൊണ്ടിരിക്കുന്നു. സംസ്ഥാന ആസൂത്രണ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് പ്രതിവര്‍ഷം 22,000 ഹെക്ടര്‍ സ്ഥലം നികത്തപ്പെടുന്നുണ്ട്. 1970_കളില്‍ 8.75 ലക്ഷം ഹെക്ടര്‍ സ്ഥലത്തുണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ 1990_കളുടെ അവസാനമായപ്പോഴേക്കും 3.87 ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് ചുരുങ്ങി. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേവലം 2.75 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് മാത്രമേ ഇന്ന് നെല്‍പ്പാടങ്ങള്‍ അവശേഷിക്കുന്നുള്ളൂ എന്നാണ്.

അത്യന്തം ഗുരുതരമായ ഈ സ്ഥിതി തുടര്‍ന്നാല്‍ ആസന്ന ഭാവിയില്‍ത്തന്നെ അവശേഷിക്കുന്നവകൂടി അപ്രത്യക്ഷമാകുമെന്ന കാര്യം നിസ്തര്‍ക്കമാണ്.

നെല്‍പ്പാടങ്ങള്‍, പ്രത്യേകിച്ചും കുട്ടനാടന്‍ പ്രദേശത്തെ നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിന് 1952 മുതല്‍തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഉദ്ദേശ്യത്തോടെ ചുരുങ്ങിയത് 12 കമ്മിറ്റികളെങ്കിലും നിയമിക്കപ്പെട്ടിട്ടുണ്ട്. 1950 ലെ വൈദ്യനാഥന്‍ കമ്മിറ്റി, 1952 ലെ സെന്‍ട്രല്‍ സ്റ്റേറ്റ് എന്‍ജിനീയേഴ്സ് കമ്മിറ്റി, 1965 ലെ മംഗളഭാനു കമ്മിറ്റി, 1971 ലെ സി. തോമസ് കമ്മീഷന്‍, 1975 ലെ ടി.വി. സ്വാമിനാഥന്‍ കമ്മിറ്റി, 1980 ലെ കെ.കെ. നമ്പ്യാര്‍ കമ്മിറ്റി, 1982 ലെ ജനാര്‍ദനന്‍ നായര്‍ കമ്മിറ്റി, 1983 ലെ ആര്‍. ഗോപാലകൃഷ്ണന്‍ കമ്മിറ്റി, 1986 ല്‍ പ്ലാനിങ് ബോര്‍ഡ് നിയോഗിച്ച കമ്മിറ്റിയും എസ്. ഗോപാലന്‍ കമ്മിറ്റിയും, 1988 ലെ കുട്ടനാട് വാട്ടര്‍ ബാലന്‍സ് സ്റ്റഡി പദ്ധതി, 1997 ലെ കെ.എന്‍. ശ്യാമസുന്ദരന്‍ നായര്‍ കമ്മിറ്റി, ഏറ്റവും ഒടുവിലായി ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി എന്നിവയാണവ. പല സുപ്രധാന ശുപാര്‍ശകളും ഈ സമിതികള്‍ നല്കിയിരുന്നു. ഇതില്‍ പലതും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നെല്‍പ്പാടങ്ങളുടെ വിസ്തൃതി വര്‍ഷംതോറും കുറഞ്ഞുവരുന്നതായാണ് നമ്മുടെ അനുഭവം.

ഭക്ഷ്യ ഉത്പാദനത്തിനും തദ്വാരാ നെല്‍പ്പാടങ്ങളുടെ സംരക്ഷണത്തിനും ഊന്നല്‍ നല്കിക്കൊണ്ട് നമ്മുടെ സംസ്ഥാനം കൈക്കൊണ്ട പദ്ധതികളും നിരവധിയാണ്. 1940_കളില്‍ത്തന്നെ ‘ഗ്രോ മോര്‍ ഫുഡ് കാമ്പയിന്‍’ ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് വികസന ബ്ലോക്കുകള്‍ വഴി നടപ്പാക്കിയ ജപ്പാന്‍ മോഡല്‍ നെല്‍കൃഷി, മൂന്നാം പദ്ധതിക്കാലത്ത് നടപ്പാക്കിയ ഊര്‍ജിത നെല്‍കൃഷി വികസന പദ്ധതി, നാലാം പദ്ധതിക്കാലത്തെ ഏല വികസന യൂണിറ്റുകള്‍, പിന്നീട് വന്ന ഗ്രൂപ്പ് ഫാമിങ് പദ്ധതി, ജനകീയാസൂത്രണ പദ്ധതികള്‍ ഇവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. നെല്ലിന് താങ്ങുവില പ്രഖ്യാപിച്ചതും നിരവധി സബ്സിഡികളിലൂടെ കര്‍ഷകനെ സഹായിച്ചതുമൊക്കെ നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ മാത്രമല്ല ലക്ഷ്യമിട്ടിരുന്നത്. നെല്‍പ്പാടങ്ങളുടെ സംരക്ഷണവും ഈ പദ്ധതികളുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

ഭക്ഷ്യവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് 1967_ല്‍ കൊണ്ടുവന്ന ഭൂവിനിയോഗ ഉത്തരവ് പ്രായോഗിക തലത്തിലെത്തിയപ്പോള്‍ പരാജയമെന്ന് തെളിഞ്ഞതിനാലാണ് 1996 ല്‍ ഈ ഉത്തരവുകള്‍ ഭേദഗതി വരുത്തേണ്ടതാണെന്ന് തീരുമാനിച്ചതും കൂടുതല്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചതും. സമിതി നാല് നിര്‍ദേശങ്ങളാണ് ശുപാര്‍ശ ചെയ്തത്. പുതിയ ഭൂവിനിയോഗ നിയമമാണ് അതില്‍ പ്രധാനം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് പ്രധാന നെല്ലുത്പാദന കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് വിജ്ഞാപനം ചെയ്യുക, നിര്‍ബന്ധമായും നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകനെ പ്രേരിപ്പിക്കുക, ഭൂപരിവര്‍ത്തനത്തിന് നികുതി ഏര്‍പ്പെടുത്തുക എന്നിവയാണ് മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍. ഈ ശുപാര്‍ശകളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമത്തിന് രൂപം നല്കിയിരിക്കുന്നത്.

പരമ്പരാഗതമായ പാടശേഖരങ്ങള്‍ നികത്തപ്പെടുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നതുമൂലം ഭക്ഷ്യ സുരക്ഷ അവതാളത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നെല്‍വയലുകള്‍ നിലനിര്‍ത്തുന്നതുകൊണ്ടുമാത്രം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. കര്‍ഷകന്‍ നെല്‍കൃഷി ചെയ്യാന്‍ തയ്യാറാകുകകൂടി വേണം. നഷ്ടം സഹിച്ചായാല്‍ പോലും നിലം നികത്താതെ നിര്‍ബന്ധമായും കൃഷിചെയ്യണം എന്ന് ശഠിക്കാനുമാവില്ല. അതിനാല്‍ നെല്‍കൃഷി ആദായകരമാക്കാനും കര്‍ഷകന് സമൂഹത്തില്‍ മുമ്പുണ്ടായിരുന്ന സ്ഥാനവും മാന്യതയും വീണ്ടെടുക്കാനുമുള്ള കര്‍മപരിപാടികള്‍കൂടി സമാന്തരമായി ഏറ്റെടുത്താലേ ഈ ബില്ലിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ.

ഒരു ഹെക്ടര്‍ സ്ഥലം കൃഷിചെയ്യുന്നതിന് 600 തൊഴില്‍ദിനങ്ങള്‍ ആവശ്യമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുപ്രകാരമാണെങ്കില്‍ ഇന്നവശേഷിക്കുന്ന 2.75 ഹെക്ടര്‍ സ്ഥലത്തേക്ക് 16.50 ലക്ഷം തൊഴില്‍ദിനങ്ങള്‍ ആവശ്യമാണെന്നു കാണാം. ഇത്രയധികം തൊഴില്‍ നല്‍കുന്ന മറ്റൊരു തൊഴില്‍ ദായകനും ഇന്ന് നമ്മുടെ സംസ്ഥാനത്തില്ല എന്ന വസ്തുത ഓര്‍ക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകരാണ് കര്‍ഷകരെന്ന സത്യം നാം വിസ്മരിക്കാന്‍പാടില്ല. അതുകൊണ്ടുതന്നെ നെല്‍കൃഷിക്കാരനുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്. സര്‍ക്കാറിനുമുണ്ട്. ഈ കാഴ്ചപ്പാടോടെ നിരവധി കര്‍മപരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഫാമിങ് സമിതികളുടെ പുനരുദ്ധാരണം, തരിശുഭൂമികൃഷി പദ്ധതി, രജിസ്ട്രേഡ് നെല്ലുത്പാദന പദ്ധതി, അത്യുത്പാദനശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി, ഒറ്റഞാര്‍ കൃഷി, സുഗന്ധ നെല്ലിനങ്ങളായ ബസുമതി, ജീരകശാല, ഗന്ധശാല, ജൈവകൃഷി രീതി മാത്രം അവലംബിച്ചുവരുന്ന പൊക്കാളി നെല്ലിനങ്ങള്‍, കേരളശ്രീ എന്ന സമഗ്ര നെല്‍കൃഷി, പാഡി ബോര്‍ഡ് രൂപവത്കരണം, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്കരിച്ച് വിപണനം നടത്തുന്ന യൂണിറ്റുകള്‍, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കല്‍ എന്നിവ ഇവയില്‍ ചിലതാണ്. പാടശേഖരങ്ങള്‍ നെല്ലുത്പാദന കേന്ദ്രങ്ങള്‍ മാത്രമല്ല, അവ മികച്ച ജലസംഭരണികള്‍ കൂടിയാണ്. പാടശേഖരങ്ങള്‍ നികത്തപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതിലുപരി കുടിവെള്ള സ്രോതസ്സുകള്‍ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന അതി ഗുരുതരമായ അവസ്ഥാവിശേഷവും സംജാതമാകും.

പാടശേഖരങ്ങള്‍പോലെ സംരക്ഷിക്കപ്പെടേണ്ടവയാണ്, ജൈവ വൈവിധ്യത്താല്‍ സമ്പുഷ്ടമായ, സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും ചതുപ്പ്നിലങ്ങളും. കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ 1,27,930 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനത്തെ 33 ല്‍പ്പരം കായലുകളും മൂന്ന് ശുദ്ധജലത്തടാകങ്ങളും ഇന്ന് ഗുരുതരമായ പാരിസ്ഥിതിക ഭീഷണികള്‍ നേരിടുകയാണ്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആഗോളതലത്തില്‍ത്തന്നെ അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള പ്രാധാന്യം രാംസാര്‍ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. വിവിധയിനം സസ്യ_ജന്തു ജാലങ്ങളുടെ നിലനില്‍പ്പുതന്നെ തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചാണ്. അതിന് പുറമെ വെള്ളപ്പൊക്ക നിയന്ത്രണവും തണ്ണീര്‍ത്തടങ്ങളുടെ ഒരു മുഖ്യധര്‍മമാണ്.

തണ്ണീര്‍ത്തടങ്ങള്‍ നികത്തി അവിടെ കൂറ്റന്‍ സൌധങ്ങള്‍ സ്ഥാനംപിടിച്ചതോടെ ചെറിയതോതിലുള്ള മഴപോലും നമ്മെ പ്രളയക്കെടുതിയില്‍ കൊണ്ടെത്തിക്കുന്നു. ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്തുന്നതിനും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വഹിക്കുന്ന പങ്ക് നാം മറന്നുകൂടാ. കേരളത്തിലെ ഭൂഗര്‍ഭജല നിരപ്പ് വളരെവേഗം താണുകൊണ്ടിരിക്കുകയാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അനിയന്ത്രിതവും പരിസ്ഥിതിയെ മാനിക്കാതെയുമുള്ള കൈയേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും മൂലം നമ്മുടെ കായലുകളിലെ ജലനിരപ്പും ഗുണനിലവാരവും അടിക്കടി കുറഞ്ഞുവരികയാണ്. കൃഷിക്കും തോട്ടങ്ങള്‍ക്കുമായി കായല്‍ നികത്തല്‍, വ്യാവസായിക മാലിന്യങ്ങള്‍, നഗര മാലിന്യങ്ങള്‍, രാസവളാവശിഷ്ടങ്ങള്‍, അനിയന്ത്രിതമായ കക്ക വാരല്‍, പ്രകൃതിദത്ത പ്രജനനത്തിന് കോട്ടമുണ്ടാക്കുംവിധം നീരൊഴുക്ക് തടയുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ കായലുകളുടെ വിസ്തൃതി കുറഞ്ഞുവരികയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്.

നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതും പരിവര്‍ത്തനപ്പെടുത്തുന്നതും മലീമസമാക്കുന്നതും നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനം നിലവിലില്ലാത്ത സാഹചര്യത്തില്‍ അവ സംരക്ഷിക്കുന്നതിന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് 2007 ലെ കേരള നെല്‍വയല്‍_നീര്‍ത്തട സംരക്ഷണ ബില്‍. ബില്ലിന്റെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:
(i) കേരളത്തിലെ വ്യത്യസ്ത കാര്‍ഷിക_പാരിസ്ഥിതിക മേഖലകളില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ നെല്ലുത്പാദന മേഖലകളും (ഉദാഹരണം: കോള്‍നിലങ്ങള്‍, കുട്ടനാട് പ്രദേശം, പൊക്കാളി പാടങ്ങള്‍, പാലക്കാട് ജില്ലയിലെ നെല്‍വയലുകള്‍ തുടങ്ങിയവ) ജലസേചന പദ്ധതികളുടെ ‘ആയക്കെട്ട്’ പ്രദേശത്തിന്‍ കീഴില്‍ വരുന്ന നെല്‍വയലുകളും ഭാവിയില്‍ ഗവണ്മെന്റ് നിര്‍ണയിക്കുന്ന ഏതെങ്കിലും നിലവും പരിവര്‍ത്തനപ്പെടുത്തുവാനോ രൂപാന്തരപ്പെടുത്തുവാനോ പാടില്ലാത്തതും തരിശ്ശിടാന്‍ പാടില്ലാത്തതുമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

(ii) പൊതു ആവശ്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെങ്കില്‍ അതിനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും.
(iii)സംസ്ഥാനത്തെ നീര്‍ത്തടങ്ങളായ കായലുകള്‍, അഴിമുഖങ്ങള്‍, ചേറ്റുപ്രദേശങ്ങള്‍, ശുദ്ധജലത്തടാകങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചതുപ്പുനിലങ്ങള്‍, ഓരുനിലങ്ങള്‍ എന്നിവ കൈയേറുന്നതില്‍നിന്നും മലിനീകരണത്തില്‍നിന്ന് മുക്തമാക്കുന്നതിനുമായി അവ പരിവര്‍ത്തനപ്പെടുത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(iv) കൃഷിയിറക്കാതെ കിടക്കുന്നതോ, തരിശ്ശിടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നതോ ആയ നിലങ്ങളുടെയോ ഉടമസ്ഥര്‍ക്ക് കൃഷിയിറക്കുന്നതിനാവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നല്കാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കും. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഉടമസ്ഥര്‍ വീഴ്ച വരുത്തിയാല്‍ തര്‍ക്കവിഷയമായ നെല്‍വയല്‍ കൃഷി ചെയ്യുന്നതിനുള്ള അവകാശം ഒരു നിശ്ചിത കാലയളവിലേക്ക് ലേലം ചെയ്തോ മറ്റു വിധത്തിലോ വില്ക്കുന്നതിന് കളക്ടര്‍ക്ക് അധികാരം നല്കും. ഇങ്ങനെ അവകാശം വില്പന നടത്തുമ്പോള്‍ ആ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകള്‍ക്കും പാടശേഖര സമിതികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും മുന്‍ഗണന നല്േകണ്ടതാണ്.

(v) നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി മൂന്നു വര്‍ഷവും വരെയുള്ള തടവും ചുരുങ്ങിയത് 50,000 രൂപയും പരമാവധി ഒരു ലക്ഷം രൂപയും പിഴ ശിക്ഷയായി നല്കാവുന്നതാണ്.

ഭൂസംരക്ഷണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങളുണ്ടെങ്കിലും നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക നിയമം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ല. പശ്ചിമബംഗാളിലെ ഈസ്റ്റ് കൊല്‍ക്കത്ത വെറ്റ്ലാന്‍ഡ് (കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ്) ആക്ട് 2006 മാത്രമാണിതിനൊരപവാദം.

സെലക്ട് കമ്മിറ്റി കേരളത്തിലെ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തുന്നതും പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ശാസ്ര്തജ്ഞര്‍, കാര്‍ഷിക വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി കേരള സമൂഹത്തിലെ സമസ്ത വിഭാഗങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതുമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നു.
കടപ്പാട്- മാതൃഭൂമി

2 comments to നെല്‍വയല്‍ സംരക്ഷണ നിയമം