Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നൊരു ദൃശ്യം

പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു മലയാളം മീഡിയം സ്കൂള്‍. സാധാരണക്കാരായവരുടെ മക്കള്‍ മാത്രം പഠിക്കുന്ന പ്രസ്തുത സ്കൂളും ബ്ലോഗുകളില്‍ ഇടം തേടുകയാണ്. അവരിലെ സമര്‍ത്ഥരായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 25-07-08 -ല്‍ തിരുവനന്തപുരം സ്പേസില്‍ നിന്ന് വിമല്‍ ജോസഫും, കേരളഫാര്‍മര്‍ എന്ന ഞാനും പങ്കെടുത്ത ഒരു ക്ലാസ് (സ്കൂള്‍ ലിറ്റററി ക്ലബ്) നടക്കുകയുണ്ടായി.

പൂവാര്‍ ഹയര്‍സെക്കന്ററിസ്കൂളിലെ അധ്യാപകനായ ശ്രീ. ആര്‍.പി ശിവകുമാര്‍ പ്രസ്തുത സ്കൂളിലെ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായ ശ്രീ ഉദയന്‍ എന്ന മലയാളം അധ്യാപകനെ പരിചയപ്പെടുത്തി ഒരു ക്ലാസെടുക്കുവാന്‍ അവസരമുണ്ടാക്കുകയാണ് ചെയ്തത്. വിമലിനെ ക്ഷണിച്ചതും അദ്ദേഹം തന്നെയാണ്. സ്കൂളില്‍ പ്രൊജക്ടര്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പ്രൊജക്ടര്‍ പ്രൊവൈഡ് ചെയ്തത് വിമല്‍ ആയിരുന്നു. എന്റെ ഗ്രാമത്തിലെ സ്കൂള്‍ ആയതിനാലും സാധാരണക്കാരുടെ മക്കള്‍ ബ്ലോഗുകള്‍ രചിക്കണം എന്ന താല്പര്യം കൊണ്ടും വിമലിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ബൈക്കില്‍ കൊണ്ടുവരുകയും കൊണ്ടാക്കുകയും ചെയ്യുന്ന ജോലികൂടി ഞാന്‍ എറ്റെടുത്തു.

സ്കൂളില്‍ എത്തിയ എന്നെക്കൊണ്ട് പുതുതായി പണികഴിപ്പിച്ച നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് പതിപ്പിച്ചുകൊണ്ട് തന്നെ തുടക്കം കുറിച്ചു. ചിത്രം മൊബൈലില്‍ പകര്‍ത്തിയത് വിമലാണ്. ഹൈസ്കൂളിനും ഹയര്‍സെക്കന്ററി സ്കൂളിനും ഓരോ കമ്പ്യൂട്ടര്‍ ലാബ് വീതമാണ് ഉള്ളത്. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് തെരഞ്ഞടുത്ത വളരെ കുറച്ച് കുട്ടികളെ മാത്രമായിരുന്നു പ്രസ്തുത ക്ലാസില്‍ പങ്കെടുപ്പിച്ചത്. കുറച്ച് ടീച്ചേഴ്സും അവരോടൊപ്പം ഉണ്ടായിരുന്നു. ആദ്യമായി നടന്നത് നിലവിളക്ക് കത്തിച്ചത് ഞാനും, ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്ററും, വിമലും, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജും ചേര്‍ന്നായിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികളുടെ കരഘോഷവും. (ചിത്രങ്ങള്‍ സ്കൂള്‍ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു)

അടുത്തതായി നടന്നത് ലാബിലെ ഡെമോണ്‍സ്ട്രേഷന്‍ ആയിരുന്നു. മലയാളത്തെക്കുറിച്ചും,  ആസ്‌കി, ‌‌‌‌യൂണികോഡ് എന്നിവയെപ്പറ്റിയുള്ള വിശദീകരണങ്ങളോടെ ആരംഭിച്ച വിമല്‍ ഇന്‍സ്ക്രിപ്‌റ്റും, സ്വനലലേഖയും ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നതിനെപ്പറ്റിയും വിശദീകരിച്ചു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിഗ് 2001 മുതല്‍ യൂണികോഡ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാക്കിയിരുന്ന കാര്യവും പരാമര്‍ശിച്ചു. ഒപ്പം ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍കും വിമല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. വിമലിന്റെ തന്നെ ലാപ്‌ടോപ്പില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കി സ്കൂളിന്റെ നിലവിലുള്ള ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, വിളവൂര്‍ക്കല്‍ എന്ന ബ്ലോഗ് തുറന്ന് വിദ്യാര്‍ത്ഥികളെ കാട്ടിക്കൊടുക്കുകയും ചെയ്തു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സൈറ്റായ മലയാളം കമ്പ്യൂട്ടറിലൂടെ , GGHSS Malappuram , web4all.in , vhssirimpanam എന്നീ സൈറ്റുകളും കാട്ടിക്കൊടുത്തു. നെറ്റ് കണക്ഷന്‍ ലഭ്യമായിരുന്നതിനാല്‍ ഞാന്‍ യു.എസ്.ബി പെന്‍ ഡ്രൈവില്‍ കൊണ്ടുപോയ പ്രസന്റേഷന്‍ കാണിക്കേണ്ടിവന്നില്ല. പകരം ഓണ്‍ ലൈനായിത്തന്നെ മലയാളം ബ്ലോഗ്റോള്‍ , വഴികാട്ടി , തറവാട് എന്നീ ബ്ലോഗുകള്‍ അവരുടെ മുന്നില്‍ അവതരിപ്പിച്ചു. ഉദയന്‍ സര്‍ തന്നെ പറഞ്ഞപ്രകാരം ചിന്ത ബ്ലോഗ് റോളും കാട്ടിക്കൊടുത്തു.

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അര്‍പ്പണ മനോഭാവത്തോടെ ഇത്തരത്തിലൊരു സംരംഭത്തിന് അവസരം ലഭ്യമാക്കിയ ഉദയന്‍ സാറിനോട് അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. വലതുവശത്തുള്ളത് ഹെഡ്‌മാസ്റ്റര്‍ ശരത് ചന്ദ്രന്‍ സര്‍ ആണ്.

‘ ലിറ്റററി ക്ലബ്ബ് ‘കേരള ഫാര്‍മര്‍ ഉദ്ഘാടനം ചെയ്തു.. (കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും സ്കൂള്‍ ബ്ലോഗില്‍ പോസ്റ്റായി ലഭ്യമാണ്)

No comments yet to വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നൊരു ദൃശ്യം

 • വളരെ നല്ല കാര്യം.
  പുതിയ കുട്ടികൾ അറിവിലേയ്ക്ക് വരട്ടെ. ബ്ലോഗ് എന്നത് നേരമ്പോക്കല്ല. അതൊരു വായനശാല കൂടെയാണ്. പലതരം അറിവുകളുടെ അക്ഷയഖനി.
  ആശംസകൾ

 • കൊള്ളാം. നല്ല കാര്യം.

 • vidushakan

  വളരെ നല്ല ദൌത്യം.

  സൌകര്യങ്ങള്‍ പരിമിതമാണ് എന്നത് അത്ര ശരിയല്ല.

  മറ്റ് സര്‍ക്കാര്‍ സ്കൂളുകളെ അപേക്ഷിച്ച് ധാരാളം സൌകര്യങ്ങള്‍ ഉണ്ട് എന്ന് തന്നെ പറയണം.

  സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും ഹയര്‍സെക്കന്ററി തലത്തില്‍ ആവശ്യമായ സയന്‍സ് ലാബുകളും ഉണ്ട്.

  ഗവ.സ്കൂളുകളില്‍ സൌകര്യങ്ങളില്ല എന്ന സാധാരണ പല്ലവിക്ക്
  ആക്കം കൂട്ടാന്‍ ഫാര്‍മറുടെ അഭിപ്രായം ഇടവരുത്താതിരിക്കട്ടെ..

 • vidushakan,
  കോട്ടണ്‍ഹില്‍ ഗവ. ഗള്‍സ് ഹയര്‍ സെക്കന്ററി സ്കൂളുമായി താരതമ്യം ചെയ്താല്‍ (അതും ഒന്നാംതരം സര്‍ക്കാര്‍ സ്കൂള്‍ തന്നെ. അവിടെല്ലാം ശക്തമായ പി.ടി.എ ഉണ്ട്) അല്ലെങ്കില്‍ നഗരത്തിലെ സര്‍ക്കാര്‍ സ്കൂളുകളുടെ സൌകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ പരിമിതം തന്നെ. പ്രത്യേകിച്ച് ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പാളും കൈകാര്യം ചെയ്യുന്ന വിഭജിച്ച ഒറ്റമുറി ഓഫീസ് സൌകര്യങ്ങള്‍ അപര്യാപ്തം തന്നെയാണ്.