മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മാധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി?

40,000 ടണ്‍ റബ്ബര്‍ തീരുവ കുറച്ച് ഇറക്കുമതി ചെയ്യുന്നു

20 ശതമാനം തീരുവ ഏഴര ശതമാനമായി കുറയ്ക്കും റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും

ന്യൂഡല്‍ഹി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴര ശതമാനം തീരുവയിലായിരിക്കും ഇറക്കുമതി. 20 ശതമാനമാണ് പ്രാബല്യത്തിലുള്ള നിരക്ക്. തീരുവയിളവ് റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവും.

ടയര്‍ നിര്‍മാതാക്കളടക്കമുള്ള വ്യവസായികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനം. രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നാണ് വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നത്. തീരുവയില്ലാതെ ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാനാണ് വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്.

സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ വ്യവസായികള്‍ അസംതൃപ്തരാണ്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റബ്ബര്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38,233 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്. 2010-ല്‍ ഇത് 19,118 ടണ്ണായിരുന്നു. നടപ്പുവര്‍ഷത്തിലെ ആദ്യപാദത്തില്‍ ഉത്പാദനം 1,75,700 ടണ്‍ രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കൂടുതലാണിത്. ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2.44 ലക്ഷം ടണ്‍ റബ്ബറാണ് ആദ്യപാദത്തില്‍ ഉപഭോഗം ചെയ്തത്.

നാല്പതിനായിരം ടണ്‍ ഇറക്കുമതി 15 ദിവസത്തേക്ക് മാത്രമേ തികയൂവെന്നും ജൂണിലെ റബ്ബര്‍ ഉപഭോഗം 80,500 ടണ്ണായിരുന്നെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.

റബ്ബര്‍ ഇറക്കുമതിയെക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പ്രതികരിച്ചു. ”ഇതുസംബന്ധിച്ച വാര്‍ത്ത ശരിയാണെങ്കില്‍ കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഏറെക്കാലം ന്യായവില കിട്ടാതെ കര്‍ഷകര്‍ വലഞ്ഞിരുന്നു. ഇപ്പോള്‍ വില കിട്ടുമ്പോള്‍ ഭീമമായി ഇറക്കുമതി ചെയ്യുന്നത് വിലയിടിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും” -മാണി പറഞ്ഞു.

ചുരുങ്ങിയ നിരക്കില്‍ ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Remarks: കര്‍ഷകര്‍ക്ക് ഒരു രീതിയിലും ഈ ഇറക്കുമതി ഹാനികരമാകില്ല. 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്താല്‍ അന്താരാഷ്ട്ര വില മുപ്പത് രൂപയോളം ഉയരും. പിന്നെങ്ങിനെയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് ദോഷം വരുക. 2009-10 ല്‍ ഇറക്കുമതി ചെയ്ത 177130 ടണ്‍ റബ്ബറില്‍ 80% വും പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതാണ്. പക്ഷെ ഈ ഇറക്കുമതിക്ക് ഒരു പ്രത്യേകതയുണ്ട് കയറ്റുമതി ചെയ്ത ഉല്പന്നങ്ങളുടെ നിശ്ചിത ശതമാനമാണത്. അത് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കില്ല. തീരുവനല്‍കിയുള്ള ഇറക്കുമതി ഇവിടെ കെട്ടിക്കിടക്കാനുള്ളതാണ്. എന്നാല്‍ ഈ ഇറക്കുമതിക്ക് ശേഷം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വിപണിവില താഴ്ത്തി നിറുത്താന്‍ സാധ്യതയുണ്ട്. വരാന്‍ പോകുന്ന മുന്തിയ ഉല്പാദനം ലക്ഷ്യം വെച്ചുകൊണ്ട് വായപാരികളും വ്യവസായികളും റബ്ബര്‍ബോര്‍ഡും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണിത്. ആഭ്യന്തര പിപണിവില താഴ്ത്തി നിറുത്തി കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വില അടുത്ത് വരാന്‍ പാകുന്ന പീക്ക് സീസണില്‍ നടക്കാന്‍ പോകുന്ന കാര്യമാണ്. 2010-11 ല്‍   177637 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനമാണ് പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതെന്ന് അറിയാനിരിക്കുന്നതേ ഉള്ളു. 38396 ടണ്‍ കണക്കില്‍ കുറച്ചാണ് റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതേപോലെ ഇത്രയും മുന്തിയ വില കിട്ടിയിട്ടും കര്‍ഷകര്‍ പിടിച്ചുവെയ്ക്കുന്നു എന്ന രീതിയില്‍ വര്‍ഷാവസാനം  106455 ടണ്‍  എന്നതാണ് കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്.  എന്നാല്‍ വിപണിയില്‍ റബ്ബര്‍ വാങ്ങാന്‍ കിട്ടുന്നില്ല എന്നതാണ് പ്രധാന വാര്‍ത്ത. കേരളത്തില്‍ പിടിച്ചുവെയ്ക്കാന്‍ കഴിയുന്ന രണ്ട് കര്‍ഷകരേ ഉള്ളു. ഒന്ന് ഹരിസണ്‍ എസ്റ്റേറ്റും മറ്റൊന്ന് മലയാളം പ്ലാന്റേഷന്‍സും. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നര ലക്ഷം ടണ്ണോളം ഇല്ലാത്ത സ്റ്റോക്കാണ് റബ്ബര്‍ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഉത്പന്ന നിര്‍മാണത്തിന് അന്താരാഷ്ട്ര ഉപഭോഗം സ്വാഭാവിക റബ്ബര്‍ 40% അടുപ്പിച്ചാണെങ്കില്‍ അത് 70% ആണ്. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി  22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.


റബര്‍ ഇറക്കുമതി നീക്കം വെറും ഉമ്മാക്കി

കൊച്ചി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത വില ഇടിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് വ്യക്തമായി.
രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ വില കണക്കിലെടുത്താല്‍ റബര്‍ ഇറക്കുമതി ലാഭകരമാവില്ലെന്നതാണ് വാസ്തവം. എങ്കിലും, ഇറക്കുമതി ചെയ്യാന്‍ പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൈവശമുള്ള റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ കൂട്ടത്തോടെ വിപണിയില്‍ ഇറങ്ങും. അതോടെ വില ഇടിയും. ഇതിനുവേണ്ടിയാണ് പുതിയ ഉമ്മാക്കിയെന്നാണ് ഇതുസംബന്ധിച്ച വിവരങ്ങളും കണക്കുകളും വ്യക്തമാക്കുന്നത്.
ഇറക്കുമതി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം യഥാര്‍ത്ഥത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 22 നാണ്. കസ്റ്റംസ് വകുപ്പിന്റെ 128/2010 എന്ന വിജ്ഞാപനം അനുസരിച്ച് 7.5 ശതമാനം തീരുവ നല്‍കി ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ രാജ്യാന്തര വില ഉയര്‍ന്നു നിന്നതിനാല്‍ ഇതുവരെ മൂവായിരം ടണ്‍ റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ ദിവസം ഇറക്കുമതി കാലാവധി 2012 മാര്‍ച്ച് വരെ നീട്ടി നല്‍കുക മാത്രമാണുണ്ടായത്. ആഭ്യന്തര വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിലയിടിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി വാര്‍ത്ത പര്‍വ്വതീകരിച്ചു കാട്ടുകയായിരുന്നു.
നിലവില്‍ രാജ്യാന്തര വിപണിയില്‍ ആര്‍.എസ്.എസ് നാലിന് കിലോയ്ക്ക് ശരാശരി 210 രൂപ വിലയുണ്ട്. ഇതനുസരിച്ച് 7.5 ശതമാനം തീരുവ കൂടി നല്‍കി ചരക്ക് ഇവിടെയെത്തുമ്പോള്‍ വില കിലോയ്ക്ക് കുറഞ്ഞത് 226 രൂപയാകും. ഇവിടെ 216 രൂപയ്ക്ക് റബര്‍ ലഭ്യമാണ്.
ഇന്ത്യയില്‍ റബറിന്റെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്നത് വില അടുത്ത കാലത്തൊന്നും താഴില്ലെന്നാണ്. അവധി വ്യാപാര രംഗത്തെ ഊഹക്കച്ചവടക്കാരുടെ ഇടപെടലാണ് ഇറക്കുമതി ഭീഷണിയെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് കരുതുന്നു.
ഇറക്കുമതിക്ക് നിയന്ത്രണമില്ല
റബര്‍ ഇറക്കുമതിയിലെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഡിസംബര്‍ 22 ലെ കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച് 2011 ഏപ്രില്‍ ഒന്നു മുതല്‍ ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ കിലോഗ്രാമിന് ഇരുപതു ശതമാനം അല്ലെങ്കില്‍ ഇരുപതു രൂപയാണ്. ഇതില്‍ ഏതാണോ കുറവ് അതടച്ചാല്‍ മതി. അതായത് കിലോഗ്രാമിന് ഇരുപതു രൂപ തീരുവ നല്‍കി വ്യവസായികള്‍ക്ക് എത്ര ലക്ഷം ടണ്‍ റബര്‍ വേണമെങ്കിലും ഇറക്കുമതി ചെയ്യാം. 7.5 ശതമാനം തീരുവയായാലും വരും 151 രൂപയിലേറെ. തീരുവ കുറച്ചെന്നതും അതിനാല്‍ ഒരു ഉമ്മാക്കിയാണ്.

ഇത് കേരളകൌമുദി പ്രസിദ്ധീകരിച്ചത്.

 

Comments are closed.