Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

വാട്ടർ കാർഡിന്റെ പ്രസക്തി

ഡോ.മാധവൻ കോമത്ത്‌

ജലം നമ്മുടെ പ്രാണനാണ്‌. ജീവന്റെ നിലനിൽപ്പിന്‌ അത്യന്താപേക്ഷിതമായ വസ്തുക്കളിൽ വായുകഴിഞ്ഞാൽ അടുത്ത സ്ഥാനമാണ്‌ ജലത്തിനുള്ളത്‌. മനുഷ്യന്റെ ശരീരഭാഗത്തിന്റെ 70% വും ജലമാണല്ലോ. മനുഷ്യശരീരത്തിലെ എല്ലാ ജൈവ, രാസ പ്രവർത്തനങ്ങൾക്കും ജലം കൂടിയേ മതിയാകൂ. അതുപോലെ എൻസൈമുകളുടെ ശരിയായ പ്രവർത്തനത്തിനും നമുക്ക്‌ ആവശ്യമായ പോഷക പദാർത്ഥങ്ങളുടെ ആഗിരണത്തിനും വെള്ളം അത്യാവശ്യമാണ്‌. വ്യക്തി ജീവിതത്തിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനുമുള്ള പ്രധാന ഘടകമാണ്‌ കുടിവെള്ളം. എന്നാൽ ഈ ജീവാമൃതം അനുദിനം മലിനീകരിക്കപെട്ടുകൊണ്ടിരിക്കയാണെന്ന്‌ നമുക്കെല്ലാം അറിവുള്ളതാണ്‌.

ശുദ്ധജലവും ശുചിത്വവും നല്ല ആരോഗ്യത്തിന്‌ ആവശ്യമായ ഘടകങ്ങളാണ്‌. നമുക്കിടയിൽ കണ്ടുവരുന്ന രോഗങ്ങളിൽ 80% വും ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്‌. കേരളത്തിൽ വർഷംതോറും ആറുലക്ഷത്തിൽപ്പരം ആളുകൾ ജലജന്യരോഗങ്ങൾക്ക്‌ അടിമപ്പെടുന്നുണ്ട്‌. ഇതിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്‌. ജലജന്യരോഗങ്ങൾക്ക്‌ മുഖ്യകാരണം കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല എന്നതാണ്‌.

ശുദ്ധമായ വെള്ളം എന്നു പറയുന്നത്‌ നിറമോ മണമോ രുചിയോ ഇല്ലാത്ത ഒരു പദാർത്ഥമായിട്ടാണല്ലോ നാം കുഞ്ഞുനാളിൽ പഠിച്ചത്‌. എന്നാൽ ഇത്‌ എത്രമാത്ര്ം ശരിയണ്‌? “തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം” എന്ന്‌ കവിപാടിയതോർക്കുന്നില്ലെ? അതേ, നാം കുടിക്കുന്ന വെള്ളത്തിന്‌ അതിന്റേതായ മണവും നിറവും രുചിയും എല്ലാം ഉണ്ട്‌. വെള്ളത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഘടകങ്ങളാണ്‌ ജലത്തിന്‌ അതിന്റെ രുചി നൽകുന്നത്‌. കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടസ്യം, അലുമിനിയം, ഇരുമ്പ്‌ മുതലായ ലോഹങ്ങളും ധാതുലവണങ്ങളുമാണ്‌ ജലത്തിന്റെ രുചിക്ക്‌ കാരണം. ഈ ഘടകങ്ങളെല്ലാം ഒരു പരിധിവരെ നമ്മുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌. എന്നാൽ അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ ഇവയും നമുക്ക്‌ ഹാനികരമാണ്‌. ഇവ്‌ഇടെയാണ്‌ ജലപരിശോധനയുടെ ആവശ്യം നാം മനസിലാക്കേണ്ടത്‌. വെള്ളത്തിലെ ഓരോ ഘടകവും ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിഷ്കർഷിക്കുന്ന അളവിനേക്കാൾ കൂടുതലാണോ അല്ലയോ എന്നറിയണമെങ്കിൽ നാം കുടിക്കുന്ന വെള്ളം സമഗ്രമായി അപഗ്രഥിക്കണം.

ശുദ്ധമെന്ന്‌ കരുതിയിരുന്ന പല ജലസ്രോതസ്സുകളും ഇന്ന്‌ മലിനീകരിക്കപ്പെടുന്നതിനാൽ ഗുണനിലവാരം അളക്കുന്നതിനുള്ള സംവിധാനങ്ങൾ ആവശ്യമായിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമർഥരായ ശാസ്ത്രജ്ഞരുടെ ശ്രമഭലമായി ഇന്ന്‌ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ലഭ്യമാണ്‌. ഇന്ന്‌ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളം പരിശോധിക്കുന്നതിനുള്ള പരീക്ഷണശാലകളും നിലവിലുണ്ട്‌.

നാം കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ലളിതമായ ശുദ്ധീകരണമാർഗങ്ങളെപ്പറിയും ഒരു സാമാന്യ ബോധം നമ്മൾ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. കുടിവെള്ളം വർഷത്തിലൊരിക്കൽ സമഗ്രമായ പരിശോധനയ്ക്ക്‌ വിധേയമാകുകയും ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ഒരു പുതിയ കിണർ നിർമിച്ചു കഴിഞ്ഞാൽ ആ കിണറ്റിലെ വെള്ളം കുടിക്കാൻ ഉപയുക്തമാണോ എന്നറിയേണ്ടതുണ്ട്‌. അതിന്‌ ആദ്യമായി വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും അടുത്തുള്ള ഏതെങ്കിലും പരിശോധനാ ലബോറട്ടറിയിൽ സാമ്പിൾ എത്തിക്കുകയും ചെയ്യണം. ഇത്‌ മിക്കപേരും ചെയ്യാറില്ല. ഇവിടെയാണ്‌ വാട്ടർ കർഡിന്റെ പ്രസക്തി. നമ്മൾ ഓരോരുത്തരും പലതരത്തിലുള്ള കാർഡുകളുടെ ഉടമകളാണല്ലോ. റേഷൻ കാർഡു മുതൽ തിരിച്ചറിയൽ കാർഡ്‌ വരെ വിവിധ തരത്തിലുള്ള കാർഡുകൾ നാം ഇന്ന്‌ ഉപയോഗിച്ചുവരുന്നുണ്ടല്ലോ. നമ്മളിൽ പലരും രക്തം, മൂത്രം എന്നിവയുടെ പരിശോധനാ റിപ്പോർട്ട്‌ സൂക്ഷിക്കുന്നവരാണ്‌. എന്നാൽ നമ്മുടെ ജീവന്റെ ജീവനായ ജലത്തെക്കുറിച്ചുള്ള ആധികാരികമായ രേഖ ഉൾക്കൊള്ളുന്ന ഒരു വാട്ടർ കാർഡ്‌ നമുക്ക്‌ ആവശ്യമില്ലേ? ഓരോ ദിവസവും ശരാശരി രണ്ടുമുതൽ മൂന്നുലിറ്റർവരെ വെള്ളം നാം കുടിക്കുന്നുണ്ട്‌. സ്വന്തം വീട്ടിലെ വെള്ളത്തിനു പുറമേ ഹോട്ടലുകൾ ജൂസ്‌പാർലറുകൾ, ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം നമ്മൾ വെള്ളം കുടിക്കുന്നവരാണ്‌. ഈ വെള്ളം എവിടെനിന്ന്‌ ശേഖരിച്ചതാണെന്നോ ഗുണനിലവാരം ഉറപ്പുവരുത്തിയതാണെന്നോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല. നാം ഉപയോഗിക്കുന്ന ജലം ഭൂജലമാണോ ഉപരിതലജലമാണോ എന്നതൊക്കെ അറിയേണ്ടത്‌ അത്യാവശ്യമാണ്‌. ആരോഗ്യവകുപ്പിന്‌ ഹോട്ടലുകളിലും ആശുപത്രികളിലുമെല്ലാം വാട്ടർ കാർഡ്‌ നിർബന്ധമാക്കാവുന്നതാണ്‌. വാട്ടർകാർഡിൽ ജലത്തിന്റെ ഉറവിടം, പരിശോധനാ റിപ്പോർട്ട്‌, ശുദ്ധീകരണരീതി എന്നിവ നിർബന്ധമായും അടങ്ങിയിരിക്കണം. വെള്ളത്തിലെ മാലിന്യങ്ങൾ ബ്യൂറോ ഓഫ്‌ ഇന്ത്യൻ സ്റ്റാൻഡേർഡ്‌ നിഷ്കർഷിച്ച്‌അ അളവിനേക്കാൾ കൂടുതലാണെങ്കിൽ അവ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗിക്കാവൂ. കുടിവെള്ളസ്രോതസ്സുകൾ മലിനീകരിക്കപ്പെടാതെ പരിരക്ഷിക്കേണ്ടതും ഒപ്പം അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌.

കടപ്പാട്‌: മാതൃഭൂമി 1-2-06

No comments yet to വാട്ടർ കാർഡിന്റെ പ്രസക്തി