23-06-08 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന റബ്ബറിന് കളനാശിനി തളിച്ചു; നിരവധിപേര്‍ ചികിത്സയില്‍ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയാണ് ഈ പോസ്റ്റിനാധാരം.
പാലോട്: റബ്ബറിന്റെ കള നശിപ്പിക്കുന്നതിനായി തളിച്ച വീര്യം കൂടിയ കളനാശിനിയുടെ വിഷാംശമേറ്റ് സമീപത്തെ നിരവധിപേര്‍ ചികിത്സ തേടി. തോട്ടം ഉടമയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തവണ മരുന്ന് തളിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായ അതേ തോട്ടത്തില്ത്തന്നെയാണ് ഇത്തവണയും സമീപവാസികള്‍ അറിയാതെ ഉടമ മരുന്നു തലിച്ചത്. നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ നഗര ജങ്ഷന് സമീപമുള്ള നാലര ഏക്കര്‍ റബ്ബര്‍ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ‘റൗണ്ടപ്പ് ഗ്ലൈഫോസൈറ്റ്’ എന്ന കളനാശിനി തളിച്ചത്. തൊളിക്കോട് തുരുത്തി സ്വദേശി മുഹമ്മദ് ഹനീഫയുടേതാണ് തോട്ടം. മരുന്നുതളിയുടെ പിറ്റേന്ന്തന്നെ പച്ചിലകള്‍ കരിഞ്ഞുണങ്ങി. സമീപത്തെ തോട്ടില്‍ ജീവികള്‍ ചത്തു പൊങ്ങി. തൊട്ടടുത്ത ദിവസമാണ് ചെറിയ കുട്ടികള്‍ക്ക് ശ്വാസതടസ്സം, ചുമ, ശര്‍ദ്ദി തുടങ്ങിയവ ഉണ്ടായത്.
മുതിര്‍ന്നവര്‍ക്ക് തലവേദന യായിരുന്നു തുടക്കം. സമീപത്തുള്ള 50 ലധികം വീട്ടുകാര്‍ ചികിത്സ തേടിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാട്ടുകാര്‍ പാലോട് പോലീസിന് പരാതി നല്‍കിയത്. എസ്.ഐ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ദിവാകരന് നായര്‍ , വി.വി അജിത് എന്നിവരുടെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തി.
ആദ്യരണ്ടുതവണ മരുന്ന് തളിച്ചപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരുന്നുതളി നാട്ടുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആരുമറിയാതെയാണ് മരുന്നുതളിച്ചതെന്ന് സമീപവാസികള്‍ പറയുന്നു.
വെളിച്ചെണ്ണയിലടങ്ങിയിരിക്കുന്ന സാച്വറേറ്റഡ് ഫാറ്റാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് പറയുകയും അതേ ശാസ്ത്രജ്ഞന് തന്നെ കരിക്ക് അത്യുത്തമമായ ഭക്ഷണമാണെന്ന് പറയുകയും ചെയ്യും. ഫലമോ കര്ഷകന് നാളികേരത്തിന്റെ വില കുറഞ്ഞാലും കരിക്കിന് വില കുറയില്ല. ഈ ശാസ്ത്രജ്ഞന് പറയുന്നതിന്റെ ഇരട്ടി വെളിച്ചെണ്ണ കഴിക്കുവാന്‍ ഞാന്‍ തയ്യാറാണ്. ഇത്തരം ശാസ്ത്രജ്ഞര്‍ ഇറക്കുമതി ചെയ്യുന്ന പാം ഓയിലിന്റേയോ ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണയുടെയോ ദോഷവശങ്ങളെപ്പറ്റി പഠനം നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കുവാന്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്ത് ഭാരതത്തിലെ ഭക്ഷഎണ്ണ ഉല്പാദിപ്പിക്കുന്ന വിളകളെയെല്ലം നഷ്ടത്തിലാക്കി നശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. താണവിലയ്ക്ക് ഗോതമ്പ് കയറ്റുമതിയും കൂടിയവിലയ്ക് ഗോതമ്പ് ഇറക്കുമതിയും. മഹാരാഷ്ട്രയില്‍ ഉള്ളിയ്ക്ക് അന്‍പത് പൈസ കേരളത്തില്‍ ഇരുപത്തിരണ്ടു രൂപ പ്രതി കിലോഗ്രാം. 92 രൂപ റബ്ബറിന് വിലയുള്ളപ്പോള്‍ 2.11 രൂപയ്ക്ക് റബ്ബര്‍ കയറ്റുമതി. ഇറക്കുമതി ഒരു ലക്ഷം ടണ്‍ കയറ്റുമതി അന്‍പതിനായിരം ടണ്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപ്പെടുന്നത് കോടികള്‍. കാര്ഷികോല്പന്നങ്ങള്ക്ക് കര്ഷകന് ന്യായവില കിട്ടുകയും ഇല്ല വാങ്ങുന്നവയ്ക്ക് അമിത വില കൊടുക്കുകയും വേണം.
ഇപ്പോഴിതാ ലോകമെമ്പാടും പ്രതിക്ഷേധം പ്രകടിപ്പിച്ചിട്ടും ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ജനിതക മാറ്റം വരുത്തിയ വിത്തുകളും വിളകളും കാര്‍ഷികമേഖല കൈയ്യടക്കാനുള്ള തത്രപ്പാടിലാണ്. മണ്ണിന്റെ ജൈവ സമ്പത്താണ് കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുവാനുള്ള ഏക മാര്‍ഗം എന്നറിയാമായിരുന്നിട്ടും അതിനുള്ള ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറല്ല. വീടു വീടാന്തരം പശുക്കളെ വളര്‍ത്തി ജൈവ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഒരുകോടിയില്‍ക്കൂടുതല്‍ വില നല്കി വിത്തുകാളകളെ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നു. ക്ഷീരസഹകരണ സ്ഥാപനങ്ങള്‍ തന്നെ വെള്ളവും ഡക്സ്ട്രോസും വെളിച്ചെണ്ണയും സോപ്പ് ഓയിലും പാല്‍പ്പൊടിയും കൂടെ കുറച്ച് പാലും ചേര്‍ത്ത് പാലുണ്ടാക്കി കവര്‍ പാലായും ഐസ്ക്രീമായും മറ്റും വിപണിയില്‍ എത്തിക്കുന്നു. ഈ അവസരത്തിലാണ് ഡല്‍ഹില്‍ ഒരു ഡോക്ടര്‍ പശുവിന് പാല് ഹൃദ്രോഗത്തിന് കാരണമാവുന്നത് എന്ന് പത്രസമ്മേളനം നടത്തി ബോധവല്‍ക്കരിക്കുന്നതിന്റെ പൊരുള്‍ മനസിലാവുന്നത്.
കളകള്‍ പാടില്ല എന്നും കളനാശിനി പ്രയോഗം ദോഷകരമല്ല ലാഭകരമാണെന്നും മറ്റും റബ്ബര്‍ മാസികയിലും മറ്റും പ്രസിദ്ധീകരിക്കുകയും സംശയങ്ങള്‍ക്കും മറ്റും കേരള കാര്‍ഷിക സര്‍വ്വകലാശാലയേയോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയോ സമീപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡ് സ്പ്രേയിംഗിനായി ആര്പിഎസ്സുകളെ ശക്തിപ്പെടുത്തുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ഫലമോ ആഗോള താപന വര്‍ദ്ധനവും കാലാവസ്ഥാ വ്യതിയാനവും. എന്റെ തോട്ടത്തിലെ കളകള്‍ ഞാന്‍ വളം നല്കി വളര്‍ത്തുന്നു. അത് വളരും തോറും മണ്ണിന്റെ ജൈവ സമ്പുഷ്ടി പ്രകടമാവുകയും ചെയ്യുന്നു. കളകള്‍ എനിക്ക് പാലായി ആരോഗ്യസംരക്ഷണത്തിന് പ്രയോജനപ്പെടുന്നു. ധാരാളം കുമിള്‍ കീട നാശിനികള്‍ പ്രയോഗിക്കുവാന്‍ റബ്ബര്‍ ബോര്‍ഡ് പ്രചരിപ്പിക്കുന്നു. മണ്ണും ഇലയും പരിശോധിച്ച് എന്‍പികെ നിശ്ചിത ഗ്രാം വീതം മരമൊന്നിന് ഇടാന്‍ നിര്‍ദ്ദേശിക്കുന്നു. ഞാന്‍ എന്‍പികെ രാസ വളങ്ങള്‍ ഇടാറേ ഇല്ല. എന്റെ അനുഭവത്തില്‍ വേനല്‍ക്കാലത്ത് തളിരിലകള്‍ പൊഴിയുന്നത് അമ്ലമഴ കാരണവും റബ്ബര്‍ മരങ്ങള്‍ക്കുണ്ടാകുന്ന പല രോഗങ്ങള്‍ക്കും കാരണം മണ്ണിന്റെ pH താഴുന്നതും സോയില്‍ ന്യൂട്രിയന്‍സിന്റെ അസന്തുലിതാവസ്ഥയുമാണ്.
കുടിക്കുവാന്‍ മനുഷ്യന് മണ്ണില്‍ സൌജന്യമായി ലഭിച്ചിരുന്ന ജലം മുഴുവന്‍ മലിനീമസമാക്കി ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന പൈപ്പ് വെള്ളം കുടിപ്പിക്കുന്നു. പാലിനൊപ്പം വിലയുള്ള കുപ്പിവെള്ളം കോടികളുടെ ബിസിനസ് ആണ് നടത്തുന്നത്. കേരളത്തിലെ ജലാശയങ്ങള്‍ മുഴുവന്‍ മലിനീമസ മായിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പടിഞ്ഞാറുകൂടി ഒഴുകുന്ന ചാക്കയില്‍ തോട് എന്റെ ചെറുപ്പകാലത്ത് കണ്ടിട്ടുള്ളത് ആളുകള്‍ കുളിക്കുകയും തുണി കഴുകുകയും ചെയ്യുന്നതായിട്ടാണ്. അന്ന് രണ്ടു കരയും കരിങ്കല്ല് കെട്ടോ കോണ്ടക്രീറ്റോ ആയിരുന്നില്ല. ഒഴുകുന്ന ജലത്തിലെ ജൈവ സമ്പത്ത് മുഴുവന്‍ ഇരു കരയിലെയും മരങ്ങളുടെയും കളകളുടെയും വേരുകള്‍ വലിച്ചെയുത്ത് ജലം ശുദ്ധീകരിച്ചിരുന്നു. ഇന്ന് ആ വെള്ളത്തില്‍ ചവിട്ടിയാല്‍ കാലിന് ചൊറിച്ചിലുണ്ടാകും. മുന്‍കാലങ്ങളില്‍ നഗരത്തിലെ മനുഷ്യവിസര്‍ജ്യവും ചപ്പ് ചവറുകളും ഉപയോഗിച്ച് ഗുണമേന്മയുള്ള കമ്പോസ്റ്റ് വലിയതുറയില്‍ ലഭ്യമാക്കിയിരുന്നു. ഇന്ന് മനുഷ്യവിസര്‍ജ്യത്തിന്റെ ഏറിയ പങ്കും എത്തിച്ചേരുന്നത് ജലാശയങ്ങളിലെ കോളിഫാം ബാക്ടീരിയയെ വളര്‍ത്തുവാന്‍ വേണ്ടി മാത്രമാണ്. ഉല്പാദിപ്പിക്കുന്ന ഭക്ഷോല്പന്നങ്ങളുടെ ഏറിയ പങ്കും തിന്ന് തീര്‍ക്കുന്ന മനുഷ്യന് വിസര്‍ജിക്കുന്ന മനുഷ്യവിസര്‍ജ്യം മറ്റേത് ജൈവ വളത്തേക്കാളും സമ്പുഷ്ടമാണെന്നിരിക്കെ അതിനെ പ്രയോജനപ്പെടുത്തുവാനുള്ള ഒരു സംവിധാനവും ഇല്ല. ഓര്‍ഗാനിക് റീ സൈക്ലിംഗ് എന്ന പ്രക്രിയ എപ്രകാരമാണ് പൂര്‍ണമാവുക?
കഴിഞ്ഞ സര്‍ക്കാര്‍ എലികളെ നശിപ്പിക്കുവാന്‍ മിക്ക കൃഷിഭവനുകളിലൂടെയും റൊഡോഫെ എന്ന പേരില്‍ ബ്രൊമോഡിയോലോണ്‍ എന്ന മാരക വിഷം സൌജന്യമായി വിതരണം ചെയ്യുകയുണ്ടായി. ആന്തരിക രക്തശ്രാവമുണ്ടായി സിംഹവും, കഴുകനും ചത്തൊടുങ്ങുക മാത്രമല്ല സ്ത്രീകളില്‍ അമിത രക്തസ്രാവത്തിന് കാരണമാകുവാനും ഈ വിഷത്തിന് കഴിയുമെന്ന് വിദേശങ്ങളിലെ പഠനത്തിന് തെളിയിക്കാന്‍ കഴിഞ്ഞു. അതിനെ എതിര്‍ത്ത ഞാന്‍ ഒറ്റപ്പെട്ടുവെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് വീണ്ടും വിതരണത്തിന് ശ്രമിച്ചപ്പോള്‍ കൃഷി ഓഫീസര്‍മാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു എന്നാണെനിക്കറിയാന് കഴിഞ്ഞത്.
എന്റെ പഴയ ചില പോസ്റ്റുകള്‍ ചുവടെ.
പുതിയ അഭിപ്രായങ്ങള്ള്