Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കാണാന്‍ പോകുന്ന പൂരം

അധികം താമസിയാതെ പലതും നേരിട്ട്‌ മനസിലാക്കുവാന്‍ അവസരം സംജാതമായിരിക്കുന്നു. കാര്‍ഷികമേഖലയെ തകര്‍ത്തവര്‍ ഭക്ഷ്യോത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ വ്യാകുലരാകുന്നു.  നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ്‌ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുന്നു. അതേപോലെ ശമ്പളം വര്‍ദ്ധിക്കുമ്പോള്‍ ജി.ഡി.പി ഉയരുന്നു. ബാങ്കുകളില്‍ വിദേശനാണ്യം കൂടുമ്പോള്‍ രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നു.

കൃഷി ഭൂമി തരിശാകുന്നതിന്റെയും കുന്നുകള്‍ ഇടിച്ച്‌ നെല്‍പ്പാടങ്ങള്‍ നികത്തുന്നതിന്റെയും കാരണം ആരും അന്വേഷിക്കാറില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൃഷിയിടം കാര്‍ നിര്‍മാണ ഫാക്ടറിയായി മാറുന്നു. ജനിതക മാറ്റം വരുത്തിയ വിത്തും ഭക്ഷണവും ഇന്ത്യന്‍ കര്‍ഷകരേയും ഉപഭോക്താക്കളെയും ലക്ഷ്യമിടുന്നു. എന്‍ഡോസല്‍‌ഫാന്‍ മാരകമായ ദോഷങ്ങള്‍ വരുത്തിവെച്ചിട്ടും അതിനേക്കാള്‍ വീര്യം കൂടിയ  പെസ്റ്റിസൈഡുകള്‍ കൃഷിയിടങ്ങളില്‍  ധരാളമായി പ്രയോഗിക്കപ്പെടുന്നു.  നമ്മുടെ നാട്ടിലെ കാര്‍ഷിക സര്‍വകലാശാലകളും മറ്റ്‌ സര്‍വകല്ലാശാലകളുമായി ഉണ്ടാക്കുന്ന പാര്‍ട്‌ണര്‍ഷിപ്പിലൂടെയാണ് കമ്പനികള്‍ ഇത്‌ സാധിച്ചെടുക്കുക. ഇതെല്ലാം നടക്കുന്നത്‌ സാക്ഷരതയില്‍ മുമ്പന്തിയില്‍ നില്‍‌ക്കുന്ന കേരളത്തിലാണല്ലോ  എന്നത്  ആശ്ചര്യം  തന്നെ.

 22 വര്‍ഷം കൊണ്ട്‌ ഒരു രണ്ടാം ഗ്രേഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പളം 10.51 ഇരട്ടിയായതും പെന്‍‌ഷന്‍ പുരുഷ തൊഴിലാളിയുടെ വേതനം എന്നിവ 10 ഇരട്ടിയായതും ആരും അന്വേഷിക്കാറില്ല. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ആനുപാതികമായി ആദ്യം ഡി.എ യും പിന്നീട്‌ അത്‌ അടിസ്ഥാന ശമ്പളമായും വര്‍ദ്ധിക്കും. അതേ വര്‍ദ്ധനവ്‌ ഭരണപക്ഷ പ്രതിപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഒറ്റക്കെട്ടായി സമരം ചെയ്ത്‌ നേടിയെടുക്കും. എന്നാല്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്  വില അധികം കൂടാറും ഇല്ല. കര്‍ഷകരില്‍ നിന്ന്‌ സംഭരിച്ച് വെച്ച്‌ ഓഫ് സീസണില്‍ കൂടിയ വിലയ്ക്ക്‌ വിറ്റ്‌ ചില സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇടനിലക്കാര്‍ വളരുന്നു. പാലിന് വില കൂടരുത്‌ മുട്ട, പച്ചക്കറി, കോഴിയിറച്ചി, അരി, ഗോതമ്പ്‌, ഉള്ളി, ഉരുളക്കിഴങ്ങ്‌  തുടങ്ങിയവയ്ക്കും വില കൂടരുത്‌.   ആഗ്രഹിക്കുന്നതില്‍ ഏറിയ പങ്കും ഇവയൊന്നും ഉത്‌പാദിപ്പിക്കാത്ത ഉപഭോക്താക്കള്‍ ആണ്. ഉത്‌പാദനചെലവെത്രയെന്ന്‌ ആരും അന്വേഷിക്കാറില്ല. നമുക്ക്‌ തിന്നാന്‍ തികയാത്തിടത്ത്‌ കാര്‍ഷികോത്‌പന്ന കയറ്റുമതി പ്രോത്‌സാഹിപ്പിക്കപ്പെടുന്നു.

കര്‍ഷക ആത്മഹത്യ ഒരു നിത്യ സംഭവം ആയി മാറിയിരിക്കുന്നു. റീയല്‍ എസ്റ്റേറ്റുകാര്‍ക്ക്‌ നല്ല സമയം തന്നെയാണ്. ഭൂമിയുടെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുന്നു. ബാങ്ക്‌ വായ്പയെടുക്കാതെ നഷ്ടകൃഷിചെയ്യുന്ന കര്‍ഷകന് ചെലവുകള്‍ നേരിടാന്‍ കൃഷി ഭൂമി വില്‍ക്കാതെ മറ്റ്‌ മാര്‍ഗമില്ലല്ലോ. അധികം താമസിയാതെ ഭക്ഷണ സാധനങ്ങളുടെ വലിയൊരു കമ്മി നേരിടേണ്ടി വരും എന്ന കാര്യത്തിലത്സ്അംശയം വേണ്ട. ഈ വര്‍ഷത്തെ വരള്‍ച്ചയും വര്‍ദ്ധിക്കുന്ന തരിശ്‌ ഭൂമിയുടെ വിസ്തൃതിയും അതിന്റെ ആക്കം കൂട്ടുകയും ചെയ്യും. 

Comments are closed.