Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കൃഷി ലാഭകരമാക്കണം

ആര്‍. ഹേലി

കൃഷി ലാഭമല്ലാതായതിന്റെ കാരണം ആഹാരാവശ്യത്തിനുള്ള കൃഷിവിഭവങ്ങളുടെ വില കഴിയുന്നത്ര ഇടിച്ചുതാഴ്‌ത്തി നിര്‍ത്താനുള്ള ഭരണ ആസൂത്രണ സംവിധാനങ്ങളുടെയും വ്യാപാരശക്തികളുടെയും യത്‌നനത്തിന്റെ ഫലമാണ്‌. ഒരു വിലയിടിവിലും വ്യാപാരശക്തികള്‍ക്ക്‌ ഒരു പൈസ നഷ്‌ടംപോലും വരാത്തവിധത്തിലുള്ള പൊതുനയങ്ങള്‍ കൂടിയാകുമ്പോള്‍ ആദ്യം കൃഷിയില്‍നിന്നും പിന്നീട്‌ കുറച്ചുപേര്‍ ജീവിതത്തോടും വിടപറയുന്നു

ശ്വര്യത്തിന്റെ മുഖമുദ്രയായിരുന്ന കൃഷി എങ്ങനെ നാശത്തിന്റെ ഭീതി ചിഹ്നമായി മാറി? ആധുനിക ആഗോള സാമ്പത്തിക മേഖലയില്‍ മികച്ച ആദായം സമ്മാനിക്കാന്‍ കഴിവില്ലാത്ത കാര്‍ഷിക വിളകളെ താലോലിക്കാന്‍ കൃഷിക്കാരും വിപണിയും ശാസ്‌ത്രസാങ്കേതിക രംഗവും തയ്യാറല്ല.
സ്വാതന്ത്ര്യം നേടി മുപ്പതുവര്‍ഷം കഠിനാധ്വാനം ചെയ്‌തിട്ടാണ്‌ ഭക്ഷ്യ സ്വയംപര്യാപ്‌തത നാം നേടിയത്‌. മൂന്നു പതിറ്റാണ്ട്‌ ആ നില തുടര്‍ന്നു. അതിന്റെ പിന്നാലെ വന്നുകൂടിയ ധാന്യ ഇറക്കുമതിയെയും വിലക്കയറ്റത്തെയും രാഷ്ട്രമാകെ ഭയത്തോടെ നോക്കുകയാണ്‌ ഇപ്പോള്‍. ഗംഗാ സമതലത്തില്‍ ജലസേചനവും നല്ല വിത്തും വളവും ലഭ്യമാക്കി കൃഷിക്കാരെക്കൊണ്ട്‌ ഗോതമ്പും അതുകഴിഞ്ഞ്‌ നെല്ലും വിളയിക്കാന്‍ തുടങ്ങിയതാണ്‌ ധാന്യ സമൃദ്ധിക്ക്‌ ഇന്ത്യയില്‍ വഴിതെളിച്ചത്‌. ഹരിയാണയും പഞ്ചാബും മധ്യപ്രദേശും ഉത്തര്‍പ്രദേശിന്റെ ചിലഭാഗങ്ങളും തുടര്‍ന്ന്‌ സ്വതന്ത്ര ഇന്ത്യയുടെ ധാന്യപ്പുരകളായി. കേന്ദ്രം സംഭരിക്കുന്ന ധാന്യത്തിന്റെ 80 ശതമാനം ഇവിടെ നിന്നുമാണ്‌. ഇതോടൊപ്പം നാം സൃഷ്‌ടിച്ച കൃഷിഗവേഷണ, വികസന സംവിധാനങ്ങള്‍, ഉപാധികളുടെ ന്യായവിലയ്‌ക്കുള്ള ലഭ്യത, ഭക്ഷ്യ ശേഖരണം, സംഭരണം, വിതരണം, ഈ രംഗത്തുള്ള വമ്പിച്ച ഇടപെടലുകള്‍, സര്‍വോപരി കാര്‍ഷികരംഗത്തുള്ള വമ്പിച്ച പൊതുധന നിക്ഷേപം തുടങ്ങിയവ വളരെ ബൃഹത്തും ഫലപ്രദവുമായി മാറി. അതു നമ്മെ ഒരു ധാന്യക്കയറ്റുമതി രാഷ്ട്രംവരെയാക്കി ഉയര്‍ത്തി.
1947-ലെ ഇന്ത്യയുടെ കാര്‍ഷിക ചിത്രമല്ല പുതിയ നൂറ്റാണ്ടിന്റെ ഉദയത്തില്‍ ലോകം ദര്‍ശിച്ചിരുന്നത്‌. 1950-51നേക്കാള്‍ പതിനൊന്ന്‌ ഇരട്ടി ഗോതമ്പ്‌ നാം അന്ന്‌ ഉത്‌പാദിപ്പിച്ചിരുന്നു. പക്ഷേ, 2006-ല്‍ നാം ഗോതമ്പ്‌ ഇറക്കുമതി തുടങ്ങി. അരിയുടെ കാര്യത്തില്‍ ഇറക്കുമതി തുടങ്ങുമോ എന്ന ഭീതി ഇപ്പോഴും നി’ുന്നു. 7000 കോടി രൂപയുടെ വിദേശനാണ്യം അരി കയറ്റുമതിയിലൂടെ നേടിയ കാലം സ്വപ്‌നമായിത്തോന്നുന്നു. ഇതോടൊപ്പം പയറ്‌, എണ്ണക്കുരുക്കള്‍ ഇവയുടെ ഉത്‌പാദനം ഇടിഞ്ഞുവെന്നു മാത്രമല്ല വര്‍ഷംതോറും 12 ദശലക്ഷം ടണ്‍ പയറും 50 ലക്ഷം ടണ്‍ പാമോയിലും ഇറക്കുമതി ചെയ്യാതെ രാഷ്ട്രത്തിനു മുമ്പോട്ടു പോകാന്‍ കഴിയാത്തതാണ്‌ ഇന്നത്തെ നില.
വിള ഉത്‌പാദനമേഖലയിലെ തിരിച്ചടി പലരംഗത്തും പലരീതിയിലും പ്രതിഫലിച്ചെങ്കിലും ഉത്‌പാദനം കുറയാനുള്ള ഒരു പ്രധാനകാരണം ധാന്യക്കൃഷി കര്‍ഷകര്‍ക്ക്‌ ആദായകരമായി നിലനിര്‍ത്തുന്നതില്‍ നയപരമായി കടന്നുകൂടിയ വീഴ്‌ചയെ നേരിടാന്‍ ശ്രമിക്കാത്തതാണ്‌. തന്മൂലം ആദ്യം കര്‍ഷകത്തൊഴിലാളിയും തുടര്‍ന്ന്‌ കര്‍ഷകരും ധാന്യക്കൃഷിയോട്‌ വിടപറഞ്ഞുതുടങ്ങി. ഇത്‌ ലക്ഷക്കണക്കിനു വരും എന്ന കണക്ക്‌ ശരിയാണെങ്കില്‍ വലിയ ഒരു വെല്ലുവിളിയായി അതു മാറും. ഭയപ്പാടിന്റെ ഒരു ദൃശ്യം എല്ലാരംഗത്തുമുണ്ട്‌. ഭരണനേതൃത്വങ്ങളും മാധ്യമങ്ങളും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലുള്ള താമസം കാരണം ‘സാമ്പത്തിക ഭദ്രത’ കൂടുതല്‍ അനുഭവിക്കുന്നവരും അമ്പരന്നാണ്‌ വര്‍ത്തമാനകാല ഭക്ഷ്യ മേഖലയെ വീക്ഷിക്കുന്നത്‌. ധാന്യക്കൃഷി രംഗത്തെ തിരിച്ചടി പച്ചക്കറി, മാംസം, മുട്ട, പാല്‍ ഈ രംഗത്തേക്കു കൂടി വ്യാപിച്ചപ്പോള്‍ നഗരജീവിതമേഖലയില്‍ പ്രശ്‌നങ്ങള്‍ ദിവസവും കൂടുകയാണ്‌.
ഇന്നു നാം അനുഭവിക്കുന്ന ഭക്ഷ്യമേഖലയിലെ സംഘര്‍ഷം പൂഴ്‌ത്തിവെപ്പ്‌, കരിഞ്ചന്ത, ആഗോള പ്രതിഭാസം എന്നിവ കൊണ്ടല്ല. മറ്റു പലകാരണങ്ങള്‍ പറയാമെങ്കിലും സര്‍വപ്രധാനമായത്‌ ധാന്യങ്ങളുടെയും മറ്റ്‌ ആഹാരവിഭവങ്ങളുടെയും ഉത്‌പാദനം വളരെ വളരെ ഇടിഞ്ഞിരിക്കുന്നുവെന്നതാണ്‌.
ഇന്ത്യയ്‌ക്ക്‌ 42 ദശലക്ഷം ഹെക്ടര്‍ സ്ഥലം ഇപ്പോഴും നെല്‍കൃഷിക്കായിട്ടുണ്ട്‌. നമ്മുടെ ദൗര്‍ബല്യം പക്ഷേ, വളരെ കുറഞ്ഞ ഉത്‌പാദനക്ഷമതയാണ്‌. ചൈനയുടെ നെല്‍കൃഷി സ്ഥലവിസ്‌തീര്‍ണം 28.8 ദശലക്ഷം ഹെക്ടര്‍ മാത്രമാണെങ്കിലും ഉത്‌പാദനക്ഷമത ഹെക്ടറിന്‌ 6.19 ടണ്‍ ആണ്‌. ഇന്ത്യയുടേത്‌ വെറും 2.08 ടണ്‍! ബംഗ്ലാദേശിനും പാകിസ്‌താനും ഒക്കെ ഉത്‌പാദനക്ഷമത നമ്മുടേതിനേക്കാള്‍ ഉയര്‍ന്നതാണ്‌. ഇന്നത്തെ ഉത്‌പാദനക്ഷമത വളരെ ഉയര്‍ത്താന്‍ വേണ്ട എല്ലാ സാങ്കേതിക, ശാസ്‌ത്രീയ, സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യയിലിന്നുണ്ട്‌.
1911-ല്‍ ആരംഭിച്ച നെല്‍ഗവേഷണ സംവിധാനം ഇന്നു ലോകത്തിലെ ഏറ്റവും മുന്‍പന്തിയില്‍ നി’ുന്നു. വികസന സംവിധാന സൃഷ്‌ടിയും വളരെ മുന്നോട്ട്‌ പോയിട്ടുണ്ട്‌. എല്ലാ കാലാവസ്ഥകള്‍ക്കും പറ്റിയ അത്യുത്‌പാദനശേഷിയുള്ള വിത്തിനങ്ങള്‍ (ഏതാണ്ട്‌ 800-ല്‍പ്പരം) നമുക്കുണ്ട്‌. ഇപ്പോള്‍ത്തന്നെ നെല്‍കൃഷിയുള്ള 334 ജില്ലകളില്‍ 46 ജില്ലകളില്‍ ശരാശരി വിളവ്‌ ഹെക്ടറിന്‌ മൂന്നു ടണ്ണില്‍ അധികമത്രെ. 10 ടണ്‍ വരെയോ അതില്‍ കൂടുതലോ ഹെക്ടറിനു നെല്ല്‌ വിളയിക്കുന്ന കൃഷിക്കാര്‍വരെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്‌. ശരാശരി വിളവ്‌ മൂന്നു ടണ്‍ ആയാല്‍ത്തന്നെ പ്രതിവര്‍ഷ ഉത്‌പാദനം 120 ദശലക്ഷം ടണ്‍ കവിയും. ചൈന തന്നെ ഇത്രയും വലിയ കുതിച്ചുചാട്ടം നടത്തിയത്‌ ഹൈബ്രിഡ്‌ നെല്ല്‌ പ്രചരിപ്പിച്ചാണ്‌. ഏതാണ്ട്‌ പത്തു ലക്ഷം ഹെക്ടറിലേ ഈ കൃഷി വ്യാപിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുള്ളൂ. ഈ രംഗത്തെ നമ്മുടെ ഗവേഷണനേട്ടത്തിന്റെ പ്രചാരണത്തിലെ നയപരമായ ‘സ്വകാര്യ മേഖലാപ്രീണനം’ അതിനു വിലങ്ങുതടിയായി നി’ുകയാണ്‌!
ഗോതമ്പിന്റെയും പയറിന്റെയും രംഗത്ത്‌ സ്വയം പര്യാപ്‌തതയ്‌ക്ക്‌ അപ്പുറത്തേക്ക്‌ അരിയുടേതുപോലെ നമുക്കു കടന്നുകയറാന്‍ തക്ക ശാസ്‌ത്ര സാങ്കേതിക കരുത്ത്‌ സുലഭം. ധാന്യവിളരംഗം സമ്പുഷ്‌ടമായാല്‍ ജനസംഖ്യയുടെ 65 ശതമാനം കൃഷിയെ ആശ്രയിക്കുന്ന ഒരു ജനത മുട്ട, മാംസം, പാല്‍ ഇവയുടെ ഉത്‌പാദന രംഗത്ത്‌ ആധുനികീകരണ ശ്രമങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിച്ച്‌ അത്ഭുതം സൃഷ്‌ടിക്കും.കൃഷിയിലെ പാശ്ചാത്യവത്‌കരണം ഇന്ത്യയ്‌ക്ക്‌ യോജിച്ചതല്ലെന്ന്‌ പണ്ടുമുതലേ നമുക്കറിയാം. കൃഷിരംഗത്തിന്റെ മുഖ്യനായകന്‍ കൃഷിക്കാരനും അയാളുടെ കുടുംബവുമാണ്‌. നാം മാതൃകയാക്കാന്‍ വെമ്പല്‍കൊള്ളുന്ന രാഷ്ട്രങ്ങളില്‍ ജനസംഖ്യയുടെ ഏഴും എട്ടും ശതമാനം പോലും കൃഷിക്കാരില്ല.
ഇന്നത്തെ പ്രതിസന്ധിയെ കാര്‍ഷികരംഗത്തെ ആകെ മാറ്റി സുസ്ഥിരമായ ഉത്‌പാദന ഉയര്‍ച്ചയിലേക്ക്‌ നയിക്കാനുള്ള അവസരമാക്കാന്‍ നമുക്കു കഴിയണം.
ഇന്ത്യന്‍ കര്‍ഷകന്‌ ഒരിക്കലും കൈവിടാന്‍ കഴിയാത്ത രണ്ടു കാര്യങ്ങള്‍ ഭൂമിയുടെ മേലുള്ളതും വിളവിന്റെ മേലുള്ളതുമായ സമ്പൂര്‍ണ അവകാശമാണ്‌. മറ്റെല്ലാ മേഖലയിലും നിലം തയ്യാറാക്കലില്‍ യന്ത്രവത്‌കരണത്തിലും വിപണനരീതിയിലും ഒക്കെ കൂട്ടായ്‌മകള്‍ക്ക്‌ അവര്‍ ഒരുക്കം! ഈ അവകാശസംരക്ഷണം, ഇതായിരിക്കണം ഏതു കൃഷി വികസനയജ്ഞത്തിന്റെയും സുപ്രധാന അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നാമത്തേത്‌.
കൃഷിയുടെ രംഗത്തുനിന്നു ഗവണ്‍മെന്റ്‌ ഒളിഞ്ഞോ തെളിഞ്ഞോ മാറരുത്‌. സര്‍ക്കാര്‍ സാന്നിധ്യം രാജ്യരക്ഷപോലെ ഈ രംഗത്തും വേണം. വിത്ത്‌, വളം, വെള്ളം, സംഭരണം, വിതരണം, വിപണനം ഈ രംഗത്ത്‌ കുത്തകകള്‍ക്ക്‌ സ്വകാര്യവത്‌കരണത്തിന്റെ പേരില്‍ സ്വീകരണം നല്‌കുന്ന രീതി മാറണം. നയം പഴയതുപോലെ പൂര്‍ണമായും കര്‍ഷകസഹായി ആയിരിക്കണം. നെല്ലിന്റെ ശരാശരി ഉത്‌പാദനം ഹെക്ടറിന്‌ ആറു ടണ്ണില്‍ കൂടുതലുള്ള ചില കൊച്ചു രാജ്യങ്ങളില്‍ നെല്ല്‌ കൃഷി ചെയ്യാന്‍ പറ്റിയ സമയം വര്‍ഷത്തില്‍ വെറും 130 ദിവസമാണ്‌. ഈ കാലത്ത്‌ കൃഷി ഓഫീസുകള്‍ പകലും രാത്രിയിലും ഒരുദിവസം പോലും അടയ്‌ക്കാറില്ല. അത്ര ജാഗ്രതയോടെ നടത്തുന്നതാണ്‌ നെല്‍കൃഷി. കാരണം അരി ഇറക്കുമതി പാടില്ലെന്നത്‌ രാജ്യരക്ഷയ്‌ക്ക്‌ തുല്യമായ പ്രവര്‍ത്തനമാണ്‌. അത്രയൊന്നുമില്ലെങ്കിലും ശ്രദ്ധിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഒരു ധാന്യശക്തിയായി അന്താരാഷ്ട്ര വിപണിയില്‍ നമുക്ക്‌ വിരാജിക്കാന്‍ കഴിയും.
പക്ഷേ, അരി വിപണനരംഗത്തെ ഇത്തരം കാര്യങ്ങള്‍ മുഴുവന്‍ വാണിജ്യശക്തികള്‍ കൈകാര്യം ചെയ്യുന്നത്‌ സര്‍ക്കാര്‍ നോക്കിനി’ുന്നു.
കൃഷി ലാഭമല്ലാതായതിന്റെ കാരണം ആഹാരാവശ്യത്തിനുള്ള കൃഷിവിഭവങ്ങളുടെ വില കഴിയുന്നത്ര ഇടിച്ചുതാഴ്‌ത്തി നിര്‍ത്താനുള്ള ഭരണ ആസൂത്രണ സംവിധാനങ്ങളുടെയും വ്യാപാരശക്തികളുടെയും യത്‌നനത്തിന്റെ ഫലമാണ്‌. ഒരു വിലയിടിവിലും വ്യാപാരശക്തികള്‍ക്ക്‌ ഒരു പൈസ നഷ്‌ടംപോലും വരാത്തവിധത്തിലുള്ള പൊതുനയങ്ങള്‍ കൂടിയാകുമ്പോള്‍ ആദ്യം കൃഷിയില്‍നിന്നും പിന്നീട്‌ കുറച്ചുപേര്‍ ജീവിതത്തില്‍ നിന്നും വിടപറയുന്നു. കേരളത്തില്‍ കിലോയ്‌ക്ക്‌ 100 രൂപ കിട്ടുന്ന റബ്ബറിന്റെ വില പതിനഞ്ചു രൂപയിലേക്ക്‌ താഴ്‌ന്നുപോയാലുള്ള നിലയെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ!
ഭക്ഷ്യ ധാന്യമേഖലയില്‍ കേരളം ഒരു മഹാത്യാഗോജ്ജ്വലമായ വികസന പ്രസ്ഥാനം വഴി മാത്രമേ ഉയരുകയുള്ളൂ. അതിന്‌ അരി ആഹാരം കഴിക്കുന്ന സര്‍വരും അര്‍ഥവും അധ്വാനവും നല്‌കണം. ദേശീയ ഭക്ഷ്യസുരക്ഷയ്‌ക്ക്‌ അപകടം പിണയുന്നതിന്റെ ഏറ്റവും വലിയ തിരിച്ചടി കേരളം അനുഭവിക്കുന്നതു കുറയ്‌ക്കാന്‍ നെല്‍കൃഷി ലാഭകരമാക്കുന്നതിനുമപ്പുറത്തേക്ക്‌ നാം ചിന്തിച്ചു പ്രവര്‍ത്തിക്കണം.

കടപ്പാട് – മാതൃഭൂമി 20-06-08

Comments are closed.