Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

തുഷാരം ഇന്റെര്‍നെറ്റ്‌ മാസിക പ്രസിദ്ധീകരിച്ചത്‌ – 01

 http://www.thusharam.com/1182-kanni/krishiyidam01.htm

പട്ടമരപ്പ് : ഒരു കര്‍ഷകന്റെ കണ്ടെത്തല്‍

പട്ടമരപ്പെന്നാല്‍ എന്താണ്?

റബ്ബര്‍  മരങ്ങളിലെ വെട്ടുപട്ടയില്‍ ഭാഗികമായും പിന്നീട് പൂര്‍ണമായും കറയില്ലാതാകുന്നതിനെയാണ് പട്ടമരപ്പ് എന്ന് പറയുന്നത്‌ ഇതിനെ ഇംഗ്ലീഷില്‍ ബ്രൌണ്‍ബാസ്റ്റ് അല്ലെങ്കില്‍ ടാപ്പിംഗ് പാനല്‍ ഡ്രൈനെസ് എന്നാണ് പറയപ്പെടുന്നത്. നാളിതുവരെ ലോകത്തൊരിടത്തും ഇതിന്റെ കാരണവും പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഒരു കര്‍ഷകന് കണ്ടെത്തുവാന്‍ കഴിഞ്ഞത് ശരിയോ തെറ്റോ എന്ന് വിധിയെഴുതേണ്ടത്‌ മറ്റ് കര്‍ഷകരാണ്. കേരളത്തെ ലോകത്തില്‍ വെച്ച് ഏറ്റവും കൂടിയ പ്രതിഹെക്ടര്‍ ഉത്പാദനക്ഷമതയിലെത്തിച്ചത് ആര്‍ .ആര്‍ .ഐ. ഐ 105 എന്ന ഇനം റബ്ബര്‍ മരങ്ങളാണ്. ആ മരങ്ങള്‍ക്കാണ് പട്ടമരപ്പിലൂടെ വന്‍ നഷ്ടം സംഭവിക്കുന്നത്.

പട്ടമരപ്പിനുള്ള കാരണം

വെട്ടുപട്ടയിലും അതിനോട്‌ ചേര്‍ന്നും കറയില്ലാതാകുവാന്‍ കാ‍രണം ആ ഭാഗത്ത്‌ ജീവനില്ലാത്ത കോശങ്ങള്‍ രൂപപ്പെടുന്നതുകൊണ്ടാണ്. മനുഷ്യ ശരീരത്തിലും ഇത്തരം അസുഖം ഉണ്ടാകാറുണ്ട്‌. മരങ്ങള്‍ക്ക്‌ ഇപ്രകാരമുണ്ടാകുന്ന ഈ അസുഖത്തെ നെക്രോസിസ്‌ എന്നാണ് പറയപ്പെടുന്നത്‌. ജീവനില്ലാത്ത കോശങ്ങള്‍ രൂപപ്പെടുവാന്‍ കാ‍രണം ആ ഭാഗത്ത്‌ ചെടികളിലും മരങ്ങളിലും പച്ച നിറം കൊടുക്കുന്ന മഗ്നീഷ്യം എന്ന ലോഹ മൂലകത്തിന്റെ അഭാവമാണ്. മഗ്നീഷ്യത്തിന്റെ സാന്നിധ്യം കോശങളിലെ ജീവന്‍ നിലനിറുത്തുവാന്‍ സഹായകമാണ്. മരങ്ങളില്‍ എല്ലാ ഭാഗത്തും മഗ്നീഷ്യം എത്തിച്ചേരുന്നു. ഇതിനെ ഫോസ്‌ഫറസിന്റെ വാഹകനെന്നും അറിയപ്പെടുന്നു. പൂക്കുവാനും വേരുകള്‍ക്ക്` വളരുവാനും ഫോസ്‌ഫറസ്‌ ഒരു അവശ്യ ഘടകം ആണ്. ഫോസ്‌ഫറസിനെ ഇലയിലും വേരിലും എത്തുവാന്‍ സഹായിക്കുന്നത്‌ മഗ്നീഷ്യമാണ്.

മണ്ണില്‍ നിന്ന്‌ ജലവും മൂലകങ്ങളും തടിക്കുള്ളിലെ സൈലം (മരങ്ങളിലെ കാതല്‍ എന്ന ഭാഗത്തിന് മുകളിലുള്ള വെളുത്ത തടിയാണ് സൈലം) എന്നഭാഗത്തുകൂടി  തടിയെ വളര്‍ത്തിക്കൊണ്ട്‌ ഇലകളിലെത്തുന്നു. അവിടെവെച്ച്‌ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ പ്രകാശ സംശ്ലേഷണം എന്ന പ്രക്രിയയിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലെ കര്‍ബണും ജലത്തിലെ ഓക്‌സിജനും ഹൈഡ്രജനും ഉപയോഗിച്ച്‌ അന്നജം (കാര്‍ബോ ഹൈഡ്രേറ്റ്‌സ്‌) ഉണ്ടാക്കുകയും തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്ന അതി ലോലമായ കേമ്പിയത്തിന് (ഭവകല) മുകളിലുള്ള ഫ്ലോയം എന്ന ഭാഗത്തു കൂടി പട്ടയെ വളരുവാന്‍ സഹായിച്ചുകൊണ്ട്‌ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു. ഭവകല വിഭജിച്ചാണ് തടിയും തൊലിയും വളരുന്നത്‌. ശേഷിക്കുന്ന ഘടകങ്ങള്‍ ഫ്ലോയത്തിന് പുറമേകൂടി മുകളിലേയ്ക്ക്‌ സഞ്ചരിച്ച്‌ താഴെത്തട്ടിലുള്ള ശിഖരങ്ങളിലും ഇലകളിലും എത്തുന്നു. ആ അവസരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ താഴെ തട്ടിലെ ശിഖരങളിലെ ഇലകള്‍ക്ക്‌ മഞ്ഞ നിറം വരുകയും ചിലപ്പോള്‍ ശിഖരങ്ങള്‍ ഉണങ്ങുവാന്‍ കാരണമാകുകയും ചെയ്യുന്നു.

നാം ടാപ്പ്‌` ചെയ്യുമ്പോള്‍ കറ (ലാറ്റെക്‌സ്‌) ഒഴുകിവരുന്നതിലൂടെ മുകളിലേയ്ക്ക്‌ എത്തേണ്ട പല ഘടകങ്ങളും നഷ്ടപ്പെടുന്നു. അതിനാലാണ് ടാപ്പ്‌ചെയ്ത്‌തുടങ്ങിയ ഭാഗത്തിന് മുകളില്‍ കട്ടികൂടിയ കറ കാണപ്പെടുന്നത്‌. അമിതമായി കട്ടികൂടുമ്പോള്‍ ഉള്ളിലൂടെ താഴേയ്ക്ക്‌ ഒഴുകുന്ന അന്നജത്തില്‍ നിന്ന്‌ പലതും വലിച്ചെടുക്കുന്നു. ടാപ്പിംഗിലൂടെ മാത്രമല്ല മുകള്‍ഭാഗത്തും ദൃഢപ്പട്ടയുടെയും മൊരിയുടെയും നിര്‍മാണത്തിനായി പല ഘടകങ്ങളും നഷ്ടപ്പെടുന്നതു കാരണം താഴേയ്ക്ക്‌ ഒഴുകുന്ന ഫ്ലോയം ചുരുങ്ങുകയും ചിലപ്പോള്‍ ഡ്രൈ ആകുവാന്‍  കാരണമാകുകയും ചെയ്യുന്നു. തദവസരത്തില്‍ വെട്ടുപട്ടയില്‍ കറ കുറഞ്ഞ തോതിലാണെങ്കിലും ലഭ്യമായിരിക്കും. പട്ടമരപ്പ്‌ ബാധിച്ച മരങ്ങളില്‍ പൂര്‍ണമായി കറ ലഭിക്കാതെ വന്ന ശേഷം കട്ടിയുള്ള പാല്‍ക്കുഴലുകളില്ലാത്ത പട്ട രൂപപ്പെടുന്നതായി കാണാം. അതിനെ കോര്‍ക്ക്‌ കേമ്പിയം എന്ന്‌ പറയുന്നു. ജലത്തിന്റെയും മൂലകങ്ങളുടെയും ലഭ്യതക്കുറവും ഇലകള്‍ക്ക്‌ അടിയിലൂടെ നീരാവിയായി മാറുന്ന ട്രാന്‍സ്പിറേഷന്‍ എന്ന പ്രക്രിയയും പട്ടമരപ്പിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയും പുറം പട്ട താഴെ നിന്ന്‌ കട്ടിയായും മുകളിലേയ്ക്ക്‌ ചെല്ലുംതോറും കട്ടികുറഞ്ഞും ഉണങ്ങി പൊളിഞ്ഞിളകുന്നതായി കാണുവാന്‍ കഴിയും. ഇത്തരം പട്ടമരപ്പ്‌ ബാധിച്ച മരങ്ങള്‍ക്ക്‌‍ അനേകം വര്‍ഷങ്ങള്‍ വിശ്രമം കൊടുക്കുകയും അവശ്യമൂലകങ്ങള്‍  നല്‍കുകയും ചെയ്യേണ്ടിവരും. ഭവകലയില്‍നിന്ന്‌ നാശം സംഭവിച്ച ഫ്ലോയം ഉണ്ടായി അതിന് മുകളില്‍ പാല്‍ക്കുഴലുകള്‍ ഉണ്ടായി പുറമേ കട്ടികുറഞ്ഞ കോര്‍ക്ക്‌ കേമ്പിയവും (ദൃഢപട്ട) അതിന് പുറമേ പൂര്‍ണ വളര്‍ച്ചയെത്തിയ മൊരിയും ഉണ്ടാകണം. കട്ടി കുറഞ്ഞ കറ ലഭിക്കുന്ന മരങ്ങളില്‍ മണിക്കൂറുകളോളം തുള്ളിവീണാലും പട്ടമരപ്പ്‌ വരാന്‍ സാധ്യതയുണ്ട്‌.

പ്രതിവിധി

റബ്ബര്‍മരങ്ങള്‍ക്ക്‌ പട്ടമരപ്പ്‌ വന്ന്‌ ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കുവാനുള്ള നടപടികള്‍ എടുക്കുകയാണ് വേണ്ടത്‌. റബ്ബര്‍ ബോര്‍ഡ്‌ ശുപാര്‍ശ ചെയ്യുന്ന തൈമരങ്ങള്‍ക്കുള്ള വളപ്രയോഗം (10:10:4:1.5) തന്നെ വലിയ ഒരു പാളിച്ചയാണ്. എന്‍.പി.കെ എന്ന രാസ വളങ്ങള്‍ അമ്ലസ്വഭാവമുള്ളതാണ്. (എന്‍ എന്ന നൈട്രജന്‍ മാത്രമാണ് അമ്ല സ്വഭാവമുള്ളത്‌) മഗ്നീഷ്യം ക്ഷാരസ്വഭാവമുള്ള മണ്ണില്‍ മാത്രമേ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. എന്നുവെച്ചാല്‍ എന്‍.പി.കെ കൂട്ടു വളങ്ങളോടൊപ്പം മഗ്നീഷ്യം ഇടാന്‍ പടില്ല എന്നര്‍ത്ഥം.   മാത്രവുമല്ല വെജിറ്റേറ്റീവ്‌ പീരീഡ്‌ എന്നു പറയുന്ന പൂക്കുവനും കായ്ക്കുവാനും പാകമാകുന്നതുവരെ മഗ്നീഷ്യത്തിന്റെ അളവ്‌ വളരെ കുറച്ചുമതി. അത്‌ സ്വാഭാവികമായും മണ്ണില്‍തന്നെ കാണുവാനാണ് സാധ്യത.

മൊരിയിലും ദൃഢപട്ടയിലുമുള്ള അതി സൂഷ്മങ്ങളായ സുഷിരങ്ങളിലൂടെ പ്രകാശസംശ്ലേഷണം നടക്കുന്നു. അപകാരമാണ് ലാറ്റെക്`സിന് കട്ടി വര്‍ധിക്കുന്നതും പുതുപട്ട വളരുന്നതും. അതിനാല്‍ പുതുപട്ടയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്ന പെട്രോളിയം ഉത്‌പന്നമായ റബ്ബര്‍ കോട്ട്‌ പുരട്ടുവാന്‍ പാടില്ല. പെട്രോളിയം ഉത്‌പന്നങള്‍ റബ്ബര്‍മരങ്ങള്‍ക്ക്‌ ഹാനികരമാണ്. പട്ടമരപ്പിന്റെ ലക്ഷണം കാണുമ്പോള്‍ വെട്ടുപട്ടയുടെ മുകള്‍ ഭാഗത്ത്‌ രൂപപ്പെടുന്ന പുതുപട്ട ചുരണ്ടിനോക്കിയാല്‍ പച്ച നിറം കാണുവാന്‍ കഴിയില്ല. പച്ചനിറം കാണുവന്‍ കഴിയുന്ന മരങ്ങളില്‍ പട്ടമരപ്പ്‌ വരികയില്ല. ഇതില്‍നിന്നുതന്നെ മനസിലാകുന്നത്‌ മഗ്നീഷ്യത്തിന്റെ കുറവുകൊണ്ടാണ് പട്ടമരപ്പ്‌ വരുന്നത്‌ എന്നാണ്.

സ്വാഭാവിക ഇലപൊഴിച്ചിലിന്  ശേഷം തളിരിലകള്‍ വരുമ്പോള്‍ മഗ്നീഷ്യം ആവശ്യമില്ലെങ്കിലും പൂക്കുവാനും കായ്ക്കുവാനും തുടങ്ങുന്ന വേനലില്‍ കൂടുതല്‍ മഗ്നീഷ്യം ആവശ്യമാണ്. എന്നുവെച്ചാല്‍ വേനല്‍ മഴലഭിക്കുമ്പോള്‍ മഗ്നീഷ്യം നല്‍കിയാല്‍ “വേനല്‍, രോഗങ്ങള്‍, അണുബാധ“ എന്നിവയില്‍നിന്നും റബ്ബര്‍ മരങ്ങളെ സംരക്ഷിക്കും. മാത്രവുമല്ല റബ്ബര്‍ മരങ്ങളുടെ എല്ലാഭാഗത്തും മഗ്നീഷ്യത്തിന്റെ സാന്നിധ്യം ഉറപ്പാക്കി പട്ടമരപ്പില്‍നിന്നും സംരക്ഷിക്കുകയും ചെയ്യും.  മഗ്നീഷ്യം നല്‍കുന്നതിലൂടെ ഏറ്റവും കൂടുതല്‍ അന്നജം ഉത്‌പാദിപ്പിക്കപ്പെടുന്ന വേനലില്‍ മരങ്ങള്‍ക്ക്‌ ദോഷമാകാത്ത രീതിയില്‍ കറയെടുക്കുവാനും കഴിയും.

കട്ടികുറഞ്ഞ കറ ലഭിക്കുന്ന മരങ്ങള്‍ക്ക്‌ വരുന്ന പട്ടമരപ്പ്‌ വിശ്രമം നല്‍കി പരിഹരിക്കാം. എന്നാല്‍ തൈ മരങ്ങളില്‍ ടാപ്പിംഗ്‌ ആരംഭിക്കുമ്പോള്‍തന്നെ ദിവസവും ടാപ്പ്‌ ചെയ്യുന്ന ചെറുകിട തോട്ടങ്ങള്‍ ധാരാളം ഉണ്ട്‌. അപ്രകാരം റബ്ബര്‍ മരങ്ങളെ വളരുവാന്‍ സമ്മതിക്കാതെയും പുതുപട്ടയില്‍ മന്ത്‌രോഗം (മുഴകള്‍) വരുത്തിയും കുറഞ്ഞ ഉത്‌പാദനവും പട്ടമരപ്പും സമ്മാനിക്കുന്നു.  ആരംഭം മുതലേ മരങ്ങള്‍ക്ക്‌ ഹാനികരമാകാത്ത രീതിയില്‍ ടാപ്പിംഗ്‌ ദിനങ്ങല്‍ തമ്മിലുള്ള അകലം നിയന്ത്രിച്ചും അവശ്യ മൂലകങ്ങള്‍ നല്‍കിയും മണ്ണിലെ ജൈവ സാന്നിധ്യം ഉറപ്പാക്കിയും ശരിയായ പുതുപ്പട്ടയെ വളര്‍ത്തി എ മുതല്‍ ഡി വരെ മാത്രം ടാപ്പുചെയ്യുന്നതിനു പകരം ഇസഡ്‌ വരെ 26 പാനല്‍ ടാപ്പ്‌ ചെയ്യുവാന്‍ കഴിയുന്നതല്ലെ നല്ലത്‌. പ്രകാശ സംശ്ലേഷണം കുറവുള്ള മഴയത്തും മഞ്ഞു കാലത്തും ടാപ്പിംഗ്‌ ദിനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും പട്ടമരപ്പൊഴിവാക്കുവാന്‍ സഹായകമാണ്.

വളപ്രയോഗം

എന്‍.പി.കെ നല്‍കുന്നതിന് പകരം ജൈവവളങ്ങള്‍ നല്‍കിയാല്‍ ദീര്‍ഘകാല വിളയായ റബ്ബറിന്റെ ഉത്`പാദന ക്ഷമത വര്‍ധിപ്പിക്കുവാന്‍ കഴിയും. സെക്കണ്ടറി ന്യൂട്രിയന്‍സായ കാത്സ്യവും, മഗ്നീഷ്യവും, സള്‍ഫറും ലഭ്യമാക്കുവാന്‍ കുമ്മായവും മഗ്നീഷ്യം സള്‍ഫേറ്റും നല്‍കുന്നതിലൂടെ സാധിക്കും. ആവശ്യാനുസരണം ഇവ ആദ്യം കുമ്മായം നല്‍കി മണ്ണിന് ക്ഷാരസ്വഭാവം ഉറപ്പാക്കിയശേഷം മഗ്നീഷ്യം നല്‍കുന്നതിലൂടെ ‌ വേനലിനെ തരണം ചെയ്യുവാന്‍ സഹായകമാകും. മാത്രവുമല്ല റബ്ബര്‍ തോട്ടങ്ങളിലെ മണ്ണിരകള്‍‌ ചപ്പുചവറുകള്‍ ഭക്ഷിച്ച്‌ കണ്ണിര കമ്പോസ്റ്റ്‌ തോട്ടത്തിനുള്ളില്‍ ലഭ്യമാക്കുകയും ചെയ്യും.

തുഷാ‍രം 02 -ലേയ്ക്ക്‌ പോകുവാന്‍

വിഷയം: റബ്ബര്‍

No comments yet to തുഷാരം ഇന്റെര്‍നെറ്റ്‌ മാസിക പ്രസിദ്ധീകരിച്ചത്‌ – 01

  • sunil

    കര്‍ഷകന്റെ ചില്ലുകള്‍ക്ക്‌ എന്തോ പ്രശ്നമുണ്ട്‌. റബ്ബറിനെപ്പറ്റിയും പട്ടമരപ്പിനെക്കുറിച്ചും കമന്റാന്‍ എന്റെ വിവരക്കുറവ്‌ തടയുന്നു.

  • സുനില്‍: എനിക്ക്‌ ചില്ലുകളില്‍ പ്രശ്നമൊന്നും കാണാന്‍ കഴിയുന്നില്ല. അഞ്ചലിഓള്‍‌ഡ്‌ലിപിയുടെ 730 ആണ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്‌. ചില്ലിന്റെ പ്രശ്നം പല സിസ്റ്റത്തിലും കാണുവാന്‍ കഴിയുന്നുണ്ട്‌. ഒരിക്കല്‍ വിശ്വം എന്നോട്‌ ചില പേജുകള്‍ പറഞ്ഞിരുന്നു. അതിലൊന്ന്‌ സൂര്യഗായത്രിയുടേതാണ്. ഞാനാ പേജ്‌ തുറന്ന്‌ നോക്കി എനിക്ക്‌ ആ പേജില്‍ ചില്ലുകള്‍ക്ക്‌ പ്രശ്നമൊന്നും കാണാന്‍ കഴിഞ്ഞില്ല.
    വരമൊഴി ഗ്രൂപ്പുകാരെ എന്റെ പേജില്‍ ചില്ലുകള്‍ക്ക്‌ പ്രശ്നമുണ്ടെങ്കില്‍ ഞാനത്‌ പരിഹരിക്കുവാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും എന്റെ പേജില്‍ ചില്ലുകള്‍ക്ക്‌ പ്രശ്നമുണ്ടെങ്കില്‍ പരിഹാരം പറഞ്ഞുതരിക. അതേപോലെ പ്രശ്നങ്ങളില്ലാത്ത പേജ്‌ പരിശോധിച്ച്‌ സ്വയം തെറ്റുകള്‍ തിരുത്തുവാനും എല്ലാപേരെയും സഹായിക്കുക.

  • എന്നെ വിശ്വപ്രഭ സഹായിച്ചു എന്റെ ബ്ലോഗില്‍ സുനില്‍ ചൂണ്ടിക്കാണിച്ച ചില്ല്‌ പ്രശ്നം ശരിയാക്കി. യൂണികോഡില്‍ ചില്ലുകള്‍ക്ക്‌ പ്രശ്നമുണ്ടോ എന്നറിയുവാന്‍ Tools>Internet Options>Fonts>select Language Script- Malayalam>Kartika and OK OK എന്നിട്ട്‌ ബ്ലോഗില്‍ നോക്കിയാല്‍ ചില്ലുകള്‍ ചതുര കട്ടകളായി വരുന്നുണ്ടെങ്കില്‍ അതിനെ മായ്ച്ചു കളഞ്ഞ്‌ പുതിയ ലിപി ചേര്‍ത്താല്‍ മതി.