നാളിതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നു. റബ്ബര്‍ ബോര്‍ഡിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത് രാഷ്ട്രീയ കര്‍ഷകരായിരുന്നുവെങ്കില്‍ ചരിത്രത്തിലാദ്യമായി ഒരു മികച്ച റബ്ബര്‍ കര്‍ഷകനെ ബോര്‍ഡ് മെമ്പറായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നു. കര്‍ഷകരാണ് ഉദ്പാദകരെന്നിരിക്കെ അവരുടെ ബോര്‍ഡിലുള്ള ശരിയായ സാന്നിധ്യം മറ്റു കര്‍ഷകര്‍ക്കും സന്തോഷപ്രദം തന്നെയാണ്. “ശ്രീ സദാനന്ദന് അഭിനന്ദനങ്ങള്‍”.
കര്‍ഷകര്‍ക്ക് അഭിമാനമായി വീണ്ടും…
രാജ്യത്തെ ഏറ്റവും മികച്ച ചെറുകിട റബ്ബര്‍ കര്‍ഷകനായി 2003ല്‍ തിരഞ്ഞെടുക്കപ്പെട്ട കൊല്ലം ജില്ലയിലെ പത്തനാപുരത്ത് പിടവൂരിലുള്ള സദാനന്ദന് കേന്ദ്രസര്‍ക്കാറിന്റെയും അംഗീകാരം_സദാനന്ദനെ റബ്ബര്‍ ബോര്‍ഡ് മെമ്പറായി നിയമിച്ചുകൊണ്ടാണ് കേന്ദ്രം സദാനന്ദനെ ആദരിച്ചിരിക്കുന്നത്. പരമ്പരാഗത റബ്ബര്‍ കര്‍ഷകപശ്ചാത്തലവും പാരമ്പര്യവുമില്ലാത്ത സദാനന്ദന് 1979 ലാണ് റബ്ബറിലേക്ക് തിരിഞ്ഞത്.
1979 ല്‍ റബ്ബര്‍ കൃഷി തുടങ്ങിയ സമയത്തുള്ള 230 മരവും 1995 ല്‍ ഒന്നരയേക്കറില്‍ തുടങ്ങിയ 280 മരവുമാണ് ഇപ്പോള്‍ വെട്ടുന്നത്. വര്‍ഷങ്ങളായി മൂന്നു ദിവസത്തില്‍ ഒരിക്കല്‍ എന്ന കണക്കിനാണ് ടാപ്പിങ് നടത്തുന്നത്_മാസത്തില്‍ പത്ത് ടാപ്പിങ്. വര്‍ഷത്തില്‍ തൊണ്ണൂറു മുതല്‍ നൂറ്റിപ്പത്ത് ടാപ്പിങ് വരെ കിട്ടുന്നു. 1979 ല്‍ നട്ട മരം ഇപ്പോള്‍ ഇരുപത്തിമൂന്നാം വര്‍ഷവും ടാപ്പിങ് തുടരുന്നു. ഒരു മരത്തില്‍നിന്ന് ഏഴു കിലോഗ്രാം നാനൂറ്റിനാല് ഗ്രാം ഉണക്കറബ്ബറാണ് സദാനന്ദന് കിട്ടുന്നത്. ഇതേ രീതിയില്‍, പതിനഞ്ചു വര്‍ഷംകൂടി തന്റെ റബ്ബര്‍ ടാപ്പ് ചെയ്യാമെന്നാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ ഇദ്ദേഹം പറയുന്നത്. ടാപ്പിങ് മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടങ്ങളിലും ഈ കൃഷിക്കാരന് പുലര്‍ത്തുന്ന നിഷ്കര്‍ഷയും ശുദ്ധിയും വൃത്തിയും തന്നെയാണ് ഏറ്റവും മികച്ച ഗ്രേഡ് ഷീറ്റ് തയ്യാറാക്കുന്നതിലടക്കം സഹായകമാകുന്നത്. ഷീറ്റടിക്കുന്ന ഷെഡ്ഡില്‍ നിന്നുള്ള മലിനജലം ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും പ്ലാന്റില്‍നിന്ന് കിട്ടുന്ന വളം പച്ചക്കറികൃഷിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഏറെ ചരിവുള്ള സ്ഥലമാണെങ്കിലും സദാനന്ദന് ഇടക്കയ്യാലകളുണ്ടാക്കി മണ്ണൊലിപ്പിന് തടയിടുകയും നീര്‍ക്കുഴികളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. 2500 അടി നീളത്തില്‍ നാലടി പൊക്കത്തില്‍ കെട്ടിയിരിക്കുന്ന ഇടക്കയ്യാലകളെല്ലാം സദാനന്ദന് സ്വന്തം കൈകൊണ്ടുകെട്ടിയതാണ്. മണ്ണും ഇലയും പരിശോധിച്ചുള്ള കൃത്യമായ വളപ്രയോഗവും ശ്രദ്ധാപൂര്‍വവും ശാസ്ത്രീയവുമായ ടാപ്പിങ്ങും ചെയ്യുന്ന ഈ തോട്ടത്തിലെ ഒരു മരത്തിനുപോലും പട്ടമരപ്പില്ലെന്നത് എടുത്തുപറയേണ്ടതാണ്. ഷീറ്റ് സൂക്ഷിച്ചുവെച്ച് മെച്ചമായ വില ലഭിക്കുമ്പോള്‍ മാത്രമേ വില്പന നടത്തൂ. റബ്ബര്‍ കൃഷിയോടൊപ്പം തേനീച്ചവളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം, കാര്‍ഷിക നടീല്‍ വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍തന്നെ ചെയ്യുന്നു.
1998 ല്‍ നാലു തേനീച്ച കോളനികളുമായി ആരംഭിച്ച തേനീച്ചവളര്‍ത്തല്‍ ഇന്ന് നൂറ്റിയമ്പതിലധികം കോളനികളായി മാറിയിരിക്കുന്നു. കോളനികള്‍ വില്പന നടത്തുകയും ചെയ്യുന്നു. വര്‍ഷത്തില്‍ ഏകദേശം അഞ്ഞൂറു കിലോഗ്രാം തേന്‍ വില്‍ക്കുന്നുണ്ട്. ഫോണ്‍: 0475_2352340, 9447417770.
മുരളീധരന് തഴക്കര
വാര്‍ത്ത കടപ്പാട്- മാതൃഭൂമി 07-01-08
Recent Comments