പല പോസ്റ്റുകളിലായി പട്ടമരപ്പിനും തെങ്ങിന്റെ മഞ്ഞളിപ്പ് രോഗത്തിനും പ്രതിവിധി മഗ്നീഷ്യമാണെന്ന് പ്രസിദ്ധീകരിച്ച കാര്യമാണ്. ചില പോസ്റ്റുകളില്‍ കുമ്മായം നല്കി മണ്ണിന്റെ അമ്ലസ്വഭാവം കുറച്ച ശേഷം മാത്രമേ മഗ്നീഷ്യം നല്‍കാവൂ എന്നും, ചവറിട്ട് ചുട്ടതിന് ശേഷം വേനല്‍ മഴയില്‍ മഗ്നീഷ്യം നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം അറിവുകള്‍ ശാസ്ത്രീയമായ മറ്റൊരറിവുകൂടി നല്കുന്നു. അത് pH ഉം മഗ്നീഷ്യവും തമ്മിലുള്ള ബന്ധമാണ്.
ഇത്തരം ഒരു പോസ്റ്റിടാന്‍ കാരണം റബ്ബര്‍ ബോര്‍ഡിലെ ഗവേഷണവിഭാഗത്തില്‍ പ്ലാന്റ് ഫൊസിയോളജി വിഭാഗത്തിലെ ഡോ.കൃഷ്ണകുമാറുമായി ടെലഫോണില്‍ (0481 2353311 Email:kkumarഅറ്റ്rubberboard.org.in ) ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ പുതിയൊരറിവാണ്. “പുതുതായി ടാപ്പിംഗ് ആരംഭിച്ച ഒരു തോട്ടത്തില്‍ ധാരാളം മരങ്ങള്‍ക്ക് പട്ടമരപ്പ് വന്നു”. ആ തോട്ടത്തിലെ മണ്ണ് പരിശോധിച്ചപ്പോള്‍ pH 4.5 ആണെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്റെ അറിവുകളുമായി കൂട്ടിക്കുഴച്ചാല്‍ അമ്ലസ്വഭാവം കൂടും തോറും മഗ്നീഷ്യം നഷ്ടപ്പെടുന്നു എന്നുമാത്രമല്ല നാം മഗ്നീഷ്യം നല്കിയാല് പോലും അത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. കേരളത്തിലെ ഭൂരിപക്ഷം മണ്ണിനങ്ങള്‍ക്കും പൊതുവേ അമ്ലസ്വഭാവം കൂടുതലാണ് എന്നുമാത്രമല്ല മഴയിലൂടെ മണ്ണിന്റെ അമ്ല സ്വഭാവം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
‘പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലെ കറുത്ത പരുത്തി മണ്ണിന് മാത്രമാണ് കേരളത്തില്‍ ക്ഷാരസ്വഭാവം കൂടുതലുള്ളത് (pH 7.5 മുതല്‍ 8.5 വരെ). കടപ്പാട്: ഡോ.തോമസ്വര്‍ഗീസ്.‘
അതിനാല്‍ മണ്ണിന് മഗ്നീഷ്യം സല്‍ഫേറ്റ് നല്കുമ്പോള് pH 7 മുതല്‍ 8 നകമായി നിലത്തിറുത്തേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ മഗ്നീഷ്യം നല്‍കുന്നതിന്റെ പ്രയോജനം ചെടികള്‍ക്ക് ലഭിക്കുകയുള്ളു. കുമ്മായം നല്കി വെള്ളം നനച്ചാല്‍ അമ്ലസ്വഭാവം കുറയും. എന്നാല്‍ ചപ്പു ചവറുകള്‍ നിരത്തിയിട്ട് നിയന്ത്രിതമായി തീയിടുകയാണെങ്കില്‍ ചാരവും അതിനോട് ചേര്‍ന്ന ലോലമായ ഉപരിതലത്തിലെ മേല്‍മണ്ണും pH 8 ന് അടുത്തതായി മാറും. ഇപ്രകാരം ക്ഷാരസ്വഭാവമാക്കിയശേഷം മഗ്നീഷ്യം സല്‍ഫേറ്റ് വേനല്‍മഴയില്‍ നല്‍കുന്നതിലൂടെ തെങ്ങിന്റെ മഞ്ഞളിപ്പ് രോഗവും റബ്ബര്‍ മരങ്ങളുടെ പട്ടമരപ്പും ഒഴിവാക്കുവാന്‍ കഴിയും.
എന്റെ കിണറ്റിലെ വെള്ളം പരിശോധിച്ചപ്പോള്‍ pH 7 ആയിരുന്നു. കിണര്‍വെള്ളത്തില്‍ പല ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ pH 7 ആയ ഡിസ്റ്റില്‍ഡ് വാട്ടറിന് തുല്യമാണ് എന്ന് പറയുവാന്‍ കഴിയില്ല എങ്കിലും മണ്ണിന്റെ അമ്ലസ്വഭാവം കുറവാണ് എന്ന് മനസിലാക്കാം.
ചന്ദ്രേട്ടാ.. കൊള്ളാം ധാരാളം അറിവുകള്‍ തരുന്ന പോസ്റ്റ്. മണ്ണിന്റെ സ്വഭാവങ്ങളോ ഗുണങ്ങളോ ഒന്നുമറിയാതെയാണ് ഞാന്‍ എന്റെ റബ്ബറിന് വളമിടാന്‍ പലരേയും ഏല്‍പ്പിക്കാറ്. ഇനിയും ഇത്തരം കാര്യങ്ങള്‍ എഴുതുമല്ലോ.
വളരെ ഉപകാര പ്രദമായ പോസ്റ്റ് എന്റെ പറമ്പിന്റെ പടങ്ങള്‍ അയച്ചു തന്നുവല്ലോ അതില്‍ അമ്ലം കൂടുതലായതുകൊണ്ടാണോ തെങ്ങോലകള്‍ക്ക് മഞ്ഞലിപ്പ് വന്നത് എതായാലും അറിവിന് നന്ദി