Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ക്ഷീരോദ്‌പാദന മേഖലയിലെ പ്രശ്നങ്ങള്‍

പ്രതി ലിറ്റര്‍ ക്ഷീരോദ്‌പാദനത്തിന്റെ ചെലവുകള്‍ നാള്‍ക്കുനാള്‍ കൂടുന്നതുകാരണം ഈ മേഖലയില്‍ നിന്നും പരിചയ സമ്പന്നരായ പല കര്‍ഷകരും മറ്റ്‌ മേഖലയിലേയ്ക്ക്‌ ചേക്കേറുകയാണ്. 20 വര്‍ഷങ്ങള്‍ക്ക്‌ മുന്നെ 3 രൂപയ്ക്ക്‌ ഒരുകിലോ എള്ളിന്‍ പിണ്ണാക്ക്‌ ലഭിച്ചിരുന്നപ്പോള്‍ പാലിന്‌ 6 രൂപ വിലയുണ്ടായിരുന്നു. പിണ്ണാക്കിന് 15 രൂപയായപ്പോള്‍ പാലിന് വില 11 – 12 രൂപയും. വര്‍ഷങ്ങള്‍ കഴിയുന്തോറും കന്നുകാലികളുടെ എണ്ണത്തിലും കുറവ്‌ ഉണ്ടാകുകയാണ്. ഒരു പശുക്കുട്ടിയെ വളര്‍ത്തി പ്രസവിക്കണമെങ്കില്‍ 20,000 മുതല്‍ 25,000 രൂപവരെ ചെലവ്‌ ഉണ്ടാകും. എന്നാല്‍ അതിന് പരിഹാരമെന്ന നിലയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ കന്നുക്കുട്ടി പരിപാലനത്തിന് പ്രോത്‌സാഹന പദ്ധതി തന്നെ നിലവിലുണ്ട്‌. ധനസഹായത്തിന്റെ കാര്യത്തില്‍ പഞ്ചായത്തിന്റെ ഇടപെടല്‍ ഉള്ളതുകാരണം ഫലവത്താകുന്നില്ല എന്നതാണ് വാസ്തവം. ഇതില്‍ വെട്ടാന്‍ വകുപ്പില്ലാത്തതുകാരണം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നില്ല എന്നത്‌ ഖേദകരമായ വസ്തുതയാണ്. പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ഈ ആനുകൂല്യം ഫാലവത്തായി നടപ്പിലാക്കുന്നതിലൂടെ സാധ്യമാക്കുവാന്‍ കഴിയും. എന്നാല്‍ ഇതും കൃഷി ചെയ്യുവാന്‍ ബാങ്ക്‌ വായ്പയെടുക്കന്നതുപോലെ മറ്റൊരു ബാധ്യത ക്ഷീര കര്‍ഷകരുടെ തലയില്‍ വെച്ചുകെട്ടുവാന്‍ മാത്രമെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ കഴിയുന്നുള്ളു. കാരണം പശുവില്‍ നിന്ന്‌ ലഭിക്കുന്ന പാലിന് ന്യായ വില ലഭിക്കാത്തിടത്തോള്ളം ഈ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. കര്‍ഷകരില്‍ നിന്ന്‌ വാങ്ങുന്ന ഗുണനിലവാരത്തിലും വിലയിലും ഉപഭോക്താക്കള്‍ക്ക്‌ പാലിന്റെ ലഭ്യത ഉറപ്പാക്കുവാന്‍ സര്‍ക്കാരിന് കഴിയണം. അടിസ്ഥാന സൌകര്യങ്ങളുള്ള മില്‍മ പോലുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ വേണ്ടിവരുന്ന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം. സാധാരണക്കാരന്റെ നികുതി പണത്തില്‍ ഒരംശം പാല്‍ ഉപയോഗിക്കുന്നവര്‍ക്കും കിട്ടട്ടെ!!!

ക്ഷീര കര്‍ഷകരില്‍ നല്ലൊരു ശതമാനം കറവ അറിയാത്തവരാണ്. ഉദാ. എന്റെ അയല്‍‌വാസിയായ കുട്ടപ്പന് മൂന്ന്‌ കറവപശുക്കളും ഒരു കടിഞ്ഞൂല്‍ ഗര്‍‌ഭിണി പശുവും ഉണ്ട്‌. മൂന്ന്‌ പശുക്കളില്‍ നിന്നും ഇപ്പോള്‍ 30 ലിറ്റര്‍ പാലില്‍ക്കൂടുതല്‍ പ്രതിദിന്നം ലഭിക്കുന്നുണ്ട്‌. വീട്‌ വീടാന്തിരം കൊണ്ടു നടന്ന്‌ പാല്‍ വിറ്റാണ് കുട്ടപ്പന്റെയും ഭാര്യയുടെയും ജീവിതം. ഒരു ദിവസം എന്തെങ്കിലും കാരണവശാല്‍ കറവക്കാരന്‍ വന്നില്ല എങ്കില്‍ 70 വയസുള്ള കുട്ടപ്പന്‍ രാവിലെ നാലുമണിമുതല്‍ കറവക്കാരനുവേണ്ടിയുള്ള ഓട്ടമാണ്. ഒരു ഗതിയുമില്ലാതാകുമ്പോഴാണ് എന്റെ അടുത്ത് വരുന്നത്‌. കറവയില്‍ വരുന്നതാമസം കൂടിയാകുമ്പോള്‍ പെരുവിരല്‍ നിവര്‍ത്തി കറക്കുന്ന എനിക്ക്‌ ഒരു പശുവില്‍ക്കൂടുതല്‍ കറക്കുവാന്‍ കഴിയില്ല. എന്റെ പശുക്കളെ കറന്ന്‌ കഴിയുമ്പോള്‍തന്നെ എനിക്ക്‌ കൈകള്‍ക്ക്‌ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്‌. ദിവസവും കറക്കുന്ന മാട് മാറി മറ്റൊരെണ്ണത്തിനെ കറക്കുകയെന്നത്‌ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കറവതാമസിക്കുന്തോറും പശുക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്‌ വേറെയും.

കറവയെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ പഞ്ചാ‍യത്ത് തലത്തില്‍ ഒരു ഗുണനിലവാരമുള്ള കറവ എന്ത്രവും അത്‌ പ്രവര്‍‌ത്തിപ്പിക്കുവാന്‍ പരിശീലനം ലഭിച്ച രണ്ടുപേരില്‍ കുറയാത്ത സംവിധാനവും അനിവാര്യമാണ്. കറവക്കാരെ കിട്ടാത്തതിന്റെ പേരില്‍ പശുവളര്‍ത്തല്‍ മതിയാക്കുന്നവരും ധാരാളം ഉണ്ട്‌.

പരിചയ സമ്പന്നരല്ലാത്തവരെ മിനി ഡയറിയും മറ്റും ഏല്‍പ്പിച്ചാല്‍ അത്‌ ചില ക്ഷീര കര്‍ഷകരുടെ ആത്മഹത്യക്കും വഴിവെയ്ക്കും. ബാങ്ക്‌‌ ലോണുകളില്ലാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്ല തന്നെ. ലക്ഷ്യം ബാങ്കുകളുടെ വളര്‍ച്ചയാണ് താനും.

അതേ സമയം കോടികള്‍ വിലമതിക്കുന്ന ഔഷധമൂല്യമുള്ള പാലാണ് പാഴായി പോകുന്നത്‌. കന്നുകാലികള്‍ പ്രസവിക്കുമ്പോള്‍ ആദ്യമായി ലഭിക്കുന്ന മഞ്ഞ പാല്‍ കേരളത്തില്‍ കുട്ടികള്‍ക്ക്‌ കൊടുത്തശേഷം ബാക്കി ചാണക ക്കുഴിയിലോ ഒഴുകുന്ന വെള്ളത്തിലോ ഒഴിച്ച്‌ പാഴാക്കി കളയുകയാണ് ചെയ്യുന്നത്‌. ഇത്രയും വിലപിടിപ്പുള്ള മഞ്ഞ പാല്‍ ഉത്തരേന്ത്യയില്‍ പേഡ എന്ന പേരില്‍ ബേക്കറികളില്‍ നല്ല വിലയ്ക്കാണ് വില്‍ക്കുന്നത്‌. മൂന്നു ദിവസത്തോളം തിളപ്പിച്ചാല്‍ പിരിയുന്ന പാല്‍ തീര്‍ച്ചയായും ഔഷധഗുണമുള്ളതും വിലപിടിപ്പുള്ളതുമാണ്. ചുരുക്കി പറഞ്ഞാല്‍ ഓരോ പശു പ്രസവിക്കുമ്പോഴും 25 ലിറ്ററോളം അമൂല്യമായ പാല്‍ പാഴാകുന്നു എന്നതാണ് വാസ്തവം. കേരളത്തിലെ 19 ലക്ഷം കന്നുകാലികള്‍ പ്രതിവര്‍ഷം പ്രസവിക്കുമ്പോള്‍ പാഴാകുന്ന ഈ അമൂല്യ സമ്പത്ത്‌ പ്രയോജനപ്പെടുത്തുവാനുള്ള വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതേപോലെ മറുപിള്ള/മാവ്‌ കറയുള്ള മരത്തിന് മുകളില്‍ കെട്ടിതൂക്കുന്നതിന് പകരം ബയോഗ്യാസ്‌പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഗ്യാസും ലഭിക്കും എന്നുമാത്രമല്ല ഗുണനിലവാരമുള്ള സ്ലറിയും ലഭ്യമാകും.

1 comment to ക്ഷീരോദ്‌പാദന മേഖലയിലെ പ്രശ്നങ്ങള്‍