Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കൃഷി അഭിവൃദ്ധിപ്പെടണം – എന്താണ് വഴി?

9-11-2006 ലെ ദേവിന്ദര്‍ ശര്‍മയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെടുത്താവുന്ന മറ്റൊരു ലേഖനം.

1. ഹരിതവിപ്ലവ വരവുചെലവു കണക്കുകള്‍ ഉടന്‍ തയ്യാറാക്കണം. എന്താണു സംഭവിച്ചതെന്ന്‌ മനസ്സിലാക്കണം. എന്നാലേ തെറ്റുകള്‍ തിരുത്തി മുന്‍പോട്ടു പോകാനാവൂ. ഒരു സമ്പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം, ഹരിതവിപ്ലവത്തിന്റേതായി അനിവാര്യമാണ്‌.
പൂര്‍ണമായും ഉചിതമായ ഒരഭിപ്രായം ആണെന്നതിന് തെളിവാണ് കാര്‍ഷികോത്‌പാദനം നാള്‍ക്കുനാള്‍ കുറയുന്നത്‌. ഹരിതവിപ്ലവത്തിന് നേട്ടങ്ങളുണ്ടാകുവാന്‍ കാരണം ജൈവസമ്പത്തായിരുന്നു. ആ നഷ്ടം നികത്തേണ്ടത്‌ കര്‍ഷകരാണ്. അവര്‍ക്ക്‌ മാത്രമേ അതിന് കഴിയൂ.

2.രാസവളം, കീടനാശിനികള്‍ എന്നിവയെ ആശ്രയിച്ചുകൊണ്ട്‌ മുന്നേറുന്ന കാര്‍ഷിക ഗവേഷണങ്ങള്‍ക്കുള്ള നിക്ഷേപങ്ങളില്‍ കുറവു വരുത്തേണ്ടതുണ്ട്‌.

രാസവളങ്ങളും കീടനാശിനികളും മനുഷ്യനെ രോഗിയാക്കുവാനും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ വളര്‍ച്ചയ്ക്കും, മരുന്നുകമ്പനികളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും മാത്രമേ സഹായകമാകൂ. ഇത്തരം ഗവേഷണങ്ങള്‍ ദോഷമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണോ വാള്‍മാര്‍ട്ടും മൊണ്‍‌സാന്റോയുമായി കരാറൊപ്പിട്ടത്‌? രാസവളങ്ങളും കീടനാശിനികളും മണ്ണില്‍ ജൈവസമ്പത്തിന്റെ ലഭ്യതയ്‌ക്ക്‌ അനുസൃതമായി മാത്രമേ നേട്ടം ലഭ്യമാകൂ. എന്നാല്‍ ജൈവ കൃഷി ശാസ്വതമായ ഒരു പരിഹാരം തന്നെയാണ്.

3. ഇന്ത്യയിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത സംബന്ധിച്ച വ്യക്തമായ ചിത്രം തയ്യാറാക്കണം.
അതിന്റെ അടിസ്ഥാനത്തില്‍ നാണ്യവിളകളുള്‍പ്പെടെയുള്ള കൃഷികള്‍ ലാഭകരമായി ചെയ്യുവാന്‍ വ്യത്യസ്തങ്ങളായ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ സഹായകമാകും.

4. സാങ്കേതികവിദ്യയുടെ പങ്കും അന്വേഷണ വിധേയമാക്കണം.

പെസ്റ്റിസൈഡ്‌ നിര്‍മാതാക്കളില്‍ നിന്നും കിമ്പളവും കൈപ്പറ്റിക്കൊണ്ടാണോ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

5. പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട്‌ വെള്ളത്തിന്റെ ലഭ്യതയ്ക്കും അതിന്റെ ഫലദായകത്വത്തിനും ആയിരിക്കണം കാര്‍ഷിക ഗവേഷണങ്ങളില്‍ പ്രാമുഖ്യം നല്‍കേണ്ടത്‌.
പഞ്ചായത്ത്‌ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇത്‌ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുവാന്‍ കഴിയും. ഇന്നതില്ല എന്നതുതന്നെയാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക്‌ കാരണമായതും.  ഒരു കൃഷിശാസ്ത്രജ്ഞയെ ഒരു യോഗ്യതയും ഇല്ലാത്ത വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്റെ കീഴില്‍ എല്‍.ഡി.സി യുടെയും അകൌണ്ടന്റിന്റെയും പ്യൂണിന്റെയും ജോലിചെയ്യിക്കുന്നത്‌ ആണ് ആദ്യം അവസാനിപ്പിക്കേണ്ടത്‌. പ്രസ്തുത ശാസ്ത്രജ്ഞയ്ക്ക്‌ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ വേണ്ടിയാകണം ഈ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പ്രവര്‍ത്തിക്കേണ്ടത്‌. അല്ലാതെ ഈ ഗസറ്റഡ്‌ ഓഫീസറെ ചൂഷണവിധേയമാക്കുകയല്ലെ ചെയ്യുന്നത്‌.

6. മഴവെള്ള സംഭരണത്തിനു പകരം പരമ്പരാഗത രീതിയില്‍ നിലവിലുള്ള കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുകയാണാവശ്യം.
കുളങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടണമെങ്കില്‍ മലിനീകരണത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍,  പെട്രോളിയം കലര്‍ന്ന ജലം, കുളിമുറിയിലെയും വാഷിംഗ്‌ മെഷീനിലെയും ഉപയോഗിച്ച വെള്ളം, മറ്റ്‌ വിഷവസ്തുക്കള്‍ തുടങ്ങിയവ സംഭരിക്കുകയും ശുദ്ധീകരിച്ചതിന് ശേഷം മാത്രം മണ്ണിലേയ്ക്ക്‌ ഒഴുകുവാന്‍ അനുവദിക്കുകയും വേണം.

7. പയറുല്‍പന്നങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഒരു അവിഭാജ്യ ഘടകമാണ്‌. ഇവയുടെ കൃഷിക്ക്‌ കുറച്ച്‌ ജലമേ ആവശ്യമുള്ളൂ. മാത്രമല്ല, ഇവ മണ്ണിനെ സമ്പുഷ്ടമാക്കുന്നു.
മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകും രാസവളത്തിലെ നൈട്രജന്‍ ഒഴിവാക്കി അന്തരീക്ഷത്തില്‍നിന്ന്‌ മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിപ്പിക്കുവന്‍ സഹായിക്കുന്ന പയറുവര്‍ഗങ്ങള്‍ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യുന്ന പ്രദേശങ്ങള്‍ക്ക്‌ അത്യുത്തമം തന്നെയാണ്. ദീര്‍ഘകാലവിളകളായ തെങ്ങ്‌ റബ്ബര്‍ തുടങ്ങിയവ കൃഷിചെയ്യുന്ന സ്ഥലത്ത്‌ മരങ്ങളില്‍ പടന്ന്‌ കയറാത്തതും കാലിത്തീറ്റയായി ഉപയോഗിക്കാവുന്നതുമായ സെന്‍‌ട്രോസീമ ഇനത്തില്‍പ്പെട്ട കളപ്പയര്‍ വളരെ നല്ലതാണ്.

8. കാര്‍ഷിക കടംകൂടിവരുന്നതു നിമിത്തമാണ്‌ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത്‌. അതുനിമിത്തം കാര്‍ഷിക വരുമാനം കുറയുകയും ഉല്‍പാദന ച്ചെലവ്‌ ഉയരുകയും ചെയ്യുന്നു.
ഉല്പാദനചെലവിനേക്കാള്‍ കൂടിയവില വായ്പ്പക്ക്‌ കൊടുക്കേണ്ട പലിശയും കൂട്ടിച്ചേര്‍ത്ത്‌ കര്‍ഷകര്‍ക്ക്‌ ലഭിക്കുകയാണെങ്കില്‍ ഒരിക്കലും കര്‍ഷകന് ആത്മഹത്യ ചെയ്യേണ്ടിവരില്ല. സര്‍ക്കര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍‌ഷണേഴ്‌സിനും തൊഴിലാളികള്‍ക്കും ഒരേ അനുപാതത്തില്‍ വരുമാന വര്‍ദ്ധനവുണ്ടകുമ്പോള്‍ കര്‍ഷകന് അതുണ്ടാകാതയാല്‍ ആത്മഹത്യയല്ലാതെ കര്‍ഷകന് മറ്റെന്ത്‌ മാര്‍ഗമാണുള്ളത്‌. (ഇക്കാര്യം ഒരു മാധ്യമവും പറയില്ല)

9. ബാങ്കുകള്‍ ലളിത വ്യവസ്ഥയില്‍ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം.
കഴിവതും ബാങ്കുവായ്പകള്‍ കര്‍ഷകര്‍ ഒഴിവാക്കിയാല്‍ കര്‍ഷകര്‍ രക്ഷപ്പെടും. വായ്പകള്‍ നല്‍കുന്ന ബാങ്കുകളുടെ വളര്‍ച്ചയെ മത്രമേ ഈ വായ്പകള്‍ സഹായകമാകുകയുള്ളു.

10. എല്ലാത്തിനുമുപരിയായി പരമ്പരാഗത മാര്‍ഗത്തിലൂടെ കൃഷിചെയ്യുന്ന പദ്ധതികള്‍ക്കും ധനസഹായം ലഭ്യമാക്കണം.
ഇത്‌ നടപ്പിലാക്കേണ്ടത്‌ പഞ്ചായത്തും കൃഷിഭവനുകളും ആണ്.

11. ബഹുവിള സമ്പ്രദായം പുനഃസ്ഥാപിക്കലും അതോടൊപ്പംതന്നെ കന്നുകാലികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു കാര്‍ഷിക പദ്ധതി രൂപവത്‌കരണവുമാണ്‌ ആവശ്യം. അതു നിമിത്തം കൃഷിഭൂമിയില്‍നിന്നും വീട്ടിലേക്കാവശ്യമായ എല്ലാ ഉല്‍പന്നങ്ങളും പോഷകസമ്പുഷ്ടതയും ലഭ്യമാകുന്നു.
കന്നുകാലി വളര്‍ത്തലും നഷ്ടത്തിന്റെ പാതയില്‍ തന്നെയാണ്. കാരണം ജനസേവകരെന്ന വ്യാജേന കര്‍ഷകരെയും ഗുണഭോക്താവിനെയും കൊള്ളയടിക്കുകയും ചെയ്യുന്നു. പരിഹാരം ഒന്നേയുള്ളു ഇവര്‍ വില്‍ക്കുന്ന കവര്‍പാലിനേക്കാള്‍ ഗുണനിലവാരമുള്ള ശുദ്ധമായപാല്‍  ക്ഷീരകര്‍ഷകര്‍ സംഘടിതമായി ഗുണഭോക്താക്കള്‍ക്ക്‌ ന്യായവിലയ്ക്ക്‌ ലഭ്യമാക്കുകയാണ്.  മായം ചേര്‍ത്ത പാലിനെപ്പറ്റി ജനത്തിന് അറിയാമെങ്കിലും പൂര്‍ണമായ വിവരം (മാവേലിനാടൊഴികെ) ആരും ത്ന്നെ പ്രസിദ്ധീകരിച്ച്‌ കണ്ടില്ല.

12.  വിപണനം: കര്‍ഷകര്‍ക്കു ഉറപ്പുള്ളതും നല്ല വരുമാനം ലഭിക്കുന്നതുമായ വിപണി ലഭ്യമാക്കണം. കമ്പോള ശക്തികള്‍ക്ക്‌ അവരെ വിട്ടുകൊടുത്തുകൂടാ. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തിക്കൊണ്ട്‌, വിളകള്‍ക്ക്‌ കൊയ്ത്തിനുമുമ്പേതന്നെ സമാഹരണവില പ്രഖ്യാപിക്കണം.
കര്‍ഷകനും ഗുണഭോക്താവും തമ്മിലുള്ള അകലം കുറച്ചും കര്‍ഷകരുടെ പ്രശ്നങ്ങളും ഉത്‌പാദനചെല‍വും അവരെ ബോധ്യപ്പെടുത്തിയും പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുവാന്‍ കഴിയും. (തണലിന്റെ പ്രവര്‍ത്തനം അതിന് നല്ലൊരു ഉദാഹരണമാണ് )

13. എല്ലാവരും ഇപ്പോള്‍ പറയുന്ന ‘മഴവില്ല്‌’ വിപ്ലവം യഥാര്‍ഥ്യത്തില്‍ ലക്ഷ്യമിടുന്നത്‌ കാര്‍ഷിക മേഖലയെ ചൂഷണം ചെയ്യാന്‍ വ്യവസായ മേഖലയെ സഹായിക്കുക എന്നതുതന്നെയാണ്‌. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും അസംസ്‌കൃത പഴങ്ങള്‍ ശേഖരിച്ച്‌ (ഓറഞ്ച്‌, മുന്തിരി, ചോളം എന്നിവ) സംസ്കരിച്ച്‌ വിപണനം നടത്താനായി ഒട്ടനവധി നിര്‍മാണ ശാലകള്‍ ഇവിടെ തുടങ്ങിക്കഴിഞ്ഞു. ഇവയുടെ അഭ്യന്തര ഉത്‌പാദനം ഫലത്തില്‍ വൃഥാവിലും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരണം. കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ രാഷ്ട്രാന്തരീയ വിപണി ലക്ഷ്യമിട്ടുകൊണ്ട്‌ നാം ഉത്‌പാദിപ്പിക്കുന്നുണ്ട്‌. അമിതമായി ജലം, വായു, നിലം ചൂഷണംചെയ്യുന്ന ഇത്തരം കൃഷികളെ നിരുത്സാഹപ്പെടുത്തണം. ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതി ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു പരിചയപ്പെടുത്തണം. ഇതു കൂടുതല്‍ ലാഭകരവുമാണ്‌.

കയറ്റുമതി ഇറക്കുമതികള്‍ രാജ്യ താല്പര്യത്തിനെതിരാകാന്‍ പാടില്ല.

14. ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ഷിക വളര്‍ച്ചയ്ക്കു മാത്രമല്ല നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്‌. ഭക്ഷ്യ ഉല്‍പാദകരുടെ കണ്ണീരൊപ്പാന്‍ ഉതകുന്നതാവണം രാജ്യത്തിന്റെ നീക്കം. എന്നാല്‍ മാത്രമേ യഥാര്‍ഥ വളര്‍ച്ച ഉണ്ടാകുന്നുള്ളു. പക്ഷേ ഇതെല്ലാം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അല്ലെങ്കിലും ആര്‍ക്കാണിതൊക്കെ ശ്രദ്ധിക്കാന്‍ സമയം? കാര്‍ഷിക മേഖലയിലെ തിളക്കം തിരിച്ചുകൊണ്ടുവരാന്‍ ആരാണാവോ മുന്‍കൈ എടുക്കുക.
ഇതുതന്നെയാണ് കര്‍ഷകന്റെ ശാപവും.

ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവര്‍ ഒരിക്കലും ഉണരില്ല.

2 comments to കൃഷി അഭിവൃദ്ധിപ്പെടണം – എന്താണ് വഴി?

  • ‘കാര്‍ഷിക കടംകൂടിവരുന്നതു നിമിത്തമാണ്‌ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത്‌.’ഇതില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ഒരു പങ്കുമില്ലേ…?

  • തീര്‍ച്ചയായും തെറ്റായ ആഗോളവത്‌ക്കരണ നയങ്ങള്‍ തന്നെയാണ് കാരണം. അതിന് പരിഹാരം പഞ്ചായത്ത്‌ തലത്തില്‍ത്തന്നെ കര്‍ഷകര്‍ ചെറുത്തുനില്‍പ്പിന് പ്രാപ്തരകുക എന്നതുതന്നെയാണ്. നമ്മള്‍ ഇറക്കുമതിചെയ്യുന്ന കാര്‍ഷികോത്‌പന്നങ്ങള്‍ വിപണിയില്‍ നിന്ന്‌ വാങ്ങാതിരിക്കുകയും ജൈവ ഉത്‌പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നതിനു പകരം പഞ്ചായത്തു തലത്തില്‍തന്നെ വിപണി കണ്ടെത്തുകയും ചെയ്യുക. സപ്ലെയും ഡിമാന്തും തമ്മിലുള്ള അതരം പഞ്ചായത്ത്‌ തലത്തില്‍ കുറയ്ക്കുക. കര്‍ഷകരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവര്‍ മനസിലാക്കുകയും വേണം.