Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

വിഴിഞ്ഞം സ്ഥലമെടുപ്പ് നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുക

A Dharna by Janapaksham in front of Kerala Secretariate

A Dharna by Janapaksham in front of Kerala Secretariat

കേരളീയരുടെ സ്വപ്ന പദ്ധതിയായി ഉയര്‍ന്നു പൊങ്ങിയ വിഴിഞ്ഞം മദര്‍ പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ സെക്രട്ടേറിയറ്റിനുള്ളില്‍  തന്നെ  വീണ്ടും തല പൊക്കിക്കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ ഭീതി ഉണര്‍ത്തത്തക്ക വിധത്തില്‍ പുറത്തുവിട്ട ലാന്റ് അക്യുസിഷന്‍ നോട്ടിഫിക്കേഷന്‍ അടിയന്തിരമായി മരവിപ്പിക്കണം. ആറ് പഞ്ചായത്തുകളിലായി  വ്യാപിച്ചു കിടക്കുന്ന ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്ന നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം.

227 കുടുംബങ്ങളെ മാത്രമേ മാറ്റി പാര്‍പ്പിക്കേണ്ടിവരികയുള്ളു എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ ജനപക്ഷം സ്വാഗതം ചെയ്യുന്നു. ഒപ്പം ഒരു പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഞ്‌ജാപനം തെറ്റിദ്ധാരണ പരത്തുന്നത് തന്നെയാണെന്ന പൊതുവികാരത്തോടൊപ്പം ജനപക്ഷം പങ്കുചേരുന്നു. ജനങ്ങളില്‍ ആവശ്യമില്ലാത്ത ഭീതി സൃഷ്ടിച്ച്, അവരെ തെരുവുകളിലേക്ക് വലിച്ചിഴച്ച്, ക്രമസമാധാനനില തകരാറിലാക്കി, ഒടുവില്‍ പദ്ധതിതന്നെ ഇല്ലാതാക്കും വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരെ ജനങ്ങളും ഭരണകൂടവും തിരിച്ചറിയണം. നേരിട്ട് പദ്ധതിയെ എതിര്‍ക്കാന്‍ കഴിയാത്തവര്‍ ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളെ ഇളക്കിവിട്ടും, വ്യാപകമായ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന കള്ള പ്രചരണം അഴിച്ചു വിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ബുദ്ധി നമ്മള്‍ തിരിച്ചറിയണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ ഒരു പുനര്‍ചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. ബാലരാമപുരത്തിനും വിഴിഞ്ഞത്തിനും മദ്ധ്യേ പ്ലാന്‍ ചെയ്ത റെയില്‍,  റോഡ് എന്നിവക്കുള്ള ഭൂമിയാണ് അടിയന്തിരമായി ആവശ്യമുള്ളത്. ഇതിന് പുറമേ ഉള്ള ആവശ്യങ്ങള്‍ക്ക് ജനപ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രമേ ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കുന്നതിനോ, മാറ്റി പാര്‍പ്പിക്കുന്നതിനോ പരിഗണിക്കാവൂ. ഇത്തരത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്ന ഒരു പുതിയ ലാന്‍ഡ് അക്യുസിഷന്‍ സമനീപനമാണ് വിഴിഞ്ഞത്ത് അനുവര്‍ത്തിക്കേണ്ടത്.

പദ്ധതിപ്രദേശത്ത് നടന്നുവരുന്ന ജനകീയ സമരങ്ങള്‍ നിക്ഷേപത്തിലൊതുങ്ങുന്ന കമ്പനിയെ ഒരു വീണ്ടുവിചാരത്തിന്  പ്രേരിപ്പിച്ചുതുടങ്ങിയതായിട്ടാണ് മനസ്സിലാക്കുന്നത്. സംഘര്‍ഷപൂരിതമായ ഒരു അന്തരീക്ഷത്തില്‍ മുതല്‍ മുടക്കാന്‍ ഒരു നിക്ഷേപകനും തയ്യാറാവുകയില്ല.

വിഴിഞ്ഞം മദര്‍ പോര്‍ട്ട് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചറിയാന്‍ ഈ അവസരം ഉപയോഗിക്കണമെന്നും ജനപക്ഷം ആഗ്രഹിക്കുന്നു. ചില അന്താരാഷ്ട്ര പോര്‍ട്ടുകള്‍, രാജ്യത്തിനകത്തുതന്നെയുള്ള പോര്‍ട്ട് വക്താക്കള്‍, അയല്‍ സംസ്ഥാനങ്ങളിലെ ചില കേന്ദ്ര മന്ത്രിമാര്‍, ഇവര്‍ വിലക്കെടുത്തിട്ടുള്ള ചില ബുദ്ധിജീവികള്‍, സ്ഥലത്തെ ഹോട്ടല്‍ റിസോര്‍ട്ട് പ്രമാണിമാര്‍, തുണ്ടു ഭൂമികള്‍ വാരിക്കൂട്ടി റീയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനം നടത്തുന്നവര്‍ എന്നിവരൊക്കെ ശിഖണ്ഡികളുടെ വേഷമണിഞ്ഞ് നമ്മുടെ ഇടയില്‍ വ്യാജ പ്രചരണം നടത്തിവരുന്നു.നമ്മുടെ കിടപ്പാടവും ഭൂമിയും സംരക്ഷിച്ചുകൊള്ളാം എന്ന വാഗ്ദാനമാണ് ഇവര്‍ നമുക്കു നല്‍കുന്നത്. സ്വന്തം സാമ്രാജ്യങ്ങള്‍ സംരക്ഷിക്കലും തങ്ങളുടെ വോട്ട് ബാങ്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. സംരക്ഷക വേഷമണിഞ്ഞെത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വപ്ന പദ്ധതി എന്നെന്നേക്കും തകര്‍ത്തെറിയുക എന്ന ഹിഡന്‍ അജണ്ട ഇതിലൂടെ നടപ്പാക്കും. കോടികള്‍ കൈമറിയുന്ന ഈ കരാര്‍പണി ദല്ലാള്‍മാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ജനപക്ഷം അഭ്യര്‍ത്ഥിക്കുന്നു.

അടിയന്തിരമായി സര്‍ക്കാര്‍ ഒരു നടപടി കൈക്കൊള്ളണം, വിഴിഞ്ഞത്തിന് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളില്‍ ഒരു സാറ്റലൈറ്റ് സര്‍വ്വെ നടത്തണം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍, തരിശ് ഭൂമികള്‍, കൃഷിയിടങ്ങള്‍ എന്നിവ കണ്ടെത്തി കുടിയൊഴിപ്പിക്കല്‍ വേണ്ടാത്ത ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തണം. ഈ സ്ഥലങ്ങളെ പ്രധാന റോഡ്, റെയില്‍പ്പാത എന്നിവയുമായി ചേരുന്ന വിധത്തില്‍ ഉപ റോഡുകളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി തയ്യാറാക്കണം.

സിങ്കൂര്‍ നന്ദിഗ്രാം പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ഒരു ലാന്‍ഡ് അക്വിസിഷന്‍ പരീക്ഷണമാണ് നടത്തേണ്ടത്. കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ കാലം ചെയ്തിട്ട് പതിറ്റാണ്ടുകളായി ജനകീയ സര്‍ക്കാരുകള്‍ ജനകീയമായിത്തന്നെ പദ്ധതികള്‍ നടപ്പാക്കണം കാരണം വിഴിഞ്ഞം തലമുറകളുടെ കിനാവാണ് – തച്ചുടയ്ക്കാന്‍ ആരെയും അനുവദിക്കരുത്

ശ്രീ ഏലിയാസ് ജോണ്‍ ജനപക്ഷം പ്രസിഡന്റ് വീഡിയോയില്‍

മുന്‍ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ശ്രീ അപ്പുക്കുട്ടന്‍ പിള്ള വീഡിയോയില്‍

ജനപക്ഷം പ്രവര്‍ത്തകനായ ശ്രീ ജേക്കബ് ശാമുവല്‍ വീഡിയോയില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ടി.വി യുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക

എന്ന്

ജനപക്ഷം

5 comments to വിഴിഞ്ഞം സ്ഥലമെടുപ്പ് നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുക

 • നന്നായി ചന്ദ്രേട്ടാ.ആശംസകള്‍……..
  വെള്ളായണി

 • വിഴിഞ്ഞം അന്താരാഷ്ട് തുറമുഖമായി വികസിപ്പിക്കണമെന്നത് കേരളത്തിലുള്ളവരുടെ വളരെ കാലമായുള്ള ആവശ്യമാണ്.സർക്കാർ ഈ പദ്ധതിക്കുള്ള എല്ലാ പ്രശനങ്ങളും പരിഹരിച്ചു എത്രയും പെട്ടെന്നു പൂർത്തിയാക്കാൻ ശ്രമിക്കണം.വിഴിഞ്ഞം തുറമുഖ പദ്ധതി എന്തു കാരണത്തിന്റെ പേരിലായാലും നമ്മുക്ക് നഷ്ടപെടാൻ പാടില്ല. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കണം.

 • തിരുവനന്തപുരത്ത് എവിടെയും ഒരേക്കര്‍ ഭൂമി ഏറ്റെടുത്താല്‍ പോലും ഒരമ്പത് കുടുമ്പങ്ങളെയെങ്കിലും മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്നത് ഏതൊരു മന്ദബുദ്ധിക്കും അറിയാം. ആ സമയത്താണ് 2500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും 250 താഴെ കുടുമ്പങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടി വരികയുള്ളൂ എന്നൊകെ മുഖ്യനും, നിയമമന്ത്രിയും വാതോരാതെ പ്രസംഗിച്ചു നടക്കുന്നത്. തിരുവനന്തപുരത്തുകാരനായ നിയമമന്ത്രിക്ക് ഇത്രയ്ക്ക് വിവരം ഇല്ലാതായിപ്പോയല്ലോ, എഴുതിക്കൊടുത്തത് അതേപടി വായിക്കാന്‍ .

 • ഈ ജനപക്ഷവും ബി.ജെ.പി.പിളര്‍ന്നുണ്ടായ ജനപക്ഷവും തമ്മില്‍ റബ്ബര്‍പാലും പശുവിന്‍പാലും പോലുള്ള ബന്ധമേയുള്ളോ?!
  🙂

 • അരൂപിക്കുട്ടന്‍,
  മുന്‍പുണ്ടായിരുന്ന ഏലിയാസ് ജോണ്‍ പ്രസിഡന്റായുള്ള ജനപക്ഷം (രാമന്‍പിള്ള അടിച്ച് മാറ്റി പേര് മാത്രം) ആണ് ഞാന്‍ അല്പമെങ്കിലും അനുകൂലിക്കുന്നത്. സ്വന്തം ചാനലില്ലാതിരുന്നിട്ടുപോലും ഞാനുന്നയിച്ച പലകാര്യങ്ങളും അണിയറയിലൂടെ വെളിച്ചം കാണിച്ചത് ഏലിയാസ് ജോണ്‍ മാത്രമാണ്. അതിലെനിക്ക് നന്ദിയുണ്ട്. മാത്രവുമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനപക്ഷത്തിന്റെ നെയ്യാറ്റിന്‍ കര ഭാരവാഹിയായിരുന്നു. അതും വിഴിഞ്ഞം തുറമുഖം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി.
  ക്ഷമിക്കുക. ഞാന്‍ രാമന്‍പിള്ളയുടെ ജനപക്ഷത്തിലെ അംഗം അല്ല.